15 July 2012

ദൈവികമതത്തിന്റെ വിശാലതയും സമുദായത്തെ ഗ്രസിക്കുന്ന സങ്കുചിതത്വവും - ശബാബ് 15 ജൂണ്‍ 2012


ശബാബ് 15 ജൂണ്‍ 2012


ഇസ്‌ലാമിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌ അത്‌ സത്യവിശ്വാസികളെ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും വിശാതലതയിലേക്ക്‌ നയിക്കുന്നു എന്നതാണ്‌. ജീവിത വിശാലതയെ സംബന്ധിച്ച ഈ വീക്ഷണം വിശ്വാസികള്‍ക്ക്‌ പ്രധാനമായും ലഭിക്കുന്നത്‌ അല്ലാഹുവിന്റെ കാരുണ്യത്തെയും മാപ്പിനെയും സംബന്ധിച്ച ഖുര്‍ആനിക വിവരണത്തില്‍ നിന്നാകുന്നു. 
``ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ്‌ വിശാലമായ കാരുണ്യമുള്ളവനാകുന്നു'' (വി.ഖു. 6:148). ``എന്റെ കാരുണ്യം സകല വസ്‌തുക്കളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു'' (വി.ഖു. 7:156). വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍'' (വി.ഖു. 29:56). ``തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌ വിശാലമായി പാപമോചനം നല്‌കുന്നവനാകുന്നു.''(വി.ഖു. 53:32)
അല്ലാഹുവിന്റെ പേരില്‍, അവന്റെ ദീനിന്റെ പേരില്‍ സത്യവിശ്വാസികള്‍ പരസ്‌പരം വിദ്വേഷം പുലര്‍ത്തുകയും കലഹിക്കുകയും ചെയ്യുന്നത്‌ തികച്ചും നിരര്‍ഥകമാണെന്നത്രെ മുകളില്‍ ചേര്‍ത്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌. സകല സൃഷ്‌ടികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്‌ അല്ലാഹുവിന്റെ കാരുണ്യമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്‌ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാണെങ്കില്‍ നമുക്ക്‌ മറ്റു മനുഷ്യരുമായോ മറ്റു സൃഷ്‌ടികളുമായോ കലഹിക്കുവാന്‍ യാതൊരു ന്യായവുമില്ല; തികച്ചും അന്യായമായി അവര്‍ നമ്മെ ആക്രമിക്കുന്ന സാഹചര്യത്തിലല്ലാതെ. കാരണം, നമുക്ക്‌ ലഭിക്കുന്ന അറിവുകളും കഴിവുകളും സ്ഥാനങ്ങളും പദവികളുമെല്ലാം അല്ലാഹുവിന്റെ അത്യന്തം വിശാലമായ കാരുണ്യംകൊണ്ടാണ്‌ ലഭിക്കുന്നതെങ്കില്‍, മറ്റുള്ളവര്‍ക്ക്‌ അറിവുകളും കഴിവുകളും മറ്റും കരഗതമാകുന്നതും ആ വിശാലമായ കാരുണ്യത്താല്‍ തന്നെയത്രെ. അപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ കൈവന്ന സമ്പത്തും സ്ഥാനമാനങ്ങളും നിഷേധിക്കാനോ അപഹരിക്കാനോ വേണ്ടി നാം ശ്രമിക്കുകയാണെങ്കില്‍ യഥാര്‍ഥത്തില്‍ അത്‌ അല്ലാഹുവിന്റെ കാരുണ്യപൂര്‍വകമായ തീരുമാനത്തിന്നെതിരെയുള്ള കലഹമായിരിക്കും. ഇഹലോകത്തിന്റെയും പരലോകത്തിന്റെയും സര്‍വാധിപനായ അല്ലാഹുവുമായി കലഹിക്കുന്നതിന്റെ അനന്തര ഫലമെന്തായിരിക്കുമെന്ന്‌ വിശ്വാസികള്‍ക്ക്‌ ഊഹിക്കാവുന്നതാണ്‌.
