15 July 2012

ഇസ്‌ലാം ഗോയ്‌ഥെയുടെ നിരീക്ഷണത്തില്‍ / ബര്‍ട്രന്‍ഡ്‌ റസ്സലിന്റെ ഇസ്‌ലാം ചിന്തകള്‍ - ശബാബ് 15 ജൂണ്‍ 2012


ശബാബ് 15 ജൂണ്‍ 2012

ഇസ്‌ലാം ഗോയ്‌ഥെയുടെ നിരീക്ഷണത്തില്‍

ശൈഖ്‌ അബ്‌ദുല്‍ഖാദര്‍ അല്‍മുറാബിത്‌
/ഹാജി അബൂബക്കര്‍ റീഗര്‍

ജര്‍മന്‍ സാഹിത്യത്തിലെ ഏറ്റവും ഉന്നതനായ എഴുത്തുകാരനായിരുന്നു എ ഡി 1749-1832 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജോഹന്‍ വോള്‍വ്‌ഗാംഗ്‌ വി ഗൊയ്‌ഥെ (Johann wolfgang V Goethe). അദ്ദേഹമൊരു കവിയും നോവലിസ്റ്റും നാടക രചയിതാവും തത്വചിന്തകനുമായിരുന്നു. പാശ്ചാത്യ സാഹിത്യലോകത്തെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന്റെ പേരില്‍ അമേരിക്കയിലും യൂറോപ്പിലും ഒട്ടനവധി സ്ഥാപനങ്ങളും സംഘടനകളുമുണ്ട്‌. ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട്‌ അവയില്‍ പെട്ടതാണ്‌. ഈ ലേഖനത്തില്‍ കൊടുത്തിരുന്ന എല്ലാ തെളിവുകളും അദ്ദേഹത്തിന്റെ തന്നെ രചനകളില്‍ നിന്നോ അദ്ദേഹം കൂട്ടുകാര്‍ക്കയച്ച കത്തുകളില്‍ നിന്നോ എടുത്തിട്ടുള്ളവയാണ്‌.ചെറുപ്പമായിരിക്കെത്തന്നെ പൗരസ്‌ത്യ രാജ്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഗൊയ്‌ഥെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിതാവ്‌ നിയമപഠനത്തിനാണ്‌ അദ്ദേഹത്തെ അയച്ചത്‌.
അറേബ്യയിലേക്കുള്ള ആദ്യ പാശ്ചാത്യയാത്രികരെക്കുറിച്ച്‌ നല്ല മതിപ്പായിരുന്നു അദ്ദേഹത്തിന്‌. വിസ്‌മയകരമായ ആ യാത്രയെക്കുറിച്ച്‌ യാത്രികരായ മൈക്കെളീസും നീബുറും (Michaelis, Niebuhr) എഴുതിയതെല്ലാം അദ്ദേഹം വായിച്ചുതീര്‍ത്തിരുന്നു. 1814-15 കാലഘട്ടത്തില്‍ തന്റെ കൃതിയായ `ദിവാന്‍' എഴുതുമ്പോള്‍ പൗലുസ്‌, ലോര്‍സ്‌ ബാച്ച്‌, കൊസെഗാര്‍ട്ടെന്‍ എന്നീ പ്രൊഫസറര്‍മാരില്‍ നിന്നും പൗരസ്‌ത്യ നാടുകളെക്കുറിച്ച്‌ പഠിക്കുന്നുണ്ടായിരുന്നു അദ്ദേഹം. തനിക്കു ലഭിച്ച അറബി കയ്യെഴുത്തു പ്രതികളും ഖുര്‍ആനെക്കുറിച്ചുള്ള അറിവും അറബിഭാഷ പഠിക്കാന്‍ അതിയായ ആഗ്രഹം അദ്ദേഹത്തിലുളവാക്കി. അറബിഭാഷയിലുള്ള ഏതാനും ദുആകള്‍ സ്വന്തം കൈകള്‍ക്കൊണ്ടു തന്നെ അദ്ദേഹം പകര്‍ത്തിയെഴുതി. ശേഷമെഴുതി: ``മറ്റൊരു ഭാഷയിലും ആത്മാവും പദവും അക്ഷരവും ഇത്ര മൗലികമായ രീതിയില്‍ ഒന്നിക്കുന്നില്ല.'' (Letter to Schlosser, 23-1-1815, WA IV, 25,165)
തന്റെ എഴുപതാം വയസ്സില്‍ അദ്ദേഹമെഴുതി: ``ആകാശത്തു നിന്നും ഖുര്‍ആന്‍ പൂര്‍ണമായും പ്രവാചകന്‌ ലഭിച്ച ആ രാത്രിയെ ആദരവോടെ ആഘോഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.'' (Notes and Essays to the Divan, WAI, 17,153). ``ഈ ആശയത്തിന്റെ ഉന്നതമായ പ്രയോഗക്ഷമതയെക്കുറിച്ച്‌ ആരും അതിശയപ്പെടില്ല'' എന്നും ``വളരെ ഫലപ്രദമായി അനശ്വരമായി ഈ ഗ്രന്ഥം നിലനില്‌ക്കും'' എന്നും അദ്ദേഹമെഴുതി (WAI,7,35/36)
1771-72 കാലഘട്ടത്തില്‍ തന്റെ ഊര്‍ജിതമായ ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ കൈയെഴുത്തു പ്രതികള്‍ വീമറിലെ ഗൊയ്‌ഥെ ആന്‍ഡ്‌ ഷില്ലെര്‍ ആര്‍ക്കെവ്‌സില്‍ ഇപ്പോഴുമുണ്ട്‌. വീമറിലെ ഡ്യൂക്ക്‌ കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കും മുമ്പില്‍ ജെ വി ഹാമ്മറിന്റെ ജെര്‍മന്‍ ഭാഷയിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനം ഗൊയ്‌ഥെ ഉറക്കെ വായിച്ചിരുന്നു. ഇതിനു സാക്ഷികളായ ഷില്ലറും ഭാര്യയും ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. (Schiller's letter to knebel, 22-2-1815) ലാറ്റിനിലും ഇംഗ്ലീഷിലും ജെര്‍മനിയിലും ഫ്രഞ്ചിലുമുള്ള എല്ലാ ഖുര്‍ആന്‍ പരിഭാഷകളും ന്യൂനതകളുള്ളതാണെന്ന്‌ അഭിപ്രായമുണ്ടായിരുന്നതിനാല്‍ പുതിയ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ തേടിക്കൊണ്ടിരുന്നു അദ്ദേഹം. തന്റെ `ദിവാനി'ല്‍ ഗൊയ്‌ഥെ എഴുതി:
ഖുര്‍ആന്‍ അനശ്വരമാണോ?
ഞാനത്‌ ചോദ്യം ചെയ്യുന്നില്ല
ഗ്രന്ഥങ്ങളുടെ ഗ്രന്ഥമാണത്‌
ഒരു മുസ്‌ലിമിന്റെ
ബാധ്യതയെന്ന നിലയില്‍
ഞാനത്‌ വിശ്വസിക്കുന്നു.
(WA I, 6, 203)


