29 February 2012

അല്ലാഹുവിനെ തമ്പുരാന്‍, നാഥന്‍ എന്നിങ്ങനെ വിളിക്കാന്‍ പാടില്ലേ? SHABAB weekly 03 FEB 2012, Q&A



SHABAB weekly 03 FEB 2012, Q&A

അല്ലാഹുവിനെ തമ്പുരാന്‍, നാഥന്‍ എന്നിങ്ങനെ വിളിക്കാന്‍ പാടില്ലേ?
``അല്ലാഹുവിന്‌ ഏറ്റവും നല്ല 99 നാമങ്ങളുണ്ട്‌. അതില്‍ തമ്പുരാന്‍ പെടുമോ? സ്‌ത്രീലിംഗം തമ്പുരാട്ടി. ബഹുവചനം തമ്പുരാക്കന്മാര്‍. ഒരു ബഹുവചനം വരുന്ന പേര്‌ അല്ലാഹുവിന്‌ വിളിക്കാമോ? നാഥാ എന്നാല്‍ അറബിയില്‍ വിളിച്ചു എന്നാണ്‌ അര്‍ഥം (ഇദ്‌ നാഥാ റബ്ബഹു) തന്റെ റബ്ബിനെ വിളിച്ച സന്ദര്‍ഭം. വിളിച്ചു എന്നര്‍ഥം വരുന്ന നാഥാ എന്നു അല്ലാഹുവിനെ വിളിക്കാമോ? ചിലര്‍ പറയുന്നു, അല്ലാഹുവിന്റെ മലയാളത്തിലെ പേരാകുന്നു ഇതെല്ലാമെന്ന്‌.
എന്നാല്‍ അബ്‌ദുല്ലാ എന്നു അറബിയില്‍ പേരിട്ടിരിക്കുന്നവനെ മലയാളത്തിലാക്കി അല്ലാഹുവിന്റെ അടിമേ-എന്നു വിളിക്കാറുണ്ടോ? ഇല്ലാ എങ്കില്‍ അല്ലാഹുവിന്റെ പേരും അല്ലാഹുവും റസൂലും പറഞ്ഞതു പോലെയേ വിളിക്കാവൂ. മലയാളത്തില്‍ ആക്കാന്‍ പാടില്ല. അല്ലാഹു ഈ വിഷയത്തില്‍ എന്തു പറയുന്നു. സൂറത്തുല്‍ അഅ്‌റാഫ്‌: 180-ാം വചനം നോക്കുക.
അല്ലാഹുവിന്‌ ഏറ്റവും നല്ലതായ (അത്യുല്‍കൃഷ്‌ടമായ) നാമങ്ങളുണ്ട്‌. ആകയാല്‍ (ആ നാമങ്ങള്‍) കൊണ്ടു നിങ്ങള്‍ അവനെ പ്രാര്‍ഥിച്ചു കൊള്ളുക. അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിന്‌ അവര്‍ക്ക്‌ വഴിയേ പ്രതിഫലം നല്‌കപ്പെടും. (അഅ്‌റാഫ്‌ 180)
ഇത്ര വലിയ താക്കീത്‌ ഉണ്ടായിട്ടും മുജാഹിദ്‌ പ്രാസംഗികന്മാര്‍ അല്ലാഹുവിന്‌ ഇരട്ടപ്പേര്‌ (അല്ലാഹു ഇടാത്ത പേര്‌) വിളിച്ചുകൊണ്ടിരിക്കുകയും അത്‌ കേള്‍ക്കുന്ന ജനങ്ങളില്‍ അധികം പേരും തമ്പുരാനെ, നാഥാ എന്നു അല്ലാഹുവിനെ വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതില്‍ മുജാഹിദ്‌ പ്രാസംഗികന്മാരുടെ പങ്ക്‌ വളരെ വലുതാണ്‌. അതു പ്രാസംഗികന്മാര്‍ ഒഴിവാക്കിയാല്‍ വളരെ ആളുകള്‍ക്ക്‌ രക്ഷപ്പെടാം.'' ഒരു നോട്ടീസില്‍ നിന്നുള്ള ഉദ്ധരണിയാണിത്‌. ഇതിനെക്കുറിച്ച്‌ `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്‌?
