02 July 2012

ഹലാല്‍ -ഹറാം വിശദീകരണം തഫ്‍ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്

ഹലാല്‍ -ഹറാം വിശദീകരണം തഫ്‍ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്


 1

ദൈവദത്തമാണ്‌ എന്ന പേരില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളെ വിലക്കിയതിനെ സംബന്ധിച്ച്..
അന്‍ആം 6:118

വ്യാഖ്യാനക്കുറിപ്പ് 84. ഭൂവാസികളില്‍ ‘ഭൂരിഭാഗവും കേവലം അനുമാനത്തിന്റെയോ ഊഹാപോഹത്തിന്റെയോ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചുവെച്ചതും മതപരമായ അതിര്‍വരമ്പുകളെന്ന നിലപാട് എങ്ങനെയോ കൈവന്നതുമായ നിരവധി ആചാരാനുഷ്ഠാനങ്ങളിലൊന്ന്, വിവിധ ജനസമുദായങ്ങള്‍ക്കിടയില്‍ കാണുന്ന‘ഭക്ഷ്യപേയങ്ങളെ സംബന്ധിച്ച സമ്പ്രദായമത്രെ. അവര്‍ ചില വസ്തുക്കള്‍ നിഷിദ്ധമായും മറ്റുചിലത് അനുവദനീയമായും സ്വയം കല്‍പിച്ചുവെച്ചിരിക്കുന്നു. വാസ്തവത്തില്‍ അതിനൊന്നും ദൈവത്തിന്റെ അനുമതിയില്ല. അല്ലാഹുവിങ്കല്‍ ഹലാലായത് ഹറാമാക്കുവാനോ ഹറാമായത് ഹലാലാക്കുവാനോ ഇവര്‍ക്ക് യാതൊരധികാരവുമില്ല. ദൈവനാമമുച്ചരിച്ചറുത്തിട്ടുള്ള മൃഗങ്ങളുടെ മാംസം നിഷിദ്ധമാണെന്നും ദൈവനാമമുച്ചരിക്കാതെ അറുക്കപ്പെട്ടതിന്റെ മാംസം അനുവദനീയമാണെന്നുമുള്ള ഇവരുടെ വാദം വിശേഷിച്ചും സ്വകല്‍പിതമാണ്. ഇതിനെ നിഷേധിച്ചുകൊണ്ടാണ് പ്രകൃതസൂക്തം അവതരിച്ചിരിക്കുന്നത്. ഇത് സംബന്ധമായി അല്ലാഹു സത്യവിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. അല്ലാഹുവില്‍ തങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും അവന്റെ വിധിവിലക്കുകള്‍ അനുസരിക്കുകയും ചെയ്യുന്നുവെങ്കില്‍, അവിശ്വാസികളും ബഹുദൈവവിശ്വാസികളും ആചരിച്ചുവരുന്ന അന്ധവിശ്വാസജടിലവും പക്ഷപാത പങ്കിലവുമായ ദുരാചാരങ്ങളെ പറ്റെ കൈവിടണമെന്ന്. ദൈവത്തിന്റെ നിര്‍ദേശത്തില്‍നിന്നും സ്വതന്ത്രമായിക്കൊണ്ട് ചുമത്തപ്പെട്ടിട്ടുള്ള ഒരു ഉപാധിയും ദൈവവിശ്വാസികള്‍ക്ക് സ്വീകാര്യമല്ല. അല്ലാഹു നിഷിദ്ധമാക്കിയതാണ് നിഷിദ്ധം. അല്ലാഹു അനുവദിച്ചതാണ് അനുവദനീയം!
 2
 കാലികളെ സംബന്ധിച്ച് അല്ലാഹുവിന്‍റെ പേരില്‍ ഉണ്ടാക്കിയ വിലക്കുകളെ ചോദ്യം ചെയ്യുന്നു..സൂറ:അല്‍അന്‍ആം 6:138 - വ്യാഖ്യാനം:113

“(138) അവര്‍ പറയുന്നു: `ഈ കാലികളും വിളകളും വിലക്കപ്പെട്ടവയാകുന്നു. നാം ഉദ്ദേശിച്ചവര്‍ മാത്രമേ അവ തിന്നാന്‍ പാടുള്ളൂ.` എന്നാല്‍ അവരുടെ ഈ വ്യവസ്ഥ സ്വയംകൃതമാകുന്നു. വേറെ ചില കാലികള്‍ക്ക് സവാരിയും ഭാരം ചുമക്കലും നിരോധിക്കപ്പെട്ടിരിക്കുന്നു. ചില മൃഗങ്ങളില്‍ അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയില്ല. ഇതൊക്കെയും അല്ലാഹുവിന്റെ പേരില്‍ അവര്‍ കള്ളം ചമച്ചതാകുന്നു.113”