അറബിഭാഷയിലുള്ള കൈപുസ്‌തകങ്ങളും ഗ്രാമര്‍പുസ്‌തകങ്ങളും യാത്രാവിവരങ്ങളും കവിതകളും ഗദ്യസമാഹാരങ്ങളും പ്രവാചകന്റെ(സ) ജീവചരിത്രവും ഗൊയ്‌ഥെ വായിച്ചിരുന്നു. ഇവയെക്കുറിച്ച്‌ പണ്ഡിതന്മാരുമായി ചര്‍ച്ചചെയ്യുകയും ചെയ്‌തിരുന്നു. ഹാഫിസിന്റെ `ദിവാന്‌' ഹാമ്മര്‍ എഴുതിയ ജര്‍മന്‍ വിവര്‍ത്തനം ഗൊയ്‌ഥെ ഇഷ്‌ടപ്പെട്ടു. അക്കാലത്തെ വിവിധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും അദ്ദേഹം പഠിച്ചു. ഇതാണ്‌ West Ostlicher Divan എഴുതാന്‍ അദ്ദേഹത്തിന്‌ പ്രചോദനമായത്‌. `ദിവാനി'ലെ പല പദ്യങ്ങളും ഖുര്‍ആനിലെ ആയത്തുകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ എഴുതിയതാണ്‌ (Momm sen, p. 269-274 കാണുക)
സുല്‍ത്താന്‍ സലീമില്‍ നിന്നും റൂമിയുടെയും ഷാമിയുടെയും ഹാഫിസിന്റെയും സഅദിയുടെയും അത്താറിന്റെയും അറബിഭാഷയിലെ ഒറിജിനല്‍ കൈയെഴുത്തു പ്രതികളും, ഖുര്‍ആന്‍ തഫ്‌സീര്‍, ദുആകള്‍, അറബി-തുര്‍ക്കിഷ്‌ ഡിക്‌ഷണറി, അടിമകളുടെ മോചനം, കൊടുക്കല്‍ വാങ്ങല്‍, പലിശ എന്നിവയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും ഗൊയ്‌ഥെ വാങ്ങിയിരുന്നു.
ഖുര്‍ആനിലെ അവസാന അധ്യായമായ സൂറതുന്നാസിന്റെ അറബിഭാഷയിലുള്ള ഒരു പഴയ കൈയെഴുത്ത്‌ പ്രതി 1813 ശരത്‌കാലത്ത്‌ സ്‌പെയിനില്‍ നിന്നും വന്ന ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കൊണ്ടുവന്നത്‌ കേവലം യാദൃച്ഛിക സംഭവമായല്ല ഗൊയ്‌ഥെ കണ്ടത്‌. അര്‍ഥപൂര്‍ണമായ ദൈവികവിധിയുടെയും ദൈവിക ദൃഷ്‌ടാന്തങ്ങളുടെയും ഭാഗമായാണ്‌ അദ്ദേഹം ആ സംഭവത്തെ കണ്ടത്‌. ഈ കൈയെഴുത്തുപ്രതി കണ്ടെത്താന്‍ സഹായിച്ച ജെനയിലെ പ്രൊഫസര്‍മാരുടെ സഹായത്തോടെ ഗോയ്‌ഥെ അത്‌ പകര്‍ത്തിയെഴുതാന്‍ ശ്രമിച്ചു. വീമറിലെ പ്രൊട്ടസ്റ്റന്റുകാരുടെ ജിംനേഷ്യത്തില്‍ വെച്ച്‌ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടറുടെ സൈന്യത്തിലെ ഇഷ്‌കിര്‍ മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുന്നത്‌ ഗൊയ്‌ഥെ കണ്ടു.
ഗൊയ്‌ഥെ എഴുതി: ``മുമ്പ്‌ ഒരു പ്രവാചകന്‌ പറയാന്‍ അനുമതി ലഭിക്കാത്ത കാര്യങ്ങള്‍ ഇക്കാലത്ത്‌ ഇവിടെ നടക്കുന്നു എന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നു. ഒരു മുഹമ്മദീയ രീതിയിലുള്ള പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും നമ്മുടെ പ്രൊട്ടസ്റ്റന്റുകാരുടെ ജിംനേഷ്യത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്നു എന്നു പറയാന്‍ ഏതാനും വര്‍ഷം മുമ്പ്‌ ആര്‍ക്കാണ്‌ അനുമതിയുണ്ടായിരുന്നത്‌. എന്നാല്‍ അത്‌ സംഭവിക്കുകയും നാമതില്‍ പങ്കെടുക്കുകയും അവരുടെ മുല്ലയെ കാണുകയും അവരുടെ രാജകുമാരനെ അതിലേക്ക്‌ സ്വാഗതം ചെയ്യുകയും ചെയ്‌തു. ഒരു അമ്പും വില്ലും അവരെനിക്കു സമ്മാനിച്ചു. അവര്‍ക്കതു തിരിച്ചുനല്‍കുന്നതുവരെ ഓര്‍മയ്‌ക്കായി ഞാന്‍ അത്‌ എന്റെ ചിംനി വിളക്കിനു മുകളില്‍ തൂക്കിയിടും.'' (Letter to Trembra, 5.1 1814, WA IV, 24,91)
തന്റെ മകനയച്ച കത്തില്‍ ഗൊയ്‌ഥെ എഴുതി: ``നമ്മുടെ പല ദൈവഭക്തരായ സ്‌ത്രീകളും ലൈബ്രറിയില്‍ നിന്നും ഖുര്‍ആന്റെ വിവര്‍ത്തനം ആവശ്യപ്പെട്ടു'' (17.1.1814, WA IV, 24, 1814). മുമ്പൊരു ജര്‍മന്‍കാരനും കാണിക്കാത്ത താല്‌പര്യം ഗൊയ്‌ഥെയ്‌ക്ക്‌ ഇസ്‌ലാമിനോടുണ്ടായിരുന്നു. 24-2-1816ല്‍ അദ്ദേഹമെഴുതി: ``കവി (ഗൊയ്‌ഥെ) താന്‍ മുസ്‌ലിം തന്നെയാണെന്ന്‌ സംശയിക്കപ്പെടുന്നതിനെ നിഷേധിക്കുന്നില്ല.'' (WA I, 41, 86) `ദിവാനി'ലെ മറ്റൊരു പദ്യത്തില്‍ ഗൊയ്‌ഥെ എഴുതുന്നു: ``എല്ലാവരും സ്വന്തം കാര്യത്തില്‍ സ്വന്തം അഭിപ്രായത്തെ പ്രശംസിക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. ദൈവത്തിന്‌ കീഴടങ്ങലാണ്‌ ഇസ്‌ലാമെങ്കില്‍ നാമെല്ലാം ഇസ്‌ലാമില്‍ ജീവിക്കും മരിക്കും.'' (WA I .6.128)
ഖുര്‍ആന്റെ ഭാഷയുടെ സൗന്ദര്യവും ഗാംഭീര്യവും ഗൊയ്‌ഥെയെ വിസ്‌മയിപ്പിച്ചു. എങ്കിലും അദ്ദേഹം ഏറ്റവുമധികം ആകൃഷ്‌ടനായത്‌ ദൈവത്തിന്റെ ഏകത്വം എന്ന ഖുര്‍ആന്റെ മതപരവും തത്വചിന്താപരവുമായ ആശയത്തിലായിരുന്നു. സൃഷ്‌ടികള്‍ അഥവാ പ്രകൃതിയില്‍ നിന്ന്‌ ദൈവത്തെ കുറിച്ചുണ്ടാകുന്ന ബോധ്യം ഗൊയ്‌ഥെയുടെ രചനകളുടെ ഒരു പ്രധാന പ്രമേയമാണ്‌. അദ്ദേഹം ആകാംക്ഷയോടെ ഖുര്‍ആന്‍ പഠനത്തിലേര്‍പ്പെട്ട ആദ്യനാളുകളില്‍ ഖുര്‍ആന്‍ വചനങ്ങളും അതിന്റെ നേരിട്ടുള്ള വിവര്‍ത്തനവും ഭാഗികമായി പകര്‍ത്തിയെഴുതി.
ദൈവിക നിയമങ്ങളുടെ അടയാളങ്ങളാണ്‌ പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും എന്ന്‌ മനുഷ്യനെ പഠിപ്പിക്കുന്ന വിവിധ ഖുര്‍ആന്‍ വചനങ്ങള്‍ ഗൊയ്‌ഥെ പകര്‍ത്തിയെഴുതി. വ്യത്യസ്‌ത പ്രതിഭാസങ്ങളുടെ ബാഹുല്യം ഏകദൈവത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഏകദൈവത്വവും കാരുണ്യവും പഠിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധമായിരുന്നു ഗൊയ്‌ഥെയുടെ ഇസ്‌ലാമിനോടുള്ള സഹതാപത്തിനും സ്‌നേഹത്തിനും കാരണം. കൊതുകിനെ ഉദാഹരിക്കുന്ന സൂറതുല്‍ ബഖറയിലെ 26-ാം വചനം ഉദ്ധരിച്ചുകൊണ്ട്‌ `ചെറിയതിലാണ്‌ ദൈവത്തിന്റെ മഹത്വം' നാം മനസ്സിലാക്കേണ്ടതെന്ന്‌ അദ്ദേഹമെഴുതി.
പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യവര്‍ഗത്തോട്‌ സംസാരിക്കുന്നു എന്ന യാഥാര്‍ഥ്യം ഗൊയ്‌ഥെയെ വളരെ ആകര്‍ഷിച്ചു. സൂറതു ഇബ്‌റാഹീമിലെ നാലാമത്തെ വചനം ഉദ്ധരിച്ചുകൊണ്ട്‌ 1819 ല്‍ ഗൊയ്‌ഥെ എഴുതി: ``ഖുര്‍ആനില്‍ ദൈവം പറയുന്നത്‌ സത്യമാണ്‌. ജനങ്ങള്‍ക്ക്‌ അവരുടെ ഭാഷയിലല്ലാതെ നാം യാതൊരു ദൈവദൂതനെയും നിയോഗിച്ചിട്ടില്ല.'' (Letter to A.O. Blumenthal, 28-5-1819, WA IV, 31,160). അതേ ആയത്തിനെ പരാമര്‍ശിച്ചുകൊണ്ട്‌ ഗൊയ്‌ഥെ കാര്‍ലൈലിനെഴുതി: ``ഖുര്‍ആന്‍ പറയുന്നു: ദൈവം ഓരോ ജനതയിലേക്കും അവരുടെ ഭാഷയില്‍ പ്രവാചകനെ നിയോഗിച്ചിട്ടുണ്ട്‌.'' (20.7.1827, WA IV, 42, 270). പിന്നീട്‌ ജെര്‍മന്‍ റൊമാന്‍സ്‌ എന്ന മാഗസിനില്‍ 1827ലെഴുതിയ ഒരു ലേഖനത്തിലും ഗൊയ്‌ഥെ ഇതേ കാര്യം പരാമര്‍ശിക്കുന്നുണ്ട്‌. (German Romance,Vol. IV, Edingurgh 1827 (WA I,41,307)
തന്റെ `മഹോമെത്‌' (Mahomet) എന്ന രചനയില്‍ പ്രവാചകനെ(സ) പ്രശംസിക്കുന്ന മഹോമെത്‌സ്‌ ഗെസാംഗ്‌ എന്ന ഗീതമുണ്ട്‌. ചെറുതായി ആരംഭിച്ച്‌ വലുതായി വളര്‍ന്ന്‌ സമുദ്രത്തിലെത്തിച്ചേരുന്ന അരുവിയോട്‌ പ്രവാചകനെ(സ) ഗോയ്‌ഥെ ഉപമിക്കുന്നു. മറ്റുള്ള ആളുകളെയും കൂടെ കൂട്ടിക്കൊണ്ടുപോകുന്നതിനെ ചെറിയ അരുവികളെയും പുഴകളെയും കൂടെ വഹിച്ചുകൊണ്ടൊഴുകുന്ന പുഴയോടാണ്‌ അദ്ദേഹം താരതമ്യപ്പെടുത്തുന്നത്‌. 27-01-1816 ല്‍ ദിവാനില്‍ ഗൊയ്‌ഥെ എഴുതി: ``സൃഷ്‌ടികളുടെ നേതാവ്‌ മുഹമ്മദ്‌'' (WAI, 6, 482)
സത്യമതത്തെ സല്‍പ്രവൃത്തിയില്‍ നിന്ന്‌ അറിയാന്‍ കഴിയും. ആവശ്യക്കാര്‍ക്ക്‌ സ്വദഖ നല്‌കുന്ന പ്രവൃത്തിയെ ഗോയ്‌ഥെ പ്രത്യേകിച്ചും ഇഷ്‌ടപ്പെട്ടു. ദിവാനിലെ പല കവിതകളിലും കൊടുക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ച്‌ ഗൊയ്‌ഥെ സംസാരിക്കുന്നു.
കൊടുക്കുന്നതിന്റെ സന്തോഷം
ശരിക്ക്‌ അറിയുമെങ്കില്‍
നിങ്ങളെപ്പോഴും നല്‌കും.
(WA I, 6, 70)

