31 July 2011

ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്


ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് 


ISM സംസ്ഥാന സമ്മേളനം 1996 സോവനീര്‍ , പേജ് 23-27

ദൈവിക നിയമത്തിന്റെ മൌലീകത

ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ്‌

അല്ലാഹുവെ രക്ഷിതാവായും ആരാധ്യനായും അംഗീകരിക്കുന്ന ഏതൊരാളും അവന്റെ നിയമങ്ങളെ അലംഘ്യമായി ഗണിക്കുകയും അവയെ മനസാ വാചാ കര്‍മണാ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ബാഗ്യസ്ഥരാകുന്നു.  അല്ലാഹുവെ രക്ഷിതാവായി (റബ്ബായി) അംഗീകരിക്കുന്നതിന്റെ അനിവാര്യ താല്‍പര്യമാകുന്നു നമുക്ക്‌ യഥാര്‍ത്ഥത്തില്‍ ഗുണകരവും ദോഷകരവും ആയിട്ടുള്ള കാര്യങ്ങള്‍ ഏതൊക്കെ എന്നത്‌ സംബന്ധിച്ച ആത്യന്തികമായ അറിവ്‌ അല്ലാഹുവിന്‌ മാത്രമേയുള്ളൂ എന്ന വസ്‌തുത അംഗീകരിക്കല്‍.  അനേകം ശാസ്‌ത്രശാഖകളിലും വിജ്ഞാനവിഭാഗങ്ങളിലും അവഗാഹം നേടിയ ആധുനിക മനുഷ്യരുടെ ഭീമമായ അറിവിനെ ചെറുതായി കണ്ടുകൊണ്ടല്ല ഇത്‌ പറയുന്നത്‌.  മനുഷ്യരുടെ എത്ര വിപുലമായ അറിവിനും പരിമിതികളുണ്ട്‌.  മഹാപണ്‌ഡിതത്താരില്‍ പലരും ഇത്‌ അംഗീകരിക്കാന്‍ മാത്രം വിനീതരായിരുന്നു.  ജീവിതത്തിന്റെ ചില മേഖലകളെ സംബന്ധിച്ച്‌ വിപുലമായ അറിവുള്ളവര്‍ മറ്റു പല മേഖലകളെ സംബന്ധിച്ചും സഹതാപാര്‍ഹമാം വിധം അജ്ഞരാകുന്നു.  ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്‌ഭനും പ്രശസ്‌തനുമായ ശാസ്‌ത്രജ്ഞന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ തന്റെ ഭാര്യയുടെ ജീവിതമുറകള്‍ എങ്ങനെയായിരിക്കണമെന്ന്‌ അനുശാസിച്ചുകൊണ്ട്‌ എഴുതിയ പുരുഷമേധാവിത്വവും അല്‍പത്വവും നിറഞ്ഞു തുളുമ്പുന്ന ഒരു കത്ത്‌ മാധ്യമങ്ങള്‍ ഇയ്യിടെ വെളിച്ചത്ത്‌ കൊണ്ടുവന്നത്‌ ഇത്തരുണത്തില്‍ സ്‌മരണീയമാകുന്നു.

പ്രായവും പരിസ്ഥിതിയും ജീവിത സാഹചര്യങ്ങളും മനുഷ്യരുടെ ബുദ്ധിയേയും ഭാവനയേയും ഏറെ സ്വാധീനിക്കുന്നു.  ബാല്യത്തില്‍ കൌതുകം ജനിപ്പിക്കുന്ന പല കാര്യങ്ങളും കൌമാരത്തില്‍ ആകര്‍ഷകങ്ങളായി തോന്നുകയില്ല.   കൌമാരത്തിലെ പല ചാപല്യങ്ങളും ബാലിശമായിരുന്നുവെന്ന്‌ യൌവനത്തില്‍ ബോധ്യപ്പെടുന്നു.   യൌവനത്തിലെ നിഷേധവും ധിക്കാരവും തെറ്റായിരുന്നുവെന്ന്‌ മധ്യവയസിലെ വിവേകം വെളിപ്പെടുത്തുന്നു.  വാര്‍ധക്യത്തില്‍ ചിലപ്പോള്‍ വിലയിരുത്തലുകള്‍ കീഴ്‌മേല്‍ മറിയുന്നു.  പാരിസ്ഥിതിക ഘടകങ്ങള്‍ നാമറിയാതെ പലവിധത്തില്‍ നമ്മുടെ ചിന്തകളേയും ധാരണകളേയും മാറ്റിമറിക്കുന്നു.  താപനിലയത്തിലെ വലിയ ആന്ദോളനങ്ങളും  വെള്ളത്തിന്റെയും മണ്ണിന്റെയും ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും പ്രത്യേകതകളും മനുഷ്യരുടെ മനോഗതിയെ വിവിധ അളവില്‍ സ്വാധീനിക്കുന്നു.  ഓരോ നാട്ടിലേയും ഓരോ കാലത്തേയും സാമൂഹിക സാഹചര്യങ്ങള്‍ മനുഷ്യരുടെ മനോഭാവങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കുന്നു.  ഇന്ത്യയില്‍ കടുത്ത സദാചാര ലംഘനമായി പലരും ഗണിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ പാശ്ചാത്യനാടുകളില്‍ അംഗീകൃത നാട്ടാചാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

