15 July 2012

പരിസ്ഥിതി സന്തുലനവും വ്യാവസായിക-കാര്‍ഷിക നയങ്ങളും - ഏ എച് , ശബാബ് 22 ജൂണ്‍ 2012


ഏ എച് , ശബാബ്  22 ജൂണ്‍ 2012


മനുഷ്യര്‍ അധിവാസമുറപ്പിക്കാത്ത വനപ്രദേശങ്ങള്‍ ഭൂമുഖത്ത്‌ ഇനിയും കുറച്ചൊക്കെ അവശേഷിക്കുന്നുണ്ട്‌. കന്യാവനങ്ങള്‍ എന്ന്‌ അവയെ വിശേഷിപ്പിക്കുന്നു. ആ പ്രദേശങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത മണ്ണിന്റെയും വെള്ളത്തിന്റെയും വായുവിന്റെയും മൗലികമായ വിശുദ്ധിയാണ്‌. രാസവളങ്ങളും മറ്റു ജൈവ അജൈവ മാലിന്യങ്ങളുംകൊണ്ട്‌ അവിടങ്ങളിലെ മണ്ണ്‌ മലീമസമായിട്ടില്ല. ജലാശയങ്ങളിലാകട്ടെ കലര്‍പ്പില്ലാത്ത തെളിനീരാണുള്ളത്‌. വായു മണ്ഡലത്തിലാകട്ടെ വിഷവാതകങ്ങളും മലിന ധൂളികളും കലരാത്ത ശുദ്ധവായുവും. ഓസോണ്‍ പാളിയിലെ വിടവുകളും ആഗോള താപനവും അവിടങ്ങളിലെ പരിസ്ഥിതിയെയും നേരിയ തോതില്‍ അപചയപ്പെടുത്തിയിട്ടുണ്ടാകുമെങ്കിലും അതിന്റെ പ്രതിഫലനം പ്രകടമായിത്തുടങ്ങിയിട്ടുണ്ടാവില്ല.
മനുഷ്യരല്ലാത്ത ലക്ഷക്കണക്കില്‍ ജന്തുവര്‍ഗങ്ങളും വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും കന്യാവനങ്ങളിലെ സന്തുലിതമായ പരിസ്ഥിതിയെ ഉപജീവിക്കുന്നുണ്ട്‌. പക്ഷെ, പരിസ്ഥിതിയുടെ മൗലിക വ്യവസ്ഥയ്‌ക്ക്‌ താളഭംഗമുണ്ടാക്കുന്ന യാതൊന്നും ജന്തു സസ്യജാലങ്ങളില്‍ നിന്ന്‌ ഉണ്ടാകുന്നില്ല.
ഇനി ദശലക്ഷക്കണക്കില്‍ മനുഷ്യര്‍ വസിക്കുകയും വ്യാപാരവ്യവസായങ്ങളിലും മറ്റു വ്യവഹാരങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്ന മഹാനഗരങ്ങളുടെ കാര്യം നോക്കൂ. അവിടെ മലിനവും വിഷമയവുമല്ലാത്ത മണ്ണോ വെള്ളമോ വായുവോ ഉണ്ടാവില്ല. നഗരവാസിക്ക്‌ ശുദ്ധജലമെന്നാല്‍ ജൈവ-അജൈവ മാലിന്യങ്ങളുടെ `കേട്‌ തീര്‍ക്കാന്‍' വേണ്ടി ക്‌ളോറിന്‍ എന്ന വിഷപദാര്‍ഥം കലക്കിയ വെള്ളമായിരിക്കും. ശുദ്ധവായു ശ്വസിക്കണമെങ്കില്‍ ഒന്നുകില്‍ ഓക്‌സിജന്‍ പാര്‍ലറുകളില്‍ പോവുകയോ അല്ലെങ്കില്‍ മൂക്കില്‍ നല്ല നിലവാരമുള്ള ഫില്‍റ്റര്‍ ഘടിപ്പിക്കുകയോ ചെയ്യേണ്ടി വരും. നഗരങ്ങളിലെ മണ്ണില്‍ ഗണ്യമായ അളവില്‍ വിഷാംശങ്ങള്‍ കലരുകയും, ആഴ്‌ന്നിറങ്ങുന്ന മഴവെള്ളത്തെ അരിച്ചു ശുദ്ധീകരിക്കാന്‍ മണ്ണിനുള്ള