113. അതായത്, ദൈവനിര്‍ദിഷ്ടമായ ഒരു ചട്ടമല്ല അത്, എന്നിരുന്നാലും ദൈവത്തമെന്ന ധാരണയിലാണ് അവരത് കൈക്കൊണ്ടുവരുന്നത്. ആ ധാരണയ്ക്കാകട്ടെ, അവരുടെ വശം യാതൊരു പ്രമാണവുമില്ല. വല്ലതുമുണ്ടെങ്കില്‍ പൂര്‍വപിതാക്കള്‍ മുതല്‍ക്കേ അങ്ങനെയാണ് നടന്നുവന്നതെന്ന ഒരു ന്യായം മാത്രം.
 3
 സൂറ:അല്‍അന്‍ആം 6:144 - വ്യാഖ്യാനം:120

“ചോദിക്കുക: `അല്ലാഹു അവയില്‍ ആണിനെയാണോ നിഷിദ്ധമാക്കിയത്, അതോ പെണ്ണിനെയോ? അതുമല്ല ഒട്ടകത്തിന്റെയും പശുവിന്റെയും ഗര്‍ഭാശയത്തിലുള്ളതിനെയാണോ?120”

120. മുശ്രിക്കുകള്‍ക്ക് തങ്ങള്‍ വെച്ചുപോറ്റുന്ന അന്ധവിശ്വാസങ്ങളുടെ അര്‍ഥശൂന്യത മനസ്സിലാക്കിക്കൊടുക്കുവാനാണ് ഈ ചോദ്യം ഇത്ര സവിസ്തരമായി ഇവിടെ ഉന്നയിച്ചിരിക്കുന്നത്. ഒരേ ജീവിയില്‍നിന്നുളള ആണ് ഹറാമും പെണ്ണ് ഹലാലുമാവുക, അല്ലെങ്കില്‍ മറിച്ചാവുക, അതുമല്ലെങ്കില്‍ ഒരു മൃഗം ഹലാലും അതിന്റെ കുട്ടി ഹറാമുമാവുക- ഇതെല്ലാം തികച്ചും ബുദ്ധിശൂന്യമായ ധാരണകള്‍ മാത്രമാണ്. നിര്‍മല ബുദ്ധികളാരും അത് സമ്മതിക്കുകയില്ല. ഇത്തരം അര്‍ഥമില്ലാത്തതും അസംബന്ധവുമായ വിധിവിലക്കുകള്‍ ദൈവം നല്‍കുമെന്നും ബുദ്ധിയുള്ള ഒരാള്‍ക്ക് എങ്ങനെ വിഭാവന ചെയ്യാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആന്‍ അറബികള്‍ക്ക് തങ്ങളുടെ അര്‍ഥശൂന്യമായ മൂഢധാരണകള്‍ ചൂണ്ടിക്കാണിച്ചതിലുള്ള തത്വം ലോകത്തിലെ ഇതര ജന സമുദായങ്ങള്‍ക്കും ബാധകമാണ്. അന്നപാന വസ്തുക്കളുടെ കാര്യത്തില്‍ ബുദ്ധിശൂന്യങ്ങളായ നിരവധി നിബന്ധനകളും ഐത്താചാരങ്ങളും അസ്പൃശ്യതകളും വിവിധ ജനസമുദായങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.

 4
 മക്കാ മുശ്‍രിക്കുകള്‍ ആചരിക്കുന്ന ഹലാല്‍ - ഹറാമുകള്‍ ദൈവദത്തമാണ്‌ എന്ന വാദത്തെ അല്ലാഹു ചോദ്യം ചെയ്യുന്നു...