എന്നാല്‍ പടച്ച തമ്പുരാന്റെ അറിവിന്‌ യാതൊരു പരിമിതിയും ഇല്ല.  എല്ലാ പ്രായക്കാരുടേയും എല്ലാ കാലക്കാരുടെയും ആത്മാവും ശരീരവും മനസ്സും പ്രവര്‍ത്തിക്കുന്നത്‌ അവന്‍ സംവിധാനിച്ച വ്യവസ്ഥ അനുസരിച്ചാണ്‌.  അവരെ ചൂഴ്‌ന്നു നില്‍ക്കുന്ന പ്രകൃതി വ്യവസ്ഥയും അവന്‍ സംവിധാനിച്ചത്‌ തന്നെ.  അതിനാല്‍ കുറ്റമറ്റതും വിജയകരവുമായ ജീവിതത്തിന്‌ വേണ്ടത്‌ എന്തൊക്കെയെന്ന്‌ നിശ്ചയിക്കാനുള്ള അറിവും അധികാരവും അവനാണ്‌ ഉള്ളത്‌.  ഇതുപോലുള്ള അറിവോ അധികാരമോ സൃഷ്‌ടികളില്‍ ആര്‍ക്കുമില്ല.  വിശുദ്ധ ഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നത്‌ നോക്കുക.  

“അവരുടെ മുമ്പില്‍ ഉള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ (അല്ലാഹു) അറിയുന്നു.  അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല ”.  (വി. ഖു. 2: 255)

“............അതാണ്‌ നിങ്ങള്‍ക്ക്‌ ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌.  അല്ലാഹു അറിയുന്നു.  നിങ്ങള്‍ അറിയുന്നില്ല. ” (വി. ഖു. 2: 232)

“സൃഷ്‌ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ ?  അവന്‍ സൂക്ഷ്‌മജ്ഞാനിയും അഭിജ്ഞനുമാകുന്നു. ” (വി. ഖു. 67: 14) 

“അറിവില്‍ നിന്ന്‌ അല്‍പ്പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല ” (വി. ഖു. 17: 85) 

കാലദേശ സാഹചര്യങ്ങളുടെ പരിമിതിക്ക്‌ വിധേയരായ മനുഷ്യര്‍ കാര്യങ്ങളുടെ ഗുണദോഷ നിര്‍ണ്ണയം ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന തെറ്റ്‌ വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.  

“എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം.  നിങ്ങള്‍ ഒരു കാര്യം ഇഷ്‌ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം.  അല്ലാഹു അറിയുന്നു.  നിങ്ങള്‍ അറിയുന്നില്ല .” (വി. ഖു. 2: 216) 

മനുഷ്യര്‍ക്ക്‌ ഇഹത്തിലും പരത്തിലും ഒരുപോലെ നല്ല ഫലം ഉളവാക്കുന്ന കാര്യങ്ങള്‍ ഏതെന്ന്‌ മനസ്സിലാക്കി അവ അനുശാസിക്കുവാനും ഇരു ജീവിതത്തിലും ദുഷ്‌ഫലം ഉളവാക്കുന്ന കാര്യങ്ങള്‍ ഗ്രഹിച്ച്‌ അവ വിലക്കുവാനും സര്‍വ്വജ്ഞനായ അല്ലാഹുവിന്‌ മാത്രമേ കഴിയൂ എന്ന്‌ ഈ വചനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം.  വൈജ്ഞാനികമായി ഏറെ പുരോഗതി പ്രാപിച്ച  ചില പാശ്ചാത്യരാഷ്‌ട്രങ്ങള്‍ മദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഉഭഭോഗവും നിര്‍ബാധം അനുവദിച്ചിരിക്കുന്നു.  വ്യഭിചാരവും സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമ വിധേയമാക്കിയിരിക്കുന്നു.  ഇവയുടെയൊക്കെ ദോഷഫലങ്ങള്‍ വ്യക്തമായി അറിയുന്നവരാണ്‌ ആ നാടുകളില്‍ നിയമനിര്‍മ്മാണം നടത്തുന്നവരില്‍ പലരും.  എന്നിട്ടും അജ്ഞരും ചപലരുമായ ബഹുജനങ്ങളുടെ ഇച്ഛക്കൊത്ത്‌  ദുരാചാരങ്ങളെ നിയമവിധേയമാക്കുന്നതിന്‌ അവര്‍ കൂട്ടുനില്‍ക്കുന്നു.  നത്ത തിത്തകളെ സംബന്ധിച്ച യഥാര്‍ത്ഥ ജ്ഞാനം നിയമ നിര്‍മ്മാണത്തില്‍ പ്രതിഫലിപ്പിക്കുന്നതിലും ആ നാടുകളിലെ വിജ്ഞത്താര്‍ പരാജയപ്പെടുന്നു.  

