13 June 2011

``മുജാഹിദ്‌ സുഹൃത്തുക്കള്‍ അന്ന്‌ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശനങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു.!!!!



SHABAB Q&A  13 May 2011


വിമര്‍ശനങ്ങള്‍ ഉപേക്ഷിച്ചുവോ?
``മുജാഹിദ്‌ സുഹൃത്തുക്കള്‍ അന്ന്‌ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശനങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. പലരും തെറ്റ്‌ ഏറ്റുപറഞ്ഞില്ലെങ്കിലും ഫലത്തില്‍ അവ തിരുത്തിയിരിക്കുന്നു. ഇബാദത്തിന്‌ അനുസരണം, അടിമവേല എന്നീ അര്‍ഥങ്ങളേയില്ലെന്ന്‌ പറഞ്ഞിരുന്നവര്‍ക്ക്‌ പിന്നീട്‌ ഭാഷയില്‍ അങ്ങനെ അര്‍ഥമുണ്ടെന്ന്‌ സമ്മതിക്കേണ്ടിവന്നു. ഇസ്‌ലാമിന്റെ സാങ്കേതിക പ്രയോഗങ്ങളില്‍ അങ്ങനെ അര്‍ഥമില്ലെന്നായി പിന്നീട്‌. വൈകാതെ അതും തിരുത്തി ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ പ്രസ്‌തുത അര്‍ഥങ്ങളില്‍ ഇബാദത്ത്‌ എന്ന പദം പ്രയോഗിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. ഇന്ന്‌ മുജാഹിദുകളുടെ ജമാഅത്ത്‌ വിമര്‍ശനവേദികളില്‍ ഇബാദത്ത്‌ ചര്‍ച്ചാവിഷയമേ അല്ല. തൗഹീദില്‍ പിഴച്ചുവെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, ആരാമം മാസിക -2011 ഏപ്രില്‍.) ഇത്‌ ശരിയാണോ?
ഇ എം അബ്‌ദുല്‍മജീദ്‌ പാലത്ത്‌







