12 September 2011

ജനാധിപത്യം സലഫി വീക്ഷണത്തില്‍ - ശബാബ് 9 സെപ്ത്ം 2011


ജനാധിപത്യം സലഫി വീക്ഷണത്തില്‍    --   ശബാബ് 9 സെപ്ത്ം 2011
ഈജിപ്‌തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ്‌ അബ്‌ദുല്‍ മുന്‍ഇം ശഹ്‌ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത്‌ ദിനപത്രം നടത്തിയ അഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന്‌ അദ്ദേഹം നല്‌കിയ മറുപടി: ``ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്‌, അവയില്‍ മിക്കതും സ്വീകാര്യമാണ്‌. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത്‌ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത്‌ ജനങ്ങള്‍ക്ക്‌ നല്‌കുന്നു എന്നാണ്‌. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന്‌ മാത്രമാണെന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌.'' (2011 ഏപ്രില്‍ 18)

ഇവ്വിധമുള്ള വിശദീകരണം നല്‌കിയതിന്റെ പേരിലാണ്‌ നമ്മുടെ നാട്ടിലെ സലഫികളെന്നവകാശപ്പെടുന്നവര്‍ മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരന്തരം പ്രതിക്കൂട്ടില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്‌. വാസ്‌തവത്തില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദ്‌ വിഭാഗത്തിന്റെ നിലപാടെന്താണ്‌?
കെ മുഹമ്മദ്‌ കോഴിക്കോട്‌


അല്ലാഹു അനുവദിച്ചത്‌ നിഷിദ്ധമാക്കിക്കൊണ്ടോ അവന്‍ നിഷിദ്ധമാക്കിയത്‌ അവനുവദനീയമായി പ്രഖ്യാപിച്ചുകൊണ്ടോ നിയമനിര്‍മാണം നടത്താന്‍ ആര്‍ക്കും അധികാരമില്ല എന്ന കാര്യത്തില്‍ എല്ലാ സലഫികളും ഏകാഭിപ്രായക്കാരാണ്‌. ഏക സിവില്‍ കോഡിന്‌ വേണ്ടിയുള്ള മുറവിളിയെ സലഫികള്‍ മാത്രമല്ല എല്ലാ മുസ്‌ലിം വിഭാഗങ്ങളും എതിര്‍ക്കുന്നത്‌ ഇക്കാരണത്താലാണ്‌. ഈജിപ്‌ത്‌ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ലൗകിക ജീവതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്‌. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍ നടപ്പിലുള്ള പല രാഷ്‌ട്രങ്ങളിലും ഇത്തരത്തിലുള്ള നിയനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്‌.
രാഷ്‌ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധമാണോ അല്ലേ എന്നതാണ്‌ കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യഭരണകൂടം ത്വാഗൂത്ത്‌ ആണെന്നും അതിനെ അനുസരിക്കല്‍ `ഇബാദത്തുത്താഗൂത്ത്‌' ആയതിനാല്‍ തൗഹീദിന്‌ വിരുദ്ധമാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്വാഗൂത്തീ പഞ്ചായത്തുകളുടെ ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ഇസ്‌ലാമിക സേവനമാണെന്നാണ്‌ ഇപ്പോള്‍ അവരുടെ നിലപാട്‌. സലഫികള്‍ മുന്‍നിലപാടില്‍ തന്നെയാണ്‌ ഇപ്പോഴുമുള്ളത്‌.


==================================
Prabodhanam weekly - 1432 ദുല്‍ഖഅദ് 10
2011 ഒക്‌ടോബര്‍ 8
പുസ്തകം 68 ലക്കം 18

ജനാധിപത്യവും സലഫികളും

".... ഈജിപ്ത് അടക്കമുള്ള മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധത്തില്‍ ലൌകിക ജീവിതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍ നടപ്പിലുള്ള പല രാഷ്ട്രങ്ങളിലും ഇത്തരത്തിലുള്ള നിയമനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്.

രാഷ്ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത് തൌഹീദിന് വിരുദ്ധമാണോ അല്ലേ എന്നതാണ് കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യ ഭരണകൂടം ത്വാഗൂത്താണെന്നും അതിനെ അനുസരിക്കല്‍ 'ഇബാദത്തുത്ത്വാഗൂത്ത്' ആയതിനാല്‍ തൌഹീദിന് വിരുദ്ധമാണെന്നുമാണ് ആദ്യകാല ജമാഅത്ത് സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ത്വാഗൂത്തീ പഞ്ചായത്തുകളുടെ ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക സേവനമാണെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. സലഫികള്‍ മുന്‍ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്'' (ശബാബ് വാരിക, 2011 സെപ്റ്റംബര്‍ 9, മുഖാമുഖം).

