05 May 2012

ഖുര്‍ആനിന്റെ ഒറിജിനല്‍ ഉണ്ടോ?--ശബാബ് 20-4-2012

ഖുര്‍ആനിന്റെ ഒറിജിനല്‍ ഉണ്ടോ?--ശബാബ്  20-4-2012

ഖുര്‍ആനിന്റെ ഒറിജിനല്‍ ഉണ്ടോ?
``ഖുര്‍ആന്റെ ഒറിജിനല്‍ കോപ്പി ഇപ്പോള്‍ ലഭ്യമല്ല. ലഭ്യമായ കോപ്പികള്‍ എ ഡി 900ല്‍ തയ്യാറാക്കിയതാണ്‌. എന്നാല്‍ പുതിയ നിയമത്തിന്റെ എ ഡി 200ല്‍ തയ്യാറാക്കിയ കയ്യെഴുത്തു പ്രതി നിലവിലുണ്ട്‌. പുതിയ നിയമം എഴുതപ്പെട്ടത്‌ എ ഡി 30 മുതല്‍ എ ഡി 90 കാലഘട്ടത്തിലാണ്‌. ലഭ്യമായ കയ്യെഴുത്ത്‌ പ്രതികള്‍ 110 മുതല്‍ 170 വരെ വര്‍ഷത്തിനുള്ളിലുള്ളതാണ്‌. എന്നാല്‍ ഖുര്‍ആനിന്റെ ഇതേ കാലയളവ്‌ 280 വര്‍ഷങ്ങളാണ്‌.'' -ഒരു ക്രിസ്‌ത്യന്‍ സുഹൃത്തിന്റെ ചോദ്യമാണിത്‌. മുസ്‌ലിം എന്തുപറയുന്നു?
മുഹമ്മദ്‌ ഉസ്‌മാന്‍ കോഴിക്കോട്‌

