15 June 2011

വിധിവിശ്വാസം: മനസ്സംഘര്‍ഷങ്ങള്‍ക്ക്‌ മറുമരുന്ന്‌ - പി എം എ ഗഫൂര്‍

വിധിവിശ്വാസം: മനസ്സംഘര്‍ഷങ്ങള്‍ക്ക്‌ മറുമരുന്ന്‌       

Friday, 16 October 2009

പി എം എ ഗഫൂര്‍
ജീവിതാവസ്ഥകളോടുള്ള സമീപനം വ്യക്തിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്‌. അനുകൂലമോ പ്രതികൂലമോ ആയ ജീവിതാനുഭവങ്ങളോട്‌ ഗുണപരമായി സംവദിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ കരുത്തുറ്റ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
ജീവിതാവസ്ഥകളുടെ നിറംമാറ്റങ്ങളില്‍ തകര്‍ന്നുപോകാത്ത ശക്തി സംഭരിക്കുന്നവര്‍, എത്ര വലിയ വീഴ്‌ചകളില്‍ നിന്നും വിജയിച്ചുയരും. ശുഭചിന്തയുള്ള മനസ്സ്‌ അരോഗസുന്ദരമായ ബലം നേടും. എത്ര കയ്‌പുറ്റ പ്രതിസന്ധികളോടും ഒരു പുഞ്ചിരി കൊണ്ട്‌ പകരംവീട്ടാന്‍ അവര്‍ക്ക്‌ സാധിക്കും. പരീക്ഷണങ്ങളുടെ വേനലില്‍ വാടാതെയും ദു:ഖങ്ങളുടെ പെരുമഴയില്‍ കുതിരാതെയും നെഞ്ചൂക്കോടെ ജീവിതത്തോട്‌ ഏറ്റുമുട്ടാന്‍ അവര്‍ക്ക്‌ സാധിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെയൊരു ആത്മബന്ധം നിലനിര്‍ത്താന്‍ ദൈവവിശ്വാസത്തിന്റെയും വിധിവിശ്വാസത്തിന്റെയും പിന്‍ബലം അനിവാര്യമാണ്‌. വിശ്വാസത്തിന്റെ വേരില്‍ വിടര്‍ന്ന ജീവിതവീക്ഷണം അനിതരമായ ആത്മധൈര്യവും അചഞ്ചലമായ ഹൃദയബലവും പ്രദാനം ചെയ്യുന്നു. സമ്മര്‍ദങ്ങളോടുള്ള സമരമായി ജീവിതം മാറുന്നു. സമ്മര്‍ദങ്ങളെ അതിജയിക്കാന്‍ സാധിക്കുന്നു. അഭൌതികമായ വിശ്വാസം ഭൌതികമായ ആശ്വാസമായി മാറുന്നത്‌ അങ്ങനെയാണ്‌.
വിധിവിശ്വാസം ഏറ്റവും മികച്ച ശമനൌഷധമാണ്‌. ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളോടെല്ലാം അചഞ്ചലമായ ആത്മശക്തിയോടെ പൊരുതാനുള്ള പ്രേരകമായി വിധിവിശ്വാസം ശക്തിപകരുന്നു. എല്ലാം വിധിക്കു വിട്ട്‌ നിഷ്‌ക്രിയരാകാനോ അലസരാകാനോ അല്ല, വിധി വിരിച്ച വഴികളിലൂടെ കര്‍മസുരഭിലമായ ധന്യജീവിതം നയിക്കാനാണ്‌ അത്തരക്കാര്‍ക്ക്‌ സാധിക്കുക. ആഹാരം കഴിക്കാതെ വിശപ്പുമാറില്ല; വിത്തിറക്കാതെ വിളവെടുക്കാനാവിില്ല, പണിയെടുക്കാതെ പണമുണ്ടാക്കാനാവില്ല. അപ്രകാരം, വരാനിരിക്കുന്നതിനു വേണ്ട അധ്വാനം നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നവനാണ്‌ വിശ്വാസി. വരാനിരിക്കുന്നത്‌ എന്തായാലും നേരിടാനുള്ള കരുത്ത്‌ പാകപ്പെടുന്നത്‌ ഈ രണ്ടു ഘടകങ്ങള്‍– വിശ്വാസവും കര്‍മങ്ങളും– കൊണ്ടാണ്‌. ഇങ്ങനെയൊരു ജീവിതവീക്ഷണം കൈവരുന്നതോടെ വിശ്വാസി പരാജയമില്ലാത്തവനായിത്തീരുന്നു. സൂറതുത്തൌബയിലെ 