08 March 2012

ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം
- പ്രഭാഷണം - ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌
shabab weekly 02 March 2012.


`രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം' എന്നതായിരുന്നു 1990കളിലെ മുദ്രാവാക്യം. രണ്ട്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ എണ്ണമറ്റ പുതുപുത്തന്‍ രോഗങ്ങളും രോഗാതുരമായ സമൂഹങ്ങളും മനുഷ്യരാശിയുടെ മുന്നില്‍ വന്‍ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. സമഗ്രമായ ആരോഗ്യ ദര്‍ശനത്തിന്റെ അഭാവം വിളിച്ചോതുന്ന ഭീതിദമായ അവസ്ഥ!
ആശുപത്രികളുടെയും ഡോക്‌ടര്‍മാരുടെയും എണ്ണത്തിലും മേന്മയിലും ലോകനിലവാരം പുലര്‍ത്തുന്ന കേരളം, പ്രതിശീര്‍ഷ ആളോഹരി ഔഷധ ഉപഭോഗത്തിലും മുന്നിലാണ്‌. എന്നിട്ടും ഒരു രോഗത്തില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള `രോഗമാറ്റ'മല്ലാതെ യഥാര്‍ഥമായ രോഗശമനം സ്വപ്‌നം മാത്രമായിത്തീരുന്നു.
ആത്മാവും മനസ്സും ശരീരവും ഇഴുകിച്ചേര്‍ന്ന മനുഷ്യനെന്ന മഹാവിസ്‌മയത്തില്‍ നിന്ന്‌ ശരീരത്തെ മുറിച്ചുമാറ്റി ചികിത്സയ്‌ക്ക്‌ വിധേയമാക്കുമ്പോഴുണ്ടാകുന്ന അനര്‍ഥങ്ങള്‍ ചില്ലറയൊന്നുമല്ല. ദൈവത്തിന്റെ അത്ഭുത സൃഷ്‌ടിയായ മനുഷ്യന്‌ ഭയഖേദ നൈരാശ്യങ്ങളില്‍ നിന്നുള്ള സാന്ത്വനവും ശമനവും സമാധാനവും അവന്റെ ദൈവം അവന്‌ ഉറപ്പ്‌ നല്‍കുന്നുണ്ട്‌.
`ഞാന്‍ രോഗിയായാല്‍ എനിക്ക്‌ ശമനം നല്‍കുന്നവനാണെന്റെ ദൈവം' എന്ന്‌ ഇബ്‌റാഹീം(അ) ആശ്വസിക്കുമ്പോള്‍ യാതൊരു വിധ ഉല്‍ക്കണ്‌ഠയും തൊട്ടുതീണ്ടാത്ത ഒരു മനുഷ്യനെയാണ്‌ അദ്ദേഹം നമുക്ക്‌ കാണിച്ചുതരുന്നത്‌.
സകലതും കച്ചവടച്ചരക്കാക്കിമാറിക്കഴിഞ്ഞ ആഗോള സാഹചര്യത്തില്‍ മൂഢ ഭയങ്ങളുടെ പ്രചാരണത്തിലൂടെയാണ്‌ മരുന്ന്‌ കമ്പനികള്‍ വന്‍ലാഭം കൊയ്യുന്നത്‌. ചില ഇടവേളകളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന `പക്ഷിപ്പനി, `പന്നിപ്പനി' തുടങ്ങിയ മൂഢഭയപ്രചാരണ ജ്വരം ഇതിനുദാഹരണമാണ്‌. എത്ര വേലി കെട്ടി നിര്‍ത്താന്‍ ശ്രമിച്ചാലും ഇത്തരം പനികള്‍ ചിലരെ ബാധിക്കുന്നു. എന്നാല്‍ വിശാലമായ അന്തരീക്ഷത്തില്‍ നിന്ന്‌ യഥേഷ്‌ടം ശ്വസിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിനും ഒരു പനിയും ബാധിക്കുന്നില്ല. അവരുടെ മനശ്ശക്തിയും പ്രതിരോധ വ്യവസ്ഥയും ഇതിനെയെല്ലാം അവഗണിച്ചു തോല്‌പിക്കുന്നു.
