14 June 2009

മൌദൂദിയന്‍ ചിന്ത സരളവും സുതാര്യവുമാണോ?

മൌദൂദിയന്‍ ചിന്ത സരളവും സുതാര്യവുമാണോ?
മുഖാമുഖം SHABAB Friday, 27 March 2009
മുസ്ലിം


``ആരെയും ഭയപ്പെടാതെ എനിക്ക്‌ ആ കുശാഗ്രബുദ്ധിയെ പുകഴ്‌ത്താന്‍ കഴിയും. പക്ഷേ, ആ പ്രസ്ഥാനം മൌലാനാ മൌദൂദി രൂപം നല്‌കിയതാണെന്ന്‌ അറിയുമ്പോള്‍ ഒരിക്കലും വിമര്‍ശിക്കാന്‍ കഴിയില്ല. മൌദൂദിയന്‍ ചിന്തയെ പാര്‍ശ്വവത്‌കരിച്ചവരാണ്‌ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്‌. അന്ധമായ ദേശീയതയെയും അന്ധമായ സാമുദായികതയെയും മൌദൂദി എതിര്‍ത്തു. അദ്ദേഹത്തിന്റെ മാര്‍ഗം സരളവും സുതാര്യവുമായിരുന്നു. എന്‍ ഡി എഫ്‌ പ്രചോദനമുള്‍ക്കൊണ്ട്‌ എന്ന്‌ പറയുന്ന ഒരു ചിന്തയും മൌദൂദിയന്‍ ദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മൌലാനാ മൌദൂദിയുടെ ദര്‍ശനമാണ്‌ ലോകം തേടുന്ന തീവ്രവാദ വിരുദ്ധ ദര്‍ശനം എന്ന്‌ വാണിദാസ്‌ എളയാവൂര്‍ വിലയിരുത്തുന്നു. (പ്രബോധനം 29–11–08).





താഴെ ചേര്‍ത്തിരിക്കുന്ന ഉദ്ധരണികള്‍ ശ്രദ്ധിക്കുക: ``ഇസ്ലാമിന്റെ യാഥാര്‍ഥ്യവും അന്തസ്സത്തയും നാം ഗ്രഹിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇസ്ലാമികേതരമായ ഏതൊരു ഭരണകൂടത്തിനും നാം വ്യക്തമായ വെല്ലുവിളിയായിത്തീരേണ്ടതുണ്ട്‌. അവര്‍ നമ്മോട്‌ സഹിഷ്‌ണുത കാണിക്കുന്നവരോ അല്ലാത്തവരോ എന്നത്‌ പ്രശ്‌നമല്ല. (അല്‍ഹുകൂമത്തുല്‍ ഇസ്ലാമിയ്യ, പേജ്‌ 23)


ഇസ്ലാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം എന്ന പുസ്‌തകത്തില്‍ പറയുന്നു: ``എല്ലാ നിയമ നിര്‍മാണാധികാരങ്ങളും മനുഷ്യകരങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യണമെന്നും ജനാധിപത്യത്തില്‍ അധികാരം ജനങ്ങള്‍ക്കായതിനാല്‍ ഇസ്ലാമിക വ്യവസ്ഥയെ ജനായത്തം എന്ന്‌ പറയാനാവില്ലെന്നും, ഇസ്ലാമിക സ്റ്റേറ്റ്‌ അഥവാ ദൈവിക രാഷ്‌ട്രം (തിയോക്രസി) നിലവില്‍ വരാന്‍ ശ്രമിക്കണമെന്നും ഇതിന്‌ ശ്രമിക്കാത്തവര്‍ ഇസ്ലാമിലെ ശഹാദത്ത്‌ കലിമ ചൊല്ലിയതുകൊണ്ട്‌ ഫലമില്ലെന്നും അങ്ങനെയുള്ളവരെ ജമാഅത്തില്‍ ചേര്‍ക്കുകയില്ല എന്ന്‌ മാത്രമല്ല, ജമാഅത്ത്‌ സംഘടനയില്‍ നിന്ന്‌ പുറത്താക്കണമെന്നും ഭരണഘടനയില്‍പ്പോലും (ഖണ്ഡിക 4ല്‍ വകുപ്പ്‌ 5,6) എഴുതി വെച്ചിട്ടുള്ളത്‌ തീവ്രവാദമല്ലേ? വാണിദാസ്‌ എളയാവൂര്‍ ഇതൊന്നും കണ്ടിട്ടില്ലെന്നാണോ?! മുസ്ലിമിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.