51,52 വചനങ്ങള്‍ പരാജയമില്ലാത്ത ജീവിതത്തിന്റെ ഉള്‍വെളിച്ചം പകരുന്നു. യുദ്ധത്തില്‍ ജയമാണെങ്കിലും ജയമല്ലെങ്കിലും വിശ്വാസികള്‍ക്ക്‌ രണ്ടും നേട്ടമാണ്‌; പരാജയമില്ല. ഒന്നുകില്‍ രക്തസാക്ഷ്യം, അല്ലെങ്കില്‍ യുദ്ധവിജയം! എന്നാല്‍ ശത്രുപക്ഷത്തിന്‌ രണ്ടും പരാജയമാണ്‌. ഒന്നുകില്‍ അല്ലാഹുവിനാല്‍, അല്ലെങ്കില്‍ മുസ്ലിംകളാല്‍ അവര്‍ വധിക്കപ്പെടും. വിജയമെന്ന്‌ അവര്‍ വിചാരിക്കുന്നതുപോലും കേവലമാണ്‌. പരാജയമെന്ന്‌ നമ്മള്‍ വിചാരിക്കുന്നതും കേവലമാണ്‌. ഈ ചിന്തയെ സൃഷ്‌ടിക്കുന്നത്‌ ഈമാന്‍ ആണ്‌. ഈമാനിന്റെ അഭാവം ഇങ്ങനെയൊരു ചിന്തയില്ലാതാക്കും. വിധി വിശ്വാസത്തിന്റെ കരുത്തില്‍ തെളിര്‍ത്തവര്‍ക്ക്‌ സക്രിയമായ സമീപനങ്ങളിലൂടെ ജീവിതത്തെ ആഘോഷമാക്കാന്‍ സാധിക്കുന്നു. തോറ്റുപോകാത്ത ചങ്കുറപ്പും തെറ്റിപ്പോകാത്ത നെഞ്ചൂക്കും അവര്‍ക്ക്‌ കൈവരുന്നു. എല്ലാം നഷ്‌ടപ്പെടുമ്പോഴും നഷ്‌ടപ്പെടാത്ത ഒന്നിനെക്കുറിച്ച പ്രതീക്ഷ ജീവിതത്തെ മുന്നോട്ടു നയിക്കുന്നു.

വിധിവിശ്വാസം ഭൌതികശാസ്‌ത്രത്തില്‍

ഭൌതിക ശാസ്‌ത്രം അപ്രമാദമായി കാണുന്ന ജനിതക ശാസ്‌ത്രമനുസരിച്ച്‌ മനുഷ്യന്‍ പരിപൂര്‍ണമായും അസ്വതന്ത്രനാണ്‌. വികാര വിചാരങ്ങള്‍ തൊട്ട്‌ എല്ലാം ശരീരഘടനയുടെ ഭാഗമാണ്‌. ജീവകോശങ്ങളില്‍ നിന്നാണ്‌ ജൈവവസ്‌തുക്കള്‍ രൂപംകൊള്ളുന്നത്‌. അവയിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതക കോഡുകളാണ്‌ ജീവികളുടെ സ്വഭാവം തീരുമാനിക്കുന്നത്‌. മനുഷ്യന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അതിനാല്‍ സല്‍സ്വഭാവവും ദുസ്സ്വഭാവവും കരുണയും ക്രൂരതയുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണ്‌ ഉണ്ടാകുന്നത്‌. ശരീരപ്രകൃതവും വികാരവിചാരങ്ങളുമെല്ലാം ജനിതക കോഡിനെ അന്ധമായി പിന്തുടരുകയാണ്‌. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും അങ്ങനെതന്നെ! അവയെ ലംഘിക്കാനോ അണു അളവ്‌ അവയില്‍ നിന്ന്‌ തെറ്റാനോ മനുഷ്യസാധ്യമല്ല. മസ്‌തിഷ്‌കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ്‌ മനുഷ്യന്റെ ഭാഗധേയം തീര്‍ത്തും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അഥവാ, ആധുനിക ഭൌതിക ജനിതക ശാസ്‌ത്രമനുസരിച്ച്‌ മനുഷ്യന്‍ പ്രകൃതിവിധിക്ക്‌ വിധേയനാണ്‌. നല്ല പ്രവര്‍ത്തികളുടെ പേരില്‍ ഒരാളെ വാഴ്‌ത്തേണ്ടതില്ല. ചീത്ത പ്രവര്‍ത്തികളുടെ പേരില്‍ ആക്ഷേപിക്കേണ്ടതുമില്ല. എല്ലാം ജീനുകളിലെ ജനിതക കോഡുകളുടെ ഫലമാണ്‌!