കഴിവ്‌ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ടാകും. മനുഷ്യനല്ലാത്ത മറ്റു ജന്തുക്കളുടെ അധിവാസ കേന്ദ്രങ്ങളില്‍ പരിസ്ഥിതി അകളങ്കിതവും സന്തുലിതവുമായി തുടരുകയും മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ എല്ലാം അവതാളത്തിലാവുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌ എന്നത്‌ ചിന്തിക്കുന്നവരെല്ലാം ഉത്തരം തേടേണ്ട വിഷയമത്രെ. ഏറെ പുരോഗമിച്ച, ഏറെ ബുദ്ധിശക്തിയുള്ള മനുഷ്യന്‌ മാത്രം എന്തുകൊണ്ട്‌ തന്റെ നിലനില്‌പിന്‌ അനുപേക്ഷ്യമായ പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ട്‌ ജീവിക്കാന്‍ സാധിക്കുന്നില്ല എന്നത്‌ `മതമൗലികവാദി'കളോ പരിസ്ഥിതി മൗലികവാദികളോ മാത്രം ചര്‍ച്ചചെയ്യേണ്ട വിഷയമല്ല. കാരണം, പരിസ്ഥിതിക്ക്‌ ഗുരുതരമായി പരിക്കേറ്റാല്‍ അതിന്റെ ഭവിഷ്യത്‌ഫലങ്ങള്‍ മാനവരാശി മൊത്തമായി അനുഭവിക്കേണ്ടി വരും. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളും വൃദ്ധരും നിത്യരോഗികളുമായിരിക്കും ഏറ്റവുമധികം വിഷമിക്കേണ്ടി വരുന്നത്‌. മറ്റു ജീവജാലങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശവും ആത്യന്തികമായി മനുഷ്യര്‍ക്ക്‌ തന്നെ ദോഷകരമായി ഭവിക്കും.
വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ മാത്രം പരിസ്ഥിതിയുടെ അന്തകനായിത്തീരുന്നത്‌ യഥാര്‍ഥത്തില്‍ വിരോധാഭാസമാണ്‌. പരിസ്ഥിതിയുടെ മൗലികത യഥോചിതം ഗ്രഹിക്കാന്‍ കഴിയുന്ന ഏക ജീവിയായ മനുഷ്യന്‌ പരിസ്ഥിതി സൗഹൃദമുള്ള ജീവിതരീതി സ്വീകരിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. പക്ഷെ, അധിക മനുഷ്യരും വിവരത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലല്ല പദാര്‍ഥ ലോകത്ത്‌ ഇടപെടുന്നത്‌. അതിമോഹവും അത്യാര്‍ത്തിയുമാണ്‌ മിക്കപ്പോഴും അവരുടെ നടപടികള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുന്നത്‌. ലാഭക്കൊതിമൂത്ത മനുഷ്യര്‍ ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പിന്‍ബലത്തോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‌പാദനവും അതിദ്രുത വികസനവും ലക്ഷ്യമാക്കി മുന്നേറിയപ്പോഴാണ്‌ പരിസ്ഥിതിയുടെ സുരക്ഷ അപകടത്തിലാകാന്‍ തുടങ്ങിയത്‌.