യാദൃച്ഛികത എന്ന ആശയത്തോട്‌ നന്നായി വിയോജിച്ചിരുന്നു അദ്ദേഹം. ``ആളുകള്‍ക്ക്‌ അവരുടെ പരിശ്രമങ്ങളില്‍ മനസ്സിലാക്കാന്‍ കഴിയാത്തതും മനസ്സിലാകാത്തതും യാദൃച്ഛികതയെയാണ്‌. കൃത്യമായും ഇത്‌ ദൈവനിശ്ചയമാണ്‌. ഏറ്റവും നിസ്സാരവസ്‌തുവിനെപ്പോലും മഹത്വപ്പെടുത്തിക്കൊണ്ട്‌ നേരിട്ടിടപെടുന്നു ദൈവം.'' (റീമറുമായുള്ള സംഭാഷണത്തില്‍ നിന്ന്‌, നവംബര്‍ 1807)
ദൈവനിശ്ചയത്തില്‍ ഉറച്ചവിശ്വാസം ഉണ്ടായിരുന്നു ഗൊയ്‌ഥെയ്‌ക്ക്‌. ദിവാനിലെ ഒരു വചനമിങ്ങനെയാണ്‌: ``ഞാനൊരു മണ്ണിരയാവണമെന്ന്‌ അല്ലാഹു തീരുമാനിച്ചിരുന്നെങ്കില്‍, അവനെന്നെ മണ്ണിരയായിട്ട്‌ പടച്ചേനെ.'' (WA I, 6, 113) ``അപ്രാപ്യവും പര്യവേക്ഷണം നടത്താന്‍ സാധിക്കാത്തതുമായ ദൈവനിശ്ചയത്തില്‍ നിന്നാണ്‌ വിസ്‌മയകരമായ സന്മാര്‍ഗവും ഉപജീവനവും ലഭിക്കുന്നത്‌. അവ യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച്‌ പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ദൈവേച്ഛക്ക്‌ പൂര്‍ണമായി കീഴ്‌പ്പെടലാണ്‌ ശരിയായ ഇസ്‌ലാം.'' (WAI, 7, 151 ff) ദൈവനിശ്ചയത്തെ നന്ദിയോടെ സ്വീകരിക്കുകയും അതിന്‌ എതിര്‌ നില്‌ക്കാതിരിക്കുകയും ചെയ്യുന്നു ഗൊയ്‌ഥെ.
1816ല്‍ മറിയാനെ വോണ്‍ വില്‍മെരിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്ര ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കോച്ചിനുണ്ടായ അപകടത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഏറെ ഹൃദയവര്‍ജകമായ ഒരു ഉദാഹരണമാണ്‌. തന്റെ ഭാര്യയായിരുന്ന ക്രിസ്‌തിനയുടെ മരണശേഷം ആ കോച്ചിനെ വിവാഹം കഴിക്കാന്‍ ഗൊയ്‌ഥെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോച്ചിനുണ്ടായ അപകടത്തെ തന്റെ ആഗ്രഹവുമായി മുന്നോട്ടു പോകാതിരിക്കാനുള്ള കൃത്യമായ മുന്നറിയിപ്പായി പരിഗണിച്ച്‌ തന്റെ ആദ്യത്തെ ഉദ്ദേശത്തില്‍ നിന്നും പൂര്‍ണമായി പിന്‍വലിയുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അതിനുശേഷം ഗൊയ്‌ഥെ എഴുതി: ``അങ്ങനെ നാം ഇസ്‌ലാമില്‍ നില്‍ക്കണം (അഥവാ ദൈവേച്ഛയുടെ പൂര്‍ണമായ കീഴ്‌വണക്കത്തില്‍....'' (WA IV 27, 123)
അദ്ദേഹം പറഞ്ഞു: ഇതിലേറെ എനിക്കു നിന്നോട്‌ പറയാനാവില്ല. ഇവിടെ ഞാന്‍ ഇസ്‌ലാമില്‍ നിലകൊള്ളാന്‍ പരിശ്രമിക്കുന്നു'' (Letter to Zelter, 20.9.1820 WA IV, 33, 240)
1831ല്‍ കോളറ പിടിപെട്ട്‌ പലരും മരിച്ചപ്പോള്‍ തന്റെ ഒരു സുഹൃത്തിനെ ഗോയ്‌ഥെ ആശ്വസിപ്പിച്ചു: ``ഇവിടെ ഒരാള്‍ക്കും മറ്റാരെയും ഉപദേശിക്കാനാവില്ല. ഓരോരുത്തരും സ്വയംതന്നെ തീരുമാനിക്കണം. നാമെല്ലാം ഇസ്‌ലാമില്‍ ജീവിക്കുന്നു. നമുക്ക്‌ സ്വയം പ്രോത്സാഹനം ലഭിക്കുന്ന ഏതൊരു മാര്‍ഗം നാം തെരഞ്ഞെടുത്താലും'' (Letter to Adele Schopenhauer, 19.9.2831, WA IV 49,87)
സുഭാഷിതങ്ങളടങ്ങിയ ഒരു ഗ്രന്ഥം സമ്മാനിച്ച വില്ലിമര്‍ എന്ന സുഹൃത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ 1820ല്‍ ഗോയ്‌ഥെ എഴുതി: ``ഇത്‌ യോജിക്കുന്നു. എല്ലാ മതപരവും യുക്തവുമായ കാഴ്‌ചപ്പാടിനോട്‌. ഉടനെയോ വൈകാതെയോ ഇത്‌ ഇസ്‌ലാമാണെന്ന്‌ നാം സമ്മതിക്കേണ്ടതുണ്ട്‌.'' (WA IV 34, 50). 1972ല്‍ ഫ്രാന്‍സിനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഒരാളെന്ന നിലയില്‍, ദൈവവിധിയിലുള്ള വിശ്വാസത്തിന്റെ ഏറ്റവുംശുദ്ധമായ പ്രകടനം ഇസ്‌ലാമിലാണെന്ന്‌ ഗൊയ്‌ഥെ പറഞ്ഞു: ``മുഹമ്മദിന്റെ മതം ഇതിന്‌ ഏറ്റവും നല്ല തെളിവ്‌ നല്‍കുന്നു'' (WA I, 33, 123)
പ്രവാചകനും കവിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മുഹമ്മദ്‌ നബി(സ)യെ പ്രവാചകനായി അംഗീകരിച്ചുകൊണ്ടും ഗൊയ്‌ഥെ പറയുന്നു: ``അദ്ദേഹമൊരു പ്രവാചകനാണ്‌, കവിയല്ല. അതുകൊണ്ട്‌ ഖുര്‍ആനെ ദൈവികനിയമമായി കാണണം. വിദ്യാഭ്യാസത്തിനോ വിനോദത്തിനോ വേണ്ടി മനുഷ്യന്‍ രചിച്ച ഗ്രന്ഥമായല്ല'' (WA I, 7, 32)
ഗൊയ്‌ഥെയും ക്രിസ്‌തുമതവും
``ക്രിസ്‌തുമതത്തിന്റെ തത്ത്വങ്ങളില്‍ വേണ്ടത്ര വിഡ്‌ഢിത്തമുണ്ടെന്ന്‌ ഗൊയ്‌ഥെ പറഞ്ഞു: (11.3.1832ല്‍ എക്കെര്‍മാനുമായുള്ള സംഭാഷണം). പരലോകജീവിതത്തിനു വേണ്ടി മാത്രം കാത്തിരിക്കുകയും ഇഹലോക ജീവിതത്തില്‍ ദൈവം നല്‍കിയ ഓരോ നിമിഷത്തെയും വിലകുറച്ച്‌ കാണുകയും ചെയ്യുന്ന ക്രിസ്‌തീയ സമീപനത്തേക്കാള്‍ വിലയേറിയ വര്‍ത്തമാന കാല നിമിഷങ്ങള്‍ക്ക്‌ ഗൊയ്‌ഥേ പ്രാധാന്യം നല്‍കി. ദിവാനിലെ ഒരു കവിതയില്‍ യേശുവിനെക്കുറിച്ചുള്ള ക്രിസ്‌ത്യന്‍ കാഴ്‌ചപ്പാടിനെ നിഷേധിക്കുകയും അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌ ഗൊയ്‌ഥെ.
വിശുദ്ധനായ യേശു ശാന്തമായ്‌ ചിന്തിച്ചു.
ഒരേയൊരു ദൈവം
താന്‍ സ്വയമൊരു ദൈവമാകുന്നത്‌
ദൈവത്തിന്റെ ഇഷ്‌ടത്തിനെതിരാണ്‌
അങ്ങനെ സത്യം തിളങ്ങണം
മുഹമ്മദിന്‌ ലഭിച്ചതെന്തോ അത്‌
ഏകന്‍ എന്ന പ്രയോഗത്തിലൂടെ
ലോകമാകെയും അദ്ദേഹം കീഴടക്കി. (WAI,288)

