14 June 2009

ഐക്യസംഘത്തെ വെട്ടിമാറ്റിയാല്‍ കേരള നവോത്ഥാനം അപൂര്‍ണം

ഐക്യസംഘത്തെ വെട്ടിമാറ്റിയാല്‍ കേരള നവോത്ഥാനം അപൂര്‍ണം
കവര്‍ സ്റ്റോറി
SHABAB Friday, 20 March 2009 അശ്‌റഫ്‌ വാണിമേല്‍



ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ സംസ്ഥാപനവും ആധുനിക യൂറോപ്യന്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തെ ഒരു പുനര്‍ വിചിന്തനത്തിന്‌ നിര്‍ബന്ധിതരാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച മത–സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍ തങ്ങളുടെ സമുദായങ്ങളെ പുരോഗതിയിലേക്ക്‌ ആനയിക്കുന്നതിനുള്ള വഴികള്‍ അന്വേഷിക്കുകയായിരുന്നു. മതവും സമൂഹവും തമ്മിലുള്ള അഭേദ്യമായ ബാന്ധവം കാരണം സാമൂഹ്യപരിഷ്‌കരണം മതത്തിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതാണ്ടെല്ലാ പരിഷ്‌കര്‍ത്താക്കളും തങ്ങളുടെ അജണ്ടയില്‍ മതത്തെ കേന്ദ്രബിന്ദുവാക്കാനും യുക്തിഭദ്രമായി മതതത്ത്വങ്ങളെ വിശകലനംചെയ്യാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. മതത്തിന്റെ മേല്‍വിലാസത്തില്‍ നിലവിലുള്ള ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചെറുക്കേണ്ടത്‌ സാമൂഹ്യപുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണെന്ന്‌ അവര്‍ വിശ്വസിച്ചു.

സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ആധിപത്യം തടയുന്നതിനും പത്തൊമ്പതാം നൂറ്റാണ്ടിലെ ബുദ്ധിജീവികള്‍ പല മാര്‍ഗങ്ങള്‍ അവലംബിക്കുകയുണ്ടായി. ചിലര്‍ പാരമ്പര്യത്തിലൂന്നി, അതില്‍ നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ട്‌ സാമൂഹ്യമാറ്റം സുസാധ്യമാണെന്ന്‌ വാദിച്ചപ്പോള്‍ (ദയാനന്ദ സരസ്വതി, അഹ്മദ്‌ ഷാ ബറേല്‍വി) മറ്റൊരു കൂട്ടര്‍ പാരമ്പര്യമൂല്യങ്ങളും വിശ്വാസങ്ങളുമാണ്‌ പുരോഗതിക്ക്‌ വിഘാതമെന്നും അവയെ പൂര്‍ണമായി നിരാകരിച്ച്‌ യുക്തിചിന്തയിലധിഷ്‌ഠിതമായ യൂറോപ്യന്‍ ചിന്താധാര അനുകരിക്കുകയാണ്‌ അഭികാമ്യമെന്നും വാദിച്ചു (ഉദാ: ബംഗാളിലെ ഡെറോസിയന്മാര്‍). വിരുദ്ധധ്രുവങ്ങളില്‍ കിടക്കുന്ന ഈ വാദമുഖങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമാണ്‌ കാലഘട്ടത്തിന്റെ ആവശ്യമെന്ന്‌ മറ്റൊരു കൂട്ടരും വാദിച്ചു (രാജാറാം മോഹന്‍റോയ്‌, സര്‍സയ്യിദ്‌ അഹ്മദ്‌ഖാന്‍). ഇന്ത്യന്‍ സമൂഹത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടതാണെന്ന കാര്യത്തില്‍ ഇവരെല്ലാം യോജിച്ചിരുന്നു. കൂടാതെ സാമൂഹ്യ തിന്മകളുടെയും അന്ധവിശ്വാസങ്ങളുടെയും മൂലകാരണം അജ്ഞതയാണെന്നും, ശരിയായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക മാത്രമാണ്‌ ഇതിനൊരു പരിഹാരമെന്നും അവര്‍ വിശ്വസിച്ചു. സ്‌ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയിലും സാമൂഹ്യ–മത നവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആധുനിക കേരളത്തിന്റെ സാമൂഹ്യ–രാഷ്‌ട്രീയ മുന്നേറ്റങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വലിയ പങ്കാണ്‌ വഹിച്ചത്‌. ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തിനെതിരെയും അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെയും ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, വി ടി ഭട്ടതിരിപ്പാട്‌ തുടങ്ങി നിരവധി പരിഷ്‌കര്‍ത്താക്കള്‍ പടപൊരുതുകയും സമത്വാധിഷ്‌ഠിതമായ സാമൂഹ്യക്രമത്തിന്നായി പ്രയത്‌നിക്കുകയും ചെയ്‌തു. മുസ്ലിംകള്‍ക്കിടയിലും ഇത്തരം നവോത്ഥാന ശ്രമങ്ങള്‍ ഇല്ലാതിരുന്നില്ല. മക്തിതങ്ങള്‍, ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, വക്കം അബ്‌ദുല്‍ഖാദിര്‍ മൌലവി തുടങ്ങിയവര്‍ പുതിയ കാലഘട്ടത്തില്‍ മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചിന്തിച്ചു.