മനുഷ്യരുടെ അറിവിനും കഴിവിനും ഉപരിയായി അല്ലാഹുവിന്റെ അറിവിനേയും കഴിവിനേയും അംഗീകരിക്കുന്ന സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ നിയമനിര്‍മ്മാണാധികാരവും അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നു.  മനുഷ്യര്‍ ഇഹപരവിജയം നേടേണ്ടതിനും വഴി തെറ്റാതിരിക്കേണ്ടതിനുമായി അലംഘ്യവും പ്രമാദമുക്തവുമായ മത നിയമങ്ങള്‍ പ്രവാചകത്താര്‍ മുഖേന അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു.

“ നൂഹിനോട്‌ കല്‍പ്പിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതും ഇബ്രാഹിം, ഈസ, മൂസ എന്നിവരോട്‌ നാം കല്‍പ്പിച്ചതുമായ കാര്യം –  നിങ്ങള്‍ മതത്തെ നേരാം വണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം – അവന്‍ നിങ്ങള്‍ക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു.” (വി. ഖു. 42: 13) 

“(നബിയേ,)  പിന്നീട്‌ നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു.  ആകയാല്‍ നീ അതിനെ പിന്തുടരുക.  അറിവില്ലാത്തവരുടെ തന്നിഷ്‌ടങ്ങളെ നീ പിന്‍പറ്റരുത്‌. ” (വി. ഖു. 45: 18) 

ആ തെളിഞ്ഞ മാര്‍ഗ്ഗ (ശരീഅത്ത്‌) മത്രെ പടച്ച തമ്പുരാന്‍ മനുഷ്യരുടെ നത്തക്കായി നിശ്ചയിച്ച ജീവിതക്രമം.  സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വാധികാരിയുമായ പടച്ച തമ്പുരാന്‍ നിശ്ചയിച്ച ജീവിതക്രമത്തെ തള്ളിക്കളയുന്നത്‌ ദൈവ നിഷേധമാകുന്നു.  

“അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.  വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴി പിഴച്ചുപോയിരിക്കുന്നു” (വി. ഖു. 33: 36) 

സ്വജീവിതത്തില്‍ ദൈവിക നിയമങ്ങള്‍ അനുസരിക്കാന്‍ മാത്രമല്ല ; ഓരോരുത്തര്‍ക്കും അധികാരമുള്ള മേഖലയില്‍ ദൈവിക നിയമങ്ങള്‍ നടപ്പാക്കാനും സത്യവിശ്വാസികള്‍ ബാധ്യസ്ഥരാകുന്നു.  അല്ലാഹു അവതരിപ്പിച്ച നിയമം ഇന്നതാണെന്ന്‌ അറിയാവുന്ന മുസ്‌ല ിം ഭരണാധികാരിക്കോ ന്യായാധിപന്നോ അതിന്‌ വിരുദ്ധമായ ഒരു നിയമം നിര്‍മ്മിക്കാനോ വിധി നല്‍കാനോ അവകാശമില്ല.

“ജാഹിലിയ്യത്തിന്റെ (അനിസ്‌ലാമിക മാര്‍ഗ്ഗത്തിന്റെ) വിധിയാണോ അവര്‍ തേടുന്നത്‌ ? ദൃഡവിശ്വാസികളായ ജനങ്ങള്‍ക്ക്‌ അല്ലാ-ഹുവെക്കാള്‍ നല്ല വിധികര്‍ത്താവ്‌ ആരാണുള്ളത്‌ ?” (വി. ഖു. 5: 50)

“അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍” (വി. ഖു. 5: 44)

“അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അക്രമികള്‍” (വി. ഖു. 5: 45)

“അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍” (വി. ഖു. 5: 47)

എന്നാല്‍ ഒരു ഇസ്‌ലാമികേതര സമൂഹത്തിലോ ഇസ്‌ലാമിക പ്രതിബദ്ധത പുലര്‍ത്താത്ത മുസ്‌ലിം ഭരണാധികാരിക്കു കീഴിലോ ഒരു മുസ്‌ലിമിന്‌ നിയമ മന്ത്രിയായോ ന്യായാധിപനായോ പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ കഴിവിന്റെ പരമാവധി ഇസ്‌ലാമിക പ്രതിബദ്ധതയും നീതി നിഷ്‌ഠയും പുലര്‍ത്താനേ അയാള്‍ ബാദ്ധ്യസ്ഥനാകുന്നുള്ളൂ.

“അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.” (വി. ഖു. 64: 16) 

“കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും നിഷിദ്ധമായ സമ്പദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍.  അവര്‍ നിന്റെ അടുത്ത്‌ വരികയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പ്‌ കല്‍പ്പിക്കുകയോ, അവരെ അവഗണിച്ചുകളയുകയോ ചെയ്യുക.  നീ അവരെ അവഗണിച്ചുകളയുന്ന പക്ഷം അവര്‍ നിനക്ക്‌ ഒരു ദോഷവും വരുത്തുകയില്ല.  എന്നാല്‍ നീ തീര്‍പ്പ്‌ കല്‍പ്പിക്കുകയാണെങ്കില്‍ നീ നീതിപൂര്‍വ്വം തീര്‍പ്പ്‌ കല്‍പ്പിക്കുക.  നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നു.” (വി. ഖു. 5: 42) 

“ഹേ, ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു.  ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധി കല്‍പ്പിക്കുക.  സ്വേച്ഛയെ നീ പിന്തുടര്‍ന്നുപോകരുത്‌.  കാരണം, അത്‌ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ നിന്നെ തെറ്റിച്ച്‌ കളയും.  
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌  തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക്‌ തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌.  കണക്കു നോക്കുന്ന ദിവസത്തെ അവര്‍ മറന്നു കളഞ്ഞതിന്റെ ഫലമത്രെ  അത്‌.” (വി. ഖു. 38: 26) 

അല്ലാഹുവല്ലാത്ത ആര്‍ക്കും മതം നിര്‍മ്മിക്കാനോ മതനിയമങ്ങള്‍ ആവിഷ്‌കരിക്കാനോ അധികാരമില്ല.  പ്രപഞ്ചത്തിന്റെ മുഴുവന്‍ പരമാധികാരവും പരമമായ ജ്ഞാനവും അത്യന്തികമായി രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള കഴിവും അല്ലാഹുവിന്‌ മാത്രമാകുന്നു എന്നതത്രെ ഇതിന്‌ കാരണം.  അല്ലാഹു നിയോഗിച്ച പ്രവാചകത്താരല്ലാത്ത ഏതൊരാള്‍ നിര്‍മ്മിക്കുന്ന നിയമത്തേയും ദൈവിക നിയമങ്ങളെപ്പോലെ അലംഘ്യമോ പവിത്രമോ ആയി ഗണിക്കാവുന്നതല്ല.  സ്വയം ദിവ്യത്വം വാദിക്കുന്നവരോ ദിവ്യത്വം ചാര്‍ത്തപ്പെട്ടവരോ ആയ ആളുകളുടെ നിയമങ്ങളും അനുശാസനങ്ങളും അംഗീകരിക്കുന്നത്‌ ബഹുദൈവാരാധനയാണെന്ന്‌ വിവിധ ഖുര്‍ആന്‍ വാക്യങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം.

“അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളിയും അവര്‍ക്കുണ്ടോ ? നിര്‍ണ്ണയ വിധിയെപ്പറ്റിയുള്ള വചനം (കല്‍പന) നിലവിലില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്‍പ്പിക്കപ്പെടുമായിരുന്നു.  അക്രമികളാരോ അവര്‍ക്ക്‌ തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌്‌.” (വി. ഖു. 42: 21) 

അല്ലാഹു അനുവദിച്ച കാര്യം നിഷിദ്ധമാക്കിക്കൊണ്ടോ അവന്‍ നിഷിദ്ധമാക്കിയ കാര്യം അനുവദനീയമാക്കിക്കൊണ്ടോ നിയമം നിര്‍മ്മിക്കാന്‍ തനിക്ക്‌ അധികാരം ഉണ്ടെന്ന്‌ ഒരാള്‍ ഭാവിക്കുകയോ വാദിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെ പങ്കാളിയോ സമശീര്‍ഷനായോ സ്വയം ചമയുകയാണ്‌ ചെയ്യുന്നത്‌.  ഇത്‌ ദൈവനിന്ദയും മതനിഷേധവുമാകുന്നു.  വ്യാജദൈവങ്ങളും പുരോഹിതത്താരും ചമയ്ക്കുന്ന നിയമങ്ങളെ ദിവ്യമായ പവിത്രതയും അലംഘ്യതയും ഉള്ളതായി പരിഗണിക്കുന്നവര്‍ ആ നിയമദാതാക്കളെ അല്ലാഹുവിന്റെ പങ്കാളികളാക്കുകയാണ്‌ ചെയ്യുന്നത്‌.  ഇത്‌ ദൈവനിന്ദയും ബഹുദൈവാരാധനയുമാകുന്നു.  ഇതത്രെ ഈ വചനത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.  മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക:

“അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌.  തീര്‍ച്ചയായും അത്‌ അധര്‍മ്മമാണ്‌.  നിങ്ങളോട്‌ തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും.  നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കു ചേര്‍ത്തവരായിപ്പോകും. ” (വി. ഖു. 6: 121) 

അല്ലാഹു സൃഷ്‌ടിച്ച നാല്‍ക്കാലികളേയും പക്ഷികളേയും മറ്റും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ടാണ്‌ അറുക്കേണ്ടതെന്ന്‌ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.  അല്ലാഹുവല്ലാത്തവരുടെ (തെറ്റായി ദിവ്യത്വം കല്‍പ്പിക്കപ്പെടുന്ന സൃഷ്‌ടികളുടെ) പേരില്‍ അറുക്കുന്നത്‌ അഥവാ അവര്‍ക്ക്‌ ബലിയായും നേര്‍ച്ചയായും അര്‍പ്പിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ വിധിക്കുകയും ചെയ്‌തിരിക്കുന്നു.  ഇതിനെതിരില്‍ പിശാചിന്റെ കൂട്ടാളികള്‍ എക്കാലത്തും ദുര്‍ബോധനം നടത്തിക്കൊണ്ടേയിരിക്കുന്നു.  ആ ദുര്‍ബോധനത്തിന്‌ വല്ലവരും വഴങ്ങുകയും ദൈവേതരരുടെ പേരില്‍ അറുക്കപ്പെട്ടത്‌ അനുവദനീയമായി ഗണിക്കുകയും ചെയ്‌താല്‍ ആ ദുര്‍ബോധകരെ മതനിയമമുണ്ടാക്കാന്‍ അര്‍ഹതയുള്ളവരായി അംഗീകരിക്കുകയാണ്‌ ഫലത്തില്‍ അവര്‍ ചെയ്യുന്നത്‌.  അല്ലാഹുവിന്റെ നിയമം മാറ്റി മറിച്ചുകൊണ്ട്‌ നിയമമുണ്ടാക്കാന്‍ സൃഷ്‌ടികള്‍ക്ക്‌ അവകാശം നല്‍കുകയും അവരുടെ നിയമങ്ങള്‍ക്ക്‌ അലംഘ്യത കല്‍പ്പിക്കുകയും ചെയ്യുന്നത്‌ അധികാരാവകാശങ്ങളില്‍ അവരെ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക്‌ ആയിത്തീരുമെന്ന്‌ ഈ വചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.  മറ്റൊരു ഖുര്‍ആന്‍ വാക്യം കൂടി ശ്രദ്ധിക്കുക:

“അവരുടെ പണ്‌ഡിതത്താരെയും പുരോഹിതത്താരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ റബ്ബുകളാക്കി (രക്ഷിതാക്കളായി സ്വീകരിച്ചു) എന്നാല്‍, ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവന്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്‌.  അവനല്ലാതെ ഒരു ദൈവവുമില്ല.  അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ എത്രയോ പരിശുദ്ധന്‍ ” (വി. ഖു. 9: 31) 

പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരോ ദിവ്യമായ അധികാരമുള്ളവരോ ആണ്‌ മതപണ്‌ഢിതത്താരും പുരോഹിതത്താരും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പുറപ്പെടുവിക്കുന്ന വിധിവിലക്കുകള്‍ക്ക്‌ ദൈവിക നിയമത്തിന്റെ പദവി നല്‍കിയ ക്രൈസ്‌തവരെയും യഹൂദരെയും സംബന്ധിച്ചാണ്‌ ഈ വചനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌.  മതപരമായ നിയമനിര്‍മ്മാണാധികാരം മതപണ്‌ഡിതത്താര്‍ക്കും പുരോഹിതത്താര്‍ക്കും നല്‍കുന്നത്‌ അവരെ റബ്ബാക്കലാണെന്ന്‌ – ശിര്‍ക്കാണെന്ന്‌ – ഈ വചനത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.  എന്നാല്‍ ദൈവികമായ പവിത്രതയോ അലംഘ്യതയോ കല്‍പ്പിക്കാതെ ലൌകിക കാര്യങ്ങളില്‍ ഭരണാധികാരികളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ അവരെ റബ്ബാക്കലാകുമെന്ന്‌ ഖുര്‍ആനിലോ പ്രമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.  നബ(സ) കാലത്തും അതിന്‌ മുമ്പും ജീവിച്ച യഹൂദരും ക്രൈസ്‌തവരും പല ഭരണാധികാരികളുടെ രാഷ്‌ട്രീയ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നുവല്ലോ.  എന്നാല്‍ അവര്‍ അവരുടെ രാജാക്കത്താരെയും മന്ത്രിമാരെയും റബ്ബുകളാക്കി എന്ന്‌ അല്ലാഹുവോ റസുലോ (സ) പറഞ്ഞിട്ടില്ല. ദൈവികമായ വല്ല അധികാരാവകാശങ്ങളും ഭരണാധികാരികള്‍ക്ക്‌ ഉണ്ടെന്ന്‌ യഹൂദരും ക്രൈസ്‌തവരും വിശ്വസിച്ചിരുന്നില്ല എന്നതത്രെ അതിന്‌ കാരണം.  എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിക്കാന്‍ ഭരണാധികാരികളോ രക്ഷിതാക്കളോ മറ്റാരെങ്കിലുമോ കല്‍പ്പിച്ചാല്‍ അത്‌ അനുസരിക്കാന്‍ പാടുള്ളതല്ല.  മാതാപിതാക്കളോടുള്ള ബാദ്ധ്യതകള്‍ വിവരിച്ച ശേഷം  വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനേയും എന്നോട്‌ നീ പങ്കു ചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌ ” (വി. ഖു. 31: 15) 

പരാജയത്തിലേക്കും നഷ്‌ടത്തിലേക്കും നയിക്കുന്ന എല്ലാ അപച്യൂതികളില്‍ നിന്നും മനുഷ്യരെ തടയുകയും അവരെ നത്തയിലേക്കും വിജയത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നത്‌ ദൈവിക നിയമത്തിന്റെ ഒരു സവിശേഷതയാകുന്നു.

“നിങ്ങള്‍ പിഴച്ചുപോകുമെന്ന്‌ കരുതി അല്ലാഹു നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു.  അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ” (വി. ഖു. 4: 176) 

“എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്ന്‌ കിട്ടുന്ന പക്ഷം എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല.  കഷ്‌ടപ്പെടുകയുമില്ല. ” (വി. ഖു. 20: 123) 

“തീര്‍ച്ചയായും അല്ലാഹു കല്‍പ്പിക്കുന്നത്‌ നീതി പാലിക്കുവാനും നത്ത ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌ (സഹായം) നല്‍കുവാനുമാണ്‌.  അവന്‍ വിലക്കുന്നത്‌ നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌.  നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ ഉപദേശം നല്‍കുന്നു. ” (വി. ഖു. 16: 90) 

“പറയുക: എന്റെ രക്ഷിതാവ്‌ നിഷിദ്ധമാക്കിയിട്ടുള്ളത്‌ പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും അധര്‍മ്മവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട്‌ നിങ്ങള്‍ പങ്ക്‌ ചേര്‍ക്കുന്നതും അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക്‌ വിവരമില്ലാത്തത്‌ നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. ” (വി. ഖു. 7: 33)

ദൈവിക നിയമം ജനങ്ങള്‍ക്ക്‌ വിവരിച്ച്‌ കൊടുക്കുകയും  അതനുസരിച്ച്‌ ജീവിക്കുന്നതില്‍ അവര്‍ക്ക്‌  നേതൃത്വം നല്‍കുകയും ചെയ്‌ത പ്രവാചകന്റെ സവിശേഷതകള്‍ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.  

“അവരോട്‌ അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.  നല്ല കാര്യങ്ങള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത കാര്യങ്ങള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.  അവരുടെ ഭാരങ്ങളും അവരുടെ മേല്‍ ഉണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കുവക്കുകയും ചെയ്യുന്നു.  അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്‌തവരാരോ അവര്‍ തന്നെയാണ്‌ വിജിയികള്‍.” (വി. ഖു. 7: 157) 