യേശുവിനെയും മുഹമ്മദ്‌ നബി(സ)യെയും കൂടാതെ അബ്രഹാം, മോശെ, ഡേവിഡ്‌ എന്നിവരെയും ഏകദൈവത്വത്തിന്റെ പ്രതിനിധികളായി താഴെക്കാണുന്ന വരികളിലൂടെ ഗൊയ്‌ഥെ പരിചയപ്പെടുത്തുന്നു. കുരിശടയാളത്തോട്‌ ഗൊയ്‌ഥെയ്‌ക്ക്‌ വെറുപ്പായിരുന്നു എന്നത്‌ അറിയപ്പെട്ട യാഥാര്‍ഥ്യമാണ്‌.
ഇപ്പോള്‍ നിങ്ങള്‍ ഒരു ചിഹ്‌നവുമായി വരുന്നു
ഞാന്‍ എല്ലാത്തിലുമധികം വെറുക്കുന്നതതാണ്‌.
ഈ എല്ലാ ആധുനിക വിഡ്‌ഢിത്തങ്ങളും
നിങ്ങളെെന്ന ഷിറാസിലേക്ക്‌
കൊണ്ടുവരാന്‍ പോകുന്നു
ഞാന്‍ അതിന്റെ എല്ലാ കാഠിന്യത്തോടെയും
പാടണമോ?