രോഗശമനം ശരീരത്തില്‍ നിക്ഷിപ്‌തമായ ആന്തരിക ഗുണമാണ്‌. സ്വയം റിപ്പയര്‍ ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി പൂര്‍ണമായി നഷ്‌ടപ്പെട്ടാല്‍ ബാഹ്യ ഇടപെടലുകള്‍ കൊണ്ടൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതാണത്‌. ആന്തരിക ശക്തിസ്രോതസ്സാണ്‌ ശമനത്തിന്റെ പ്രഭവകേന്ദ്രം. ഭ്രൂണാവസ്ഥ മുതല്‍ ശമനമെന്ന പ്രക്രിയ പ്രകൃത്യാ തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഛര്‍ദി ഇല്ലാതെ പോയാല്‍ ഗര്‍ഭം അലസിപ്പോവാനാണ്‌ സാധ്യത. സിക്താണ്ഡത്തിലെ പുംബീജമെന്ന അര്‍ധവസ്‌തുവെ പുറംതള്ളാനുള്ള പ്രതിരോധ വ്യവസ്ഥയുടെ ശ്രമത്തെ ഭക്ഷണം പരമാവധി കുറച്ച്‌ ശരീരത്തിന്റെ ഊര്‍ജസ്വലത കുറച്ചുകൊണ്ട്‌ നിയന്ത്രിക്കാനുള്ള ഒരു സ്വാഭാവിക ക്രമീകരണമാണ്‌ ഗര്‍ഭിണിയുടെ ഛര്‍ദ്ദി. ഇത്‌ ഒരു പ്രയാസകരമായ അനുഭവമാണെങ്കിലും ഇതിലൂടെയാണ്‌ ഭ്രൂണം സംരക്ഷിക്കപ്പെടുന്നത്‌. ഇതുപോലെ ചില രോഗ ലക്ഷണങ്ങള്‍ക്ക്‌ ചില രക്ഷാദൗത്യമുണ്ടായിരിക്കും.
വേദനയാണ്‌ എല്ലാവര്‍ക്കും അസഹനീയമായി തോന്നുന്നത്‌. എന്നാല്‍ യഥാര്‍ഥത്തില്‍ അത്‌ നമ്മെ സംബന്ധിച്ചേടത്തോളം മഹാ അനുഗ്രഹമാണ്‌. മാതാവ്‌ അനുഭവിച്ച പ്രസവ വേദനയാണല്ലോ നമ്മെ ഇവിടെ എത്തിച്ചത്‌. നമ്മുടെ നിലനില്‍പിനും വേദന കൂടിയേതീരൂ. ശരീരത്തില്‍ കത്തി തട്ടി മുറിവേല്‍ക്കുകയോ പൊള്ളലേല്‍ക്കുകയോ ചെയ്‌താല്‍ അറിയാത്ത, വേദന അനുഭവപ്പെടാത്ത അവസ്ഥയിലാണ്‌ ഒരു കുഞ്ഞ്‌ ജനിക്കുന്നതെങ്കില്‍ അവന്റെ നിലനില്‍പ്‌ അപകടത്തിലാകും.
കടുത്ത വേദനയാണ്‌ സുഖപ്രസവത്തിന്‌ കളമൊരുക്കുന്നത്‌. ചിലരില്‍ കൃത്രിമ ത്വരകങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നു. ആവശ്യത്തിലേറെ പാല്‍ ആമാശയത്തിലെത്തിയാല്‍ കുഞ്ഞ്‌ ഛര്‍ദിക്കുന്നതും അഹിതവും അമിതവുമായ ഭക്ഷണം വലിയവരില്‍ പോലും ഛര്‍ദിയുണ്ടാക്കുന്നതും യഥാര്‍ഥത്തില്‍ രോഗമല്ല. ശരീരത്തിന്റെ രക്ഷയ്‌ക്കായുള്ള ബയോ മെക്കാനിസത്തിന്റെ ഭാഗമാണ്‌. വേദനയെന്ന സംവേദനമില്ലായിരുന്നെങ്കില്‍ ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോയാലും ജീവികള്‍ കടിച്ചെടുത്താലും നാമറിയുമായിരുന്നില്ല. കേന്ദ്ര നാഡീവ്യൂഹത്തിലെത്തുന്ന വേദനയെന്ന സന്ദേശമാണ്‌ പരിക്കിനെതിരില്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരകമാകുന്നത്‌. പരിക്കേറ്റ ഭാഗത്തേക്ക്‌ റിപ്പയര്‍ കോശങ്ങള്‍ എത്തിക്കപ്പെടുന്നതും വേദന എന്ന പ്രതിഭാസം മുഖേന തന്നെ. ഡയബറ്റിക്‌ന്യൂറോപ്പതി എന്ന രോഗാവസ്ഥ മൂലം ചില ശരീരഭാഗങ്ങളില്‍ വേദന ഇല്ലാതാകുന്നതാണ്‌ ചില പ്രമേഹരോഗികള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രതിസന്ധി.
ഒരു അമേരിക്കന്‍ ഭിഷഗ്വരനായ ബേണി സീഗളിന്റെ Love, Medicine and Miracle എന്ന ഗ്രന്ഥത്തിലെ ക്യാന്‍സര്‍ ചികിത്സാ അനുഭവക്കുറിപ്പുകള്‍ ശുഭാപ്‌തി വിശ്വാസത്തിന്റെയും മനശ്ശക്തിയുടെയും അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുന്നു. ജീവിതവീക്ഷണത്തിലും ഭക്ഷണരീതികളിലും സ്വഭാവ ശീലങ്ങളിലും പോസിറ്റീവായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്‌ മരുന്നിനെക്കാള്‍ ഫലപ്രദമെന്നും ഏത്‌ രോഗത്തെയും സമചിത്തതയോടെ നിയന്ത്രിച്ച്‌ കൂടുതല്‍ കാലം സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നും ഈ അനുഭവ വിവരണങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു.