തന്റെ കാരുണ്യം ആര്‍ക്കൊക്കെ ഏതളവില്‍ ലഭ്യമാക്കണമെന്നും, തന്റെ ശിക്ഷ ആര്‍ക്കെല്ലാം അനുഭവിപ്പിക്കണമെന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. അവന്റെ തീരുമാനം മാറ്റിമറിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ``അല്ലാഹു മനുഷ്യര്‍ക്ക്‌ വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത്‌ പിടിച്ചുവെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അത്‌ വിട്ടുകൊടുക്കാനും ആരുമില്ല, അവനത്രെ പ്രതാപിയും യുക്തിമാനും'' (വി.ഖു.35:2). അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിന്റെ താത്‌പര്യങ്ങളിലൊന്നാകുന്നു ശിര്‍ക്കിനു താഴെയുള്ള ഗുരുതരമായ പാപങ്ങള്‍ പോലും ഏകദൈവ വിശ്വാസികള്‍ക്ക്‌ പൊറുത്തു കൊടുക്കുക എന്നത്‌. ഇക്കാര്യം വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം (4:116) ഇസ്വ്‌ലാഹീ പ്രഭാഷകര്‍ പതിവായി എടുത്തുദ്ധരിക്കാറുള്ളതാണ്‌.
വീക്ഷണങ്ങളിലോ നടപടികളിലോ യാതൊരു തെറ്റും വരുത്താത്ത ആളുകള്‍ക്ക്‌ മാത്രമേ ഇഹത്തിലും പരത്തിലും അനുഗ്രഹം നല്‌കുകയുള്ളൂവെന്ന്‌ അല്ലാഹു ശഠിച്ചിട്ടില്ല. പാപ-പുണ്യങ്ങളില്‍ ഏറ്റക്കുറവുള്ള പല തരക്കാരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ്‌ ഖുര്‍ആനില്‍നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. അല്ലാഹു പറയുന്നത്‌ നോക്കുക: ``പിന്നീട്‌ നമ്മുടെ ദാസന്മാരില്‍നിന്ന്‌ നാം തെരഞ്ഞെടുത്തവര്‍ക്ക്‌ നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട്‌ അന്യായം ചെയ്‌തവരുണ്ട്‌. മധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്‌. അതു തന്നെയാണ്‌ മഹത്തായ അനുഗ്രഹം''(വി.ഖു. 35:32). നന്മകളില്‍ മുന്നേറാന്‍ കഴിയുക എന്നത്‌ തന്നെയാണ്‌ മഹത്തായ അനുഗ്രഹമെങ്കിലും അതിനുതാഴെ പല തട്ടിലുള്ളവരും അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാരില്‍ ഉള്‍പെടുമെന്നത്രെ ഈ സൂക്തം സൂചിപ്പിക്കുന്നത്‌.
ആളുകള്‍ക്ക്‌ പറ്റുന്ന തെറ്റ്‌ വീക്ഷണപരമായാലും കര്‍മാനുഷ്‌ഠാനസംബന്ധമായാലും ശിര്‍ക്കിനു താഴെയുള്ളതാണെങ്കില്‍ അത്‌ നിമിത്തം അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക്‌ നിഷേധിക്കപ്പെടുകയില്ല എന്ന സത്യം നന്നായി അറിയുന്നവരായിരുന്നു നബി (സ)യുടെ അനുചരന്മാര്‍. അതിനാല്‍ അവര്‍ സത്യവിശ്വാസികളായ ആരെയും പിഴച്ചവരായോ, അനഭിമതരായോ മുദ്രകുത്തിയില്ല. വ്യഭിചാരക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട വ്യക്തിയെപ്പറ്റിപോലും മോശമായ പരാമര്‍ശം പാടില്ലെന്ന്‌ നബി(സ) വിലക്കി. അല്ലാഹു പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള വ്യക്തിയെ വിശ്വാസികളാരും ഇകഴ്‌ത്താന്‍ പാടില്ല എന്ന തത്വമായിരുന്നു ഈ നിലാപാടിന്‌ നിദാനം. ``അവരുടെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്റെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല'' (വി.ഖു.6:52) എന്ന വാക്യത്തിന്റെ താല്‌പര്യപ്രകാരം സ്വഹാബികളില്‍ ആരും ഇതരരുടെ കുറ്റങ്ങള്‍ എടുത്തു പറഞ്ഞ്‌ അപവദിക്കാറുണ്ടായിരുന്നില്ല.
