03 August 2009

പിന്നിലായിപ്പോയവരോടുള്ള ഐക്യദാര്‍ഢ്യം

പിന്നിലായിപ്പോയവരോടുള്ള ഐക്യദാര്‍ഢ്യം
SHABAB Weekly, Editorial, Friday, 31 July 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്



സാമ്പത്തിക സൌകര്യമുള്ളവര്‍ക്കും സാമൂഹ്യമായ പദവിയുള്ളവര്‍ക്കും പ്രത്യേക പരിഗണനയും അംഗീകാരവും ലഭിക്കുക എന്നതാണ് ലോകമെങ്ങും നടപ്പുള്ള കാര്യം. ഇതൊന്നുമില്ലാത്തവര്‍ അവഗണിക്കപ്പെടുകയോ പ്രാന്തവത്കരിക്കപ്പെടുകയോ ചെയ്യുന്നു. അവഗണനയും അരികിലേക്ക് മാറ്റലും ആരും ഇഷ്ടപ്പെടുന്നില്ല. ഒരു മനുഷ്യനെന്ന നിലയില്‍ അര്‍ഹമായ മാന്യത വകവെച്ചു കിട്ടണമെന്നുതന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മാനവിക സമത്വത്തിന്റെ വക്താക്കള്‍ ഈ കാര്യം ഊന്നിപ്പറയാറുമുണ്ട്. പക്ഷെ, അവര്‍ പോലും തങ്ങളെക്കാള്‍ അറിവും കഴിവും കുറഞ്ഞവരെ പൂര്‍ണ അര്‍ഥത്തില്‍ സമസ്ഥാനീയരായി ഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. ശ്രേണീകരണംഎല്ലാ സമൂഹങ്ങളെയും എല്ലാ തലത്തിലും ബാധിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ എല്ലാ വോട്ടുകളെയും തുല്യവിലയുള്ളതായി ഗണിക്കാറുണ്ടെങ്കിലും അവര്‍ എം എല്‍ എയും എം പിയും മന്ത്രിയും ആകുമ്പോള്‍ പണവും പദവിയും ഉള്ളവരെ മാത്രമേ മിക്കവാറും പരിഗണിക്കാറുള്ളൂ. ഉന്നത ശ്രേണികളിലുള്ള ഉദ്യോഗസ്ഥരില്‍ മിക്കവരും റാങ്കില്‍ താഴെയുള്ളവരെയും സാമാന്യജനങ്ങളെയും അവജ്ഞയോടെ വീക്ഷിക്കുന്നു. വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിടക്കാരോടുള്ള മനോഭാവവും ഏറെ വ്യത്യസ്തമല്ല. ഓരോ വിഭാഗത്തിന്റെയും സുഹൃദ്വലയത്തില്‍ ഏറെക്കുറെ തുല്യപദവിയിലുള്ളവരേ ഉണ്ടാകൂ. ഉച്ചനീചത്വങ്ങളെ എതിര്‍ക്കുകയും സ്ഥിതി സമത്വത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നവരും സമ്പത്തും പദവിയും കൈവരുമ്പോള്‍ ഒട്ടൊക്കെ മറ്റുള്ളവരെപ്പോലെ തന്നെ പെരുമാറുന്നു.

ഇസ്ളാമിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് മനുഷ്യരെ മേലാളരും കീഴാളരുമായി വേര്‍തിരിക്കുന്നില്ല എന്നതാണ്. മാനവസമൂഹം മുഴുക്കെ ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികള്‍, ഒരേ മാതാപിതാക്കളുടെ മക്കളായി വളര്‍ന്നു വികസിച്ചവര്‍ എന്ന യാഥാര്‍ഥ്യബോധം സത്യവിശ്വാസികളെ അതുല്യമായ സാഹോദര്യബോധത്തിലേക്ക് നയിക്കുന്നു. മുഹമ്മദ് നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ട് ജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ടി മദീനയിലെ പള്ളിയില്‍ അദ്ദേഹത്തിന് ചുറ്റും ഒരുമിച്ചുകൂടിയിരുന്ന അനുചരര്‍ക്കിടയില്‍ ഉച്ചനീചത്വം അശേഷമുണ്ടായിരുന്നില്ല. അവരില്‍ അഭിജാത ഗോത്രങ്ങളില്‍ നിന്ന് വന്നവരും അടിമകളും നാഗരികരും നാടോടികളും അറബികളും അനറബികളും ചുവന്നവരും കറുത്തവരും സമ്പന്നരും ദരിദ്രരുമുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും സ്വന്തം വീടുണ്ടായിരുന്നില്ല. പള്ളിയായിരുന്നു അവരുടെ അഭയകേന്ദ്രം. പലര്‍ക്കും സ്ഥിരമായ ഉപജീവനമാര്‍ഗവും ഉണ്ടായിരുന്നില്ല. എന്നാലും അവരെല്ലാവരും അല്ലാഹുവിന്റെ ദാസന്മാര്‍ എന്ന നിലയില്‍ തുല്യസ്ഥാനമുള്ള സഹോദരങ്ങളായിരുന്നു. അവര്‍ക്കിടയില്‍ ശ്രേണീകരണമോ പ്രാന്തവത്കരണമോ ഉണ്ടായിരുന്നില്ല.