മറ്റൊന്ന്‌ ചാള്‍സ്‌ ഡാര്‍വിന്റെ പാരമ്പര്യനിയമമാണ്‌. തലമുറകളില്‍ നിന്ന്‌ പകര്‍ന്നുകിട്ടുന്നതാണ്‌ മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം. എല്ലാവരും പൈതൃകത്തിന്റെ പിടിയിലാണ്‌. നാം ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ പൂര്‍വ തലമുറയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതാണെന്ന്‌ ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നു. അയാളിലതുണ്ടായത്‌ മറ്റൊരു മുതുമുത്തച്ഛന്‍ നിക്ഷേപിച്ചതിനാലും! സ്വഭാവരീതിയോ പെരുമാറ്റ സമ്പ്രദായങ്ങളോ കര്‍മപരിപാടികളോ തീരുമാനിക്കുന്നതില്‍ സ്വന്തമായ പങ്ക്‌ ആര്‍ക്കുമില്ല. അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാവുകയാണ്‌ ഓരോരുത്തരും!
മനുഷ്യന്‍, സാമൂഹികാവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്‌കാരിക സാഹചര്യങ്ങളുടെയും സൃഷ്‌ടി മാത്രമാണെന്ന മാര്‍ക്‌സിയന്‍ ദര്‍ശനമാണ്‌ മറ്റൊന്ന്‌. മനുഷ്യന്റെ സകല സംഗതികളും ബാഹ്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന്‌ അവര്‍ അവകാശപ്പെടുന്നു. നന്മതിന്മകളെല്ലാം ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനത്താല്‍ സംഭവിക്കുന്നതാണ്‌. ഇവിടെയും മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്‌. ചുരുക്കത്തില്‍ മതനിരാസത്തിനായി രൂപപ്പെടുത്തിയ ഭൌതികവാദം, ആശ്രയമായി കരുതുന്ന ഈ ദര്‍ശനങ്ങളെല്ലാം മനുഷ്യന്‍ സ്വന്തമായ ഇച്ഛയോ തീരുമാനശേഷിയോ ഇല്ലാത്ത അസ്വതന്ത്രനാണെന്ന്‌ പറയുന്നു. എന്നാല്‍ മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം ഇതു ശരിയാണെങ്കിലും മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ പ്രകൃതി നിയമങ്ങളില്‍ ബന്ധിതനോ അല്ല. സ്വന്തം ജീവിതരീതി നിര്‍ണയിക്കാനും തീരുമാനിക്കാനും അവന്‌ സാധിക്കുന്നു. മോഹങ്ങളെ മെരുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്നു. സ്വതന്ത്രമായ അസ്‌തിത്വവും വ്യക്തിത്വവും മനുഷ്യനുണ്ട്‌. ഇങ്ങനെ നോക്കുമ്പോള്‍ മതവിശ്വാസിയെക്കാള്‍ കടുത്ത വിധിവിശ്വാസമാണ്‌ ഭൌതികവാദിക്കുള്ളത്‌.