സൂറ:അല്‍അന്‍ആം 6:150 - വ്യാഖ്യാനം:126
“അവരോടു പറയുക: `അല്ലാഹു ഈ വസ്തുക്കള്‍ നിരോധിച്ചിരിക്കുന്നു എന്നു സാക്ഷ്യം വഹിക്കുന്നവരായി നിങ്ങള്‍ക്കുള്ള സാക്ഷികളെ കൊണ്ടുവരുവിന്‍.` അവര്‍ അങ്ങനെ സാക്ഷ്യം നല്‍കുകയാണെങ്കില്‍, നീ അവരോടൊപ്പം സാക്ഷിയാകരുത്.126”

...പ്രസ്തുത ഉപാധികളും നിബന്ധനകളുമൊക്കെ വാസ്തവത്തില്‍ ദൈവികമാണെന്ന് നെഞ്ചത്ത് കൈവെച്ചുകൊണ്ട് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. ആത്മാര്‍ഥതയുള്ള, സത്യസന്ധതയള്ള ഒരാള്‍ക്കും അത് പറയാന്‍ സാധ്യമല്ല. പിന്നെന്തിനു നിരര്‍ഥമായ ഈ ആചാരങ്ങളില്‍ ശഠിച്ചുനില്‍ക്കുന്നു? ഇത്തരം ദുരാചാരങ്ങള്‍ വലിച്ചെറിയരുതോ?

 5
 അല്ലാഹുവിന്‍റെ ഇഷ്ടവും അനിഷ്ടവും (ഹലാല്‍ - ഹറാം) സ്വന്തമായി മനുഷ്യര്‍ പ്രഖ്യാപിക്കുന്നത് വിലക്കുന്നു.
സൂറ അന്നഹ്‍ല്‍ 16 :114

فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿١١٤

114. നിങ്ങള്‍ വാദിക്കുന്നപോലെ യഥാര്‍ഥത്തില്‍ തന്നെ നിങ്ങള്‍ അല്ലാഹുവിനുള്ള അടിമത്തം സ്വീകരിച്ചിരുന്നെങ്കില്‍ ഹലാല്‍ -ഹറാമുകള്‍ സ്വന്തമായി തീരുമാനിച്ചുകളയരുത്. അല്ലാഹു നല്ലതും അനുവദനീയവുമാക്കിയ ഭക്ഷ്യവിഭവങ്ങള്‍ മാത്രം ഭക്ഷിക്കുകയും അതിന് അല്ലാഹുവോട് നന്ദികാണിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ നിയമത്തില്‍ നിഷിദ്ധവും മ്ളേഛവുമായ സാധനങ്ങള്‍ വര്‍ജിക്കുകയും ചെയ്യുക.
 6
 സൂറ അന്നഹ്‍ല്‍ 16 :116
وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ
116. ഹലാല്‍ -ഹറാമുകള്‍ നിശ്ചയിക്കാനുള്ള അധികാരം അല്ലാഹു അല്ലാത്ത മറ്റാര്‍ക്കുമില്ലെന്ന് ഈ സൂക്തം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. മറ്റു വാക്കുകളില്‍ , നിയമനിര്‍മാതാവ് അല്ലാഹു മാത്രം. മറ്റേതെങ്കിലും വ്യക്തികള്‍ സ്വന്തമായി അനുവാദ-നിഷിദ്ധങ്ങള്‍ നിശ്ചയിക്കാന്‍ ധൃഷ്ടരാവുകയാണെങ്കില്‍ അവര്‍ തങ്ങളുടെ പരിധികള്‍ ഉല്ലംഘിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അല്ലാഹുവിന്റെ നിയമങ്ങളെ ആധാരമാക്കി ഉപനിയമങ്ങള്‍ കണ്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇന്നിന്ന വസ്തുക്കളും കര്‍മങ്ങളും അനുവദനീയമാണെന്നോ നിഷിദ്ധമാണെന്നോ പറയുകയും ചെയ്യുന്നത് ഇതില്‍പ്പെടുകയില്ല. ഇങ്ങനെ സ്വന്തം നിലയില്‍ ഹലാല്‍-ഹറാമുകള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ പേരില്‍ കള്ളമാരോപിക്കലാണെന്ന് പറയാന്‍ കാരണമിതാണ്: ഇങ്ങനെ വിധി കല്‍പിക്കുമ്പോള്‍ അതിന് രണ്ടാലൊരു നിലപാടേ ഉണ്ടാവാന്‍ തരമുള്ളൂ. ഒന്നുകില്‍ അവന്‍ വാദിക്കണം, ദൈവികഗ്രന്ഥത്തെ അവലംബമാക്കാതെ താന്‍ സ്വന്തമായി നിശ്ചയിച്ച ഹലാല്‍-ഹറാമുകള്‍ അല്ലാഹു ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്തവയാണെന്ന്. അതല്ലെങ്കില്‍ അല്ലാഹു ഹലാല്‍-ഹറാമുകള്‍ നിശ്ചയിക്കാനുള്ള തന്റെ അധികാരം കയ്യൊഴിച്ചു, മനുഷ്യ ജീവിതത്തിന് ആവശ്യമായ നിയമങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കുതന്നെ നല്‍കിയിരിക്കുന്നുവെന്ന് വാദിക്കണം. ഇതില്‍ ഏത് വാദമാണെങ്കിലും അത് കളവും അല്ലാഹുവിന്റെ പേരിലുള്ള ആരോപണവുമാണെന്ന് തീര്‍ച്ച.
 7