ഖുര്‍ആന്‍ മനുഷ്യരാരും എഴുതിയുണ്ടാക്കിയ ഗ്രന്ഥമല്ല. മുഹമ്മദ്‌ നബി(സ)ക്ക്‌ ജിബ്‌രീല്‍ എന്ന മലക്ക്‌ മുഖേന അല്ലാഹു കേള്‍പ്പിച്ച സൂക്തങ്ങളുടെ സമാഹാരമാണത്‌. ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ നൂറുകണക്കില്‍ ശിഷ്യന്മാര്‍ നബിക്ക്‌ ഉണ്ടായിരുന്നു. ശേഷമുള്ള ഓരോ തലമുറയിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സംഖ്യ നിരന്തരം വര്‍ധിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ അവരുടെ എണ്ണം ലക്ഷക്കണക്കിലാണ്‌. പ്രവാചക തിരുമേനിയുടെ കാലത്തു തന്നെ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിവെച്ച ഏതാനും ശിഷ്യന്മാരുണ്ടായിരുന്നു. അവര്‍ ലിഖിതങ്ങളും മനപ്പാഠവും ഒത്തുനോക്കി ഒറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചത്‌ നബി(സ) ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഏറെ വൈകാതെ ഒന്നാം ഖലീഫ അബൂബക്കറി(റ)ന്റെ കാലത്തായിരുന്നു. അതിന്റെ കൂടുതല്‍ പകര്‍പ്പുകള്‍ എടുത്ത്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ എല്ലാ പ്രവിശ്യകളിലേക്കും അയച്ചുകൊടുത്തത്‌ നബി(സ)യുടെ ജാമാതാവും മൂന്നാം ഖലീഫയുമായ ഉസ്‌മാനാ(റ)ണ്‌. നബി(സ)യുടെ വിയോഗത്തിനു ശേഷം മുപ്പത്‌ വര്‍ഷത്തിനുള്ളിലാണത്‌.
ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂക്തങ്ങളും അനേകായിരം വിശ്വാസികള്‍ പ്രവാചകന്റെ കാലം മുതല്‍ പാരായണം ചെയ്‌തുപോന്നിട്ടുള്ളത്‌ ഒരേ രീതിയിലാണ്‌. അന്നു മുതല്‍ എഴുതപ്പെട്ടുകൊണ്ടിരുന്ന പകര്‍പ്പുകളും ഒരുപോലെ തന്നെ. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ വ്യത്യാസമേ ഇല്ല. നബി(സ)യുടെ കാലത്ത്‌ അറബി അക്ഷരങ്ങള്‍ക്ക്‌ പുള്ളികളോ ചിഹ്‌നങ്ങളോ ഉപയോഗത്തിലില്ലാതിരുന്നതിനാല്‍ ചുരുക്കം ചില പദങ്ങള്‍ ചെറിയ വ്യത്യാസത്തോടെ വായിക്കപ്പെട്ടു എന്നത്‌ ഇപ്പറഞ്ഞതിന്‌ ഒരു അപവാദമല്ല.
ബൈബിള്‍ പുതിയ നിയമം എന്ന്‌ പറയുന്നത്‌ മത്തായി, മാര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നീ നാലുപേര്‍ വേറെ വേറെ എഴുതിയ നാല്‌ പുസ്‌തകങ്ങളും പൗലോസ്‌ പലര്‍ക്കും എഴുതിയ കത്തുകളും മറ്റും ചേര്‍ന്നതാണ്‌. ഇത്‌ യഹോവയോ യേശുവോ എഴുതിയതോ അവര്‍ പറഞ്ഞുകൊടുത്ത്‌ എഴുതിച്ചതോ ആണെന്ന്‌ ഈ പുസ്‌തകങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ക്രൈസ്‌തവ പണ്ഡിതന്മാര്‍ തെളിവ്‌ സഹിതം അങ്ങനെ സമര്‍ഥിച്ചിട്ടുമില്ല. അതിനാല്‍ ഏതാനും പേര്‍ എഴുതിയ പുസ്‌തകങ്ങളെയും കത്തുകളെയും ദൈവികഗ്രന്ഥമാണെന്ന്‌ സ്വയം ഉറപ്പിച്ചു പറഞ്ഞിട്ടുള്ള ഖുര്‍ആനിനോട്‌ തുലനം ചെയ്യുന്നത്‌ തികഞ്ഞ അസംബന്ധമാണ്‌. ഇത്‌ അല്ലാഹു, ലോകരക്ഷിതാവ്‌ അവതരിപ്പിച്ചതാണ്‌ എന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതുപോലുള്ള വല്ല ആധികാരിക പ്രസ്‌താവനയും മത്തായി മുതല്‍ പേരുകാര്‍ എഴുതിയ പുതിയ നിയമ പുസ്‌തകങ്ങളിലുണ്ടോ? മത്തായി എഴുതിയ സുവിശേഷ പ്രകാരം അബ്‌റഹാമിന്റെ (ഇബ്‌റാഹീം നബിയുടെ) നാല്‌പതാമത്തെ പൗത്രനാണ്‌ യേശുക്രിസ്‌തു. എന്നാല്‍ ലൂക്കോസ്‌ എഴുതിയ സുവിശേഷപ്രകാരം അബ്രഹാമിന്റെ അന്‍പതാമത്തെ പൗത്രനാണ്‌ യേശുക്രിസ്‌തു. ഈ രണ്ടു സുവിശേഷങ്ങളും രേഖപ്പെടുത്തിയ വംശാവലി പ്രകാരം യോസേഫിന്റെ മകനാണ്‌ യേശുക്രിസ്‌തു. എന്നാല്‍ യേശുവിന്റെ മാതാവ്‌ കന്യാമറിയമാണെന്ന്‌ ക്രൈസ്‌തവരെല്ലാം ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. യോസേഫിന്റെ പുത്രന്‌ ജന്മം നല്‌കിയ ആള്‍ എങ്ങനെയാണ്‌ കന്യാമാതാവാകുക? ഈ അബദ്ധപ്പഞ്ചാംഗങ്ങള്‍ക്ക്‌ എത്ര പഴക്കമുള്ള കയ്യെഴുത്ത്‌ പ്രതിയുണ്ടായാലും ഒരു വിശേഷവുമില്ല.



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.