സ്രഷ്‌ടാവും രക്ഷിതാവുമായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ദൈവികമായ പ്രകൃതി വ്യവസ്ഥയോട്‌ നീതി പുലര്‍ത്തിക്കൊണ്ട്‌ ജീവിക്കാന്‍ ബാധ്യതയുണ്ട്‌. വേദഗ്രന്ഥത്തിലെ മാര്‍ഗദര്‍ശനങ്ങളും പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിചിന്തനവുമാണ്‌ പരിസ്ഥിതിയുമായുള്ള ഇടപെടലില്‍ അവര്‍ക്ക്‌ മാര്‍ഗരേഖയാകേണ്ടത്‌. വിശുദ്ധ ഖുര്‍ആനിലെ 30-ാം അധ്യായത്തിലെ 30-ാം സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ``ആകയാല്‍ ഋജുമനസ്‌കനായിക്കൊണ്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടി വ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' മനുഷ്യന്‍ തന്റെ പ്രകൃതിയെ സംബന്ധിച്ച്‌ മനസ്സിലാക്കി അതിനോട്‌ നീതി പുലര്‍ത്തിക്കൊണ്ട്‌ ജീവിക്കേണ്ടതാണെന്നും, ദൈവിക മതത്തിന്റെ അധ്യാപനങ്ങള്‍ മനുഷ്യന്റെ ശുദ്ധപ്രകൃതിയുമായി തികച്ചും പൊരുത്തപ്പെടുന്നതാണെന്നും, ഭൗതിക പദാര്‍ഥങ്ങളും ജന്തു സസ്യജാലങ്ങളുമെല്ലാം സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹു അന്യൂനമായി സൃഷ്‌ടിച്ചവയായതിനാല്‍ അവയുടെ ഘടനയില്‍ മനുഷ്യര്‍ അട്ടിമറി നടത്താന്‍ പാടില്ലെന്നും ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം.
`അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല' എന്നത്‌ ഏറെ അര്‍ഥസാധ്യതകളുള്ള ഒരു വാക്യമാണ്‌. ഒന്ന്‌, പ്രകൃതിയില്‍ ഓരോ വസ്‌തുവിനും അല്ലാഹു ഒരു സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്‌. നിര്‍ജീവ വസ്‌തുക്കളും വ്യത്യസ്‌ത ജീവിവര്‍ഗങ്ങളും സസ്യജാലങ്ങളുമെല്ലാം പ്രകൃതി വ്യവസ്ഥയില്‍ നിര്‍ണിതമായ അളവിലും നിശ്ചിതമായ ലക്ഷ്യത്തോടെയുമാണ്‌ വിന്യസിക്കപ്പെട്ടിട്ടുള്ളത്‌. മനുഷ്യന്റെ അമിതമായ ചൂഷണം കൊണ്ടോ കൃത്രിമമായ ഇടപെടലുകള്‍ കൊണ്ടോ വസ്‌തുക്കളുടെ മൗലിക ഗുണങ്ങള്‍ നഷ്‌ടപ്പെടുകയോ ഏതെങ്കിലും ജന്തു- സസ്യവര്‍ഗം വംശനാശത്തിന്‌ വിധേയമാവുകയോ ചെയ്‌താല്‍ അത്‌ പ്രകൃതി വ്യവസ്ഥയില്‍ ഗുരുതരമായ താളപ്പിഴകള്‍ക്ക്‌ വഴിവെക്കും.
``ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‌ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്‌തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങള്‍ ആഹാരം നല്‌കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. യാതൊരു വസ്‌തുവിന്റെയും ഖജനാവുകള്‍ നമ്മുടെ പക്കല്‍ ഇല്ലാതില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.'' (വി.ഖു 15:19-21) ``ഓരോ വസ്‌തുവെയും അവന്‍ സൃഷ്‌ടിക്കുകയും അതിനെ അവന്‍ ശരിയാം വണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.'' (വി.ഖു. 25:2) ``തീര്‍ച്ചയായും ഏത്‌ വസ്‌തുവെയും നാം സൃഷ്‌ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥ പ്രകാരമാകുന്നു.'' (വി.ഖു. 54:49) അല്ലാഹു ശരിയായ വ്യവസ്ഥയോടും ക്രമത്തോടും കൂടെ സംവിധാനിച്ച ലോകത്ത്‌ മനുഷ്യരുടെ അതിക്രമങ്ങള്‍ നിമിത്തം താളപ്പിഴകളും കുഴപ്പങ്ങളും പ്രകടമാകുന്നതിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.'' (വി ഖു 30:41)
രണ്ട്‌, ജൈവ-അജൈവ വസ്‌തുക്കളുടെയെല്ലാം ഘടന സൂക്ഷ്‌മ ജ്ഞാനിയായ അല്ലാഹു സംവിധാനിച്ചതാണ്‌. അന്യൂനവും അവികലവുമാണ്‌ ദൈവികമായ സൃഷ്‌ടിഘടന. വസ്‌തുക്കളുടെ നിറം, മണം, രുചി തുടങ്ങിയ മൗലിക ഗുണങ്ങളെല്ലാം ഏറ്റവും അനുയോജ്യമായ രീതിയില്‍ അല്ലാഹു ഇണക്കിയിരിക്കുന്നു. മനുഷ്യരല്ലാത്ത ജന്തുവര്‍ഗങ്ങളെല്ലാം അല്ലാഹു സൃഷ്‌ടിച്ച മൗലികഗുണങ്ങളുള്ള ഭൗതിക വസ്‌തുക്കളെ അതേ അവസ്ഥയില്‍ ആഹരിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. പ്രകൃതി വ്യവസ്ഥയെ അതിലംഘിക്കുന്ന യാതൊരു ഇടപെടലും അവ നടത്തുന്നില്ല. മനുഷ്യര്‍ക്ക്‌ മാത്രമാണ്‌ ഭൗതിക വസ്‌തുക്കളുടെ രൂപഭാവങ്ങളില്‍ മാറ്റംവരുത്താനുള്ള കഴിവും സ്വാതന്ത്ര്യവും നല്‌കപ്പെട്ടിട്ടുള്ളത്‌. ദൈവം നല്‌കിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ പല തരത്തില്‍ കൂട്ടിച്ചേര്‍ത്തും പാകംചെയ്‌തും അവര്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുണ്ടാക്കുന്നു. മരങ്ങള്‍ മുറിച്ചെടുത്ത്‌ അവര്‍ ഫര്‍ണിച്ചറും ഗൃഹനിര്‍മാണ സാമഗ്രികളും ഉണ്ടാക്കുന്നു. ലോഹ അയിരുകള്‍ ഉരുക്കി സംസ്‌കരിച്ച്‌ ഉപകരണങ്ങളും ആയുധങ്ങളും ആഭരണങ്ങളും നിര്‍മിക്കുന്നു. ഭൂമിക്കടിയില്‍ നിന്ന്‌ കല്‍ക്കരിയും എണ്ണയും കുഴിച്ചെടുത്ത്‌ അവര്‍ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. വിത്തുകളുടെയും ജീവകോശങ്ങളുടെയും ഘടനയില്‍ സങ്കലനങ്ങളും വ്യവകലനങ്ങളും നടത്തി അവര്‍ സങ്കരവര്‍ഗങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നു.