ഹലാല്‍ ഹറാം അലാഹു തീരുമാനിച്ചതിന്‍റെ അടിസ്ഥാനം...സൂറ:അല്‍മാഇദ 5:1- വ്യാഖ്യാനം:4
إِنَّ اللَّهَ يَحْكُمُ مَا يُرِيدُ﴿١ 
4. സര്‍വ്വതന്ത്ര സ്വതന്ത്രനായ വിധികര്‍ത്താവും നിയമനിര്‍മാതാവുമാണ് അല്ലാഹു. ഇച്ഛിക്കും പോലെ വിധി കല്‍പിക്കാന്‍ അവനു സ്വാതന്ത്യ്രവും അധികാരവുമുണ്ട്. അവന്റെ വിധിവിലക്കുകളെ ഗുണദോഷിക്കാനും വിമര്‍ശിക്കാനും അടിമകള്‍ക്കവകാശമില്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെല്ലാം പൊതുതാല്‍പര്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുളളതാണെങ്കിലും സത്യവിശ്വാസിയായ അടിമ തനിക്ക് യുക്തമെന്ന് തോന്നിയതുകൊണ്ടോ പൊതുതാല്‍പര്യത്തിന് അനുഗുണമെന്ന് മനസ്സിലായതുകൊണ്ടോ അല്ല ദൈവകല്‍പന അനുസരിക്കുന്നത്; പ്രത്യുത, യജമാനന്റെ കല്‍പനയെന്ന നിലയ്ക്ക് മാത്രമാണ്. യജമാനന്‍ ഒന്ന് നിയമവിരുദ്ധമാക്കിയാല്‍, അവന്‍ നിയമവിരുദ്ധമാക്കിയതുകൊണ്ടുതന്നെ അതു നിയമവിരുദ്ധമാവുന്നു. അതേപ്രകാരം: യജമാനന്‍ ഒന്ന് നിയമവിധേയമാക്കിയാല്‍ അത് നിയമവിധേയമാകുന്നതും മറ്റൊരടിസ്ഥാനത്തിലല്ല. ദൈവമാണ് സകല വസ്തുക്കളുടെയും ഉടമസ്ഥന്‍. അവന്‍ തന്റെ അടിമകള്‍ക്ക് ചിലത് അനുവദിക്കുന്നു; ചിലത് നിരോധിക്കുന്നു. ഇതാണ് ഹലാല്‍- ഹറാമുകളുടെ അടിസ്ഥാനം. അതുകൊണ്ടാണ് സാധനങ്ങളുടെ നിയമപരമായ സാധുതയ്ക്കും അസാധുതയ്ക്കും ഉടമസ്ഥന്റെ അനുവാദവും അനുവാദമില്ലായ്മയുമല്ലാതെ മറ്റൊരടിസ്ഥാനം തീരെ ആവശ്യമില്ലെന്ന തത്വം വിശുദ്ധഖുര്‍ആന്‍ ഊന്നിപ്പറയുന്നത്. അതുപോലെ അടിമകള്‍ക്ക് ഒരു പ്രവൃത്തി ന്യായമോ അന്യായമോ ആവുന്നതിന്റെ അധിഷ്ഠാനം അതിനെ ദൈവം ന്യായമായോ അന്യായമായോ നിശ്ചയിക്കുകയെന്നത് മാത്രമാണ്. മറ്റൊന്നുമല്ല.  