തൗഹീദിന്റെയും ഇബാദത്തിന്റെയും വിഷയത്തില്‍ സയ്യിദ്‌ മൗദൂദിയുടെയും ജമാഅത്തുകാരുടെയും വീക്ഷണത്തോട്‌ മുജാഹിദുകള്‍ക്കുള്ള വിയോജിപ്പ്‌ എന്താണെന്ന്‌ പതിനായിരക്കണക്കിലാളുകള്‍ക്ക്‌ ഇതിനകം ബോധ്യമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ അത്‌ മനസ്സിലാകാത്തത്‌ എന്തുകൊണ്ടാണെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല.
ഇസ്‌ലാമികമല്ലാത്ത എല്ലാ ഭരണകൂടങ്ങളും അവയ്‌ക്ക്‌ നേതൃത്വം നല്‌കുന്ന അധികാരികളും `ത്വാഗൂത്ത്‌' ആണെന്നും അത്തരം ഭരണകൂടത്തിന്റെ നിയമങ്ങള്‍ അനുസരിക്കല്‍ ത്വാഗൂത്തിന്‌ ചെയ്യുന്ന ഇബാദത്താണെന്നും അതുകൊണ്ടു തന്നെ അത്‌ തൗഹീദിന്‌ വിരുദ്ധമായ ശിര്‍ക്കാണെന്നുമാണ്‌ സയ്യിദ്‌ മൗദൂദിയുടെയും അനുചരരുടെയും ഒട്ടേറെ ഗ്രന്ഥങ്ങളില്‍ സമര്‍ഥിച്ചിട്ടുള്ളത്‌. ജമാഅത്തുകാരുടെ പബ്ലിഷിംഗ്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച ഖുത്വ്‌ബാത്ത്‌, ഇസ്‌ലാമിലെ രാഷ്‌ട്രീയ സിദ്ധാന്തം, ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്‌ദങ്ങള്‍, ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വം, ഇസ്‌ലാമിലെ ഇബാദത്ത്‌, ഇബാദത്ത്‌ ഒരു സമഗ്രപഠനം തുടങ്ങിയ പല ഗ്രന്ഥങ്ങളിലും ഈ വിഷയം വിശകലനം ചെയ്‌തിട്ടുണ്ട്‌.
``തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുകയും `ത്വാഗൂത്തി'നെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യാന്‍).'' (വി.ഖു 16:36)
``ത്വാഗൂത്തിനെ- അതിന്‌ ഇബാദത്ത്‌ ചെയ്യുന്നത്‌- വര്‍ജിക്കുകയും അല്ലാഹുവിലേക്ക്‌ വിനയത്തോടെ മടങ്ങുകയും ചെയ്‌തവരാരോ അവര്‍ക്കാണ്‌ സന്തോഷവാര്‍ത്ത'' (വി.ഖു 39:17). ഈ ഖുര്‍ആന്‍ സൂക്തങ്ങളാണ്‌ ഈ വിഷയകമായി ജമാഅത്തുകാരുടെ രചനകളിലും പ്രസംഗങ്ങളിലും പ്രധാന തെളിവെന്നോണം ഉദ്ധരിക്കാറുള്ളത്‌. അവരുടെ ഭാഷ്യപ്രകാരം ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാറിന്റെയോ സംസ്ഥാന സര്‍ക്കാറുകളുടെയോ കല്‌പന അനുസരിച്ചുകൊണ്ട്‌ നികുതി നല്‌കല്‍ ത്വാഗൂത്തിനുള്ള ഇബാദത്താണ്‌ അഥവാ ശിര്‍ക്കാണ്‌. ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തെ നിരുപാധികമായി അനുസരിക്കല്‍ മാത്രമേ ഇബാദത്താകൂ എന്നൊരു വിശദീകരണം ജമാഅത്തുകാര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, എന്ത്‌ ഉപാധിവെച്ചുകൊണ്ടാണ്‌ അവര്‍ ഇവിടത്തെ നികുതി നിയമം അനുസരിക്കുന്നതെന്ന്‌ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തിന്റെ നിയമമനുസരിക്കുക എന്നത്‌ സമീപകാലത്ത്‌ മാത്രം ആവിര്‍ഭവിച്ച ഒരു പ്രശ്‌നമല്ല. നബി(സ)യുടെ കാലം മുതല്‍ തന്നെ ഇസ്‌ലാമിക ഭരണത്തിന്റെ പരിധിക്ക്‌ പുറത്ത്‌ പല ഭരണാധികാരികളുടെ പ്രജകളായിക്കൊണ്ട്‌ സത്യവിശ്വാസികള്‍ സ്ഥിരമായോ താല്‌ക്കാലികമായോ ജീവിച്ചിട്ടുണ്ട്‌. കേരളത്തിലെ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം എക്കാലത്തും അമുസ്‌ലിം ഭരണാധികാരികളുടെ പ്രജകളായിട്ടാണ്‌ ജീവിച്ചത്‌. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമല്ലെങ്കില്‍ ഭരണാധികാരിയുടെ കല്‌പന അനുസരിക്കുന്നത്‌ ഈമാനിനെയോ ഇസ്‌ലാമിനെയോ പ്രതികൂലമായി ബാധിക്കുമെന്ന്‌ അവരാരും കരുതിയിരുന്നില്ലെന്നാണ്‌ കേരളമുസ്‌ലിംകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത്‌. കേരളത്തിലെ ചില പൂര്‍വിക പണ്ഡിതന്മാര്‍ അധിനിവേശ ശക്തികളെ എതിര്‍ക്കുകയും ബ്രിട്ടീഷുകാര്‍ക്ക്‌ നികുതി നല്‌കുകയില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്‌തിരുന്നെങ്കിലും മുസ്‌ലിംകളുമായി സഹകരിച്ചിരുന്ന സാമൂതിരി രാജാവിനെ ത്വാഗൂത്തായി ചിത്രീകരിക്കുകയോ അദ്ദേഹത്തിന്‌ നികുതി നല്‌കരുതെന്ന്‌ ആഹ്വാനം നല്‌കുകയോ ചെയ്‌തിട്ടില്ല. ഇസ്‌ലാമികമല്ലാത്ത ഏത്‌ ഭരണകൂടത്തെയും അനുസരിക്കുന്നത്‌ ത്വാഗൂത്തിനുള്ള ഇബാദത്ത്‌ എന്ന വകുപ്പില്‍ പെടുമെന്നും ശിര്‍ക്കാകുമെന്നും സയ്യിദ്‌ മൗദൂദിക്ക്‌ മുമ്പ്‌ ഒരു ഇന്ത്യന്‍ പണ്ഡിതനും രേഖപ്പെടുത്തിയിട്ടില്ല. മുജാഹിദുകള്‍ മാത്രമല്ല, ഈ വിഷയത്തില്‍ അദ്ദേഹത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌. ഇന്ത്യയിലെ ഏറ്റവും പ്രശസ്‌ത പണ്ഡിതനായിരുന്ന സയ്യിദ്‌ അബുല്‍ഹസന്‍ അലി നദ്‌വി അദ്ദേഹത്തിന്റെ അത്തഫ്‌സീറുസ്സിയാസീ ലില്‍ ഇസ്‌ലാം (ഇസ്‌ലാമിന്‌ രാഷ്‌ട്രീയ വ്യാഖ്യാനം) എന്ന ഗ്രന്ഥത്തിലും ഇബാദത്ത്‌ ഉള്‍പ്പെടെയുള്ള സാങ്കേതിക പദങ്ങള്‍ക്ക്‌ സയ്യിദ്‌ മൗദൂദി നല്‌കിയ വ്യാഖ്യാനത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌.
ഈ വിഷയകമായി തൃപ്‌തികരമായ വിശദീകരണമൊന്നും നല്‌കാതെ ഇബാദത്ത്‌ എന്ന പദത്തിന്‌ നിഘണ്ടുകളില്‍ എന്തൊക്കെ അര്‍ഥം നല്‌കിയിട്ടുണ്ടെന്നും, അല്ലാഹുവിനുള്ള ഇബാദത്തിനെപ്പറ്റി ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മറ്റും എന്തൊക്കെ വിവരണം നല്‌കിയിട്ടുണ്ടെന്നും പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. അമുസ്‌ലിം ഭരണാധികാരിക്ക്‌ നികുതി നല്‌കല്‍ അയാള്‍ക്കുള്ള ഇബാദത്താണെന്ന്‌ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ജമാഅത്തുകാര്‍ അത്‌ ഉദ്ധരിക്കട്ടെ. ഒരു സ്‌നേഹിതന്‍ പറഞ്ഞതനുസരിച്ചുകൊണ്ട്‌ ഒരാള്‍ മദ്യപിച്ചാല്‍ അയാള്‍ സ്‌നേഹിതന്‌ ഇബാദത്ത്‌ ചെയ്‌തു എന്ന്‌ പറയാമോ എന്ന ചോദ്യത്തിനും ജമാഅത്തുകാര്‍ തൃപ്‌തികരമായ മറുപടി ഒരിക്കലും നല്‌കിയിട്ടില്ല. നബി(സ)യുടെ കാലത്തെ ക്രിസ്‌ത്യാനികളില്‍ പലരും റോമന്‍ ചക്രവര്‍ത്തിയുടെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. ആ അനുസരണം ചക്രവര്‍ത്തിക്കുള്ള ഇബാദത്താണെന്നോ ശിര്‍ക്കാണെന്നോ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും പറഞ്ഞിട്ടില്ല. എന്നാല്‍ ക്രിസ്‌ത്യാനികള്‍ പുരോഹിതന്മാരെയും മതമേധാവികളെയും ഈസാനബി(അ)യെയും റബ്ബുകളാക്കിയെന്ന്‌ ഖുര്‍ആനില്‍ ആക്ഷേപിച്ചിട്ടുണ്ട്‌. അനുസരണത്തെക്കാള്‍ ഉപരിയായ ആരാധന അഥവാ പരമമായ വണക്കമാണ്‌ ഇബാദത്ത്‌ എന്നത്രെ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌.
ദുആഅ്‌ എന്ന പദം അറബി ഭാഷയിലും ഖുര്‍ആനിലും വിളി, ക്ഷണം എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ ``നീ പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട്‌ മാത്രമേ ദുആഅ്‌ ചെയ്യുകയുള്ളൂ. അവനോട്‌ ആരെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (72:20) എന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പ്രാര്‍ഥന എന്ന അര്‍ഥം മാത്രമാണ്‌ ദുആഅ്‌ എന്ന പദത്തിനുള്ളത്‌. അതുകൊണ്ടു തന്നെയാണ്‌ അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കാകുന്നത്‌. എന്നാല്‍ ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ തൗഹീദിനെ അട്ടിമറിക്കാനും ശിര്‍ക്കിനെ ന്യായീകരിക്കാനും വേണ്ടി ചോദിക്കാറുള്ളത്‌ ദുആഅ്‌ എന്ന പദത്തിന്‌ വിളി എന്നും ക്ഷണം എന്നുമൊക്കെ അര്‍ഥമുണ്ടല്ലോ; അപ്പോള്‍ ഒരു മനുഷ്യനെ വിളിക്കുകയോ ക്ഷണിക്കുകയോ ചെയ്യുന്നതും ശിര്‍ക്കാകുമോ എന്നാണ്‌. ജമാഅത്തുകാര്‍ക്ക്‌ ഈ ഖുറാഫി കുയുക്തിയെക്കുറിച്ച്‌ ഒട്ടും മതിപ്പുണ്ടാവില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. എന്നാല്‍ ആ കുയുക്തിയുടെ മറ്റൊരു പതിപ്പ്‌ തന്നെയാണ്‌ അവരുടെ വനിതാ മാസികയില്‍ നിന്ന്‌ ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ച ഭാഗം. 





No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.