15 July 2012

മനപ്പരിവര്‍ത്തനവും ഇസ്‌ലാമിക വിപ്ലവവും -മുഖാമുഖം ശബാബ് 18 ജൂണ്‍ 2012


-മുഖാമുഖം ശബാബ് 18 ജൂണ്‍ 2012
``മനപ്പരിവര്‍ത്തനത്തില്‍ നിന്ന്‌ തുടക്കം കുറിച്ച്‌, കുടുംബ സംസ്‌കരണത്തിലൂടെ കരുപിടിപ്പിച്ച്‌, സമൂഹ സംസ്‌കരണത്തിലൂടെ കരുത്താര്‍ജിപ്പിച്ച്‌, രാഷ്‌ട്രീയാധികാരം പൂര്‍ണമായി സ്വായത്തമാക്കുന്നതിലൂടെ പരിപൂര്‍ണമാകുന്ന പടിപടിയായുള്ള പരിവര്‍ത്തന പരമ്പരയുടെ പരിണിത ഫലമാണ്‌ ഇസ്‌ലാമിക വിപ്ലവം'' -ഒരു ജമാഅത്ത്‌ നേതാവിന്റെ പ്രഭാഷണത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി. ഈ കാഴ്‌ചപ്പാടിനെ സംബന്ധിച്ച സലഫി വീക്ഷണമെന്താണ്‌?
അബ്‌ദുര്‍റഊഫ്‌ കൊണ്ടോട്ടി

ഇസ്‌ലാമില്‍ പ്രഥമവും പ്രധാനവുമായ കാര്യം അന്യൂനമായ വിശ്വാസമാണ്‌. റബ്ബും ഇലാഹും അല്ലാഹു മാത്രമാണെന്ന വിശ്വാസം; അഥവാ തൗഹീദ്‌. ഈ വിശ്വാസം മനസ്സില്‍ രൂഢമൂലമായതിനെത്തുടര്‍ന്നുണ്ടാകുന്ന മനഃപരിവര്‍ത്തനത്തിനേ അല്ലാഹുവിങ്കല്‍ സ്ഥാനമുണ്ടാകൂ. പിന്നെ വേണ്ടത്‌ ഓരോരുത്തരുടെയും കഴിവിന്റെ പരമാവധി തഖ്‌വാ അഥവാ സൂക്ഷ്‌മത പുലര്‍ത്തുകയാണ്‌. നല്ലത്‌ മാത്രമേ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളൂ. ചീത്തയായിട്ടുള്ളതെല്ലാം വര്‍ജിക്കും എന്ന നിഷ്‌കര്‍ഷയാണ്‌ തഖ്‌വയുടെ താല്‌പര്യം. വിവാഹം കഴിക്കാന്‍ കഴിവില്ലാത്തതിനാല്‍ ഏകാന്ത ജീവിതം നയിക്കുന്ന ആള്‍ തന്റെ വ്യക്തിജീവിതത്തില്‍ ഈമാനും തഖ്‌വയും മുറുകെ പിടിച്ചാല്‍ അവന്റെ ഇസ്‌ലാമിക ജീവിതം പൂര്‍ണവും അന്യൂനവുമാകും. അയാള്‍ രാഷ്‌ട്രീയാധികാരം പൂര്‍ണമായി സ്വായത്തമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ യഥാര്‍ഥ മുസ്‌ലിമാവുകയുള്ളൂ എന്നു പറയാന്‍ യാതൊരു ന്യായവും ഖുര്‍ആനില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ കണ്ടെത്താന്‍ കഴിയുന്നില്ല.
ഒരു ഒറ്റപ്പെട്ട പ്രദേശത്ത്‌ താമസിക്കുന്ന മുസ്‌ലിം കുടുംബം യഥാര്‍ഥ വിശ്വാസികളായിക്കൊണ്ട്‌ വ്യക്തിപരവും കുടുംബപരവുമായ ഇസ്‌ലാമിക ബാധ്യതകള്‍ നിറവേറ്റി ജീവിച്ചാല്‍ അവരുടെ ഇസ്‌ലാം അന്യൂനവും പൂര്‍ണവുമായിരിക്കും. നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച്‌ ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കാന്‍ ശ്രമിക്കാത്തതിന്റെ പേരില്‍ അവരുടെ ദീന്‍ അപൂര്‍ണമാവുകയില്ല. ഒരു ജുമാമസ്‌ജിദ്‌ കേന്ദ്രീകരിച്ചുകൊണ്ട്‌ ഒരു മുസ്‌ലിം മഹല്ല്‌ രൂപീകൃതമായാല്‍ അവിടത്തുകാരുടെ ഇസ്‌ലാമിക ബാധ്യതകള്‍ കുറെക്കൂടി വിപുലമാകും. എന്നാലും ഒരു രാഷ്‌ട്രം പടുത്തുയര്‍ത്താനോ നിലവിലുള്ള ഇസ്‌ലാമികേതര രാഷ്‌ട്രത്തെ അട്ടിമറിക്കാനോ ശ്രമിക്കാത്തതിന്റെ പേരില്‍ അവര്‍ പാപികളാവുകയില്ല.
എന്നാല്‍ ഒരു പ്രദേശത്ത്‌ കെട്ടുറപ്പുള്ള ഒരു രാഷ്‌ട്രം സ്ഥാപിക്കാന്‍ മാത്രം മുസ്‌ലിം സമൂഹം ശക്തിയാര്‍ജിച്ചാല്‍ അവര്‍ അതിനു വേണ്ടി വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്തുക തന്നെ വേണം. അതിന്റെ പേരില്‍ എതിര്‍പ്പുകളുണ്ടായാല്‍ ചെറുക്കുകയും വേണം. വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ത്യാഗസമരങ്ങളാണ്‌ ഈ വിഷയത്തില്‍ വേണ്ടത്‌. നിരപരാധികള്‍ക്ക്‌ നാശനഷ്‌ടങ്ങളുണ്ടാക്കുന്ന കലാപങ്ങളോ ചാവേര്‍ ആക്രമണങ്ങളോ ഇസ്‌ലാം അംഗീകരിക്കുന്ന മാര്‍ഗങ്ങളല്ല. മുന്‍കൂട്ടി തീരുമാനിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏത്‌ വിധ അതിക്രമങ്ങളും അവലംബിക്കുന്ന വിപ്ലവപ്രസ്ഥാനങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ ഈമാനിലും തഖ്‌വയിലും അധിഷ്‌ഠിതമായ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ സംസ്ഥാപനം. ഇസ്‌ലാമിക വിപ്ലവത്തെ സംബന്ധിച്ച വികല വീക്ഷണങ്ങളാണ്‌ ബിന്‍ലാദിന്മാര്‍ക്ക്‌ പ്രചോദനമേകുന്നത്‌. അല്‍ഖാഇദ പോലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ്‌ ഇസ്‌ലാം പൂര്‍ണത പ്രാപിക്കുന്നതെന്ന മൂഢധാരണ വളര്‍ന്നുവന്നത്‌ ജമാഅത്തുകാരുടെയും ഇഖ്‌വാന്‍കാരുടെയും പ്രബോധന ശൈലികളിലൂടെയാണ്‌.


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.