Wilhelm Meisters Wanderijahreയില്‍ കുരിശിനെക്കുറിച്ച്‌ ഗൊയ്‌ഥെ തുറന്നെഴുതി. ``ശപിക്കപ്പെട്ട ധിക്കാരം... സഹനത്തിന്റെ ദൈവികമായ അഗാധതയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍കൊണ്ട്‌ കളിക്കുന്നു. ശരീരം മുഴുവന്‍ മൂടുന്ന വസ്‌ത്രംകൊണ്ട്‌ അതിനെ മറയ്‌ക്കുകയാണ്‌ ചെയ്യേണ്ടത്‌.
ദിവാനിലെ ഏഴ്‌ ഉറക്കക്കാര്‍ (Seven sleepers) എന്ന കവിതയില്‍ ഗൊയ്‌ഥെ യേശുവിനെ പ്രവാചകനെന്നു വിളിക്കുന്നു.
പല വര്‍ഷങ്ങളോളം എഫേസസ്‌
പ്രവാചകന്‍ ജീസസിന്റെ
അധ്യാപനങ്ങളെ ആദരിക്കുന്നു
(നല്ലവനില്‍ ദൈവത്തിന്റെ ശാന്തിയുണ്ടാവട്ടെ)
(WA I, 6, 269)

മുകളില്‍ പറഞ്ഞ തെളിവുകളും ഗൊയ്‌ഥെയുടെ അടുത്ത സുഹൃത്തുക്കളായ തോമസ്‌ കാര്‍ലൈല്‍, ഷില്ലര്‍ എന്നിവരുടെ രചനകളും പരിശോധിക്കുമ്പോള്‍ വ്യക്തമായ തീര്‍പ്പിലെത്താന്‍ നമുക്ക്‌ സാധിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ ശാസ്‌ത്രരചനകളിലൂടെയും ഈ ലോകം ദൈവം സൃഷ്‌ടിച്ചതാണെന്നും സൃഷ്‌ടിപ്പില്‍ സൃഷ്‌ടികള്‍ക്ക്‌ പങ്കില്ലെന്നുമുള്ള കാഴ്‌ചപ്പാടാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌.
ഒരിസ്‌ലാമേതര രാജ്യത്ത്‌ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഗൊയ്‌ഥെ ശഹാദത്ത്‌ കലിമയോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുകയും അല്ലാഹു ഏകനാണെന്നും അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ) ദൈവികദൂതനാണെന്നും അംഗീകരിക്കുകയും ചെയ്‌തിരുന്നു. നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ എന്നിവയെക്കുറിച്ച്‌ വേണ്ടത്ര വിവരം ലഭിച്ചിരുന്നില്ലെങ്കിലും അഭിമാനത്തോടെയും ഏറെ വൈകാരികമായും ജുമുഅ നമസ്‌കാരങ്ങളില്‍ ഗൊയ്‌ഥെ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നും അദ്ദേഹം ഇസ്‌ലാമിനെ തന്റെ ദീനായി കണ്ടിരുന്നു എന്ന്‌ വ്യക്തമാണ്‌.
മുസ്‌ലിമിലെയും ബുഖാരിയിലെയും മറ്റ്‌ ഹദീസ്‌ ഗ്രന്ഥങ്ങളിലെയും പല ഹദീസുകള്‍ പ്രകാരം അല്ലാഹുവിനെയും അവന്റെ ദൂതനെയും അംഗീകരിക്കലാണ്‌ ഇസ്‌ലാമിലേക്കും സ്വര്‍ഗത്തിലേക്കുമുള്ള വാതില്‍. അതുകൊണ്ട്‌ യൂറോപ്പിലെ മഹാനായ കവിയും ജര്‍മന്‍ ഭാഷയുടെ അഭിമാനവും ആധുനിക യൂറോപ്പിലെ ആദ്യത്തെ മുസ്‌ലിം ബുദ്ധിജീവിയുമായ ഗൊയ്‌ഥെയുടെ ജീവിതം ജനഹൃദയങ്ങളില്‍ ദൈവത്തെയും അവന്റെ പ്രവാചകനെയും(സ) അറിയാനുള്ള ഉത്സാഹം വ്യക്തമായും ഉണ്ടാക്കിയിരിക്കുന്നു. ഇസ്‌ലാമിക്‌ സ്‌പെയ്‌നിന്റെ പതനത്തിനു ശേഷം ഇരുള്‍മൂടിക്കിടന്ന അറിവാണിത്‌.
പ്രവാചകനെ(സ) അംഗീകരിച്ച ഗൊയ്‌ഥെ മുസ്‌ലിംകള്‍ക്കിടയില്‍ മുഹമ്മദ്‌ ജോഹന്‍ വോള്‍ഫ്‌ ഗാംഗ്‌ വി ഗൊയ്‌ഥെ എന്ന്‌ അറിയപ്പെടണം.
ഗൊയ്‌ഥെയുടെ പ്രധാനരചനകള്‍
ഗോഡ്‌സ്‌ വോണ്‍ ബെര്‍ലിച്ചിങ്കെന്‍ (1773)
ദ സോറോവ്‌സ്‌ ഓഫ്‌ യംഗ്‌ വെര്‍ദെന്‍ (1774)
വെല്‍ഹെം മീസ്റ്റേഴ്‌സ്‌ അപ്രെന്റിസ്‌ഷിപ്പ്‌ (1776)
ഫോസ്റ്റ്‌ (1808)
വെല്‍ഹെ. മീസ്റ്റേഴ്‌സ്‌ ട്രാവല്‍സ്‌ (1821)