നബി(സ)യുടെ അനുചരന്മാരില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരും കച്ചവടത്തില്‍നിന്നും കൃഷിയില്‍നിന്നും നല്ല വരുമാനം ലഭിക്കുന്നവരും ഉണ്ടായിരുന്നു. എന്നാ ല്‍ ദരിദ്രര്‍ക്ക്‌ ധനികരോട്‌ ഒട്ടും അസൂയയോ വൈരാഗ്യമോ ഉണ്ടായിരുന്നില്ല. അതിന്‌ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌, ധനികരായ സ്വഹാബികള്‍ ദരിദ്രരോടുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ സന്നദ്ധരായിരുന്നു. രണ്ട്‌, മനുഷ്യര്‍ക്ക്‌ സമൃദ്ധിയും ഞെരുക്കവുമുണ്ടാകുന്നത്‌ അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണെന്ന്‌ ഇരു വിഭാഗത്തിനും വിശ്വാസമുണ്ടായിരുന്നു. ഐശ്വര്യം നീക്കി ദാരിദ്ര്യം വരുത്താനും, ദാരിദ്ര്യം മാറ്റി ഐശ്വര്യമുണ്ടാക്കാനും അല്ലാഹുവിന്‌ കഴിയുന്ന കാര്യത്തിലും അവര്‍ക്ക്‌ സന്ദേഹമുണ്ടായിരുന്നില്ല. പരമകാരുണികനായ അല്ലാഹു തങ്ങളുടെ കാര്യത്തില്‍ നിശ്ചയിക്കുന്നതെന്തായാലും അത്‌ ഇഹത്തിലോ പരത്തിലോ തങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുമെന്ന്‌ വിശ്വസിക്കുന്നതിനാല്‍ യഥാര്‍ഥവിശ്വാസികള്‍ക്ക്‌ അല്ലാഹുവോടും സഹജീവികളോടും ഒരുപോലെ സദ്‌വിചാരം പുലര്‍ത്താന്‍ കഴിയുമായിരുന്നു. അവരുടെ മനസ്സ്‌ കക്ഷിത്വംകൊണ്ടോ കാലുഷ്യംകൊണ്ടോ മലീമസമായിരുന്നില്ല.
അല്ലാഹു നല്‌കുന്ന പാപമോചനത്തെയും സ്വര്‍ഗത്തെയും സ്വര്‍ഗാവകാശികളുടെ നിലപാടുകളെയും സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ നോക്കുക:
``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ടു മുന്നേറുക. ധര്‍മനിഷ്‌ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (അതായത്‌) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക്‌ മാപ്പുനല്‌കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സദ്‌വൃത്തരെ അല്ലാഹു സ്‌നേഹിക്കുന്നു.''
അല്ലാഹുവിന്റെ കാരുണ്യം സകല വസ്‌തുക്കളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണെന്നും അവന്റെ മാപ്പും പാപമോചനവും ശിര്‍ക്ക്‌ ചെയ്യാത്ത എല്ലാവര്‍ക്കും ലഭിക്കാവുന്നതാണെന്നും, അവന്റെ സ്വര്‍ഗം ആകാശഭൂമികള്‍ക്ക്‌ വിസ്‌തൃതമാണെന്നും പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ വാഹകര്‍ക്ക്‌ എങ്ങനെയാണ്‌ ഗ്രൂപ്പിസത്തിന്റെയും കക്ഷിത്വത്തിന്റെയും പുഴുക്കൂടുകള്‍ക്കുള്ളിലേക്ക്‌ ചുരുണ്ടുകൂടാന്‍ കഴിയുക? വിശ്വത്തോളം വിശാലമായ തൗഹീദിന്റെ സന്ദേശവാഹകര്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തിന്‌ വേണ്ടി സ്വന്തം മനസ്സിനോടാണ്‌ കലഹിക്കേണ്ടത്‌.


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.