പ്രാചീന മനുഷ്യര്‍ ജൈവ-അജൈവ വസ്‌തുക്കള്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌ അല്ലാഹു നിശ്ചയിച്ച പ്രകൃതിവ്യവസ്ഥയെ അട്ടിമറിക്കാതെയായിരുന്നു. എന്നാല്‍ ശാസ്‌ത്രവും സാങ്കേതിക വിദ്യയും ഏറെ വികസിച്ചപ്പോള്‍ പ്രകൃതി വ്യവസ്ഥയില്‍ കൃത്രിമമായ ഇടപെടല്‍ നടത്തി അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ശാസ്‌ത്രജ്ഞന്മാര്‍ ഊറ്റംകൊള്ളാന്‍ തുടങ്ങി. അല്ലാഹു സൃഷ്‌ടിച്ച വസ്‌തുക്കളുടെ മൗലികമായ വര്‍ണത്തിനും ഗന്ധത്തിനും രുചിക്കും പകരം അവര്‍ രാസഘടകങ്ങള്‍ ചേര്‍ത്ത്‌ കൃത്രിമ വര്‍ണങ്ങളും ഗന്ധങ്ങളും രുചികളും നിര്‍മിച്ചു. അടിസ്ഥാനപരമായ ഗുണങ്ങളോടെ അല്ലാഹു സൃഷ്‌ടിച്ചു സംവിധാനിച്ച്‌ യുഗാന്തരങ്ങളായി നിലനിര്‍ത്തിപ്പോന്ന ജന്തുവര്‍ഗങ്ങള്‍ക്ക്‌ പകരം അതിവേഗം വളരുന്നതും അത്യധികം പാല്‍ ചുരത്തുന്നതുമായ വളര്‍ത്തുമൃഗങ്ങളെയും കൂടുതല്‍ മുട്ടയിടുന്ന വളര്‍ത്തു പക്ഷികളെയും കൃത്രിമ ബീജ സങ്കലനത്തിലൂടെ അവര്‍ `വികസിപ്പിച്ചെ'ടുത്തു. അല്ലാഹു സൃഷ്‌ടിച്ച മൗലിക ഗുണങ്ങളുള്ള വിത്തുകള്‍ക്ക്‌ പകരം അവര്‍ ബീജകോശങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തി അത്യുല്‌പാദന ശേഷി, കീടപ്രതിരോധശേഷി തുടങ്ങിയ ഗുണങ്ങളുള്ള സങ്കരവിത്തിനങ്ങള്‍ ഉരുത്തിരിച്ചെടുത്തു. ജനിതക പരിഷ്‌കരണം എന്ന അത്യാധുനിക സാങ്കേതിക വിദ്യ പ്രായോഗികമായതോടെ ജന്തുസസ്യജാലങ്ങളിലെ കൃത്രിമ ആവിഷ്‌കാരങ്ങള്‍ ഏറെ വിപുലമാവുകയുണ്ടായി. പരിസ്ഥിതി സന്തുലനത്തെ ഗുരുതരമായി ബാധിക്കുന്നതും ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ വന്‍ ചൂഷണത്തിന്‌ അവസരമൊരുക്കുന്നതുമായ അന്തകവിത്ത്‌ ഇത്തരം ആവിഷ്‌കാരങ്ങളിലൊന്നാകുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ച തന്നെയാണ്‌ മാനവരാശി ഏറെ ആകാംക്ഷയോടും ആശങ്കയോടും കൂടെ ഉറ്റുനോക്കുന്ന ക്ലോണിംഗ്‌.
ജീവശാസ്‌ത്രരംഗത്തും സസ്യശാസ്‌ത്ര രംഗത്തും ചില കൃത്രിമ നിര്‍മിതികള്‍ സാധ്യമായതിന്റെ പേരില്‍ ഇനി ദൈവത്തിന്റെ ആവശ്യം തന്നെയില്ല എന്ന്‌ പറയാന്‍ പോലും ധാര്‍ഷ്‌ട്യം കാണിക്കുന്നുണ്ട്‌ ചില ഭൗതികവാദികള്‍. എന്നാല്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ ഏറെ ആശങ്കയോടെയാണ്‌ ജനിതക പരിഷ്‌കരണത്തെയും ക്ലോണിംഗിനെയും മറ്റും വീക്ഷിക്കുന്നത്‌. സങ്കരവിത്തുകള്‍ വ്യാപകമായതോടെ പല സ്വാഭാവിക വിത്തുകള്‍ക്കും വംശനാശം സംഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, സങ്കരവര്‍ഗമല്ലാത്ത കാലികളുടെ കാര്യവും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ലെന്നും, ജനിതക പരിഷ്‌കരണവും ക്ലോണിംഗും സ്വാഭാവിക സസ്യ-ജീവജാലങ്ങളുടെ വംശനാശത്തിന്‌ ആക്കംകൂട്ടുമെന്നും അത്‌ അപരിഹാര്യമായ ദുരന്തമായിരിക്കുമെന്നും പരിസ്ഥിതി ശാസ്‌ത്രത്തിന്റെ വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