വിവ. സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍


--------------------------------------------------------------------------------------



ബര്‍ട്രന്‍ഡ്‌ റസ്സലിന്റെ ഇസ്‌ലാം ചിന്തകള്‍

ഡോ. ഹമീദ്‌ നസീം റാഫിയാബാദി







പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (History of Western Philosophy) എന്ന തന്റെ ഗ്രന്ഥത്തില്‍ ശാസ്‌ത്രം, തത്ത്വശാസ്‌ത്രം, സാമ്പത്തികം, കല, കവിത, വൈദ്യശാസ്‌ത്രം എന്നീ മേഖലകളില്‍ ഇസ്‌ലാമും മുസ്‌ലിംകളും നല്‍കിയ ഐതിഹാസികമായ സംഭാവനകളെ റസ്സല്‍ തുറന്ന്‌ സമ്മതിക്കുന്നുണ്ട്‌. അദ്ദേഹം പറയുന്നു: ``അറബികളും ബെര്‍ബെറുകളും ചേര്‍ന്ന്‌ സ്‌പെയിന്‍ കീഴടക്കി.
വിസിഗോത്തുകളായ ക്രൈസ്‌തവ ഭരണാധികാരികളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന ജൂതന്മാരും അവരെ സഹായിച്ചു.'' ക്രിസ്‌തീയ മതസിദ്ധാന്തങ്ങളെ അപേക്ഷിച്ച്‌ ഇസ്‌ലാമികാധ്യാപനങ്ങളുടെ യുക്തിഭദ്രതയെ പ്രശംസിച്ചുകൊണ്ട്‌ അദ്ദേഹമെഴുതി: ``അവതാരസങ്കല്‌പം, ത്രിത്വസിദ്ധാന്തം എന്നീ സങ്കീര്‍ണതകളില്‍ നിന്നും ഭിന്നമായി ലളിതമായ ഏകദൈവത്വത്തിന്റെ മതമായിരുന്നു പ്രവാചകന്‍ മുഹമ്മദിന്റേത്‌. വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കുന്നതിനെ വിലക്കുന്ന യഹൂദമതത്തിന്റെ നിലപാടിനെ അദ്ദേഹം നവീകരിച്ചു. മദ്യത്തിന്റെ ഉപയോഗം അദ്ദേഹം നിരോധിച്ചു. ഖുര്‍ആന്‍ വേദം നല്‍കപ്പെട്ടവരായി കണക്കാക്കുന്ന ക്രിസ്‌ത്യാനികള്‍, ജൂതന്മാര്‍, സൗരാഷ്‌ട്രര്‍ തുടങ്ങിയവര്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലെന്ന്‌ അദ്ദേഹം ഉണര്‍ത്തിയിരുന്നു.''
ഇസ്‌ലാമിന്റെ രക്തിരഹിത വിപ്ലവത്തെ അനുസ്‌മരിച്ചുകൊണ്ട്‌ വ്യാപകമായിരുന്ന അരാജകത്വത്തിന്‌ ഇസ്‌ലാം അറുതി വരുത്തി എന്ന്‌ റസ്സല്‍ വിലയിരുത്തി. അദ്ദേഹമെഴുതി: ``അത്ര രൂക്ഷമല്ലാത്ത ഏറ്റുമുട്ടലുകളിലൂടെയാണ്‌ അവര്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കിയത്‌ എന്നതിനാല്‍, നാശനഷ്‌ടങ്ങള്‍ തീരെ ഉണ്ടായില്ല. സിവില്‍ ഭരണം ഏതാണ്ട്‌ മാറ്റമില്ലാതെ തന്നെ നിലനിന്നു. പേര്‍ഷ്യന്‍-ബൈസന്റേനിയന്‍ സാമ്രാജ്യങ്ങളുടെ സിവില്‍ ഭരണകൂടങ്ങള്‍ നന്നായി സംഘടിപ്പിക്കപ്പെട്ടവയായിരുന്നു.
ഹാറൂന്‍ റശീദിന്റെ മഹത്വത്തെയും പ്രതാപത്തെയും വിവരിച്ചുകൊണ്ട്‌ റസ്സല്‍ എഴുതി: ``ചാര്‍ലെമാഗ്‌നെയുടെയും എംപ്രെസ്‌ ഐറീനിന്റെയും സമകാലികനായിരുന്ന ഹാറൂന്‍ റശീദിനെ (മരണം 809) അറേബ്യന്‍ നൈറ്റ്‌സിലൂടെ ഒരു ഇതിഹാസ നായകനായി എല്ലാവര്‍ക്കും അറിയാമായിരുന്നു. വിജ്ഞാനത്തിന്റെയും കവിതയുടെയും ഒരു മഹത്തായ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ കൊട്ടാരം. ധാരാളമായി റവന്യൂ ലഭിച്ചിരുന്നു. ജിബ്രാള്‍ട്ടര്‍ കടലിടുക്കു മുതല്‍ ഇന്‍ഡസ്‌ വരെ വ്യാപിച്ചിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. ഉത്തരവിനനുസരിച്ച്‌ കര്‍മനിരതരാവുന്ന ഒരാള്‍ എപ്പോഴും ഖലീഫയെ അനുഗമിച്ചിരുന്നു. വ്യാപാരം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ ഒരു കേന്ദ്രസ്ഥാനം ഖലീഫക്കു കീഴിലായിരുന്നു.''
വ്യാപാരരംഗത്ത്‌ മുസ്‌ലിംകളുടെ സംഭാവനകളെ പ്രശംസിച്ചുകൊണ്ട്‌ റസ്സല്‍ എഴുതി: ``സമ്പന്നത വിലപിടിപ്പുള്ള വസ്‌തുക്കളായ ചൈനീസ്‌ പട്ട്‌, വടക്കന്‍ യൂറോപ്പില്‍നിന്നുള്ള മൃഗരോമങ്ങള്‍ എന്നിവയുടെ ഡിമാന്റ്‌ വര്‍ധിപ്പിച്ചില്ല. വിശാലമായ മുസ്‌ലിം സാമ്രാജ്യം, ലോകഭാഷയെന്ന നിലയില്‍ അറബി ഭാഷയുടെ വ്യാപനം, വ്യാപാരിക്ക്‌ ഇസ്‌ലാമിലുള്ള ഉന്നത പദവി എന്നിവ വ്യാപാരരംഗം മെച്ചപ്പെടുത്തുന്നതിന്‌ കാരണമായി. പ്രവാചകന്‍(സ) തന്നെയും കച്ചവടം ചെയ്യുകയും മക്കയിലേക്കുള്ള തീര്‍ഥാടന സമയത്തുള്ള കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു''.
