10 January 2012

അല്ലാഹുവോട്‌ നീതിപുലര്‍ത്താന്‍, എഡിറ്റോറിയല്‍, ശബാബ് 2012 ജനുവരി 06


അല്ലാഹുവോട്‌ നീതിപുലര്‍ത്താന്‍, എഡിറ്റോറിയല്‍, ശബാബ് 2012 ജനുവരി 06 


സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത്‌ നിങ്ങള്‍ക്ക്‌ തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ടു വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. അല്ലാഹു.'' (4:135)
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കണം. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതിപാലിക്കുക. അതാണ്‌ ധര്‍മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (5:8)
അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത്‌ നീതി നിര്‍വഹിക്കുന്നവന്‍ (3:18) എന്നാണ്‌. അല്ലാഹു ആരോടും ഒട്ടും അനീതി കാണിക്കുകയില്ലെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ (3:182, 4:40, 10:44, 18:49, 29:40) വ്യക്തമാക്കിയിട്ടുണ്ട്‌. തികച്ചും നീതിമാനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ഒഴിച്ചുകൂടാത്ത ബാധ്യതയാണ്‌ കഴിവിന്റെ പരമാവധി നീതിപാലിക്കുക എന്നത്‌. അല്ലാഹു ദൂതന്മാരെ നിയോഗിച്ചതിന്റെയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതിന്റെയും താല്‌പര്യം ജനങ്ങള്‍ നീതിയില്‍ നിലകൊള്ളുക എന്നതാണെന്നും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
``തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്‌ടാന്തങ്ങളും കൊണ്ട്‌ അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍ വേണ്ടി ആ ദൂതന്മാരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കിക്കൊടുക്കുകയും ചെയ്‌തു. ഇരുമ്പും നാം ഇറക്കിക്കൊടുത്തിട്ടുണ്ട്‌. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക്‌ ഉപകാരങ്ങളുമുണ്ട്‌. അല്ലാഹുവെയും അവന്റെ ദൂതന്മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന്‌ അറിയാന്‍ വേണ്ടിയുമാണ്‌ ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.'' (57:25)
ഇവിടെ `തുലാസ്സ്‌' എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ അല്ലാഹുവിന്റെ സന്തുലിതമായ നിയമങ്ങളായിരിക്കാം. മനുഷ്യര്‍ക്ക്‌ ശരിയും തെറ്റും സത്യവും അസത്യവും നീതിയും അനീതിയും തുലനം ചെയ്‌തു നോക്കുന്നതിന്‌ എക്കാലത്തും അവയെ അവലംബമാക്കാവുന്നതാണ്‌. പ്രാപഞ്ചിക വ്യവസ്ഥയെയും മനുഷ്യരുടെ വ്യവഹാരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടും `തുലാസ്സി'നെക്കുറിച്ച്‌ അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്‌.
``ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാ കാര്യവും തൂക്കിക്കണക്കാക്കാനുള്ള) തുലാസ്സ്‌ അവന്‍ സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ തുലാസ്സില്‍ ക്രമക്കേട്‌ വരുത്താതിരിക്കാന്‍ വേണ്ടിയാണത്‌. നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുക. തുലാസ്സില്‍ നിങ്ങള്‍ കമ്മിവരുത്തരുത്‌.'' (55:7-9)
അല്ലാഹു പ്രാപഞ്ചിക വ്യവസ്ഥയില്‍ വെച്ചിട്ടുള്ള സന്തുലിതത്വമാണ്‌ നമ്മുടെ ജീവിതത്തിന്റെ നിലനില്‌പ്പിനും സൗഖ്യത്തിനും ആധാരമായി വര്‍ത്തിക്കുന്നത്‌. അതുപോലെ മനുഷ്യരുടെ ജീവിതമേഖലകളാകെ സന്തുലിതമായിരിക്കണമെങ്കില്‍ നീതിയില്‍ അധിഷ്‌ഠിതമായ ദൈവിക ദര്‍ശനം സ്വീകരിച്ചേ തീരൂ. അതാണ്‌ 55:9, 57:25 എന്നീ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്‌. 57:25ല്‍ വേദഗ്രന്ഥത്തെയും തുലാസ്സിനെയും സംബന്ധിച്ച്‌ പരാമര്‍ശിച്ചതോടൊപ്പം തന്നെ ഇരുമ്പിനെയും അതുകൊണ്ടുള്ള ആയോധന ശക്തിയെയും പ്രയോജനങ്ങളെയും കുറിച്ചും പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാകുന്നു. മനുഷ്യചരിത്രത്തില്‍ നിര്‍മാണത്തിനും സംഹാരത്തിനും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ലോഹമാണ്‌ ഇരുമ്പ്‌. ആദര്‍ശ പ്രതിബദ്ധതയാല്‍ നീതിപാലിക്കാന്‍ തയ്യാറാകാത്തവരെ നീതിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ആയുധ ശക്തി പ്രയോഗിക്കേണ്ടിവന്നേക്കാം. അനീതിയുടെ വക്താക്കള്‍ തന്നെ പരസ്‌പരം ഇരുമ്പിന്റെ ദണ്ഡനം ഏല്‍പ്പിച്ചെന്നും വരാം.