മൂന്ന്‌, അല്ലാഹു സൃഷ്‌ടിച്ച ഏതെങ്കിലുമൊരു വസ്‌തുവിന്റെ പ്രകൃതിയില്‍ ന്യൂനതയുണ്ടെന്നോ അത്‌ അന്യൂനമാക്കാന്‍ മനുഷ്യരുടെ വകയായി വല്ലതും ചെയ്യേണ്ടതുണ്ടെന്നോ ഇതുവരെ ആരും തെളിയിച്ചിട്ടില്ല. ഇത്‌ അല്ലാഹുവിന്റെ അതുല്യതയ്‌ക്കും അനിതരമായ സൃഷ്‌ടി വൈഭവത്തിനും വ്യക്തമായ തെളിവാകുന്നു. മാത്രമല്ല, അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയില്‍ അട്ടിമറി നടത്തിയാല്‍ അത്‌ വൈകല്യങ്ങള്‍ക്കും താളപ്പിഴകള്‍ക്കും ഇടവരുത്തുമെന്നും ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ജീവിതരീതി ജന്യരോഗങ്ങള്‍ക്കുമെല്ലാം പ്രധാന കാരണം മനുഷ്യര്‍ പരിസ്ഥിതി സന്തുലനം തകരാറാക്കിക്കൊണ്ട്‌ പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണെന്ന്‌ ആഗോള പ്രശസ്‌തരായ ധാരാളം വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പക്ഷെ, വികസനത്തെയും പുരോഗതിയെയും സംബന്ധിച്ച്‌ മിക്ക രാഷ്‌ട്രമീമാംസകരും സാമ്പത്തിക വിദഗ്‌ധരും ഇപ്പോള്‍ പുലര്‍ത്തുന്ന ധാരണയ്‌ക്ക്‌ മാറ്റംവരുത്താതെ പ്രകൃതി ചൂഷണത്തിന്റെ രീതിയിലും നിരക്കിലും മാറ്റംവരുമെന്ന്‌ പ്രതീക്ഷിക്കാന്‍ ന്യായം കാണുന്നില്ല.
വ്യവസായികളെല്ലാം തങ്ങളുടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ അതിവേഗ-അനുസ്യൂത വളര്‍ച്ച ലക്ഷ്യംവെക്കുന്നു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഓരോ വര്‍ഷവും പ്രാപിക്കേണ്ട വ്യാവസായിക വളര്‍ച്ചാനിരക്ക്‌ മുന്‍കൂട്ടിത്തന്നെ നിശ്ചയിക്കുകയും ആ നിരക്കിലെത്താന്‍ വേണ്ടി ആഗോള വ്യവസായ ഭീമന്മാരെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. മിക്ക വ്യവസായികളുടെയും അജണ്ട പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണംചെയ്‌ത്‌ ശതകോടികള്‍ സമ്പാദിക്കുകയാണ്‌. വിത്തും വെള്ളവും മണ്ണും വായുവും ഉള്‍പ്പെടെ എന്തും വിറ്റു കാശാക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുന്നു. അവരുടെ ബ്രാന്‍ഡുകളായിട്ടല്ലാതെ വിത്തും വളവും കുടിനീരും ജനങ്ങള്‍ക്ക്‌ കിട്ടാതിരിക്കാന്‍ വേണ്ടി അവര്‍ പാറ്റന്റുകള്‍ നേടിയെടുക്കും. ജനങ്ങള്‍ക്ക്‌ അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ഇടവരരുതെന്നോ, പരിസ്ഥിതി സന്തുലനം തകര്‍ത്ത്‌ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഭാവി നശിപ്പിക്കരുതെന്നോ ഈ വ്യവസായികളാരും നിഷ്‌കര്‍ഷിക്കാറില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ വ്യവസായികള്‍ക്കു വേണ്ടി പലപ്പോഴും അയയുകയും വളയുകയും ചെയ്യുന്നു. ദ്രുതഗതിയിലുള്ള വ്യവസായ വികസനം ലക്ഷ്യമാക്കുന്ന ഭരണകൂടങ്ങളാകട്ടെ വ്യവസായികളെ വെറുപ്പിച്ച്‌ അകറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ചെയ്യുന്നു. ജൈവ മണ്ഡലത്തിന്റെ സുസ്ഥിതിക്ക്‌ അനുപേക്ഷ്യമായ പല കാര്യങ്ങളും ഇതിനിടയില്‍ തല്‌പരകക്ഷികള്‍ അവഗണിക്കുകയോ വിസ്‌മരിക്കുകയോ ചെയ്യുന്നു.