ഇസ്ലാമിക വീക്ഷണം

പുരുഷന്റെ ബീജം സ്‌ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതുതൊട്ട്‌ എല്ലാം ദൈവ നിശ്ചിതമാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സംയോജിക്കുന്ന ബീജത്തിനനുസരിച്ച്‌ മനുഷ്യപ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നുണ്ട്‌. നാം ആരായിരിക്കണം? നിറം, ഭാഷ, രാജ്യം, കുടുംബം, ലിംഗം, രൂപം, സാമ്പത്തികാവസ്ഥ– ഇതൊന്നും നമ്മുടെ തീരുമാനത്താല്‍ നിശ്ചയിക്കപ്പെട്ടതല്ല, മരണവും ഇപ്രകാരം തന്നെ. എല്ലാം ദൈവനിശ്ചിതങ്ങളാണ്‌. ആ നിശ്ചയങ്ങള്‍ക്ക്‌ വിധേയരാണ്‌ ഓരോരുത്തരും. ലക്ഷക്കണക്കിന്‌ പുരുഷ ബീജങ്ങളില്‍ ഒന്നിനെ അല്ലാഹു അണ്ഡവുമായി യോജിപ്പിക്കുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച്‌ കുഞ്ഞ്‌ ആണോ പെണ്ണോ ആയിത്തിരുന്നു. ``ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്ന വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്‌ അല്ലാഹുവാണ്‌. അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ ദൈവമില്ല. (3:6)
എന്നാല്‍ മനുഷ്യ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ജീവിത പശ്ചാത്തലത്തിനും കുടുംബപാരമ്പര്യത്തിനും ശരീരപ്രകൃതത്തിനുമൊക്കെ വലിയ പങ്കുണ്ട്‌. ആ അര്‍ഥത്തില്‍ എല്ലാം നിര്‍ണിതവും ദൈവനിശ്ചിതവുമാണ്‌. ``ഭൂമിയിലോ നിങ്ങള്‍ക്ക്‌ തന്നെയോ ഭവിക്കുന്ന ഒരു വിപത്തുമില്ല. നാമത്‌ സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അത്‌ അല്ലാഹുവിന്‌ വളരെ എളുപ്പമാകുന്നു (57:22). എല്ലാം ദൈവനിശ്ചയങ്ങള്‍ക്കൊത്താണെന്ന്‌ പറയുന്ന ഖുര്‍ആന്‍, മനുഷ്യന്‌ നല്‌കപ്പെട്ട സ്വാതന്ത്ര്യത്തെ ഊന്നിപ്പറയുന്നുണ്ട്‌. നന്മയും തിന്മയും വിവേചിച്ചറിയാനുള്ള ശേഷി ജന്മനാ മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ``അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി. അതിന്‌ ധര്‍മാധര്‍മ ബോധനം നല്‍കി (91:7,8). ``നാമവന്‌ കണ്ണിണകളും നാവും രണ്ട്‌ ചുണ്ടുകളും നല്‍കിയില്ലേ? വ്യക്തമായ രണ്ട്‌ വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്‌തില്ലേ? (90:8–10). നന്മയോ തിന്മയോ സ്വീകരിച്ച്‌ ജീവിക്കാന്‍ മനുഷ്യന്‌ സ്വാതന്ത്ര്യമുണ്ട്‌. ആ ജീവിതമനുസരിച്ചാവും പരലോകജീവിതം.  ``ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അത്‌ അവന്റെ ഗുണത്തിനു വേണ്ടിയാണ്‌. ആര്‍ ദുര്‍മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം വഹിക്കുകയില്ല(17:15). ``നിങ്ങള്‍ക്ക്‌ വല്ല വിപത്തും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ പ്രവൃത്തിയുടെ ഫലമാണ്‌(42:30). ``ആര്‍ അണുമണിത്തൂക്കം നന്മചെയ്‌തുവോ അതവന്‍ കാണും. ആര്‍ അണുമണിത്തൂക്കം തിന്മ ചെയ്‌തുവോ അവനുമത്‌ കണ്ടെത്തും. (99:7,8)
ഇസ്ലാമിക വീക്ഷണപ്രകാരം മനുഷ്യ ജീവിതത്തിന്‌ രണ്ട്‌ വശമുണ്ട്‌. നാട്‌, ഭാഷ, കാലം, ലിംഗം, ജനന മരണങ്ങള്‍ പോലുള്ളവ മനുഷ്യന്റെ നിയന്ത്രണത്തിലോ തീരുമാന പരിധിയിലോ അല്ല –ഇതാണ്‌ ഒരു വശം. എന്ത്‌ ചെയ്യണം, ചെയ്യരുത്‌, പറയണം, പറയരുത്‌, എങ്ങനെ ജീവിക്കണം, ജീവിക്കരുത്‌ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനും ആ തീരുമാനത്തിനൊത്ത്‌ ജീവിക്കാനും അവന്‌ സ്വാതന്ത്ര്യമുണ്ട്‌. അവയവങ്ങള്‍ ദൈവാധീനത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ, അവ ഇഷ്‌ടാനുസൃതം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌.
