09 September 2011

പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം

ശബാബ് 2006 ഡിസംബർ 22
പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം
?2006 മെയ്‌ 13 ലെ പ്രബോധനം വാരികയില്‍ `തൌഹീദും ആഹാരനിയമങ്ങളും എന്ന ലേഖനത്തില്‍ വിശുദ്ധ ഖുര്‍ആനിലെ 6:121 സൂക്തം ഉദ്ധരിച്ചുകൊണ്ടുള്ള ലേഖനത്തില്‍ അവസാനം ഇങ്ങനെ പറയുന്നു.
``നബി തിരുമേനിയുടെ അനുയായികള്‍ അക്കാലത്തെ മുശ്‌രിക്കുകള്‍ക്ക്‌ അഭൌതികത്‌ കല്‌പിച്ചിരുന്നില്ലെന്നതും അവരെ പ്രാര്‍ത്ഥനാ വികാരത്തോടെ അനുസരിച്ചിരുന്നില്ലെന്നതും അവിതര്‍ക്കിതമാണല്ലോ. എന്നിട്ടും അല്ലാഹുവിന്റെ വിധികള്‍ ധിക്കരിച്ചു കൊണ്ട്‌ മുശ്‌രിക്കുകളെ അനുസരിച്ചാല്‍ അനുസരിക്കുന്നവരും മുശ്‌രിക്കാവുമെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം ഇബാദത്തോ ശിര്‍ക്കോ ആവുകയില്ലെന്ന മുജാഹിദ്‌ സുഹൃത്തുക്കളുടെ വാദം തീര്‍ത്തും തെറ്റാണെന്ന്‌ ഈ ഖുര്‍ആന്‍ വാക്യം അസന്ദിഗ്‌ധമായി തെളിയിക്കുന്നു. 
മുസ്‌ലിമിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
അബ്ദുസ്സലാം ,ഒട്ടുമ്മല്‍



. അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള്‍ അതോടെ കാഫിറായിത്തീരും. പിന്നെ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട്‌ അവന്‍ പിശാചിനെയാണോ സത്യനിഷേധികളെയാണോ ,സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണൊ അനുസരിക്കുന്നത്‌ എന്നതൊരു മൌലിക പ്രശ്‌നമല്ല. അല്ലാഹ്വുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട്‌ അവന്റെ വിധിക്ക്‌ സമാനമായോ അതിനേക്കാള്‍ ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല്‍ അല്ലാഹുവിന്‌ `നിദ്ദിനെ(സമശീര്‍ഷനെ, സമസ്ഥാനീയനെ) സ്വീകരിക്കുക എന്ന ശിര്‍ക്കിന്റെ വകുപ്പില്‍ അത്‌ ഉള്‍പ്പെടുകയും ചെയ്യും.


ചിക്കുന്‍ ഗുനിയ പൊട്ടിപ്പുറപ്പെട്ട പ്രദേശത്ത്‌ തണുത്ത ഭക്ഷ്യപാനീയങ്ങള്‍ വില്‌ക്കാനും വാങ്ങാനും കഴിക്കാനും പാടില്ല എന്നൊരു `ആഹാര നിയമം സര്‍ക്കാര്‍ പുറപ്പെടുവിച്ചാല്‍ അത്‌ അനുസരിക്കാന്‍ പാടില്ലേ എന്നും ,അത്‌ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ ഉന്നയിക്കുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ പാടില്ലേ എന്നും, ഈ ആഹാര നിയമം ജമാഅത്ത്‌ ഭാഷ്യപ്രകാരം 6:121 സൂക്തത്തിന്റെ പരിധിയില്‍ വരികയില്ലേ എന്നും ,ഇല്ലെങ്കില്‍ മതനിയമവും ലൌകിക നിയമവും വേര്‍തിരിക്കുന്നതിനോട്‌ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ യോജിപ്പായിട്ടുണ്ടോ എന്നും ജമാഅത്ത്‌ ലേഖകന്‍ വ്യക്തമാക്കേണ്ടതുണ്ട്‌. 
6:121സൂക്തത്തിന്റെ പരിഭാഷ താഴെ ചേര്‍ക്കുന്നു.


