15 July 2012

അക്രമികള്‍ക്കെതിരില്‍ ശാപപ്രാര്‍ഥന നടത്താമോ? - ശബാബ് 29 ജൂണ്‍ 2012


നാം ദുര്‍ബലരായിരിക്കെ നമ്മോട്‌ അതിക്രമം ചെയ്‌തവര്‍ക്കെതിരെ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാമോ? അക്രമം ചെയ്‌തവരോട്‌ നിയമപരമായും ശാരീരികമായും ഏറ്റുമുട്ടാന്‍ ഈ വിഭാഗത്തിന്‌ കഴിവില്ല. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ശാപപ്രാര്‍ഥന ഇവര്‍ക്കെതിരെ നടത്താമോ? ശാപപ്രാര്‍ഥന നടത്തുന്നതിന്‌ പ്രത്യേക മാനദണ്ഡങ്ങളുണ്ടോ? ഇത്തരത്തില്‍ പ്രാര്‍ഥിച്ചാല്‍ ദൈവകോപമുണ്ടാകുമോ?
മുഹമ്മദ്‌ അമന്‍ ദേര, ദുബൈ
കൊലയാളികള്‍ക്കും മര്‍ദകര്‍ക്കുമെതിരായി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശമുണ്ട്‌. ഖുര്‍ആന്‍ അറിയാവുന്ന സ്വഹാബികളെ ചതിച്ചുകൊന്ന ഗോത്രക്കാരെ ശിക്ഷിക്കാന്‍ വേണ്ടി നബി(സ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നതായി പ്രാമാണികമായ ഹദീസിലുണ്ട്‌. സത്യവിശ്വാസികള്‍ക്ക്‌ കടുത്ത ദ്രോഹം ചെയ്‌ത ചിലരെ ശപിക്കാന്‍ വേണ്ടി നബി(സ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നുവെന്നും, വിശുദ്ധഖുര്‍ആനിലെ 3:128 സൂക്തം അവതരിച്ചതോടെ അദ്ദേഹം ആ പ്രാര്‍ഥന നിര്‍ത്തിയെന്നും ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 3:128ന്റെ പരിഭാഷ താഴെ ചേര്‍ക്കുന്നു:
``(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.''
ഇപ്പോള്‍ നമ്മെ ദ്രോഹിക്കുന്നവര്‍ പിന്നീട്‌ പശ്ചാത്തപിച്ച്‌ നല്ലവരാകാനും നമുക്ക്‌ തന്നെ സഹായികളും ഉപകാരികളുമാകാനും സാധ്യതയുണ്ട്‌. അതിനാല്‍ അവരെ ശപിക്കാനും ശിക്ഷിക്കാനും വേണ്ടി പ്രാര്‍ഥിക്കുന്നതിനെക്കാള്‍ നല്ലത്‌ അവരുടെ ഉപദ്രവത്തില്‍ നിന്ന്‌ നമ്മെ രക്ഷിക്കാന്‍ വേണ്ടി മാത്രം പ്രാര്‍ഥിക്കുകയാണ്‌.
``സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കണമേ'' (വി.ഖു 66:11). കൊലയാളിയും മര്‍ദകനുമായ ഫിര്‍ഔന്റെ കൊട്ടാരത്തില്‍ സത്യവിശ്വാസിനിയായി ജീവിച്ച ആ മഹതി ആ ദുഷ്‌ടനെ ശപിക്കാനോ ശിക്ഷിക്കാനോ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാതെ അവന്റെ ഉപദ്രവത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.