 8

ഹലാല്‍ ഹറാം ബന്ധപ്പെടുന്നത് മനുഷ്യന്‍റെ ധാര്‍മ്മിക വശത്തെയാണ്‌... സൂറ:അല്‍മാഇദ 5:3- വ്യാഖ്യാനം:13
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ


13. ഇവിടെ ഒരു കാര്യം നല്ലപോലെ മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷണപാനീയങ്ങളുടെ സാധുതക്കും അസാധുതക്കും, ശരീഅത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉപാധികള്‍ക്കും നിയമ പരിധികള്‍ക്കുമുള്ള സാക്ഷാല്‍ അടിസ്ഥാനം അവയുടെ വൈദ്യശാസ്ത്രപരമായ ഗുണദോഷങ്ങളല്ല. പ്രത്യുത, ധര്‍മശാസ്ത്രപരവും സാന്മാര്‍ഗികവുമായ നന്മതിന്മകളാണ്. പ്രകൃതിശാസ്ത്രപരമായ കാര്യങ്ങളാകട്ടെ, മനുഷ്യന്റെ അന്വേഷണ നിരീക്ഷണങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കയാണ് ദൈവം. തന്റെ ശരീരത്തിനും ആരോഗ്യത്തിനും ഉപയുക്തമായ പോഷകപദാര്‍ഥങ്ങളേവ, പ്രയോജനകരമല്ലാത്തതും ദോഷകരവുമായ പദാര്‍ഥങ്ങള്‍ ഏത് എന്നൊക്കെ മനുഷ്യന്‍ ദൈവദത്തമായ നിരീക്ഷണ കഴിവുപയോഗിച്ചു കണ്ടുപിടിച്ചുകൊള്ളണം. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുവാനുള്ള ഉത്തരവാദിത്തം ശരീഅത്ത് ഏറ്റെടുത്തിട്ടില്ല. അല്ലായിരുന്നുവെങ്കില്‍ ഏറ്റവും ആദ്യമായി വിഷപദാര്‍ഥങ്ങളെ ശരീഅത്ത് നിരോധിക്കുമായിരുന്നു. എന്നാല്‍ ഖുര്‍ആനിലോ ഹദീസിലോ മനുഷ്യശരീരത്തെ ഹനിക്കുന്ന നഞ്ഞുപദാര്‍ഥങ്ങളെപ്പററി എവിടെയും വിശദീകരിച്ചിട്ടില്ല. ഭക്ഷണ സംബന്ധമായി ശരീഅത്ത് വല്ലതും സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്റെ സദാചാര ജീവതത്തില്‍ സ്വാധീനം ചെലുത്തുന്ന വശത്തില്‍ക്കൂടി മാത്രമാണ്. മനുഷ്യന്റെ ധര്‍മത്തെ ബാധിക്കുന്ന ആഹാരപദാര്‍ഥങ്ങളെയും മനഃപരിശുദ്ധിയെ പരിഗണിച്ചുള്ള അവയുടെ സ്വഭാവത്തെയും വിശ്വാസപരവും സിദ്ധാന്തപരവുമായ പരിഗണനയില്‍ ആഹാരസമ്പാദന മാര്‍ഗങ്ങളുടെ സുബദ്ധാബദ്ധങ്ങളെയും മാത്രമാണ് ശരീഅത്ത് പ്രതിപാദിച്ചിട്ടുള്ളത്. എന്തെന്നാല്‍ ഈ വശത്തെപ്പറ്റിയുള്ള നിരീക്ഷണം മനുഷ്യകഴിവിന്നതീതമാണ്. അതന്വേഷിച്ച് കണ്ടുപിടിക്കാനുള്ള സാമഗ്രികള്‍ മനുഷ്യന്റെ അധീനത്തിലില്ലെന്നതാണ് വാസ്തവം. ഇത്തരം വിഷയങ്ങളില്‍ മനുഷ്യന് അടിക്കടി തെറ്റുപറ്റിക്കൊണ്ടിരിക്കുന്നതിന്റെ സാക്ഷാല്‍ കാരണവും അതത്രെ. ആകയാല്‍ ഈ വശത്തില്‍ ശരീഅത്തിന്റെ മാര്‍ഗനിര്‍ദ്ദേശം മാത്രമാണ് ഏക