ലഭ്യമായ സ്വാതന്ത്ര്യത്തിനും സാധ്യതക്കുമപ്പുറമുള്ളതൊന്നും മനുഷ്യനോട്‌ അല്ലാഹു ആജ്ഞാപിക്കുന്നില്ല. ``അല്ലാഹു ആരോടും അവന്റെ കഴിവിന്നതീതമായത്‌ കല്‌പിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിനനുസരിച്ചുള്ള രക്ഷയും ശിക്ഷയും അവര്‍ക്കുണ്ട്‌ (2:286). അഥവാ, നല്‍കപ്പെട്ട കഴിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും തോതനുസരിച്ചാണ്‌ ഓരോരുത്തരുടെ ബാധ്യത നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌. അത്‌ നിര്‍വഹിച്ചോ ഇല്ലേ എന്നതാണ്‌ അല്ലാഹുവിന്റെ നിരീക്ഷണം. സ്വന്തം തീരുമാനങ്ങളിലൂടെയും കര്‍മങ്ങളിലൂടെയും സ്വര്‍ഗത്തിന്റെയോ നരകത്തിന്റെയോ അവകാശിയായിത്തീരുന്നു.

മനശ്ശാന്തിയുടെ വിധിവിശ്വാസം

ദൈവനിശ്ചയത്തിലുള്ള വിശ്വാസം ഏറ്റവും വലിയ ശക്തിസ്രോതസ്സാണ്‌. `നല്ല വിധി, `ദുര്‍വിധി എന്ന വ്യത്യാസങ്ങളില്ലാതെ, എല്ലാം ദൈവവിധിയാണെന്ന ഉറപ്പ്‌, ഉരുക്കുബലമുള്ള ഉള്‍ക്കരുത്താണ്‌ പ്രദാനം ചെയ്യുന്നത്‌. നിര്‍ഭയരും സ്വസ്ഥരുമായി ജീവിക്കാന്‍ അവര്‍ക്ക്‌ സാധിക്കും. `വിധി തങ്ങള്‍ക്ക്‌ അനുകൂലമാണോ പ്രതികൂലമാണോ എന്നത്‌ അവര്‍ക്ക്‌ അപ്രസക്തമായ ചിന്തയാണ്‌. ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സങ്കടത്തിന്റെ പേരില്‍ ക്ഷമിച്ചാലും ഇല്ലെങ്കിലും അതിന്റെ ഭൌതികഫലം ഒരേ വിധമാണ്‌. എന്നാല്‍, പരലോകഫലം ഒരേ വിധമല്ല. ദൈവസന്നിധിയില്‍ ക്ഷമാലുക്കള്‍ക്ക്‌ മികച്ച പ്രതിഫലമാണുള്ളതെന്ന്‌ അവര്‍ തിരിച്ചറിയുന്നു. നഷ്‌ടങ്ങളില്‍ ദുഃഖമോ നേട്ടങ്ങളില്‍ അതിരുവിട്ട ആനന്ദമോ ഇല്ലാതിരിക്കാനാണ്‌, എല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ വചനം (9:51,52). സമാനതകളില്ലാത്ത സമാശ്വാസമാണ്‌ വിശ്വാസികള്‍ക്ക്‌ പകര്‍ന്നുതരുന്നത്‌. ഇവിടെ പല സ്വപ്‌നങ്ങളും സഫലമാവില്ല. നേട്ടം കൊതിച്ചതില്‍ നഷ്‌ടമാവാം. കണക്കുകൂട്ടലുകള്‍ മിക്കതും പിഴക്കുന്നു. കൊതിച്ചതെല്ലാം വിധിച്ചതിന്‌ വഴിമാറുന്നു. ചിലതൊന്നും കിട്ടില്ലെന്നും ചിലതൊന്നും കിട്ടാതിരിക്കില്ലെന്നും നാമറിഞ്ഞേ പറ്റൂ. നഷ്‌ടങ്ങളെയോര്‍ത്ത്‌ കരയാതെയും സഫലമാകാത്തതില്‍ സങ്കടപ്പെട്ടും ജീവിക്കുന്നവനല്ല, സത്യവിശ്വാസി. എന്നോ സംഭവിച്ചതിനെ ഓര്‍ത്ത്‌ അവര്‍ വിലപിക്കുന്നില്ല. എന്നോ സംഭവിക്കാനിരിക്കുന്നതിനെ ഓര്‍ത്ത്‌ ഭയപ്പെടുന്നുമില്ല. ``അവര്‍ക്ക്‌ ഭയമോ സങ്കടമോ ഇല്ല എന്ന്‌ വിശ്വാസികളുടെ സദ്‌ഗുണമായി പതിനാല്‌ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ഭയം ഭാവിയെക്കുറിച്ചാണ്‌, സങ്കടം കഴിഞ്ഞ കാലത്തെപ്പറ്റിയും. ഇത്‌ രണ്ടും വിശ്വാസികള്‍ക്കുണ്ടാവില്ലെന്നാണ്‌ അല്ലാഹുവിന്റെ വാഗ്‌ദാനം.