ജനാധിപത്യത്തിന്റെ മിക്ക ഘടകങ്ങളും സ്വീകാര്യമാവുമ്പോഴും അല്ലാഹുവിനു മാത്രമായ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്നു എന്നത് ഏറ്റവും അപകടകരമാണെന്ന് ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാത്ത്, അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തെക്കുറിച്ച സലഫീ- ജമാഅത്ത് വീക്ഷണങ്ങളെ താരതമ്യപ്പെടുത്തി ശബാബ് നല്‍കിയ മറുപടിയെ മുജീബ് എങ്ങനെ കാണുന്നു?
പി.കെ നുജൈം ഈങ്ങാപ്പുഴ

മൌലിക പ്രശ്നത്തില്‍ നിന്ന് തെന്നിമാറി നടത്തുന്ന ഈ കരണംമറിച്ചിലാണ് യഥാര്‍ഥത്തില്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദു. ഒരു രാഷ്ട്രവും അതിന്റെ ഭരണഘടനയും അല്ലാഹുവിനെ പരമാധികാരിയും നിയമനിര്‍മാണത്തെ മുഖ്യ സ്രോതസ്സായും അംഗീകരിച്ചാല്‍ ആ രാഷ്ട്രം ദൈവികവും ഇസ്ലാമികവുമാവും, അഥവാ ഹുകൂമത്തെ ഇലാഹി. ദൈവത്തിന്റെ പരമാധികാരം നിരാകരിക്കുകയും അവന്റെ വിധിവിലക്കുകളെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം ഭരണവ്യവസ്ഥ ത്വാഗൂത്തുമാവും. പല മുസ്ലിം നാടുകളുടെയും ഭരണവ്യവസ്ഥ ത്വാഗൂത്താവുന്നത് അങ്ങനെയാണ്.

ത്വാഗൂത്തിന്റെ കീഴില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എങ്ങനെ ജീവിക്കണമെന്നതും ത്വാഗൂത്തിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്നതും മറ്റൊരു പ്രശ്നമാണ്. തൂമ്പായെ തൂമ്പായെന്ന് വിളിക്കാന്‍ ആര്‍ജവം കാട്ടിക്കൊണ്ട് തന്നെ, പരമാവധി സമാധാനപരമായ അതിജീവനത്തിനും ഒപ്പം ശക്തമായ ആദര്‍ശ പ്രബോധനത്തിനും വഴിതേടുകയാണ് മുസ്ലിംകളുടെ ഇസ്ലാമിക ചുമതല. "ജനങ്ങളെ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യാന്‍, ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു നിങ്ങള്‍'' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം ഏതെങ്കിലുമൊരു കാലത്തേക്കോ ലോകത്തേക്കോ രാജ്യത്തേക്കോ പരിമിതമായതല്ല. എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും താമസിക്കുന്ന വിശ്വാസികള്‍ക്കത് ബാധകമാണ്. ഇത് ജമാഅത്തെ ഇസ്ലാമി ഓര്‍മിപ്പിക്കുമ്പോള്‍ സലഫികള്‍ അതിന്റെ നേരെ എങ്ങനെ പ്രതികരിക്കുന്നു എന്നാണറിയേണ്ടത്. അനിസ്ലാമിക ഭരണകൂടങ്ങളുടെ നിയമങ്ങളില്‍ ചിലത് ഇസ്ലാമിനോട് പൊരുത്തപ്പെടുന്നതാണ്, ചിലത് ഇസ്ലാമിക കാഴ്ചപ്പാടില്‍ തെറ്റില്ലാത്തതാണ്. രണ്ടിനോടും സഹകരിക്കുന്നത് ന്യായം. മൂന്നാമത്തേത് ഇസ്ലാമിനും ധാര്‍മികതക്കും നിരക്കാത്തതാണ്. ഉഭയകക്ഷി സമ്മതത്തോടെയുള്ള വ്യഭിചാരവും സ്വവര്‍ഗരതിയും ഗര്‍ഭഛിദ്രവും പലിശ ഇടപാടുകളും അനുവദിക്കുന്ന നിയമങ്ങള്‍ ഉദാഹരണം. അവയെ ജനാധിപത്യപരമായി എതിര്‍ക്കുന്നു. ഒപ്പം ഇതിനൊക്കെ കാരണമാകുന്ന വ്യവസ്ഥയുടെ മാറ്റത്തിന് ശബ്ദമുയര്‍ത്തുന്നു എന്നതാണ് ജമാഅത്ത് ചെയ്യുന്ന 'തെറ്റ്'. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മാറ്റത്തിനുള്ള വഴി തെരഞ്ഞെടുപ്പുകളാണ്. മാറ്റം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്ന് ജമാഅത്ത് തീരുമാനിച്ചത് അതുകൊണ്ടാണ്. ആര്‍ എങ്ങനെ ഭരിച്ചാലും തങ്ങള്‍ക്ക് പങ്ക് ലഭിച്ചാല്‍ മതി എന്ന ചിന്ത ഇസ്ലാമികമായി ന്യായീകരണമര്‍ഹിക്കുന്നു എന്ന് സലഫി സംഘടനകള്‍ തെളിയിച്ചിട്ടു വേണം.




No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.