നിദാനം. ശരീഅത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംഗതി, ഒന്നുകില്‍ മനുഷ്യന്റെ സദാചാരത്തില്‍ ചീത്ത സ്വാധീനം ചെലുത്തുന്നതായിരിക്കും; അല്ലെങ്കില്‍ പരിശുദ്ധിക്കെതിരായിരിക്കും; അതുമല്ലെങ്കില്‍ അസത്യവിശ്വാസത്തോടേ അന്ധവിശ്വാസത്തോടോ മറ്റോ ബന്ധപ്പെട്ടതായിരിക്കും. ഇത്തരത്തില്‍പ്പെട്ട ചീത്ത ഫലങ്ങളുളവാക്കാത്ത വസ്തുക്കളെയാണ് ശരീഅത്ത് ഹലാലാക്കിയിരിക്കുന്നത്. എന്നാല്‍ നമുക്കൊരു കാഴ്ചപ്പാട് ലഭിക്കുവാന്‍ വേണ്ടിയെങ്കിലും അത്തരം ഹറാമുകളെ നിയമവിരുദ്ധങ്ങളായി പ്രഖ്യാപിച്ചതിന്റെ ഹേതുക്കള്‍ എന്തുകൊണ്ട് അല്ലാഹു വിവരിച്ചില്ല എന്നൊരു പ്രശ്നം ഇവിടെ ഉളവായേക്കാം. ആ ഹേതുക്കള്‍ മനസ്സിലാക്കുക നമുക്കു സാധ്യമല്ലാത്തതുകൊണ്ട് എന്നാണ് അതിനുള്ള ഉത്തരം. ഉദാഹരണമായി, രക്തവും പന്നിമാംസവും ശവവുമൊക്കെ തിന്നുന്നതിനാല്‍ മനുഷ്യന്റെ സന്മാര്‍ഗ്ഗിക ഗുണങ്ങള്‍ക്ക് ഏതേത് ദൂഷ്യങ്ങള്‍, എത്രത്തോളം, എങ്ങനെ ബാധിക്കുന്നു എന്ന സംഗതി നമുക്കൊരുവിധത്തിലും നിരീക്ഷിച്ചറിയുക സാധ്യമല്ല. എന്തെന്നാല്‍ സാന്‍മാര്‍ഗിഗ ഗുണങ്ങളെ അളന്നു തൂക്കാന്‍ ഉപയുക്തമായ ഒരു യന്ത്രം നമുക്കിതുവരെ കിട്ടിക്കഴിഞ്ഞിട്ടില്ല. ഇനി അവയുളവാക്കുന്ന ദുഷ്ഫലങ്ങളെപ്പറ്റി അല്ലാഹു പ്രസ്താവിച്ചാല്‍ തന്നെ സംശയാലുക്കളുടെ ഇന്നത്തെ നിലപാടിന് വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്തെന്നാല്‍ ആ പ്രസ്താവത്തെ വിലയിരുത്താനുതകുന്ന ഉരകല്ല് തങ്ങളുടെ പക്കലില്ലല്ലോ. അതിനാല്‍ ഹലാലിന്റെയും ഹറാമിന്റെയും പരിധികള്‍ പാലിക്കാനുള്ള ഏക നിദാനം സത്യവിശ്വാസമത്രേ. അല്ലാഹു യുക്തിമാനും സര്‍വ്വജ്ഞനുമാണെന്നും ഖുര്‍ആന്‍ ദൈവദത്തമായ ഗ്രന്ഥമാണെന്നും മുഹമ്മദ്(സ) ദൈവനിയുക്തനായ പ്രവാചകനാണെന്നും വിശ്വസിക്കുന്ന ജനങ്ങള്‍ അല്ലാഹുവും റസൂലും നിര്‍ണ്ണയിച്ചുകൊടുത്തിട്ടുള്ള സീമകളെ കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വൈമനസ്യവും കാണിക്കുന്നതല്ല. അവരെ സംബന്ധിച്ചിടത്തോളം അവയുടെ യുക്തിയും നന്മയും മനസ്സിലായാലും ഇല്ലെങ്കിലും സമമാണ്. പ്രസ്തുത അടിസ്ഥാനാദര്‍ശങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കാകട്ടെ, മനുഷ്യന്റെ ജ്ഞാനപരിധിക്കധീനമായ ചീത്തവസ്തുക്കളെ പരിത്യജിക്കുകയും ജ്ഞാനപരിധിക്കതീതമായ നീചവസ്തുക്കളെ പരീക്ഷണവിധേയമാക്കുകയുമല്ലാതെ ഗത്യന്തരമില്ല.
 