1921ലെ മലബാര്‍ ലഹള കേരള മുസ്ലിം ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. വൈദേശിക ആധിപത്യത്തിനെതിരെ നൂറ്റാണ്ടുകളായി നടത്തിവന്നിരുന്ന സമരമുഖങ്ങളില്‍ ഏറ്റവും വൈവിധ്യമുള്ളതും അക്രമാസക്തവുമായിരുന്നു ഈ ലഹള. കലാപം മുസ്ലിംകളെ സാമൂഹ്യമായും രാഷട്രീയമായും സാമ്പത്തികമായും തകര്‍ത്തു. 1857ലെ വിപ്ലവം വടക്കേ ഇന്ത്യയിലെ മുസ്ലിംകളില്‍ ഉണ്ടാക്കിയ അതേ ശൂന്യതയാണ്‌ കേരള മുസ്ലിംകളില്‍ 1921ലെ കലാപം സൃഷ്‌ടിച്ചത്‌.

വൈദേശിക രാഷ്‌ട്രീയ–സാംസ്‌കാരിക ആധിപത്യത്തെ അക്രമാസക്തമായി നേരിടുക എന്ന നിലപാടിന്റെ മൂര്‍ത്തമായ പ്രതികരണങ്ങളായിരുന്നു ഈ കലാപങ്ങള്‍. ബ്രിട്ടീഷ്‌ വിദ്യാഭ്യാസത്തോടുള്ള നിഷേധാത്മക സമീപനവും ഈ നിലപാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്‌. ഇന്ത്യയിലെ ഇതര സമുദായങ്ങള്‍ കാലഘട്ടത്തിന്നനുസൃതമായി തങ്ങളുടെ സമുദായത്തെ പരിവര്‍ത്തിപ്പിക്കാനും കൊളോണിയല്‍ അവസരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ആധുനിക ശാസ്‌ത്രീയ വിജ്ഞാനം സ്വായത്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യവെ, മുസ്ലിംകള്‍ ഇത്തരം മാറ്റങ്ങളോട്‌ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. 1857ലെ വിപ്ലവം പരാജയത്തില്‍ കലാശിച്ചതോടെ, ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യുക അസാധ്യമാണെന്ന്‌ ബോധ്യപ്പെട്ടു. ആധുനിക സാഹചര്യങ്ങളെ മുസ്ലിംകളുടെ ഉന്നമനത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന്‌ അന്വേഷിച്ചതില്‍ നിന്നാണ്‌ സര്‍ സയ്യിദ്‌ അഹ്‌മദ്‌ഖാന്‍ അലീഗഡ്‌ പ്രസ്ഥാനത്തിന്‌ തുടക്കം കുറിക്കുന്നത്‌. 1921ലെ കലാപം പരാജയത്തില്‍ കലാശിച്ചതോടെ കേരള മുസ്ലിംകള്‍ക്കിടയിലും സമാനചിന്ത ഉടലെടുക്കുകയും കേരള മുസ്ലിം ഐക്യസംഘത്തിന്റെ ഉത്ഭവത്തിന്‌ കാരണമാവുകയും ചെയ്‌തു.

ഉത്ഭവം കൊടുങ്ങല്ലൂരില്‍

1922ല്‍ കൊടുങ്ങല്ലൂരിലാണ്‌ കേരള മുസ്ലിം ഐക്യസംഘം രൂപം കൊണ്ടത്‌. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന്‌ കൊടുങ്ങല്ലൂര്‍. കേരളത്തില്‍ ഇസ്ലാമിന്റെ സന്ദേശം ആദ്യമായി കടന്നുവന്ന കൊടുങ്ങല്ലൂരില്‍ അക്കാലത്ത്‌ ശക്തമായ ഒരു മുസ്ലിം സമ്പന്ന വര്‍ഗവും ആധുനിക വിദ്യാഭ്യാസം നേടിയ നിരവധി മുസ്ലിംകളുമുണ്ടായിരുന്നു. ഇസ്ലാം മതപരിഷ്‌കരണ പ്രവര്‍ത്തനത്തിലെ ഉന്നത ശ്രേഷ്‌ഠരായ മക്തിതങ്ങള്‍, ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങള്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം കൂടിയായിരുന്നു കൊടുങ്ങല്ലൂര്‍. എങ്കിലും മുസ്ലിം കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും നിലനിന്നിരുന്ന ശത്രുതയും അനൈക്യവും വഴക്കുകളും സാമൂഹ്യപുരോഗതിക്ക്‌ വിലങ്ങുതടി സൃഷ്‌ടിച്ചിരുന്നു.