വിധി വിശ്വാസമില്ലാത്തവര്‍ വിപത്തുകളില്‍ അസഹ്യമായ അസ്വസ്ഥതയുള്ളവരായിരിക്കും. വേവലാതിയും പരാതിയും അവര്‍ക്ക്‌ തീരില്ല. ആശ്വാസ വചനങ്ങള്‍കൊണ്ടൊന്നും പരിഹരിക്കാനാവാത്ത ആത്മദുഃഖം അനുഭവിക്കുന്നവര്‍. ആശ്വാസമായി കരുതിയ ദര്‍ശനങ്ങളൊന്നും പ്രതിസന്ധി നേരത്ത്‌ ആലംബമല്ലാതായിത്തീരും. ഒരുദാഹരണം: മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്‌ടി മാത്രമാണ്‌ കുടുംബമെന്ന്‌ വാദിച്ച കാറല്‍ മാര്‍ക്‌സ്‌ തന്റെ മകന്റെ മരണത്തില്‍ തകര്‍ന്നുപോയി. 1855ല്‍ അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ എഡ്‌ഗാറിന്‌ മാരകരോഗം പിടിപെട്ടു. എട്ട്‌ വയസ്സ്‌ മാത്രമുള്ള സമര്‍ഥനും സുന്ദരനുമായ ആ കുട്ടിയെ `മുഷ്‌ എന്നായിരുന്നു മാര്‍ക്‌സ്‌ വിളിച്ചിരുന്നത്‌. രോഗിയായ കുഞ്ഞിന്റെ അരികില്‍ നിന്ന്‌ ആ പിതാവ്‌ എഴുന്നേറ്റതേയില്ല. രാപ്പകലുകള്‍ മകനെ ശുശ്രൂഷിച്ച്‌ കഴിച്ചുകൂട്ടി. ആ ഘട്ടത്തില്‍ ഇഷ്‌ടസുഹൃത്ത്‌ ഏംഗല്‍സിന്‌ അദ്ദേഹം എഴുതിയതിങ്ങനെ: ``ഹൃദയം നീറുകയാണ്‌. തല പുകയുകയാണ്‌.... പിന്നീട്‌ മുഷ്‌ മരണമടഞ്ഞപ്പോള്‍ അദ്ദേഹമെഴുതി: ``പാവം മുഷ്‌മരിച്ചു. എന്റെ ദു:ഖം വലുതാണെന്ന്‌ അറിയാമല്ലോ. ഏറെ കഷ്‌ടപ്പാടുകള്‍ അനുഭവിച്ചവനാണ്‌ ഞാന്‍. പക്ഷേ, യഥാര്‍ഥ ദുഃഖമെന്താണെന്ന്‌ ഇപ്പോഴാണെനിക്ക്‌ മനസ്സിലായത്‌ (ഉദ്ധരണം: ദൈവം, മതം, വേദം –പേജ്‌ 168)
മാര്‍ക്‌സ്‌ രൂപപ്പെടുത്തിയ ദര്‍ശനങ്ങളൊന്നും ഈയൊരു പ്രതിസന്ധിയില്‍ അദ്ദേഹത്തിന്‌ പ്രതീക്ഷയായില്ല. ദൈവ നിശ്ചയങ്ങളില്‍ വിശ്വാസമുള്ളയാളും മകന്റെ വിയോഗത്തില്‍ ഈ സങ്കടമനുഭവിക്കുമെങ്കിലും അതിലും മികച്ച പ്രതീക്ഷയിലേക്ക്‌ ആ വിശ്വാസം അയാളെ കൈപിടിച്ചുയര്‍ത്തുന്നു. തന്നേക്കാള്‍ ആ കുഞ്ഞിനെ സ്‌നേഹിക്കുന്നവനാണ്‌ കുഞ്ഞിനെ തന്നതും തിരിച്ചെടുത്തതുമെന്ന വിശ്വാസം– മറ്റൊരു ലോകത്ത്‌ ആ കുഞ്ഞ്‌ ഈ പിതാവിനെ കാത്തിരിക്കുമെന്ന പ്രതീക്ഷ – സത്യമായും ആശ്വാസത്തിന്റെയും മനശ്ശാന്തിയുടെയും പുതുമഴയാണത്‌.