അല്ലാഹുവിന്റെ ദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌ നബി(സ) വിവരിച്ചതും നടപ്പാക്കിയതുമായ നിയമങ്ങള്‍ മനുഷ്യരെ എല്ലാ നത്തകളിലേക്കും നയിക്കുകയും എല്ലാ തിത്തകളില്‍ നിന്നും തടയുകയും ചെയ്യുന്നു എന്നതിന്‌ പുറമെ മനുഷ്യരെ ഭാരങ്ങളില്‍ നിന്നും വിലങ്ങുകളില്‍ നിന്നും മോചിപ്പിക്കുക കൂടി ചെയ്യുന്നു എന്ന്‌ ഈ വചനം വ്യക്തമാക്കുന്നു.  പാപത്തിന്റെയും തിത്തയുടെയും അനീതിയുടെയും ദാരിദ്രത്തിന്റെയും അക്രമത്തിന്റെയും പീഡനത്തിന്റെയും ചൂഷണത്തിന്റെയും ഭാരത്തില്‍ നിന്നും, അടിമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും  ബന്ധനങ്ങളില്‍ നിന്നും ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യരെ മോചിപ്പിക്കുന്നു.  ദിര്‍വൃത്തികളില്‍ നിന്നുള്ള സംസ്‌കരണത്തെയും അതിക്രമങ്ങള്‍ക്കെതിരിലുള്ള പരിരക്ഷയെയും ബന്ധനങ്ങളില്‍ നിന്നുള്ള മോചനത്തെയും സമജ്ഞസമായി കൂട്ടിയിണക്കുന്നതത്രെ ദൈവിക നിയമങ്ങള്‍.

ദൈവിക നിയമങ്ങളെ അനുധാവനം ചെയ്യുന്നതിലൂടെ ഒരു സത്യവിശ്വാസി ലക്ഷ്യമാക്കേണ്ടത്‌ അനന്തമായ പരലോക ജീവിതത്തിലെ അനശ്വര സൌഭാഗ്യമാണ്‌.  എന്നാല്‍, പരലോകവിജയത്തോടൊപ്പം ഇഹലോക ജീവിതത്തിലെ ക്ഷേമത്തിന്‌ കൂടി വഴിയൊരുക്കുന്നതത്രെ സര്‍വ്വജ്ഞനായ അല്ലാഹു ആവിഷ്‌കരിച്ച നിയമങ്ങള്‍.

“നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ലോകത്ത്‌ തന്നെ നല്ല ഫലമുണ്ട്‌.  പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു.  സൂക്ഷ്‌മതപാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌.” (വി. ഖു. 16: 30) 

“പറയുക: വിശ്വസിച്ചവരായ എന്റെ ദാസത്താരെ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക.  നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ലോകത്തുതന്നെ നല്ല ഫലമുണ്ട്‌.  അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു.  ക്ഷമാശീലര്‍ക്ക്‌ തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റപ്പെടുന്നത്‌ ” (വി. ഖു. 39: 10)

മതനിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഐഹീകനേട്ടങ്ങള്‍ ആയിരിക്കാന്‍ പാടില്ല.  ഐഹീകനേട്ടങ്ങള്‍ ലക്ഷ്യമാക്കിക്കൊണ്ട്‌ ഭക്തിയും നിഷ്‌ഠയും പ്രകടിപ്പിക്കുന്നത്‌ പരലോക സൌഭാഗ്യങ്ങള്‍ നഷ്‌ടപ്പെടുന്നതിന്‌ കാരണമായിത്തീരുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പി നല്‍കുന്നു.

“ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌  നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വച്ചുതന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌.  പിന്നെ നാം അത്തരക്കാരന്‌ നല്‍കുന്നത്‌ നരകമായിരിക്കും.  അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ എരിയുന്നതാണ്‌.  ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്‌ വേണ്ടി അതിന്റെതായ പരശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.  ” (വി. ഖു. 17: 18,19)

അല്ലാഹു നിശ്ചയിച്ച ശിക്ഷാനിയമങ്ങള്‍ ഉള്‍പ്പെടെ ഇസ്‌ലാമിന്റെ മുഴുവന്‍ നിയമങ്ങളും മനുഷ്യരുടെ – വ്യക്തികളുടെയും സമുഹത്തിന്റെയും – നത്തക്കും സുരക്ഷിതത്വത്തിനും വേണ്ടി ഉള്ളതാകുന്നു.  കൊലക്കുറ്റത്തിനും മറ്റും തുല്യശിക്ഷ നല്‍കാന്‍ അനുശാസിച്ചതിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക.