1921ലെ കലാപാനന്തരം കൊടുങ്ങല്ലൂരെത്തിയെ കെ എം മൌലവിയുടെയും ഹമദാനി തങ്ങളുടെയും ശ്രമഫലമായി ഈ ദുരവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ, 1922ല്‍ എറിയാട്‌ എന്ന സ്ഥലത്ത്‌ `നിഷ്‌പക്ഷ സംഘം എന്ന സംഘടനക്ക്‌ രൂപംനല്‍കി. കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും നിലനിന്ന പല കക്ഷിവഴക്കുകളും പരിഹരിക്കുന്നതില്‍ സംഘടന നിര്‍ണായക വിജയങ്ങള്‍ നേടിയതിനെ തുടര്‍ന്ന്‌ ഇതേവര്‍ഷം എറിയാട്‌ വെച്ചുതന്നെ മറ്റൊരു യോഗം ചേര്‍ന്ന്‌ നിഷ്‌പക്ഷ സംഘത്തെ വിപുലീകരിച്ച്‌ `മുസ്ലിം ഐക്യസംഘം എന്ന സംഘടനക്ക്‌ രൂപം നല്‍കി. 1921ലെ കലാപാനന്തരം ഹതാശരായ സമൂഹത്തിന്‌ ആത്മവിശ്വാസവും വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്തും ഈ സംഘടന പ്രദാനം ചെയ്‌തു. മുസ്ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരില്‍ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിലും ഈ സംഘടന വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌.

ആദ്യകാല നേതാക്കള്‍, പ്രവര്‍ത്തനങ്ങള്‍

മതപണ്ഡിതന്മാരായ കെ എം മൌലവി, ഇ കെ മൌലവി, സ്വാതന്ത്ര്യസമര സേനാനികളായ അബ്‌ദുര്‌റഹ്മാന്‍ സാഹിബ്‌, ഇ മൊയ്‌തുമൌലവി, ഉല്‌പതിഷ്‌ണുവും ബാരിസ്റ്ററുമായിരുന്ന കെ എം സീതിസാഹിബ്‌, സാമൂഹ്യപ്രവര്‍ത്തകരും നാട്ടുപ്രമാണിമാരുമായ കോട്ടപ്പുറത്ത്‌ സീതി മുഹമ്മദ്‌, മണപ്പാട്ട്‌ പി കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരായിരുന്നു ഐക്യസംഘത്തിന്റെ നേതൃനിരയിലുണ്ടായിരുന്നത്‌.

സാമൂഹ്യ–മത പരിഷ്‌കരണ പ്രസ്ഥാനമെന്ന നിലയിലുള്ള ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വാര്‍ഷിക സമ്മേളനങ്ങളിലൂടെയുമായിരുന്നു. അല്‍ഇര്‍ശാദ്‌, അല്‍ഇസ്ലാഹ്‌ എന്നീ അറബി–മലയാളം പ്രസിദ്ധീകരണങ്ങളും, ഐക്യം, മുസ്ലിംഐക്യം എന്നീ മലയാളം പ്രസിദ്ധീകരണങ്ങളും തങ്ങളുടെ ആശയപ്രചാരണത്തിന്നായി സംഘം ഉപയോഗിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ 12 വാര്‍ഷിക സമ്മേളനങ്ങള്‍ വിഷയവൈവിധ്യം കൊണ്ടും പ്രമുഖ നേതാക്കന്മാരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. കേരള മുസ്ലിംകളുടെ സാമൂഹ്യ–വിദ്യാഭ്യാസ, മത–രാഷ്‌ട്രീയ വിഷയങ്ങളില്‍ നിര്‍ണായകമായ പല ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഇത്തരം സമ്മേളനങ്ങള്‍ വേദിയായി.