നല്ല വഴിയിലൂടെ മാത്രം വാഹനമോടിച്ചയാള്‍ നല്ല ഡ്രൈവറാകില്ല. തെളിഞ്ഞ ആകാശത്തിലൂടെ മാത്രം വിമാനം പറത്തിയ പൈലറ്റ്‌ നല്ലൊരു പൈലറ്റാകില്ല. കാറ്റും കോളുമില്ലാത്ത കടലില്‍ മാത്രം കപ്പലോട്ടിയയാള്‍ നല്ലൊരു കപ്പിത്താനാകില്ല. രണ്ട്‌ വിധമുള്ള അവസ്ഥകളെയും അറിഞ്ഞും അതിജയിച്ചും മുന്നേറാന്‍ സാധിക്കുമ്പോള്‍ കൂടുതല്‍ കരുത്ത്‌ കൈവരുന്നു. കിളച്ചുമറിക്കാതെ ഒരു മണ്ണിലും വിത്തിറക്കാനാവില്ല. ആ വിത്ത്‌ മുളച്ച്‌, ചെടിയും മരവുമൊക്കെ ആയിത്തീര്‍ന്നത്‌ മണ്ണു കിളച്ചതുകൊണ്ടു കൂടിയാണ്‌. അങ്ങനെയെങ്കില്‍ നമ്മുടെ ഓരോ ജീവിതത്തെയും അല്ലാഹു പ്രതിസന്ധികള്‍കൊണ്ടും സങ്കടങ്ങള്‍കൊണ്ടും കിളച്ചുമറിക്കുന്നത്‌ അവനുദ്ദേശിക്കുന്ന നല്ല ചെടികളും മരങ്ങളും നമ്മുടെ ജീവിതത്തില്‍ പുഷ്‌പിച്ചു കാണാനാണ്‌ –ഇതാണ്‌ വിധിവിശ്വാസത്തിന്റെ കരുത്തുറ്റ ദൃഢനിശ്ചയം. വരാനിരിക്കുന്ന നല്ല കാലത്തിനുള്ള മുന്നൊരുക്കമാണ്‌ ഓരോ ദുഃഖാനുഭവങ്ങളുമെന്ന്‌ തിരിച്ചറിയാന്‍ സത്യവിശ്വാസിക്ക്‌ സാധിക്കും. ദുര്‍ഘടമായ ഒരു കണക്ക്‌ തന്റെ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന അധ്യാപകന്‍ കൂടുതല്‍ സങ്കീര്‍ണമായ കണക്കുകള്‍ പരിഹരിക്കാന്‍ അവരെ പ്രാപ്‌തരാക്കുകയാണല്ലോ ചെയ്യുന്നത്‌. ചെറിയ പ്രതിസന്ധികളില്‍ നിന്ന്‌ വലിയ പാഠം പഠിക്കുന്നവര്‍ക്ക്‌ കൂടുതല്‍ കടുത്ത പ്രതിസന്ധികളെ അതിജയിക്കാനുള്ള മനോബലമാണ്‌ കൈവരുന്നത്‌.
ജീവിതത്തില്‍ നാം നഷ്‌ടങ്ങളെന്ന്‌ വിലയിരുത്തുകയും വിലപിക്കുകയും ചെയ്യുന്ന ചിലതുണ്ട്‌. നമുക്ക്‌ ലഭിക്കേണ്ട പലതും അര്‍ഹതയുണ്ടായിട്ടും ലഭിച്ചിട്ടില്ല. അപ്പോള്‍ അത്‌ നമ്മോട്‌ അല്ലാഹു ചെയ്യുന്ന അനീതിയാണോ? അതെ, അനീതിയാകുമായിരുന്നു– ഈ ജീവിതംകൊണ്ട്‌ എല്ലാം തീര്‍ന്നുപോകുമായിരുന്നെങ്കില്‍. പക്ഷേ, നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുന്നതും തിരിച്ചുകിട്ടിയതൊന്നും നഷ്‌ടപ്പെടാത്തതുമായ ഒരു ലോകം വരാനിരിക്കുന്നുണ്ടല്ലോ.


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.