കെ പി മുഹമ്മദ്‌ അശ്‌റഫ്‌ കണ്ണൂര്‍


ആകാശത്തിന്‌ കീഴിലുള്ള ഏത്‌ കാര്യങ്ങളെയും സംഭവങ്ങളെയും രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തി മാത്രം വിലയിരുത്തുന്നവര്‍ക്ക്‌ ആകര്‍ഷകമായി തോന്നുന്ന പല ഘടകങ്ങളും മൌദൂദി സാഹിബിന്റെ സിദ്ധാന്തത്തിലുണ്ട്‌. കാപ്പിറ്റലിസത്തിനും കമ്യൂണിസത്തിനും നടുവിലുള്ള ഒരു രാഷ്‌ട്രീയ ദര്‍ശനമായി ഇസ്ലാമിനെ അവതരിപ്പിക്കുന്ന രീതി അത്തരക്കാര്‍ക്ക്‌ ഏറെ പ്രിയംകരമായിരിക്കാന്‍ സാധ്യതയുണ്ട്‌. മൌദൂദി സാഹിബിന്റെ ഒന്നോ രണ്ടോ പുസ്‌തകങ്ങള്‍ വായിച്ച്‌ ആ ശൈലിയില്‍ ആകൃഷ്‌ടരായിട്ടുള്ളവര്‍ക്ക്‌ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ തോന്നാത്തത്ര മതിപ്പുണ്ടായെന്ന്‌ വരാം. ഇതാണ്‌ ചില ജമാഅത്തുകാര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള അനുരാഗാത്മക ഭ്രമം.


പക്ഷെ, അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച സത്യദീനിനോട്‌ തികച്ചും യോജിക്കുന്നതു തന്നെയാണോ മൌദൂദി സാഹിബിന്റെ സിദ്ധാന്തങ്ങള്‍ എന്നതാണ്‌ വിശ്വാസവും കര്‍മവും പ്രമാണ നിബദ്ധമായിരിക്കണമെന്ന്‌ നിഷ്‌കര്‍ഷയുള്ളവര്‍ പരിഗണിക്കേണ്ട വിഷയം. ``ഇസ്ലാമികേതരമായ ഏതൊരു ഭരണകൂടത്തിനും നാം വ്യക്തമായ വെല്ലുവിളിയായിത്തീരണം എന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബി(സ)യോ പൂര്‍വ പ്രവാചകന്മാരോ നിര്‍ദേശിച്ചിട്ടില്ല. മുസ്ലിംകളോട്‌ സഹിഷ്‌ണുത കാണിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ എതിര്‍ക്കണമെന്ന വാദം വിശുദ്ധ ഖുര്‍ആനിന്ന്‌ തന്നെ വിരുദ്ധമാണ്‌. മുസ്ലിംകളോട്‌ സമാധാനപരമായി സഹവര്‍ത്തിക്കുന്നവര്‍ക്ക്‌ നന്മ ചെയ്‌തുകൊടുക്കുകയും അവരോട്‌ നീതി പാലിക്കുകയും ചെയ്യുന്നതിനെ 60:8 സൂക്തത്തില്‍ അല്ലാഹു പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. വര്‍ഗീയവും സാമുദായികവുമായ തീവ്രത പോലെത്തന്നെ രാഷ്‌ട്രീയമായ തീവ്രതയും ഇസ്ലാമിന്‌ അന്യമാകുന്നു. ദൈവിക രാഷ്‌ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുക എന്നത്‌ ശഹാദത്ത്‌ കലിമ: (ഇസ്ലാമിലെ സാക്ഷ്യവചനം) ചൊല്ലിയ ഏതൊരാളുടെയും ബാധ്യതയാണെന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബി(സ)യോ പറഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാകുന്നു.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.