`` അല്ലാഹുവിന്റെ നാം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത അധര്‍മമാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‌കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കാളികളെ ചേര്‍ക്കുന്നവരായിപ്പോകും." 


നബി(സ) യുടെ കാലത്തെ അറേബ്യന്‍ ഭരണകൂടം ആരോഗ്യപരമായ കാരണങ്ങളാലോ മറ്റോ ഏര്‍പ്പെടുത്തിയ ലൌകികമായ ആഹാരനിയമം സത്യവിശ്വാസികള്‍ അനുസരിക്കരുതെന്നല്ല ഈ സൂക്തത്തില്‍ വിലക്കിയിട്ടൂള്ളത്‌. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ അറുത്ത ജന്തുവെ മാത്രമെ ഭക്ഷിക്കാന്‍ പാടുള്ളുവെന്ന്‌ അല്ലാഹു വിധിച്ചപ്പോള്‍ അതിനെതിരില്‍ തങ്ങളുടെ മതനിയമത്തെ ന്യായീകരിച്ചുകൊണ്ട്‌ ബഹുദൈവവാദികള്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങള്‍ അംഗീകരിച്ചു പോകരുതെന്നാണ്‌ ഈ സൂക്തത്തില്‍ അല്ലാഹു വിലക്കുന്നത്‌. അറേബ്യന്‍ ബഹുദൈവ വാദികളുടെ ആഹാരനിയമത്തിന്‌ നിദാനം രാഷ്ട്രീയ മീമാംസയോ ആരോഗ്യശാസ്‌ത്ര തത്വങ്ങളോ ആയിരുന്നില്ല. പ്രമാദമുക്തമെന്ന്‌ അവരുടെ പുരോഹിതന്മാര്‍ വിധിച്ച മതനിയമ പ്രകാരമാണ്‌ ശവഭോജനം അനുവദനീയമാണെന്നും , വിഗ്രഹങ്ങളുടേയും മഹാത്മാക്കളുടെയും പേരില്‍ ബലിയര്‍പ്പിച്ച ജന്തുക്കളുടെ മാംസം കഴിക്കുന്നത്‌ പുണ്യകരമാണെന്നും അവര്‍ വിശ്വസിച്ചിരുന്നത്‌. ഈ വിശ്വാസം മുസ്‌ലിംകളാരെങ്കിലും അംഗീകരിച്ചുപോയത്‌കൊണ്ട്‌ അവരെ തിരുത്തുക എന്നതല്ല ഈ സൂക്തത്തിന്റെ അവതരണോദ്ദേശ്യം. ഈ വിശ്വാസത്തെ സാധൂകരിക്കാന്‍ വേണ്ടി ബഹുദൈവവിശ്വാസികള്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ ഒരിക്കലും അംഗീകരിച്ചുപോകരുതെന്ന്‌ ഉണര്‍ത്തുകയാണ്‌ അല്ലാഹു ചെയ്യുന്നത്‌. സത്യവിശാസികള്‍ ആ വാദങ്ങള്‍ അംഗീകരിക്കുന്ന പക്ഷം അത്‌ ഗുരുതരമായ ആദര്‍ശവ്യതിയാനമാകുമെന്നതില്‍ സംശയത്തിനവകാശമില്ല.


ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ പ്രിയപ്പെട്ടവരായിത്തീര്‍ന്നിട്ടുള്ള കമ്മ്യൂണിസ്റ്റുകാള്‍ ഉള്‍പ്പടെ ആരുടെയും നിയമങ്ങളെ ന്യായികരിക്കേണ്ട ആവശ്യം മുജാഹികുകള്‍ക്കില്ല. ദൈവികമായ നിയമങ്ങളെ മാത്രമേ അലംഘനീയവും പ്രമാദമുക്തവുമായി മുജാഹിദുകള്‍ ഗണിക്കുന്നുള്ളൂ.
ശബാബ് 2006 ഡിസംബർ 22


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.