ബാഹിസ്‌ ; കോഴിക്കോട്‌


അല്ലാഹു എന്ന പദത്തിന്‌ ബഹുവചനവും സ്‌ത്രീലിംഗവും ഇല്ല എന്നതിനാല്‍ അത്‌ അതുല്യവും അദ്വിതീയവുമായ നാമമാണ്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടുള്ള അല്ലാഹുവിന്റെ ഗുണനാമങ്ങളെല്ലാം (ഇവ 99ല്‍ പരിമിതമല്ലെന്നാണ്‌ ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌.) ഈ വിഷയത്തില്‍ ഒരുപോലെയല്ല. റഹ്‌മാന്‍, ഖയ്യൂം പോലുള്ള ചില ഗുണനാമങ്ങള്‍ക്ക്‌ സ്‌ത്രീലിംഗവും ബഹുവചനവും ഇല്ലെങ്കിലും ഇലാഹ്‌, റബ്ബ്‌, മലിക്‌ പോലുള്ള പദങ്ങളുടെ കാര്യം അല്‌പം വ്യത്യസ്‌തമാണ്‌. അല്ലാഹുവെ കുറിക്കാന്‍ പ്രയോഗിക്കുമ്പോള്‍ അവ ലിംഗ-വചന വ്യത്യാസത്തിന്‌ അതീതമായിരിക്കും. വ്യാജദൈവങ്ങളെ കുറിക്കാന്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഇലാഹിന്റെ ബഹുവചനമായ ആലിഹ: പ്രയോഗിച്ചിട്ടുണ്ട്‌..,.  ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ലെങ്കിലും അറബിഭാഷയില്‍ ദേവി എന്ന അര്‍ഥത്തില്‍ ഇലാഹഃ എന്ന പദം പ്രയോഗിക്കാറുണ്ട്‌. എന്നാലും യാഇലാഹീ, യാഇലാഹനാ, യാ ഇലാഹന്നാസി, യാ ഇലാഹല്‍ ആലമീന എന്നിങ്ങനെ അല്ലാഹുവെ വിളിക്കാറുണ്ട്‌. ഇതിന്‌ മതപരമായ വിലക്കൊന്നുമില്ല. റബ്ബ്‌ എന്ന പദത്തിന്‌ ഖുര്‍ആനില്‍ തന്നെ അര്‍ബാബ്‌ എന്ന ബഹുവചനം പ്രയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ടൊന്നും അല്ലാഹുവെ `റബ്ബേ' എന്ന്‌ വിളിക്കാന്‍ പാടില്ലെന്ന്‌ വരുന്നില്ല.
മലിക്‌ എന്നാല്‍ രാജാവ്‌ എന്നര്‍ഥം. ഈ അര്‍ഥമുള്ള മറ്റൊരു മലയാള പദമാണ്‌ തമ്പുരാന്‍. മലിക്‌ എന്നതിന്റെ ബഹുവചനമായ മുലൂക്‌ എന്ന പദം ഖുര്‍ആനില്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്‌. മലിക:/മലികത്ത്‌ (രാജ്ഞി) എന്ന സ്‌ത്രീലിംഗപദവും ഭാഷയില്‍ പ്രയോഗിച്ചുവരുന്നു. മനുഷ്യര്‍ക്കിടയിലെ രാജാവ്‌ എന്ന അര്‍ഥത്തിലും മലിക്‌ എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌. അതൊന്നും അല്ലാഹുവെ യാ മലിക്‌ എന്ന്‌ വിളിക്കുന്നതിന്‌ തടസ്സമാകാവുന്നതല്ല. നബി(സ)യെ ഖുര്‍ആനില്‍ റഹീം എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. എന്നാലും അല്ലാഹുവെ യാറഹീം എന്ന്‌ വിളിക്കാവുന്നതാണ്‌. മലിക്‌, റഹീം പോലെയുള്ള ഗുണനാമങ്ങള്‍ അല്ലാഹുവെ ഉദ്ദേശിച്ച്‌ പ്രയോഗിക്കുന്നത്‌ പരമമായ അര്‍ഥത്തിലും മറ്റുള്ളവരെ ഉദ്ദേശിച്ച്‌ പ്രയോഗിക്കുന്നത്‌ പരിമിതമായ അര്‍ഥത്തിലുമാണ്‌.