1923, മെയ്‌ 27, 28ന്‌ എറിയാട്‌ വെച്ചാണ്‌ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നത്‌. ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ പ്രമുഖപണ്ഡിതനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ വക്കം അബ്‌ദുല്‍ഖാദിര്‍ മൌലവി ആയിരുന്നു. മൌലവിയുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഐക്യസംഘത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമേകി. ആലുവയില്‍ അലിഗഡ്‌ കോളെജ്‌ മാതൃകയില്‍ ഒരു കോളെജ്‌ തുടങ്ങാനും മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ചന്ദനക്കുടം, കൊടികുത്ത്‌ നേര്‍ച്ച എന്നിവക്കെതിരെ പ്രചാരണം നടത്താനും ഈ സമ്മേളം തീരുമാനമെടുത്തു. വര്‍ഷങ്ങളായി മുസ്ലിംകള്‍ ആചരിച്ചു വന്നിരുന്ന നേര്‍ച്ചകളെ `അനിസ്ലാമികം എന്ന നിലയില്‍ എതിര്‍ക്കാന്‍ ആരംഭിച്ചതോടെ ഐക്യസംഘത്തെ `വഹാബി സംഘം എന്ന പേരില്‍ അധിക്ഷേപിക്കാനും ഒരു വിഭാഗം മുന്നോട്ടുവന്നു. ആലുവയില്‍ കോളെജ്‌ സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാനും ഫണ്ട്‌ സ്വരൂപിക്കാനുമായി മണപ്പാട്ട്‌ കുഞ്ഞഹമ്മദ്‌ഹാജി, കെ എം സീതി സാഹിബ്‌, എ എം അബ്‌ദുല്‍ഖാദര്‍ എന്നിവരടങ്ങിയ ഒരു കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. ഈ സംരംഭം വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന്‌ മാതൃഭൂമി ദിനപത്രം എഴുതുകയുണ്ടായി.(1)

സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം 1924 മെയ്‌ 10–12 തിയ്യതികളില്‍ ആലുവയില്‍ നടന്നു. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്‌ അറബിക്കോളെജ്‌ പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ജബ്ബാര്‍ ഹസ്രത്തായിരുന്നു യോഗാധ്യക്ഷന്‍. ഇതേ സമ്മേളനത്തില്‍ വെച്ച്‌ കേരളത്തിലെ ആദ്യത്തെ മുസ്ലിം പണ്ഡിതസംഘടന `കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിതമായി. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍േനാട്ടം വഹിക്കുക, മുസ്ലിംകള്‍ക്ക്‌ മതപരമായ നേതൃത്വം നല്‍കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ജംഇയ്യത്തുല്‍ ഉലമയ്ക്ക്‌ ഉണ്ടായിരുന്നത്‌. കൊച്ചിന്‍ മുസ്ലിം സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും ഇതേ വാര്‍ഷിക സമ്മേളനത്തോടൊപ്പം നടന്നു. അബ്‌ദുര്‌റഹ്മാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്‌തുത സമ്മേളനത്തില്‍ ആലുവയില്‍ തുടങ്ങാനുദ്ദേശിക്കുന്ന കോളെജ്‌ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്‌തു.

ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികസമ്മേളനം നടന്നത്‌ 1925 ജൂണ്‍ 1,2 തിയ്യതികളില്‍ കോഴിക്കോട്ട്‌ വെച്ചായിരുന്നു. ഖാന്‍ ബഹദൂര്‍ മുഹമ്മദ്‌ ശംനാട്‌ സാഹിബായിരുന്നു യോഗാധ്യക്ഷന്‍. ഈ സമ്മേളനത്തില്‍ വെച്ചാണ്‌ എല്ലാ ഗവണ്‍മന്റ്‌ സ്‌കൂളുകളിലും അറബിക്‌ മുന്‍ഷിമാരെ നിയമിക്കണമെന്ന പ്രമേയം പാസ്സാക്കുകയും ഗവണ്‍മെന്റിന്‌ കൈമാറുകയും ചെയ്‌തത്‌. സംഘത്തിന്റെ നാലാം വാര്‍ഷിക സമ്മേളനത്തിന്‌ വേദിയായത്‌ തലശ്ശേരിയായിരുന്നു. 1926 മെയ്‌ 15,16 തിയ്യതികളില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ബ്രിട്ടീഷുകാരനായ ഇസ്ലാമിക പണ്ഡിതന്‍ മൌലാനാ മുഹമ്മദ്‌ മര്‍മഡ്യൂക്‌ പിക്താള്‍ ആയിരുന്നു. ആധുനിക ശാസ്‌ത്രവിജ്ഞാനം മുസ്ലിംകള്‍ക്ക്‌ അന്യമല്ലെന്നും ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ അടിത്തറയില്‍ നിന്നാണ്‌ അതിന്റെ ഉത്ഭവമെന്നും അദ്ദേഹം സമര്‍ഥിച്ചു. ആയതിനാല്‍ ആധുനിക വിദ്യാഭ്യാസം ആര്‍ജിക്കേണ്ടത്‌ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നും പ്രസ്‌തുത സമ്മേളനത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും അദ്ദേഹം എടുത്തുപറഞ്ഞു.(2)