നീതിമാനായ അല്ലാഹുവിന്റെ വ്യവസ്ഥയിലും അനുഗ്രഹങ്ങളിലും വിശ്വസിക്കുന്ന ഏതൊരാളും കഴിയുന്നത്ര നീതിനിഷ്‌ഠ നിലനിര്‍ത്താന്‍ ബാധ്യസ്ഥനാകുന്നു. മറിച്ചുള്ള നിലപാട്‌ ആദര്‍ശപ്രതിബദ്ധതയ്‌ക്ക്‌ നിരക്കാത്ത ആശയ വൈരുധ്യമാകുന്നു. പ്രവാചകന്മാരും അവരുടെ ഉത്തമശിഷ്യന്മാരും ഏറെ ഊന്നിപ്പറഞ്ഞ വിഷയമാണ്‌ നീതി. വിശുദ്ധഖുര്‍ആനിലെ 16:90 സൂക്തത്തില്‍ അല്ലാഹു അനുശാസിക്കുന്ന കാര്യങ്ങളില്‍ ഒന്നാമതായി പറഞ്ഞിട്ടുള്ളത്‌ നീതിപാലനമാണ്‌. സ്വശരീരത്തോട്‌, ജീവിതപങ്കാളിയോട്‌, കുടുംബാംഗങ്ങളോട്‌, അയല്‍ക്കാരോട്‌, ഭൃത്യന്മാരോട്‌, സഹപ്രവര്‍ത്തകരോട്‌, ഭരണാധികാരികളോട്‌, ഭരണീയരോട്‌, ജീവിത വ്യവഹാരങ്ങളില്‍ ബന്ധപ്പെടുന്ന എല്ലാവരോടും നീതിപുലര്‍ത്തുന്നവരേ നീതിമാനായ അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റിയവരാകുകയുള്ളൂ.
നമ്മുടെ സമൂഹത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകരായി അറിയപ്പെടുന്നവര്‍ പോലും സ്വാര്‍ഥതാല്‌പര്യങ്ങള്‍ക്കുവേണ്ടി നീതിയെ ബലികഴിക്കുന്ന നിര്‍ഭാഗ്യകരരായ കാഴ്‌ചയാണ്‌ വ്യാപകമായി കാണാന്‍ കഴിയുന്നത്‌. മറ്റുള്ളവരോട്‌ നീതി ഉപദേശിക്കുകയും സ്വന്തം കാര്യത്തില്‍ അത്‌ മറന്നുകളയുകയും ചെയ്യുന്നവരും ധാരാളമുണ്ട്‌. എല്ലാ ജീവിതവ്യവഹാരങ്ങളിലും ഒരുപോലെ നീതിപുലര്‍ത്തുന്നത്‌, അനീതി സാര്‍വത്രികമായ ഈ കാലഘട്ടത്തില്‍ പ്രായോഗികമല്ലെന്ന്‌ കരുതുന്നവരും കുറെയുണ്ട്‌. അനീതി കൊടികുത്തിവാണിരുന്ന സമൂഹങ്ങളില്‍ തന്നെയാണ്‌ പ്രവാചകന്മാരും അനുചരന്മാരും നീതിനിഷ്‌ഠമായ ജീവിതം നയിച്ചത്‌ എന്ന കാര്യം ഇവര്‍ വിസ്‌മരിക്കുകയാണ്‌.