മനുഷ്യശരീരമെന്ന അപ്രതിരോധ്യമായ കോട്ടയുടെ അത്ഭുതപ്പെടുത്തുന്ന ജൈവപ്രതിരോധ സംവിധാനത്തിന്റെ ശക്തിയെയും സാധ്യതയെയും കുറിച്ച്‌ ഒന്നുമറിയാതെ `രോഗഭയം' മൂലം വമ്പിച്ച ചൂഷണത്തിനാണ്‌ ഭൂരിഭാഗവും വിധേയരാവുന്നത്‌.
ലോകമെങ്ങും നിറഞ്ഞുനില്‍ക്കുന്ന ബാക്‌ടീരിയ, വൈറസ്‌ തുടങ്ങിയ സൂക്ഷ്‌മ ജീവികളെയും ഒരു സെന്‍സസിലും ഒതുക്കാനാവാത്ത കൊതുകുകളെയും ഭയാശങ്കയോടെ വീക്ഷിക്കുന്നവരിലാണ്‌ രോഗം പെട്ടെന്ന്‌ വന്നെത്തുന്നതെന്നാണ്‌ അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. പേടിയില്ലാത്തവരില്‍ രോഗാണുക്കള്‍ പ്രവേശിച്ചാല്‍ പ്രതിരോധ സംവിധാനത്തിന്റെ ആണിക്കല്ലായ പ്രതിവസ്‌തുക്കള്‍ (Antibodies) കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുകയും അതോടെ അവരുടെ ആരോഗ്യനില കൂടുതല്‍ ഭദ്രമായിത്തീരുകയുമാണ്‌ ഉണ്ടാവുക.
മദ്യം, മയക്കുമരുന്ന്‌, പുകയില, പാന്‍പരാഗ്‌, തെറ്റായ ആഹാര വിഹാരാദികള്‍ എന്നിവയിലൂടെ സ്വന്തം പ്രതിരോധ വ്യവസ്ഥയെ അപചയപ്പെടുത്തിയവരും ഭീരുക്കളുമാണ്‌ പെട്ടെന്ന്‌ രോഗാണുക്കള്‍ക്ക്‌ കീഴടങ്ങുന്നത്‌. അടുത്തിടെ `ദ വീക്ക്‌' വാരികയില്‍ വന്ന ഒരു കുറിപ്പില്‍ പറയുന്നത്‌ അമേരിക്കയില്‍ മുമ്പ്‌ ചിക്കന്‍പോക്‌സ്‌ ബാധിച്ച കുട്ടികളുടെ കൂടെ കളിക്കരുതെന്നാണ്‌ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ഉപദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ അത്‌ മാറി രോഗബാധിതരായ കുട്ടികളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ രക്ഷിതാക്കള്‍ പ്രേരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു. ഈ രോഗം മാറുന്നതോടെ പ്രതിരോധ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ അവര്‍ മനസ്സിലാക്കിയതാണ്‌ ഇതിനു കാരണം. ഭീതിയോടെ പിന്‍മാറുകയല്ല, ധൈര്യമായി നേരിടുകയാണ്‌ വേണ്ടതെന്ന ഇത്‌ തെളിയിക്കുന്നു. ശമനത്തിന്‌ ഭംഗം വരുത്തുന്ന അപകടഘടകങ്ങളില്‍ (Risk factors) ഏറ്റവും വലുത്‌ ഭയമാണെന്ന്‌ ആരോഗ്യശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. ശമനം തികച്ചും ആന്തരികമാണെന്ന്‌ സാരം.
ക്ഷയരോഗത്തെയും വസൂരിയെയും സംബന്ധിച്ച ഭയം വ്യാപകമായിരുന്ന കാലത്ത്‌ ആ രോഗങ്ങള്‍ കാരണം അനേകം പേര്‍ മരണപ്പെട്ടിരുന്നു. ഇന്നോ? ക്യാന്‍സര്‍ രോഗിയാണെന്ന്‌ അറിയുമ്പോള്‍ തന്നെ (സത്യത്തില്‍ ക്യാന്‍സറെന്ന്‌ തെളിഞ്ഞിട്ട്‌ പോലുമുണ്ടാകില്ല) പകുതി ജീവന്‍ പോകുന്നു. പിന്നീടുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ.