അഞ്ചാം വാര്‍ഷികസമ്മേളനം മുഹമ്മദലി എം എയുടെ (ജെ ഡി റ്റി ഇസ്ലാം –പൂനെ) അധ്യക്ഷതയില്‍ കണ്ണൂരില്‍ നടന്നു. മുസ്ലിം പിന്നാക്കാവസ്ഥയുടെ യഥാര്‍ഥ മുഖം തന്റെ പ്രസംഗത്തില്‍ അനാവരണം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. മുസ്ലിംകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി സകാത്ത്‌ സംവിധാനം കാര്യക്ഷമമാക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്‌തു.(3) സംഘത്തിന്റെ ആറാം വാര്‍ഷിക സമ്മേളനം ഡോ. അബ്‌ദുല്‍ഹഖിന്റെ (മദ്രാസ്‌ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം) അധ്യക്ഷതയില്‍ 1928ല്‍ തിരൂരും, ഏഴാം വാര്‍ഷിക സമ്മേളനം 1929ല്‍ ഖാന്‍ ബഹദൂര്‍ പി എം മൊയ്‌തുവിന്റെ (മലബാര്‍ ഡിസ്‌ട്രിക്‌ട്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌) അധ്യക്ഷതയില്‍ എറണാകുളത്തും ചേര്‍ന്നു. എട്ടാം വാര്‍ഷികം 1930ല്‍ തിരുവനന്തപുരത്ത്‌ വെച്ചാണ്‌ നടന്നത്‌. ലഫ്‌. കേണല്‍ അബ്‌ദുല്‍ഹമീദ്‌ (ജോയിന്റ്‌ ഡയറക്‌ടര്‍ മദ്രാസ്‌) ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍. മലപ്പുറത്തായിരുന്നു ഐക്യസംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനം നടന്നത്‌. 1931 ഒക്‌ടോബര്‍ 18,19 തിയ്യതികളില്‍ നടന്ന സമ്മേളനത്തില്‍ ഖാന്‍ ബഹദൂര്‍ സൈനുദ്ദീന്‍ (നോര്‍ത്ത്‌ മലബാര്‍ ഡിസ്‌ട്രിക്‌ട്‌ സെഷന്‍സ്‌ ജഡ്‌ജി) അധ്യക്ഷത വഹിച്ചു. പത്താം വാര്‍ഷിക സമ്മേളനം 1932 മെയ്‌ 5,6 തിയ്യതികളില്‍ കാസര്‍കോട്‌ വെച്ച്‌ സയ്യിദ്‌ അബ്‌ദുല്‍വഹാബ്‌ ബുഖാരിയുടെ (ജമാലിയ അറബിക്കോളെജ്‌ പ്രിന്‍സിപ്പല്‍) അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ സമ്മേളനത്തില്‍ എടുത്ത പല പ്രമേയങ്ങളും രാഷ്‌ട്രീയ പ്രാധാന്യമുള്ളതായിരുന്നു.

ഐക്യസംഘത്തിന്റെ പതിനൊന്നാം വാര്‍ഷികസമ്മേളനം 1933ല്‍ എറിയാട്ടുവെച്ച്‌ ബി പോക്കര്‍ സാഹിബിന്റെ (മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി) അധ്യക്ഷതയില്‍ നടന്നു. മുസ്ലിംകള്‍ക്കിടയില്‍ ശാസ്‌ത്രീയ കൃഷിരീതി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കാര്‍ഷിക പ്രദര്‍ശനവും ഈ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ടു. കേരള മുസ്ലിം ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തേതുമായ വാര്‍ഷിക സമ്മേളനം 1934ല്‍ കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തില്‍ വെച്ച്‌ നടന്നു. യോഗത്തില്‍ അബ്‌ദുല്‍ ഹമീദ്‌ഖാന്‍ (മദ്രാസ്‌) അധ്യക്ഷത വഹിച്ചു. ഈ സമ്മേളനത്തില്‍ വെച്ചാണ്‌ ഐക്യസംഘം കേരള മുസ്ലിം മജ്‌ലിസില്‍ ലയിക്കാന്‍ തീരുമാനിക്കുന്നത്‌.(4)