ഈ അവസ്ഥാവിശേഷം സംജാതമായതിനെ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം എന്ന നിലയിലാണ് വിശുദ്ധ ഖുര്‍ആന്‍ വിലയിരുത്തുന്നത്: "നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു'' (3:103). "അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.'' (8:63)

ആദം സന്തതികളെയെല്ലാം അല്ലാഹു ആദരിച്ചിരിക്കുന്നു എന്ന് വിശുദ്ധ ഖുര്‍ആനില്‍ (17:70) വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ജന്തുജാലങ്ങളെ അപേക്ഷിച്ച് ഘടനാപരമായി മനുഷ്യനുള്ള ഉല്‍കൃഷ്ടതയായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ധര്‍മനിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് മാത്രം അല്ലാഹുവിങ്കല്‍ പ്രത്യേകമായി ലഭിക്കുന്ന ആദരണീയതയെ സംബന്ധിച്ച് 49:13 സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരില്‍ ചിലരെ പുച്ഛത്തോടെയും അവജ്ഞയോടെയും വീക്ഷിക്കുന്നത് മാനവസമത്വം സംബന്ധിച്ച അല്ലാഹുവിന്റെ നിശ്ചയത്തിന് വിരുദ്ധമാണ്. അല്ലാഹുവിന് ആത്മസമര്‍പ്പണം നടത്തിയ മുസ്ളിംകള്‍ സാമൂഹ്യമായോ സാമ്പത്തികമായോ പിന്നിലായിപ്പോയവരെ പതിതാവസ്ഥയില്‍ നിന്നും അപകര്‍ഷതാബോധത്തില്‍ നിന്നും മോചിപ്പിച്ച് സമഭാവന തെളിഞ്ഞുനില്‍ക്കുന്ന സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാനാണ് യത്നിക്കേണ്ടത്. അനിസ്ളാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ വലിയ വ്യത്യാസം കൂടാതെ നിലനിര്‍ത്തുകയും അസമത്വത്തിന്റെയും അനീതിയുടെയും ഗുണഭോക്താക്കളായി വര്‍ത്തിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ജാഹിലിയ്യത്തിന്റെ അവശിഷ്ടങ്ങളത്രെ.

നിര്‍ഭാഗ്യവശാല്‍ അനിസ്ളാമിക സമൂഹങ്ങളിലെ അഭിജാതരെയും വന്‍ പണക്കാരെയും പോലെ തന്നെയാണ് മുസ്ളിം സമൂഹങ്ങളിലുള്ള അത്തരക്കാരും പെരുമാറുന്നത്. ചാതുര്‍വര്‍ണ്യത്തെ മനുഷ്യത്വവിരുദ്ധമെന്ന് വിമര്‍ശിക്കുന്നവര്‍ പോലും മുസ്ളിംസമൂഹത്തിലെ ക്ഷുരകരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. മാത്സ്യത്തൊഴിലാളികളോടും പുതുവിശ്വാസികളോടുമുള്ള സമീപനവും ഏറെ വ്യത്യസ്തമല്ല. കേരളത്തില്‍ മുസ്ളിം തിങ്ങിത്താമസിക്കുന്ന മിക്ക സ്ഥലങ്ങളിലും തറവാടിത്തത്തിന്റെ പേരിലുള്ള ഉച്ചനീചത്വങ്ങളുണ്ട്. പള്ളിക്കാരണവന്മാരും മഹല്ലുകമ്മിറ്റി ഭാരവാഹികളുമെല്ലാം മിക്കവാറും ഉയര്‍ന്ന തറവാടുകളില്‍ നിന്നായിരിക്കും. ഉയര്‍ന്ന തറവാട്ടുകാരല്ലാത്തവര്‍ക്ക് കുറച്ചൊക്കെ പരിഗണന ലഭിക്കുന്നത് അവര്‍ വലിയ പണക്കാരോ ഉന്നത ഉദ്യോഗസ്ഥരോ വലിയ പണ്ഡിതന്മാരോ മറ്റോ ആയിത്തീരുമ്പോള്‍ മാത്രമാണ്. പണക്കൊഴുപ്പ് ചിലപ്പോള്‍ തറവാട്ടുമഹിമയെയും നിഷ്പ്രഭമാക്കുന്നു.