സ്വശരീരത്തോട്‌ നീതിപാലിക്കാന്‍ പോലും കഴിയാത്തവരാണ്‌ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം എന്നതാണ്‌ ഏറ്റവും ഖേദകരം. പുകവലിക്കുന്നവര്‍, പുകയില തിന്നുകയോ ചവച്ചു തുപ്പുകയോ ചെയ്യുന്നവര്‍, ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ പരക്കെ അറിയപ്പെട്ട ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കുന്നവര്‍, വിഷാംശം അടങ്ങിയതെന്ന്‌ അറിയാവുന്ന ഭക്ഷണം കഴിക്കുന്നവര്‍, അമിതാഹാരം കഴിക്കുന്നവര്‍, ഡോക്‌ടര്‍ വിലക്കിയ ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കാന്‍ ആര്‍ത്തികാണിക്കുന്നവര്‍ എന്നിങ്ങനെ ആത്മദ്രോഹപരമായ നടപടികളില്‍ ഏര്‍പ്പെടുന്ന എത്രയെത്ര മുസ്‌ലിംകളാണുള്ളത്‌! സ്വന്തം ജീവിത പങ്കാളിയോട്‌ ചില കാര്യങ്ങളില്‍ നീതി പുലര്‍ത്തുന്നത്‌ പെണ്‍േകാന്തന്മാര്‍ക്ക്‌ മാത്രം പറ്റിയ ഏര്‍പ്പാടാണെന്ന്‌ കരുതുന്നവരാണ്‌ നമ്മുടെ സമൂഹത്തിലെ കുറെയാളുകള്‍. മക്കളോട്‌ കര്‍ക്കശമായി പെരുമാറിയാലേ `നിലയും വിലയും' ഉണ്ടാകൂ എന്ന്‌ ധരിച്ചുവശായിട്ടുള്ളവരാണ്‌ പല മുസ്‌ലിം രക്ഷിതാക്കളും.
അയല്‍പക്കക്കാരുമായി എന്തിന്റെയെങ്കിലും പേരില്‍ ഉടക്കിനില്‌ക്കുന്നവരായിരിക്കും മുസ്‌ലിംകളില്‍ പലരും. ഭൃത്യന്മാരെ വരച്ച വരയില്‍ നിര്‍ത്തിയില്ലെങ്കില്‍ അവര്‍ തലയില്‍ കയറും എന്ന കഠോര വീക്ഷണം തന്നെയാണ്‌ പല മുസ്‌ലിം ധനികരും തൊഴിലുടമകളും പുലര്‍ത്തിപ്പോരുന്നത്‌. സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെവിടെയും നീതിക്ക്‌ വിരുദ്ധമായ നിലപാടുകള്‍ മുസ്‌ലിംകളില്‍ നിന്ന്‌ പലപ്പോഴും പ്രകടമാകുന്നു. ഒരു മാതൃകാ സമൂഹമോ മാതൃകാ രാഷ്‌ട്രമോ ലോകത്തിന്‌ മുമ്പാകെ കാഴ്‌ചവെക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയാതെ പോകുന്നതിന്റെ ഒരു പ്രധാന കാരണം നീതിയുടെ ജീവിക്കുന്ന സാക്ഷികളാകാനുള്ള ഈ വൈമനസ്യമാകുന്നു.
സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ്‌ ചിലര്‍ അനീതികാണിക്കുന്നത്‌. അനീതി മുഖേന വ്യക്തിക്കോ സമൂഹത്തിനോ മൗലികമായ യാതൊരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല. എല്ലാ നേട്ടവും അല്ലാഹുവിന്റെ അധീനത്തിലാണെന്നും അവന്റെ നിയമവും വ്യവസ്ഥയും പാലിക്കുന്നതിലൂടെ മാത്രമേ യഥാര്‍ഥനേട്ടങ്ങള്‍ ലഭ്യമാകൂ എന്നുമാണ്‌ സത്യവിശ്വാസികള്‍ ഗ്രഹിക്കേണ്ടത്‌. മുകളില്‍ ഉദ്ധരിച്ച 4:135 സൂക്തം ഈ വിഷയകമായ സൂചനകള്‍ നല്‌കുന്നു. താന്‍ നീതിയില്‍ ഉറച്ചു നിന്നാല്‍ അതുമുഖേന സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ നഷ്‌ടമുണ്ടാകുമെന്ന്‌ കരുതിയാണ്‌ പലരും വക്രത കാണിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത്‌. നേട്ടവും കോട്ടവും ആര്‍ക്കൊക്കെയാണ്‌ ഉണ്ടാകേണ്ടതെന്ന്‌ അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. അനീതി കാണിച്ചുകൊണ്ട്‌ നാം രക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ ആരെയാണോ അവരുടെ കാര്യത്തില്‍ ഏറ്റവും ഉചിതമായ നിലപാട്‌ അല്ലാഹു സ്വീകരിച്ചുകൊള്ളും. അവനാണ്‌ മനുഷ്യരുടെ ഭാഗധേയം നിര്‍ണയിക്കുന്നത്‌. നമ്മുടെ ബാധ്യത നീതിപാലിക്കുകയാണ്‌. അതിലൂടെ ഇഹപര നന്മ ൈകവരുമെന്ന്‌ പ്രത്യാശിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. അല്ലാഹുവിന്റെ സന്തുലിതവും നീതിനിര്‍ഭരവുമായ നിയമങ്ങളെ മറികടന്നിട്ട്‌ ആത്യന്തികമായ ഗുണമുണ്ടാവില്ലെന്ന്‌ മനസ്സിലാക്കേണ്ടത്‌ നീതിമാനായ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അനിവാര്യമായ താല്‌പര്യമാകുന്നു.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.