 9

സൂറ:അല്‍മാഇദ 5:4 - വ്യാഖ്യാനം:18
يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ


18. ഈ ഉത്തരത്തില്‍ ഒരു സൂക്ഷ്മ തത്വം അന്തര്‍ഭവിച്ചിട്ടുണ്ട്. വ്യക്തമായി ഹലാലാക്കാത്ത കാലത്തോളം ലോകത്തുള്ള എല്ലാ വസ്തുക്കളും ഹറാമാണെന്ന ഒരു ധാരണക്ക് പലപ്പോഴും വശംവദരായിട്ടുണ്ട്, മതചിന്താഗതിക്കാരായ ആളുകള്‍. ഈ മൂഢമനഃസ്ഥിതിയുടെ ഫലമായി അതികര്‍ക്കശമായ ഒരു തരം നിയമപരത അവരെ പിടികൂടിയിരുന്നു. അവര്‍ ജീവിതത്തിന്റെ ഓരോ വകുപ്പിലും ഹലാലായ വസ്തുക്കളും അനുവദനീയമായ പ്രവൃത്തികളും സമാഹരിച്ച ഒരു പട്ടിക അന്വേഷിക്കുന്നു. ഓരോ വസ്തുവിനെയും ഓരോ പ്രവൃത്തിയെയും അവര്‍ വീക്ഷിക്കുന്നത് അത് നിഷിദ്ധമായിരിക്കുമെന്ന സംശയദൃഷ്ടിയോടെയായിരിക്കും. ഈ മനോഭാവത്തെ സംസ്കരിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. ഹലാലായ എല്ലാ വസ്തുക്കളും വിശദമായി വിവരിച്ചു കിട്ടണം എന്നതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യം. എങ്കില്‍ ഇതര വസ്തുക്കളെല്ലാം ഹറാമെന്ന് സ്വയം മനസ്സിലാക്കാമല്ലോ. ഖുര്‍ആനാകട്ടെ, പ്രസ്തുത ചോദ്യത്തിന്റെ ഉത്തരത്തില്‍ ഹറാമായ വസ്തുക്കള്‍ വിവരിക്കുകയും അനന്തരം മറ്റെല്ലാ നല്ല വസ്തുക്കളും ഹലാലെന്ന ഒരു പൊതു നിര്‍ദേശം നല്‍കിവിടുകയുമാണ് ചെയ്തത്. ഇങ്ങനെ പഴയ മതസിദ്ധാന്തം പാടെ മാറ്റിമറിക്കപ്പെട്ടു. ഹലാലായി പ്രഖ്യാപിക്കാത്തതെല്ലാം ഹറാമെന്നായിരുന്നു പഴയ മതസിദ്ധാന്തം. നേരെമറിച്ച് വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നത്, ഹറാമെന്ന് വ്യക്തമാക്കാത്തതെല്ലാം ഹലാലാണെന്ന തത്വമാണ്. മനുഷ്യജീവിതത്തെ കുടുക്കിയിട്ടിരുന്ന ബന്ധനങ്ങളില്‍നിന്ന് സ്വതന്ത്രമാക്കി വിശാലതയുടെ കവാടം തുറന്നുകൊടുത്ത അതിമഹത്തായ ഒരു നവീകരണമാണിത്. ആദ്യം `അനുവദനീയത` യുടെ ചെറിയൊരു വൃത്തത്തിനു പുറത്ത് ലോകത്തുള്ളതെല്ലാം ഹറാമായിരുന്നു. ഇപ്പോള്‍ നിഷിദ്ധതയുടെ ചെറുതായൊരു പരിധിക്കപ്പുറം മുഴുലോകവും മനുഷ്യന് ഹലാലായിരിക്കുന്നു. ഒരു വസ്തു ഹലാലാകുവാന്‍ അതു നല്ലതായിരിക്കണം എന്ന ഉപാധി വെച്ചിരിക്കുന്നത്, മേല്‍ പറഞ്ഞ പൊതു അനുവാദത്തെ തെളിവാക്കി അശുദ്ധ വസ്തുക്കളെ ഹലാലാക്കാന്‍ മിനക്കെടുന്നതിനെ തടയേണ്ടതിനത്രെ. ഇനി വസ്തുക്കളുടെ ശുദ്ധത എങ്ങനെ നിര്‍ണയിക്കാം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അതിന്റെ ഉത്തരം ഇതാണ്: ഏതെങ്കിലുമൊരു ശരീഅത്ത് തത്വത്തിന്റെ അടിസ്ഥാനത്തില്‍ അശുദ്ധമായതോ മനുഷ്യന്റെ ശുദ്ധപ്രകൃതി വെറുക്കുന്നതോ പൊതുവില്‍ സംസ്കാരസമ്പന്നനായ മനുഷ്യന്റെ നൈസര്‍ഗികബോധത്തിന് വിരുദ്ധമായിക്കാണുന്നതോ ആയ വസ്തുക്കള്‍ അശുദ്ധങ്ങളും അല്ലാത്തതെല്ലാം ശുദ്ധങ്ങളുമാണ്. 