ആദര്‍ശപ്രതിബദ്ധത കുറഞ്ഞ യാഥാസ്ഥിതിക സമൂഹങ്ങളില്‍ മാത്രമല്ല വിശ്വസാചാരങ്ങള്‍ പ്രമാണ നിബദ്ധമായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന സമൂഹങ്ങളില്‍ പോലും ഇസ്ളാമികമായ സ്ഥിതിസമത്വവും നിഷ്കളങ്കമായ സാഹോദര്യവും യഥോചിതം പുലരുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ജാഹിലിയ്യത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെ അവരും ചിലപ്പോള്‍ മുറുകെപിടിക്കുന്നു. സാമ്പത്തികമായോ സാമൂഹികമായോ പിന്നിലായിപ്പോയവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ പലര്‍ക്കും ആദര്‍ശബോധം പ്രചോദകമാകുന്നില്ല. സകാത്തും സദഖയും കൃത്യമായി കൊടുക്കുന്ന ചിലര്‍ പോലും പിന്നാക്കം നില്ക്കുന്നവരെ സമഭാവനയോടെ വീക്ഷിക്കുന്നില്ല. അഭിജാതരുടെയും സമ്പന്നരുടെയും മനസ്സില്‍ നിന്ന് ഇസ്ളാമികദൃഷ്ട്യാ സാംഗത്യമില്ലാത്ത ഔന്നത്യബോധം എന്തുകൊണ്ടോ നീങ്ങുന്നില്ല. പിന്നാക്കം നിന്നിരുന്നവര്‍ സമ്പത്ത് കൊണ്ടോ ഉന്നത വിദ്യാഭ്യാസം കൊണ്ടോ സമൂഹത്തില്‍ അംഗീകാരം നേടിക്കഴിയുമ്പോള്‍ അവരും താഴേക്കിടയിലുള്ളവരെ അവജ്ഞയോടെ വീക്ഷിക്കാന്‍ തുടങ്ങുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താനും യഥാര്‍ഥമായ ഇസ്ളാമിക സാഹോദര്യം നിലവില്‍ വരുത്താനും വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കേണ്ടത് മതപ്രബോധകരും മതസംഘടനാസാരഥികളുമാണ്. പക്ഷെ, മതസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും പ്രബോധനപരിപാടികള്‍ സംഘടിപ്പിക്കാനും ധാരാളം പണം വേണ്ടതിനാല്‍ പ്രബോധകര്‍ക്കും പ്രവര്‍ത്തകര്‍ക്കും പലപ്പോഴും സമ്പന്നരുടെ ഔന്നത്യബോധവുമായും ചിലപ്പോള്‍ അവരുടെ ജീവിതത്തിലെ ചില അനിസ്ളാമിക പ്രവണതകളുമായും രാജിയാകേണ്ടിവരുന്നു. സമ്പന്നരെ സ്വാധീനിച്ചാല്‍ അവരുടെ സില്‍ബന്ധികളുടെ സഹകരണം ലഭിക്കുമെന്നതിനാലും മതസംഘടനകള്‍ അവരുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹിത്വം സാമൂഹികമായോ സാമ്പത്തികമായോ ഔന്നത്യമുള്ളവര്‍ക്ക് മാത്രമാകുമ്പോള്‍ പാവപ്പെട്ടവര്‍ മനസ്സുകൊണ്ട് അവയുമായി അകലുന്നു. വ്യക്തികള്‍ക്ക് സമൂഹവുമായും സമൂഹത്തിന് വ്യക്തികളുമായും ഐക്യദാര്‍ഢ്യമുള്ള വിശിഷ്ട സാഹോദര്യം ഇത്തരം സാഹചര്യത്തില്‍ രൂപംകൊള്ളുകയില്ല.

പ്രവാചകന്മാരോടൊപ്പം ഏറെ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് ഉറച്ചുനിന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു. പാവപ്പെട്ടവരുമായുള്ള അടുപ്പത്തിന്റെ പേരില്‍ നാട്ടുപ്രമാണിമാര്‍ പ്രവാചകന്മാരെ ഇകഴ്ത്തിയിരുന്ന കാര്യം പല ഖുര്‍ആന്‍ സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. താഴെക്കിടക്കാരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ പ്രവാചകനെ പിന്തുണയ്ക്കാമെന്ന് പ്രമാണിമാര്‍ വാഗ്ദാനംചെയ്ത കാര്യവും ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അടിയുറച്ച വിശ്വാസവും ധര്‍മനിഷ്ഠയുമുള്ള പാവങ്ങളോടൊപ്പം ഉറച്ചുനില്ക്കാനാണ് അല്ലാഹു പ്രവാചകനോട് കല്പിച്ചത്.

"തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ സംബന്ധിച്ച് നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തുവോ അവനെ നീ അനുസരിച്ചു പോകരുത്.'' (വി.ഖു 18:28)

അധികാരികളുടെയും അഭിജാതരുടെയും സമ്പന്നരുടെയും പിന്നാലെ പല താല്പര്യങ്ങള്‍ക്കുവേണ്ടി നീങ്ങാന്‍ മനസ്സ് വെമ്പല്‍ കൊള്ളുമ്പോള്‍ പ്രാര്‍ഥനാനിരതരായ പാവങ്ങളോടൊപ്പം മനസ്സിനെ അടിക്കിനിര്‍ത്താന്‍ പ്രബോധകര്‍ക്കും ഇസ്ളാമിക സംഘടനാഭാരവാഹികള്‍ക്കും സാധിക്കുകയാണെങ്കില്‍ വിശ്വാസിസമൂഹത്തിന്റെ ഘടന ഏറെ സമ്പുഷ്ടമാകും. ഐക്യദാര്‍ഢ്യം കൂടുതല്‍ പ്രബലമാകും.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.