സൈനികരംഗത്തെന്ന പോലെ വ്യാപാരരംഗത്തും റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ നിന്നും ലഭിച്ച വലിയ റോഡുകളായിരുന്നു ആശ്രയം. വടക്കുനിന്നെത്തിയ അധിനിവേശക്കാരില്‍ നിന്നും ഭിന്നമായി ഈ റോഡുകള്‍ നന്നായി സംരക്ഷിക്കുകയാണ്‌ അറബികള്‍ ചെയ്‌തത്‌. എന്നാല്‍ ക്രമേണ ഈ സാമ്രാജ്യം സ്‌പെയിന്‍, പേര്‍ഷ്യ, ഉത്തരാഫ്രിക്ക, ഈജിപ്‌ത്‌ എന്നിവയായി ഭിന്നിച്ച്‌ ഏതാണ്ട്‌ പൂര്‍ണമായും സ്വതന്ത്രമായി. റസ്സല്‍ എഴുതി: ``അറബ്‌ സമ്പദ്‌വ്യവസ്ഥയില്‍ കൃഷിക്ക്‌ അതിപ്രധാന സ്ഥാനമുണ്ടായിരുന്നു. വേണ്ടത്ര വെള്ളം ലഭിക്കാതിരുന്ന പ്രദേശത്ത്‌ ലഭിച്ചിരുന്ന വെള്ളത്തിന്റെ ബുദ്ധിപരമായ ഉപയോഗത്തിലൂടെയാണത്‌ സാധിച്ചത്‌. വെള്ളം കൊണ്ടുപോകുന്നതിനായി അറബികള്‍ നിര്‍മിച്ച സൗകര്യങ്ങള്‍ ഇന്നും സ്‌പെയിനില്‍ കൃഷിക്ക്‌ പ്രയോജനപ്പെടുന്നുണ്ട്‌''.
മുസ്‌ലിംകളുടെ ശാസ്‌ത്രീയരംഗത്തെയും തത്ത്വശാസ്‌ത്ര രംഗത്തെയും നേട്ടങ്ങള്‍ക്ക്‌ പ്ലേറ്റോയുടെ ആശയവാദത്തേക്കാള്‍ അരിസ്റ്റോട്ടിലിന്റെ യാഥാര്‍ഥ്യവാദത്തോടാണ്‌ കൂടുതല്‍ അടുപ്പം. റസ്സല്‍ എഴുതുന്നു: ``മുസ്‌ലിം ലോകത്തിന്റെ വേറിട്ട സംസ്‌കാരം സിറിയയില്‍ ആരംഭിച്ചുവെങ്കിലും കിഴക്കും പടിഞ്ഞാറും - പേര്‍ഷ്യയിലും സ്‌പെയിനിലും-പുരോഗതി പ്രാപിച്ചു. കീഴടക്കുന്ന കാലത്ത്‌ സിറിയക്കാര്‍ അരിസ്റ്റോട്ടിലിന്റെ പ്രശംസകരായിരുന്നു. അറബികള്‍ ആദ്യമായി ഗ്രീക്ക്‌ തത്ത്വശാസ്‌ത്രത്തെക്കുറിച്ച്‌ അറിവുനേടിയത്‌ സിറിയക്കാരില്‍ നിന്നാണ്‌. അതുകൊണ്ട്‌ ആദ്യം മുതല്‍ തന്നെ അരിസ്റ്റോട്ടിലിനായിരുന്നു അവര്‍ പ്ലാറ്റോയേക്കാള്‍ പ്രാധാന്യംനല്‍കിയത്‌. എന്നിരുന്നാലും അവരുടെ അരിസ്റ്റോട്ടിലിന്‌ ഒരു നവ പ്ലാറ്റോവിന്റെ രൂപമായിരുന്നു. അറബിയില്‍ ആദ്യമായി തത്ത്വശാസ്‌ത്രമെഴുതിയ Enneads of Plotinusന്റെ ഭാഗങ്ങള്‍ അറബിയിലേക്ക്‌ The Theology of Aristotle എന്ന തലക്കെട്ടില്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ച ഏക പ്രമുഖ അറബി തത്ത്വചിന്തകനാണ്‌ കിന്ദി (മരണം 873). ഈ ഗ്രന്ഥം അരിസ്റ്റോട്ടിലിനെക്കുറിച്ച അറബ്‌ നിലപാടുകളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയും അതില്‍ നിന്നും മോചനംനേടാന്‍ അറബ്‌ തത്ത്വശാസ്‌ത്രം നൂറ്റാണ്ടുകളെടുക്കുകയും ചെയ്‌തു''
അറബികള്‍ കേവലം ഗ്രീക്ക്‌ ശാസ്‌ത്രത്തെ മാത്രം ആശ്രയിച്ചില്ല. അവര്‍ ഇന്ത്യന്‍ ശാസ്‌ത്രവും പഠിച്ചു. ലോകത്തെങ്ങുനിന്നും വിജ്ഞാനം സ്വീകരിക്കുന്ന ആദ്യകാല മുസ്‌ലിംകളുടെ ഈ സമീപനത്തെ പ്രശംസിച്ചുകൊണ്ട്‌ റസ്സല്‍ എഴുതി: ``അതോടൊപ്പം പേര്‍ഷ്യയില്‍ മുസ്‌ലിംകള്‍ ഇന്ത്യയുമായി സമ്പര്‍ക്കത്തില്‍ വന്നു. എട്ടാം നൂറ്റാണ്ടില്‍ സംസ്‌കൃതരചനകളില്‍ നിന്നാണ്‌ അവര്‍ ജ്യോതിശാസ്‌ത്രത്തെക്കുറിച്ച്‌ ആദ്യമായി പഠിച്ചത്‌. ഏതാണ്ട്‌ എ ഡി 830ല്‍ സംസ്‌കൃതത്തില്‍ നിന്നും ജ്യോതിശാസ്‌ത്ര-ഗണിതശാസ്‌ത്ര ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാറുള്ള മുഹമ്മദ്‌ ഇബ്‌നു മൂസാ അല്‍ഖവാരസ്‌മി അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ഒരു പുസ്‌തകം പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക്‌ Algoritmi de numero Indorum എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ പുസ്‌തകത്തില്‍ നിന്നാണ്‌ പാശ്ചാത്യര്‍ `അറബി'അക്കങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്ന ഇന്ത്യന്‍ അക്കങ്ങള്‍ പഠിച്ചത്‌. പാശ്ചാത്യര്‍ ടെക്‌സ്റ്റായി ഉപയോഗിച്ചിരുന്ന ആള്‍ജിബ്രയെക്കുറിച്ചുള്ള ഒരു ഗ്രന്ഥവും അല്‍ഖവാരസ്‌മി എഴുതിയിരുന്നു.''