വിശുദ്ധ ഖുര്‍ആന്‌ അനേകം ഭാഷകളില്‍ തര്‍ജമകളുണ്ട്‌. അവയില്‍ അല്ലാഹു എന്ന നാമത്തിന്‌ പരിഭാഷ നല്‍കാറില്ലെങ്കിലും റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള ഗുണനാമങ്ങള്‍ക്കെല്ലാം പരിഭാഷ നല്‌കാറുണ്ട്‌. അറബിയിലുള്ള വ്യാഖ്യാനഗ്രന്ഥങ്ങളില്‍ അല്ലാഹുവിന്റെ ഗുണനാമങ്ങളെ മറ്റു പദങ്ങളുപയോഗിച്ച്‌ വിശദീകരിച്ചിട്ടുമുണ്ട്‌. ഇതൊക്കെ അല്‍ ഇല്‍ഹാദു ഫില്‍ അസ്‌മാഇ (ഗുണനാമങ്ങളില്‍ കൃത്രിമം കാണിക്കല്‍) എന്ന വകുപ്പില്‍ ഉള്‍പ്പെടുമെന്ന്‌ പ്രമുഖ പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല. ഖുര്‍ആനിലും ഹദീസിലും പറഞ്ഞ ഗുണനാമങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കുക, ദ്വയാര്‍ഥമുള്ളതോ ദുസ്സൂചന ഉള്‍ക്കൊള്ളുന്നതോ ആയ പദങ്ങള്‍ കൊണ്ട്‌ അല്ലാഹുവെ വിശേഷിപ്പിക്കുക, അല്ലാഹുവിന്റെ ഗുണനാമങ്ങള്‍ കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നാമകരണം ചെയ്യുക തുടങ്ങിയ തെറ്റായ നടപടികളാണ്‌ `ഗുണനാമങ്ങളില്‍ കൃത്രിമം കാണിക്കല്‍' എന്ന വാക്കിന്റെ പരിധിയില്‍ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
അറബിയിലെ  നാദാ (വിളിച്ചു) എന്ന പദവും മലയാളത്തിലെ `നാഥാ' എന്ന വിളിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. റബ്ബ്‌, മൗലാ എന്നീ അറബിപദങ്ങളുടെ അര്‍ഥപരിധിയില്‍ വരുന്ന ഒരു മലയാള പദമാണ്‌ നാഥന്‍. രക്ഷിതാവ്‌, യജമാനന്‍ എന്നീ പദങ്ങളോട്‌ ഒട്ടൊക്കെ സാമ്യതയുള്ളതാണ്‌ നാഥന്‍. റബ്ബുല്‍ ആലമീന്‍ എന്ന വാക്കിന്‌ ലോകരക്ഷിതാവ്‌ എന്നും പ്രപഞ്ചനാഥന്‍ എന്നും പരിഭാഷ നല്‌കപ്പെടാറുണ്ട്‌. അതൊന്നും നാമങ്ങളില്‍ കൃത്രിമം കാണിക്കലല്ല. രക്ഷിതാവ്‌, നാഥന്‍ എന്നീ പദങ്ങളെ അല്ലാഹുവിന്റെ മലയാള പേരുകള്‍ എന്ന നിലയിലല്ല റബ്ബ്‌, മൗലാ എന്നീ ഗുണനാമങ്ങള്‍ക്ക്‌ മലയാളത്തില്‍ നല്‌കാവുന്ന തര്‍ജമ എന്ന നിലയിലാണ്‌ പരിഗണിക്കേണ്ടത്‌. അറബിയിലെ ഗുണനാമങ്ങള്‍ അറബി അറിയാത്തവര്‍ക്ക്‌ പരിചയപ്പെടുത്താന്‍ വിവര്‍ത്തനപദങ്ങള്‍ അനുപേക്ഷ്യമാണല്ലോ.