കൃഷിയും വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കാനാണ്‌ ഭരണകൂടങ്ങളും വന്‍കിട കര്‍ഷകരും ലക്ഷ്യമിടുന്നത്‌. അതിനുവേണ്ടി പലതരം രാസവളങ്ങളും കീടനാശിനികളും സങ്കരവിത്തുകളും അന്തകവിത്ത്‌ ഉള്‍പ്പെടെയുള്ള ജി എം വിത്തിനങ്ങളും ഉപയോഗിക്കുന്നു. കുറച്ചുകാലം ഇവയൊക്കെ ഉല്‌പാദന വര്‍ധനക്ക്‌ സഹായകമാകുമെങ്കിലും, നിരന്തരമായ രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെ ജൈവഗുണങ്ങള്‍ നഷ്‌ടപ്പെടുകയും, കീടനാശിനികള്‍ നിമിത്തം ശത്രുകീടങ്ങളെക്കാളേറെ മിത്രകീടങ്ങള്‍ നശിക്കുകയും സാവധാനത്തില്‍ ശത്രുകീടങ്ങള്‍ കീടനാശിനികളെ അതിജീവിക്കാനുള്ള കരുത്താര്‍ജിക്കുകയും ചെയ്യുന്നതോടെ വിളനാശം പതിവായിത്തീരുന്നു. കടമെടുത്ത്‌ കൃഷി ചെയ്യുന്നവര്‍ കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. അങ്ങനെ ഊര്‍ജിത കൃഷി സംരംഭങ്ങള്‍ നിമിത്തം കര്‍ഷകര്‍ തുലയുകയും മണ്ണും വെള്ളവും ഭക്ഷണവുമെല്ലാം അപചയത്തിന്‌ വിധേയമാവുകയും ചെയ്യുന്നു.
ഈ പ്രതിസന്ധിയില്‍ നിന്ന്‌ മോചനം നേടാന്‍ കുറുക്കുവഴികളില്ല. ക്ഷിപ്രലാഭമോഹങ്ങള്‍ മാറ്റിവെച്ച്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എത്തിപ്പിടിക്കാവുന്ന മൗലികമായ നേട്ടങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കി ദൈവികമായ പ്രകൃതിവ്യവസ്ഥയോട്‌ നീതി പുലര്‍ത്തുന്ന വ്യാവസായിക-കാര്‍ഷിക നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക മാത്രമാണ്‌ മോചനമാര്‍ഗം. ആഗോള കുത്തക താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി അന്തക ഗവേഷണം നടത്തുന്ന അതിമോഹികളായ ശാസ്‌ത്രജ്ഞരെയല്ല വിവേകശാലികള്‍ പിന്തുടരേണ്ടത്‌. പ്രപഞ്ച നാഥന്‍ ജന്മവാസന നല്‌കി അനുഗ്രഹിച്ച ജീവജാതികള്‍ പരിസ്ഥിതി സന്തുലനം തകര്‍ക്കാതെ പ്രകൃതി വിഭവങ്ങളെ ഉപജീവിക്കുന്നത്‌ എങ്ങനെയെന്നാണ്‌ അവര്‍ നിരീക്ഷിക്കേണ്ടത്‌. ജീവ-സസ്യവര്‍ഗങ്ങളുടെ നാശത്തിന്‌ വഴിവെക്കാത്ത പരിസ്ഥിതി സൗഹൃദമുള്ള ജീവിതരീതികള്‍ കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ ആ നിരീക്ഷണം സഹായകമാകുമെന്നതില്‍ സംശയത്തിന്നവകാശമില്ല.


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.