15 July 2012

മരിച്ചവരുടെ പേരിലുള്ള ദാനം- എല്ലാവര്‍ക്കും ബാധകമാണോ? - ശബാബ് 01 ജൂണ്‍ 2012


മരിച്ചവരുടെ പേരിലുള്ള ദാനം- എല്ലാവര്‍ക്കും ബാധകമാണോ?
മരിച്ച മാതാപിതാക്കള്‍ക്ക്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടിയല്ലാതെ, മറ്റു ബന്ധുക്കള്‍ക്കോ അന്യര്‍ക്കോ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്യുന്നതിന്‌ ഹദീസില്‍ തെളിവുണ്ടോ?
എ ടി ഇസ്‌മായില്‍ മലപ്പുറം

ഈ വിഷയകമായ എല്ലാ ഹദീസുകളിലും മരിച്ചുപോയ പിതാവിനുവേണ്ടി /മാതാവിനുവേണ്ടി ദാനം ചെയ്യാമോ എന്ന്‌ ചോദിച്ചവര്‍ക്ക്‌ നബി(സ) അനുകൂലമായ മറുപടി നല്‌കിയെന്നാണുള്ളത്‌. മറ്റേതേങ്കിലും ബന്ധുവിനു വേണ്ടിയോ അന്യ വ്യക്തിക്കുവേണ്ടിയോ ദാനം ചെയ്യാമോ എന്ന്‌ നബി(സ)യോട്‌ ആരും ചോദിച്ചതായി ഹദീസുകളില്‍ കാണുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ 53:39 സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്‌ `മനുഷ്യന്‌ അവന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല' എന്നാണ്‌. സ്‌നേഹപരിലാളനകളും ശിക്ഷണവും നല്‌കി വളര്‍ത്തിയ മക്കള്‍ മാതാപിതാക്കളുടെ പ്രയത്‌നത്തിന്റെ ഒരു ഭാഗമാണ്‌. അതിനാല്‍ മക്കള്‍ മാതാവിനോ പിതാവിനോ വേണ്ടി ദാനം ചെയ്‌തതിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുമെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ 53:39 സൂക്തത്തിന്‌ വിരുദ്ധമല്ല.

മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ച ഒരാള്‍ക്ക്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്‌താല്‍ അത്‌ `അയാള്‍ പ്രയത്‌നിച്ചത്‌' എന്ന വാക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ല. പ്രബലമായ ഹദീസില്‍ ആ വിഷയം വന്നിട്ടുമില്ല. അതിനാല്‍ അവര്‍ ഉദ്ദേശിച്ച പരേതന്‌ ആ ദാനത്തിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന്‌ മുഅ്‌തസിലികളും മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. മരിച്ചവര്‍ക്കു വേണ്ടി മക്കളല്ലാത്തവര്‍ ചെയ്യുന്ന ദാനത്തിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുമെന്നാണ്‌ മുഅ്‌തസിലികളല്ലാത്ത പൂര്‍വ പണ്ഡിതന്മാരില്‍ അധികപേരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌. മരിച്ചവര്‍ക്ക്‌ വേണ്ടി ആര്‌ പ്രാര്‍ഥിച്ചാലും അവര്‍ക്ക്‌ പ്രയോജനപ്പെടും എന്നതില്‍ തര്‍ക്കമില്ലാത്തതുപോലെ ആര്‌ ദാനം ചെയ്‌താലും പ്രയോജനം ലഭിക്കേണ്ടതാണ്‌ എന്നത്രെ ആ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ച ന്യായം. പക്ഷേ, ഈ ന്യായം തികച്ചും ശരിയാണോ എന്ന്‌ സംശയമുണ്ടാകാം. കാരണം, മരിച്ച ആള്‍ക്ക്‌ പാപമോചനവും ദൈവികമായ പ്രതിഫലവും ലഭിക്കാന്‍ വേണ്ടി ഒരാള്‍ പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥനയുടെ പ്രതിഫലമല്ല മരിച്ച ആള്‍ക്ക്‌ ലഭിക്കുന്നത്‌. ആ പ്രതിഫലം പ്രാര്‍ഥിച്ച ആള്‍ക്ക്‌ തന്നെയുള്ളതാണ്‌. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചാലുള്ള പ്രയോജനമാണ്‌ പരേതന്‌ ലഭിക്കുന്നത്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.