“ബുദ്ധിമാത്താരെ, തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്പ്‌. ” (വി. ഖു. 2: 179)  

കൊലക്കുറ്റത്തിനും കയ്യേറ്റങ്ങള്‍ക്കും മുതിരുന്ന ആളുകളെ അതില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ കുറ്റത്തിന്‌ തുല്യമായ ശിക്ഷ തന്നെ ലഭിക്കുമെന്ന ബോധത്തേക്കാള്‍ ഫലപ്രദമായ മറ്റൊന്നുമില്ല.  അങ്ങനെ തുല്യ ശിക്ഷ നല്‍കാനുള്ള നിയമം സമൂഹത്തിന്റെ സുരക്ഷക്കും നിലനില്‍പ്പിനും ഈടായി വര്‍ത്തിക്കുന്നു.  വ്യഭിചാരത്തിനും അപവാദ പ്രചാരണത്തിനും അല്ലാഹു കടുത്ത ശിക്ഷ വിധിച്ചതിന്റെ ഉദ്ദേശവും മനുഷ്യരെ സര്‍വ്വഥാ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതു തന്നെ.  സമൂഹത്തില്‍ സാമ്പത്തിക നീതി നടപ്പാക്കിക്കഴിഞ്ഞതിന്‌ ശേഷവും മോഷണം നടത്താന്‍ മുതിരുന്നവര്‍ക്ക്‌ കരച്ഛേദം എന്ന കടുത്ത ശിക്ഷ നിശ്ചയിച്ചതിന്റെ താല്‍പര്യം നിരപരാധരായ മനുഷ്യരുടെ സ്വത്തുക്കള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാകുന്നു.  അതോടൊപ്പം തന്നെ അബദ്ധവശാലോ നിര്‍ബന്ധിത സ്ഥിതിയിലോ കുറ്റം ചെയ്യാന്‍ ഇടയാകുന്നവരെ അല്ലാഹു ശിക്ഷയില്‍ നിന്ന്‌ മുക്തരാക്കുകയും ചെയ്‌തിരിക്കുന്നു.  

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസി ആയിക്കൊണ്ട്‌ സര്‍ക്കര്‍മ്മം ചെയ്യുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. ” (വി. ഖു. 16: 97)  

“സത്യവിശ്വാസികളെ, നിങ്ങള്‍ക്ക്‌  ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലി(സ)നും ഉത്തരം നല്‍കുവിന്‍്‌. ” (വി. ഖു. 8: 24)

അല്ലാഹുവിന്റെ നിയമ പദ്ധതിയില്‍ യാതൊരു വിധ വക്രതയും അനീതിയും ഉള്‍പ്പെട്ടിട്ടില്ല.  അതില്‍ സ്‌ത്രീകള്‍ക്കും പുരുഷത്താര്‍ക്കും അവകാശങ്ങളും ബാദ്ധ്യതകളും ഒരുപോലെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.    

“സ്‌ത്രീകള്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) ബാദ്ധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട.്‌ ” (വി. ഖു. 2: 228)  

വിവാഹമോചനം നടന്നാലും ഭര്‍ത്താവ്‌ മരിച്ചുപോയാലും കുഞ്ഞിനു മുലയൂട്ടാന്‍ മാതാവ്‌ സന്നദ്ധയായാലും അല്ലെങ്കിലും കുഞ്ഞിന്‌ രണ്ട്‌ വയസ്‌ വരെ മുലപ്പാല്‍ ലഭിക്കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (2: 233)  വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.  കുഞ്ഞിന്റെ സുപ്രധാന അവകാശം നിഷേധിക്കപ്പെടാതിരിക്കുകയത്രെ ഇതിന്റെ താല്‍പര്യം.

വാര്‍ധക്യം പ്രാപിച്ച മാതാപിതാക്കള്‍ക്ക്‌ നീതി ഉറപ്പ്‌ വരുത്താനും ദൈവിക നിയമം നിഷ്‌കര്‍ച്ചിരിക്കുന്നു.  

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നത്ത ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു.  അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ‘ഛെ’ എന്ന്‌ പറയുകയോ അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌.  അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.” (വി. ഖു. 17: 23)  

ഇങ്ങനെ എല്ലാവര്‍ക്കും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ദൈവിക നിയമ സംഹിത അവക്രവും  അന്യൂനവുമായ ജീവിതമാര്‍ഗത്തിലേക്ക്‌ വഴി കാണിക്കുന്നു.

“പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ എന്നെ നേരായ പാതയിലേക്ക്‌ നയിച്ചിരിക്കുന്നു.  വക്രതയില്ലാത്ത മതത്തിലേക്ക്‌. ” (വി. ഖു. 6: 161)  


ഐ.എസ്‌.എം. സംസ്ഥാന സമ്മേളന സോവനീര്‍ 1996 
പേജ്‌ 23 മുതല്‍ 27 വരെ



Click here to download pdf
ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്







-------------------------------
Related posts








No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.