ഇന്ന്‌ കാണുന്ന രോഗികളില്‍ പകുതിയോളം പേര്‍ സൈക്കോസൊമാറ്റിക്‌ രോഗികളാണെന്ന്‌ പറയപ്പെടുന്നു. രോഗലക്ഷണങ്ങള്‍ ഉടലിലും ഉറവിടം മനസ്സിലും. ഇതിന്‌ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്‌. വയറിന്റെ പല അസ്വസ്ഥതകളും ശരീരവേദനകളും വിട്ടുമാറാത്ത തലവേദനകളും ഈ ഗണത്തില്‍പെടും. ആശങ്കയും ഉല്‍ക്കണ്‌ഠയും വെറുപ്പും വിദ്വേഷവും ഭയവും സംശയവുമൊക്കെ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌ പല ശാരീരിക പ്രയാസങ്ങളും.
അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ അവിടുത്തെ 25% രോഗികള്‍ പ്ലാസിബോ ഇഫക്‌ടിനാല്‍ രോഗം ഭേദപ്പെടുന്നവരാണെന്ന്‌ കാണിക്കുന്നു. പ്രശസ്‌തനായ ഡോക്‌ടര്‍ അത്യാധുനിക ഔഷധമാണെന്ന്‌ പറഞ്ഞ്‌ ബോധ്യപ്പെടുത്തി നല്‍കുന്ന ഔഷധഗുണമൊന്നുമില്ലാത്ത ഗുളികയാണ്‌ പ്ലാസിബോ. ഇത്‌ കഴിച്ച്‌ പലര്‍ക്കും ശമനാനുഭവം ഉണ്ടാകുന്നു. ഏറ്റവും മികച്ച മരുന്നാണ്‌ താന്‍ കഴിച്ചതെന്ന മനസ്സമാധാനമാണ്‌ രോഗശമനത്തിന്‌ നിമിത്തമാകുന്നത്‌.
പൊതുവെ രോഗങ്ങള്‍ രണ്ട്‌ തരത്തിലാണെന്ന അവബോധം പ്രധാനമാണ്‌. 1) ശ്വാസകോശത്തെ രക്ഷിക്കാനുള്ള തുമ്മല്‍, ആമാശയത്തെ രക്ഷിക്കാനുള്ള ഛര്‍ദ്ദി, വയറിളക്കം എന്നിവപോലെ ശരീരത്തിന്റെ രക്ഷാസംവിധാനത്തിന്റെ (Defence mechanism) ഭാഗമായുള്ള രോഗങ്ങള്‍. ഇവ നമുക്ക്‌ നാശം വരുത്താനുള്ളതല്ല, നമ്മെ നിലനിര്‍ത്താനും രക്ഷിക്കാനുമുള്ളതാണ്‌. 2) നമ്മുടെ തെറ്റായ ജീവിതരീതികള്‍, ആഹാരവിഹാരാദികള്‍, ഭയം, ദുശ്ശീലം, വിഷാംശം തുടങ്ങിയവയാല്‍ നമ്മളുണ്ടാക്കിയെടുക്കുന്ന രോഗങ്ങള്‍. തെറ്റുകള്‍ തിരുത്തി ജീവിതം പുനക്രമീകരിക്കുകയാണ്‌ ഇതിനുള്ള പരിഹാരം.
സ്‌നേഹബഹുമാനങ്ങളും പരസ്‌പര വിശ്വാസവും കാരുണ്യവുമുള്ള ജീവിതശൈലി പ്രധാനമാണ്‌. കുടുംബജീവിതത്തിലും അയല്‍പക്ക ബന്ധത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഒരു സ്‌ട്രസ്‌ഫ്രീ(stress free) കള്‍ച്ചര്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്‌.




Similar speech (old)  by Cheriyamunadam Abdul Hameed madani in this subject    ഖുര്‍ആനിന്‍റെ ആരോഗ്യദര്‍ശനം  (Right click > Save target as)







Related posts
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും 


പന്നിപ്പനി: വഴിതെറ്റിയ വൈദ്യശാസ്ത്രം വരുത്തിവെച്ച വിന 


എന്താണ്‌ രോഗം, എന്താണ്‌ ആരോഗ്യം? ചികിത്സാശാസ്ത്രം വിസ്മരിക്കുന്ന മൗലികതത്വങ്ങള്‍ 


ഭേദമാക്കുകയല്ല; രോഗം `മാറ്റുക'യാണ്‌ ആധുനിക വൈദ്യം - shabab weekly 02 March 2012.- ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ 




No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.