ഇസ്‌ലാം പേര്‍ഷ്യന്‍ സംസ്‌കാരത്തെ മാറ്റിമറിച്ചു. പ്രധാനമായും ധൈഷണികരംഗത്തും കലാരംഗത്തുമാണ്‌ ഈ മാറ്റമുണ്ടായത്‌. റസ്സല്‍ എഴുതുന്നു: ``പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയരുടെ അധിനിവേശം വരെ പേര്‍ഷ്യന്‍ സംസ്‌കാരം ധൈഷണികരംഗത്തും കലാരംഗത്തും പ്രശംസനീയമാംവിധം ഉയര്‍ന്നുനിന്നു. ഒരേസമയം കവിയും ഗണിതശാസ്‌ത്രജ്ഞനുമായിരുന്ന ഉമര്‍ഖയ്യാം എ ഡി 1079ല്‍ കലണ്ടര്‍ നവീകരിച്ചു. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരന്‍ അസാസിന്‍ വിഭാഗത്തിന്റെ സ്ഥാപകനായ ഐതിഹാസിക നായകന്‍ `ഓള്‍ഡ്‌ മാന്‍ ഓഫ്‌ ദ മൗണ്ടെയ്‌ന്‍' ആയിരുന്നു. പേര്‍ഷ്യക്കാര്‍ മഹാകവികളായിരുന്നു. ഷഹ്‌നാമയുടെ രചയിതാവായ ഫി ര്‍ദൗസിയെക്കുറിച്ച്‌ അദ്ദേഹത്തെ വായിച്ചിട്ടുള്ളവര്‍ പറയുന്നത്‌ ഹോമറിന്‌ തുല്യനായിരുന്നുവെന്നാണ്‌. മറ്റു മുഹമ്മദീയരില്‍ നിന്ന്‌ ഭിന്നമായി സൂഫികളെന്ന നിലയിലും അവര്‍ പ്രശസ്‌തരായിരുന്നു.
പ്രകൃതിശാസ്‌ത്രത്തെയും മഹത്തായ തത്ത്വചിന്തകളെയും മുസ്‌ലിം തത്ത്വചിന്തകര്‍ അവിഭാജ്യമായി പരിഗണിച്ചിരുന്നു. റസ്സല്‍ എഴുതി: ``മുസ്‌ലിം തത്ത്വചിന്തകര്‍ പൊതുവെ വിവിധ മേഖലകളെക്കുറിച്ച്‌ നല്ല അറിവുള്ളവരായിരുന്നു. അവര്‍ ഒരേ സമയം കെമിസ്‌ട്രി, ജ്യോതിശാസ്‌ത്രം, ജന്തുശാസ്‌ത്രം, തത്ത്വചിന്ത എന്നിവയില്‍ നിപുണരായിരുന്നു. രണ്ട്‌ മുഹമ്മദീയ തത്ത്വചിന്തകര്‍, ഒന്ന്‌ സ്‌പെയിനിലെയും മറ്റൊന്ന്‌ േപര്‍ഷ്യയിലെയും -ഇബ്‌നുസീനയും ഇബ്‌നുറുശ്‌ദും -പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഇവരില്‍ ഇബ്‌നുസീന മുഹമ്മദീയര്‍ക്കിടയിലും ഇബ്‌നുറുശ്‌ദ്‌ ക്രിസ്‌ത്യാനികള്‍ക്കിടയിലും ഏറെ അറിയപ്പെട്ടവരാണ്‌.
ഇബ്‌നുസീന (എഡി 980-1037) കവിതകളില്‍ മാത്രം കാണാന്‍ കഴിയുന്നതെന്ന്‌ നാം കരുതുന്ന സ്ഥലങ്ങളിലാണ്‌ തന്റെ ജീവിതം ചെലവഴിച്ചത്‌. ബുഖാറ പ്രവിശ്യയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 24-ാം വയസ്സില്‍ അദ്ദേഹം ഖിവയിലേക്ക്‌ പോയി. ശേഷം ഏകാന്തമായ ഖുറാസാന്‍ തീരത്തേക്കും. കുറച്ചുകാലം അദ്ദേഹം ഇസ്‌ഫഹാനില്‍ വൈദ്യശാസ്‌ത്രവും തത്ത്വചിന്തയും പഠിപ്പിച്ചു. പിന്നീടദ്ദേഹം തഹ്‌റാനില്‍ താമസമാക്കി. തത്ത്വചിന്താരംഗത്തേക്കാള്‍ വൈദ്യശാസ്‌ത്രരംഗത്തായിരുന്നു അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത്‌. വൈദ്യശാസ്‌ത്രരംഗത്ത്‌ അദ്ദേഹത്തിന്റെ ഗ്രന്ഥം 12-ാം നൂറ്റാണ്ടു മുതല്‍ 17-ാം നൂറ്റാണ്ടു വരെ യൂറോപ്പ്‌ ഉപയോഗിച്ചിരുന്നു. യാഥാസ്ഥിതികനെന്നു സംശയിക്കപ്പെട്ടിരുന്ന അദ്ദേഹം തന്റെ വൈദ്യശാസ്‌ത്രരംഗത്തെ നിപുണത കാരണമായി രാജകുമാരന്മാര്‍ക്ക്‌ ഇഷ്‌ടപ്പെട്ടവനായി.
തുര്‍ക്കിക്കാരായ ചാരന്മാരുടെ ശത്രുതമൂലം പലപ്പോഴുമദ്ദേഹം പ്രയാസമനുഭവിച്ചു. ചിലപ്പോഴദ്ദേഹം ഒളിച്ചുകഴിഞ്ഞു. ചിലപ്പോഴൊക്കെ ജയിലിലുമായി. ദൈവശാസ്‌ത്രകാരന്മാരുടെ വെറുപ്പുമൂലം കിഴക്ക്‌ ഏതാണ്ട്‌ അറിയപ്പെടാതെ പോയ ഒരു വിശ്വവിജ്ഞാനകോശത്തിന്റെ രചയിതാവാണദ്ദേഹം. ലാറ്റിന്‍ വിവര്‍ത്തനങ്ങളിലൂടെ ഈ വിജ്ഞാനകോശം പാശ്ചാത്യലോകത്ത്‌ സ്വാധീനം ചെലുത്തി. പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ മനശ്ശാസ്‌ത്രം. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ മുസ്‌ലിം തത്ത്വചിന്തകരില്‍ നിന്നും ഭിന്നമായി അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയോടായിരുന്നു അദ്ദേഹത്തിനടുപ്പം.
അരിസ്റ്റോട്ടിലിന്‌ രണ്ട്‌ കാഴ്‌ചപ്പാടുകളുണ്ടായിരുന്നു. ഒന്ന്‌, അദ്ദേഹം ചിന്തിക്കുമ്പോഴും മറ്റൊന്ന്‌ അദ്ദേഹം പ്ലേറ്റോയെ എതിരിടുമ്പോഴും. അഭിപ്രായ രൂപീകരണത്തിനു വേണ്ടത്ര വിഭവം ഇതുവഴി അദ്ദേഹം നല്‍കി. ഇബ്‌നുറുഷ്‌ദും അല്‍ബെര്‍ട്ടസ്‌ മാഗ്‌നസും ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന `ചിന്ത രൂപങ്ങളിലെ പൊതുഘടകങ്ങളെ പുറത്തുകൊണ്ടുവരുന്നു' എന്ന ഫോര്‍മുല കണ്ടുപിടിച്ചത്‌ ഇബ്‌നുസീനയാണ്‌. മുസ്‌ലിംകളുടെ മഹത്തായ ഭൂതകാല ചരിത്രം മുസ്‌ലിംകളും പാശ്ചാത്യരും പരിഗണനയിലെടുക്കേണ്ടതുണ്ട്‌.
വിവ. സിദ്ദീഖ്‌





No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.