 10

സൂറ:അല്‍മാഇദ 5:88- വ്യാഖ്യാനം:104
يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا


104. ഈ വാക്യത്തില്‍ രണ്ടു കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. ഹലാലും ഹറാമും നിര്‍ണയിക്കുവാന്‍ മനുഷ്യനധികാരമില്ല എന്നതാണ് ഒന്ന്. അല്ലാഹു ഹലാലാക്കിയത് ഹലാല്‍; അവന്‍ ഹറാമാക്കിയത് ഹറാമും. വല്ലവനും സ്വന്തം വക വല്ല ഹലാലും ഹറാമാക്കിയാല്‍ അവന്‍ അല്ലാഹുവിന്റെ നിയമത്തെയല്ല, സ്വയംകൃത നിയമത്തെയാവും പാലിക്കുക. 










 11

സൂറ തഹ്രീം 66:1 “അല്ലയോ പ്രവാചകാ, അല്ലാഹു നിനക്കനുവദിച്ചുതന്നിട്ടുള്ളത് നിഷിദ്ധമാക്കുന്നതെന്തിന്?”
ഈ വചനത്തെ പറ്റി സംശയമുണ്ടാകാറുണ്ട്. അതിന്‍റെ വിശദീകരണം തഫ്‍ഹീമുല്‍ ഖുര്‍ആന്‍ നല്‍കിയത് കാണുക

സൂറ തഹ്രീം 66:1 കുറിപ്പ് 1

“1. ഇതൊരന്വേഷണമല്ല; പ്രത്യുത, നീരസ പ്രകടനമാണ്. അതായത്, പ്രവാചകന്‍ (സ) അപ്രകാരം ചെയ്തതെന്തിനാണെന്ന് ചോദിച്ചറിയുകയല്ല ഇതിന്റെ താത്പര്യം. മറിച്ച്, അല്ലാഹു അനുവദിച്ച ഒരു കാര്യത്തെ നബി (സ) സ്വയം തന്റെ മേല്‍ നിഷിധമാക്കിയ നടപടിയില്‍ അല്ലാഹുവിന് അപ്രീതിയുണ്ട് എന്ന് ശാസിക്കുകയാണ്. അല്ലാഹു അനുവദനീയമാക്കിയ ഒരു കാര്യം നിഷിദ്ധമായി കല്പിക്കുവാന്‍ യാതൊരാള്‍ക്കും അത് പ്രവാചകന്‍ തന്നെയായിരുന്നാല്‍പോലും അവകാശമില്ല എന്ന ആശയം ഇത് ധ്വനിപ്പിക്കുന്നുണ്ട്. നബി (സ) അത് ഒരു ആദര്‍ശമെന്ന നിലക്ക് നിഷിദ്ധമെന്ന് കരുതുകയോ നിയമപരമായി നിഷിദ്ധമാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, തനിക്കുമാത്രം അതിന്റെ ഉപഭോഗം നിഷിദ്ധമാക്കുകയേ ചെയ്തിട്ടുള്ളൂവെങ്കിലും അത് ക്ഷന്തവ്യമല്ല. എന്തുകൊണ്ടെന്നാല്‍, തിരുമേനിയുടെ നിലപാട് ഒരു സാധാരണ മനുഷ്യന്റെതല്ല. അല്ലാഹുവിന്റെ ദൂതന്റെതാണ്. അദ്ദേഹം തന്റെ മേല്‍ ഏതൊരു കാര്യം നിഷിദ്ധമാക്കിയാലും, സമൂഹവും അത് നിഷിദ്ധമാണെന്ന്; ചുരുങ്ങിയ പക്ഷം അനഭിലഷണീയമാണെന്നെങ്കിലും മനസ്സിലാക്കുക എന്ന അപകട സാധ്യതയുണ്ട്. അല്ലെങ്കില്‍ സമൂഹത്തിലെ ചിലര്‍ അല്ലാഹു അനുവദിച്ച കാര്യങ്ങളെ തങ്ങളുടെ മേല്‍ സ്വയം നിഷിദ്ധമാക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല` എന്ന് ധരിക്കാനിടയായേക്കും. അതുകൊണ്ടാണ് തിരുമേനിയുടെ ഈ നിഷിദ്ധമാക്കലിനെ അല്ലാഹു വിമര്‍ശിച്ചതും അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്പിച്ചതും.






No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.