അബ്‌ദുല്ലാഹി  എന്നതിന്‌ രണ്ട്‌ പ്രയോഗങ്ങളുണ്ട്‌. ഒന്ന്‌ അല്ലാഹുവിന്റെ ദാസന്‍ എന്നര്‍ഥമുള്ള ഭാഷാപദം. 19:30,72:19 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ അര്‍ഥത്തിലാണ്‌ അബ്‌ദുല്ലാഹ്‌ എന്ന വാക്ക്‌ പ്രയോഗിച്ചിട്ടുള്ളത്‌. രണ്ട്‌, അബ്‌ദുല്ലാഹ്‌ എന്ന വ്യക്തി നാമം. നബി(സ)യുടെ പിതാവിന്റെ പേര്‌ അബ്‌ദുല്ലാഹ്‌ എന്നായിരുന്നു. സ്വഹാബികളുടെ കാലം മുതല്‍ ഈ പേരുകാരായ ധാരാളം പേര്‍ മുസ്‌ലിംസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. വ്യക്തിനാമം എന്ന നിലയില്‍ അബ്‌ദുല്ലാഹ്‌ എന്ന വാക്ക്‌ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടില്ല. ഭാഷാപദം എന്ന നിലയില്‍ പ്രയോഗിക്കപ്പെട്ട അബ്‌ദുല്ലാഹിക്ക്‌ അല്ലാഹുവിന്റെ അടിമ/ദാസന്‍ എന്ന്‌ തന്നെയാണ്‌ ഖുര്‍ആന്‍ തര്‍ജമകളില്‍ അര്‍ഥം നല്‌കിയിട്ടുള്ളത്‌. അല്ലാഹുവിന്റെ ദാസന്‍ എന്നര്‍ഥമുള്ള അബ്‌ദുല്ലാഹിക്ക്‌ അറബി വ്യാകരണത്തില്‍ `ഇസ്‌മ്‌' (Noun) എന്നും വ്യക്തിനാമമായ അബ്‌ദുല്ലാഹിക്ക്‌ `അലം' (proper name) എന്നുമാണ്‌ പറയുക.
`അല്ലാഹു' എന്ന പദം ഒരു `അലം' ആകുന്നു. വ്യക്തിനാമങ്ങളെ ആരും പരിഭാഷപ്പെടുത്താറില്ല. റഹ്‌മാനും റഹീമുമൊക്കെ `ഇസ്‌മു'കളാണ്‌. വിവര്‍ത്തനത്തിന്‌ വിധേയമാകുന്ന നാമങ്ങള്‍. ഈ നാമങ്ങളെ വിവിധ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തല്‍ ഇരട്ടപ്പേരിടല്‍ എന്ന പേരില്‍ ആക്ഷേപിക്കപ്പെടേണ്ടതല്ല. അല്ലാഹു സര്‍വജ്ഞനാണ്‌ എന്ന്‌ പറയുകയോ, സര്‍വശക്തനായ അല്ലാഹുവേ എന്ന്‌ വിളിക്കുകയോ ചെയ്‌താല്‍ അത്‌ അല്ലാഹു എന്ന പേരിനു പുറമെ വേറെ രണ്ടു പേരിടല്‍ എന്ന നിലയിലല്ല, അലീം, ഖദീര്‍ എന്നീ ഗുണനാമങ്ങളെ അറബി അറിയാത്തവരുടെ വ്യവഹാര പരിധിയിലേക്ക്‌ കൊണ്ടുവരാനുള്ള നിര്‍ദോഷമായ ശ്രമം എന്ന നിലയിലാണ്‌ വിലയിരുത്തേണ്ടത്‌. മുജാഹിദ്‌ പ്രസംഗകര്‍ മാത്രമല്ല വിവിധ ഭാഷക്കാരായ ഇസ്‌ലാമിക പ്രബോധകരൊക്കെ ഇത്‌ ചെയ്യുന്നുണ്ട്‌. ഭാഷകളുടെ വൈവിധ്യം അല്ലാഹുവിന്റെ ഒരു ദൃഷ്‌ടാന്തമാണെന്ന്‌ ഖുര്‍ആനില്‍ (30:22) വ്യക്തമാക്കിയിട്ടുണ്ട്‌.

Shabab Link

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.