സദ്‌ഫലങ്ങളും പ്രതിസന്ധികളും

കേരളത്തിലെ മറ്റ്‌ പരിഷ്‌കരണ പ്രസ്ഥാനങ്ങളെപ്പോലെ മുസ്ലിം മത–സാമൂഹ്യ പരിഷ്‌കരണമായിരുന്നു ഐക്യസംഘവും മുഖ്യലക്ഷ്യമാക്കിയത്‌. അറേബ്യയിലെ മുഹമ്മദുബ്‌നു അബ്‌ദില്‍വഹാബ്‌, ഈജിപ്‌തിലെ മുഹമ്മദ്‌ അബ്‌ദു, റശീദ്‌ രിദാ തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ പാതയാണ്‌ ഐക്യസംഘവും ഏറെക്കുറെ സ്വീകരിച്ചിരുന്നത്‌. ഈജിപ്‌തില്‍ നിന്നും റശീദ്‌ രിദയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ എന്ന പ്രസിദ്ധീകരണത്തിന്‌ കേരളത്തില്‍ അക്കാലത്ത്‌ നിരവധി വായനക്കാരുണ്ടായിരുന്നു എന്നത്‌ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌. ഏതെങ്കിലും മദ്‌ഹബ്‌ ഇമാമുമാരെ അന്ധമായി പിന്തുടരുന്നതിനെയും ഖബ്‌റാരാധനയെയും ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളെ പ്രതിഷ്‌ഠിക്കുന്നതിനെയും ഐക്യസംഘം ശക്തിയുക്തം എതിര്‍ത്തു. ചന്ദനക്കുടം, കൊടികുത്ത്‌ നേര്‍ച്ചകളെ എതിര്‍ക്കുന്ന കാര്യത്തില്‍ സുഊദി അറേബ്യയിലെ മുഹമ്മദ്‌ ഇബ്‌നു അബ്‌ദില്‍വഹാബിന്റെ ആശയങ്ങളോട്‌ സാദൃശ്യം കണ്ടതിനാല്‍ എതിരാളികള്‍ ഐക്യസംഘക്കാരെ `വഹാബിസംഘം എന്ന്‌ വിശേഷിപ്പിക്കുമായിരുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്വതന്ത്രമായ അന്വേഷണങ്ങളുടെ (ഇജ്‌തിഹാദ്‌) വാതിലുകള്‍ ഐക്യസംഘം തുറന്നുവെച്ചു.

ആധുനികതയോടും ബ്രിട്ടീഷ്‌ വിദ്യാഭ്യാസത്തോടും തുറന്ന സമീപനമായിരുന്നു ഐക്യസംഘത്തിനുണ്ടായിരുന്നത്‌. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസരീതി അപര്യാപ്‌തമാണെന്നും, ആധുനിക ശാസ്‌ത്രവിജ്ഞാനം നേടിയെടുക്കേണ്ടത്‌ അനിവാര്യമാണെന്നും അവര്‍ വിശ്വസിച്ചു. മുസ്‌ലിംകളില്‍ രൂഢമൂലമായ പാശ്ചാത്യ വിദ്യാഭ്യാസത്തോടുള്ള വിമുഖത പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവരെ അപ്രാപ്‌തരാക്കി. അതിനാല്‍ മുസ്ലിംകള്‍ക്കിടയില്‍ മതപരവും ഭൌതികവുമായ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായിരുന്നു സംഘടന പ്രാമുഖ്യം നല്‍കിയിരുന്നത്‌. അവരുടെ പ്രവര്‍ത്തനഫലമായി നിരവധി സ്‌കൂളുകളും മദ്‌റസകളും കേരളത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു. ആലുവയില്‍ ഒരു കോളെജ്‌ എന്ന സ്വപ്‌നം സഫലമാക്കാന്‍ പല കാരണങ്ങളാല്‍ സംഘത്തിന്‌ കഴിഞ്ഞില്ല.

മുസ്ലിംകളെ സ്‌കൂളുകളിലേക്ക്‌ ആകര്‍ഷിക്കാനായി മതപഠനത്തിനുള്ള സൌകര്യവും സ്‌കൂളില്‍ തന്നെ നല്‍കണമെന്ന്‌ ഐക്യസംഘം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോട്‌ അപേക്ഷിച്ചിരുന്നു.(5) സ്‌ത്രീ വിദ്യാഭ്യാസ കാര്യത്തിലും ഐക്യസംഘത്തിന്‌ പുരോഗമന കാഴ്‌ചപ്പാടായിരുന്നു ഉണ്ടായിരുന്നത്‌. വിദ്യ അഭ്യസിക്കുന്നതില്‍ പുരുഷനോടൊപ്പം സ്‌ത്രീക്കും തുല്യ അവകാശമാണെന്ന്‌ അവര്‍ വാദിച്ചു. കൊച്ചിയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കായി 8 രൂപ സ്റ്റൈപ്പന്റ്‌ അനുവദിപ്പിക്കാനും സ്‌കൂളുകളില്‍ സ്‌ത്രീക്ക്‌ ഇസ്ലാമിക വസ്‌ത്രധാരണത്തിനുള്ള അനുമതി നേടിയെടുക്കാനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ കഴിഞ്ഞു.(6)

വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറബി–മലയാളം, മലയാളം തുടങ്ങിയ ഭാഷകളും ഐക്യസംഘം പ്രോത്സാഹിപ്പിച്ചിരുന്നു. മുസ്ലിംകള്‍ക്കിടയില്‍ നല്ല മലയാളം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഐക്യസംഘം പ്രസിദ്ധീകരണങ്ങളില്‍ എടുത്തുപറയാറുള്ള കാര്യമായിരുന്നു. ഒരു ദശാബ്‌ദകാലത്തിലേറെ മുസ്‌ലിം മത–സാമൂഹ്യ, രാഷ്‌ട്രീയ–സാമ്പത്തിക വിഷയങ്ങളില്‍ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതില്‍ സംഘം പ്രസിദ്ധീകരണങ്ങള്‍ നല്‌കിയ സംഭാവന വളരെ വലുതാണ്‌.

ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി അംഗീകരിക്കുമ്പോള്‍ തന്നെ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളെ ഐക്യസംഘം ശക്തിയുക്തം എതിര്‍ത്തിരുന്നു. കൊളോണിയല്‍ സാംസ്‌കാരിക ആധിപത്യത്തിനെതിരെയുള്ള `സാംസ്‌കാരിക പ്രതിരോധമായാണ്‌ കെ എന്‍ പണിക്കരെപ്പോലുള്ള അക്കാദമിക പണ്ഡിതര്‍ ഇത്തരം ശ്രമങ്ങളെ വിലയിരുത്തുന്നത്‌.(7) ക്രിസ്‌ത്യന്‍ മിഷണറിമാരുടെയും ആര്യസമാജത്തിന്റെയും മതപരിവര്‍ത്തന ശ്രമങ്ങളെ തടയുന്നതിന്റെ ഭാഗമായി `മുസ്ലിം ഐക്യ ഇശാഅത്ത്‌ കമ്മിറ്റി രൂപീകരിച്ചത്‌ ഇത്തരമൊരു `സാംസ്‌കാരിക പ്രതിരോധമായി വേണം വിലയിരുത്താന്‍.(8) മുസ്ലിംകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പല പദ്ധതികളും ഐക്യസംഘം ആസൂത്രണം ചെയ്‌തിരുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്വത്തുക്കള്‍ ചെലവിടാനും സംഘം മുസ്ലിംകളെ ഉദ്‌ബോധിപ്പിച്ചു. ഐക്യസംഘം പ്രവര്‍ത്തനഫണ്ടിലേക്കായി ഒരു `കുറി നടത്തുകയും ചെയ്‌തിരുന്നു. മുസ്ലിംകള്‍ക്കിടയില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കാനും കടം ലഭ്യമാക്കുന്നതിനുമായി ഒരു `ഇസ്ലാമിക ബാങ്ക്‌ രൂപീകരിക്കേണ്ടതാണെന്ന്‌ കെ എം മൌലവി തന്റെ രിസാലത്തു ഫില്‍ ബങ്ക്‌ എന്ന ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ സംഘത്തിനകത്തും പുറത്തും വലിയ കോലാഹലം സൃഷ്‌ടിക്കുകയും ഇസ്ലാം വിരോധിച്ച പലിശയെ അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന വിമര്‍ശനം ഉയര്‍ത്തുകയും ചെയ്‌തു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ സാഹിബ്‌ തന്നെ തന്റെ അല്‍അമീന്‍ പത്രത്തില്‍ കെ എം മൌലവിയുടെ രിസാലത്തു ഫില്‍ ബങ്കിന്‌ നിഷേധക്കുറപ്പെഴുതി. മുസ്ലിംകളില്‍ ശാസ്‌ത്രീയ കൃഷിരീതി പ്രചരിപ്പിക്കുന്നതിനായി ഐക്യസംഘത്തിന്റെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ ഒരു കാര്‍ഷിക പ്രദര്‍ശം സംഘടിപ്പിച്ചിരുന്നു എന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ഐക്യസംഘം സ്വരൂപിച്ച മുഴുവന്‍ ഫണ്ടുകളും ആസ്‌തികളും പില്‍ക്കാലത്ത്‌ ഫാറൂഖ്‌ കോളേജിനായി വിട്ടുകൊടുക്കുകയാണുണ്ടായത്‌.

രാഷ്‌ട്രീയപരമായി ഐക്യസഘം നേതാക്കള്‍ക്ക്‌ ഒരു പൊതു നിലപാടിലെത്താന്‍ കഴിഞ്ഞില്ല എന്നത്‌ സംഘത്തിന്റെ തകര്‍ച്ചയ്ക്ക്‌ തന്നെ കാരണമായി ഭവിച്ചു. തുടക്കത്തില്‍ മത–സാമൂഹ്യരംഗങ്ങളില്‍ മാത്രമായിരുന്നു സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. എന്നാല്‍ കാലക്രമേണ ഐക്യസംഘത്തിന്റെ പ്രമേയങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്‌ രാഷ്‌ട്രീയ ആവശ്യങ്ങളായിരുന്നു. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത കലാപകാരികളെ വിട്ടയയ്ക്കുക, മുസ്ലിംകള്‍ക്ക്‌ പ്രത്യേക നിയോജക മണ്ഡലങ്ങള്‍ അനുവദിക്കുക, മാപ്പിള പീഡന നിയമങ്ങള്‍ നിര്‍ത്തലാക്കുക എന്നീ പ്രമേയങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌.

മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാനെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഐക്യസംഘത്തെ ഒരു ബ്രിട്ടീഷ്‌വിരുദ്ധ സംഘമാക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കെ എം സീതി സാഹിബും കെ എം മൌലവിയും ഇതിനെതിരായിരുന്നു. ഈ ചേരിതിരിവാണ്‌ ഐക്യസംഘത്തിന്റെ പിരിച്ചുവിടലിലേക്ക്‌ നയിച്ച പ്രധാന ഹേതു. 1934ല്‍ ഐക്യസംഘം മുസ്ലിംലീഗിലേക്ക്‌ അനുഭാവമുള്ള കേരള മുസ്ലിം മജ്‌ലിസില്‍ ലയിച്ചു എന്നത്‌ കെ എം മൌലവിയുടെയും സീതി സാഹിബിന്റെയും നിലപാടുകള്‍ക്കുള്ള അംഗീകാരമായി വേണം കരുതാന്‍. 1936ല്‍ മുസ്ലിം മജ്‌ലിസ്‌ മുസ്ലിംലീഗില്‍ ലയിക്കുകയാണുണ്ടായത്‌. ചുരുക്കത്തില്‍, ഐക്യസംഘം ഉണ്ടാക്കിയെടുത്ത സാമുദായിക അവബോധം പില്‍ക്കാലത്ത്‌ മുസ്ലിംലീഗിന്‌ മലബാറില്‍ ശക്തമായ വേരുകളുണ്ടാക്കാന്‍ സഹായിച്ചു എന്നു കരുതാം.

ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും സമ്പന്നരായ മധ്യവര്‍ഗത്തിനിടയിലും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരിലുമാണ്‌ പ്രചരിച്ചിരുന്നത്‌. സാധാരണ മുസ്ലിംകളില്‍ നേരിട്ട്‌ വലിയ സ്വീകാര്യത നേടാന്‍ അവര്‍ക്കായില്ല. കാലാകാലങ്ങളായി ആചരിച്ചുവന്നിരുന്ന ആചാര അനുഷ്‌ഠാനങ്ങളെ എതിര്‍ത്തു എന്നതും യാഥാസ്ഥിതിക പണ്ഡിതന്മാര്‍ക്ക്‌ സാധാരണക്കാര്‍ക്കിടയിലുള്ള സ്വാധീനവും ഇതിന്‌ കാരണമായി.

1934 ല്‍ ഐക്യസംഘം പിരിച്ചുവിട്ടുവെങ്കിലും അതുയര്‍ത്തിയ മുദ്രാവാക്യങ്ങളും ആശയങ്ങളും പില്‍ക്കാലത്ത്‌ മറ്റു പല മുസ്ലിം മത–സാമൂഹ്യ–രാഷ്‌ട്രീയ–വിദ്യാഭ്യാസ സംഘടനകളും ഏറ്റെടുക്കുകയും കേരള മുസ്ലിംകളില്‍ ഇന്ന്‌ കാണുന്ന മുന്നേറ്റത്തിനും ഉന്നമനത്തിനും ഹേതുവാകുകയും ചെയ്‌തു.

.........................................................................................

ashrafuntiy@yahoo.com



അവലംബം

1). മാതൃഭൂമി, ജൂണ്‍ 14, 1923, പേജ്‌ 4, 2). മര്‍മഡ്യൂക്ക്‌ പിക്താള്‍, അധ്യക്ഷപ്രസംഗം, കേരള മുസ്ലിം ഐക്യസംഘം 4–ാം വാര്‍ഷിക സമ്മേളനം, പേജ്‌ 14, 3). മുഹമ്മദലി എം എ, അധ്യക്ഷ പ്രസംഗം, കേരള മുസ്ലിം ഐക്യസംഘം അഞ്ചാം വാര്‍ഷികസമ്മേളനം, പേജ്‌ 45, 4). ഇ കെ മൌലവി, `കേരള മുസ്ലിം ഐക്യസംഘവും നവോത്ഥാനവും –കേരള മുസ്ലിം ഡയറക്‌ടറി, പേജ്‌ 477, 5). മാതൃഭൂമി, മെയ്‌ 13, 1934, പേജ്‌ 2, 6). വാര്‍ഷിക സമ്മേളന റിപ്പോര്‍ട്ട്‌, കേരള മുസ്ലിം ഐക്യസംഘം അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ സമര്‍പ്പിച്ചത്‌, പേജ്‌ 4–6., 7).

K N Panicker, Culture, Ideology, Hegemony: Intellectual and social consciousnessf in colonial India, (New Delhi), 1995 p84, 8). AðCÀimZvþ1342, ZnðlnÖ, t]Pv 60

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.