04 February 2013

2002 ല്‍ , ഇല്ലാത്ത ആദര്‍ശവ്യതിയാനം കണ്ടെത്തിയവരുടെ വ്യതിയാനങ്ങള്‍ - "കാലം തന്നെ സാക്ഷി" !!!!



2002 ല്‍ , ഇല്ലാത്ത ആദര്‍ശവ്യതിയാനം കണ്ടെത്തിയവരുടെ വ്യതിയാനങ്ങള്‍ - "കാലം തന്നെ സാക്ഷി" !!!!
2013 jan_25 SHABAB






Click here to download from http://shababweekly.net  > Right click  > Save target as (2.5MB)

http://sdrv.ms/X0wz0g


------------------------------------------------------------------------------


ഇസ്‌ലാഹി ഐക്യം അസാധ്യമോ?  

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ -- ശബാബ് 2013 jan_25 SHABAB

ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കോ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കോ അവരെ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഒരേ അഭിപ്രായം ഉണ്ടായെന്ന്‌ വരില്ല. കാരണം, അവരുടെ ശാരീരികവും മാനസികവുമായ ഘടന വ്യത്യസ്‌തമാണ്‌. സ്ഥലകാല- സാഹചര്യങ്ങളും അനുഭവങ്ങളും അവരില്‍ ചെലുത്തുന്ന സ്വാധീനവും പല തരത്തിലായിരിക്കും. അതിനാല്‍ അവരെ ആശയതലത്തില്‍ പൂര്‍ണമായി ഏകോപിപ്പിക്കുക മിക്കവാറും അസാധ്യമായിരിക്കും.
മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ക്കിടയിലും ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്‌. നബി(സ) പല വിഷയങ്ങളിലും ശിഷ്യന്മാരുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായിരുന്നു.


സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍ സിദ്ദീഖും(റ) ഉമറുബ്‌നുല്‍ ഖത്ത്വാബും(റ) പ്രകടിപ്പിച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളായിരുന്നു. അതിന്റെ പേരില്‍ നബി(സ) അവരെയൊന്നും ആക്ഷേപിച്ചിട്ടില്ല. നബി(സ)യുടെ കാലശേഷം സ്വഹാബികള്‍ക്കിടയില്‍ പലവിധ കാരണങ്ങളാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പ്രവാചകപത്‌നി ആഇശ(റ)യും നബി(സ)യുടെ മകള്‍ ഫാത്വിമ(റ)യുടെ ഭര്‍ത്താവും നാലാം ഖലീഫയുമായ അലി(റ)യും എതിര്‍ചേരികളിലായിക്കൊണ്ട്‌ യുദ്ധവുമുണ്ടായി. യുദ്ധത്തില്‍ അനേകം സ്വഹാബികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ എക്കാലത്തും ശീഅകള്‍ ഒഴികെയുള്ള മുസ്‌ലിംകളെല്ലാം സ്വഹാബികളെ മൊത്തമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്‌. സത്യവിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാവുന്ന അഭിപ്രായ വ്യത്യാസത്തോടുള്ള പോസിറ്റീവായ സമീപനമാണിത്‌.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സലഫികളും പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങളോട്‌ പോസിറ്റീവായ സമീപനം തന്നെയാണ്‌ സ്വീകരിച്ചുവരുന്നത്‌. സുഊദി അറേബ്യയിലും ഗള്‍ഫ്‌ നാടുകളിലുമുള്ള സലഫികളെല്ലാം എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായക്കാരല്ല. `തൗഹീദുല്‍ ഹാകിമിയ്യഃ' സംബന്ധിച്ച്‌ ഇഖ്‌വാനീ വീക്ഷണം പുലര്‍ത്തുന്ന ചിലര്‍ അവര്‍ക്കിടയിലുണ്ട്‌. നിലവിലുള്ള മുസ്‌ലിം ഭരണാധികാരിയെ പുറത്താക്കാന്‍ വേണ്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തിലും അവര്‍ ഏകാഭിപ്രായക്കാരല്ല. സ്‌ത്രീകള്‍ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമാണോ എന്ന വിഷയവും ഇതുപോലെ തന്നെ. ഇതിന്റെയൊക്കെ പേരില്‍ അവര്‍ വെവ്വേറെ പള്ളികളും മദ്‌റസകളും സ്ഥാപിക്കുകയോ കവലകളില്‍ ഖണ്ഡന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ലെന്നാണ്‌ ഈ ലേഖകന്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.

ചില ഇഖ്‌വാനീ -സുറൂറി പ്രവണതകള്‍ കേരളത്തിലെ ഏതാനും മുജാഹിദുകളെ സ്വാധീനിച്ചിട്ടുണ്ട്‌ എന്ന പ്രചാരണമാണ്‌ ഒരു ദശാബ്‌ദം മുമ്പ്‌ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം രണ്ടായി പിളരാന്‍ കാരണം. കേരളത്തില്‍ ഇഖ്‌വാന്‍കാരുടെ സഹയാത്രികര്‍ ജമാഅത്തുകാരാണ്‌. അതുകൊണ്ടാണല്ലോ അവര്‍ അറബ്‌ വസന്തം ആഘോഷിക്കുന്നത്‌. എന്നാല്‍ ജമാഅത്തുകാരുടെ ഇബാദത്ത്‌ വ്യാഖ്യാനങ്ങളോടോ രാഷ്‌ട്രീയ വീക്ഷണത്തോടോ കേരളത്തിലെ മുജാഹിദുകളാരും മുമ്പെന്ന പോലെ ഇപ്പോഴും യോജിക്കുന്നില്ല. പിന്നെയുണ്ടായിരുന്നത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപ്രബോധനത്തിന്‌ ഉപാധിയാക്കാന്‍ പാടുണ്ടോ എന്ന തര്‍ക്കമാണ്‌. ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഈ വിഷയകമായി ഖണ്ഡിതമായ വിധിയൊന്നും വന്നിട്ടില്ലാത്തതിനാല്‍ `ഉപാധി' എന്ന തര്‍ക്കവിഷയം മാറ്റിവെക്കുകയും, മുമ്പേ ചെയ്‌തുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്‌താല്‍ മതിയായിരുന്നു.

പിന്നെ ഉയര്‍ത്തിക്കാണിക്കപ്പെട്ട ഒരു വിഷയം ജനസമ്പര്‍ക്കത്തിന്‌ പൊതുതാല്‌പര്യ മേഖല കണ്ടെത്തുന്നതിനെക്കുറിച്ച്‌ `ശബാബി'ല്‍ ഈ ലേഖകന്‍ എഴുതിയ ഒന്നോ രണ്ടോ വാചകമായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരോ ചിന്തകന്മാരോ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ ലേഖകന്‍ അത്‌ എഴുതിയത്‌. ജിദ്ദയിലെയും കുവൈത്തിലെയും (അവിഭക്ത) ഇസ്വ്‌ലാഹീ സെന്ററുകള്‍ ഷെയര്‍ ബിസിനസ്‌ സംബന്ധിച്ച ഗൈഡന്‍സും, സ്‌പോര്‍ട്‌സ്‌ മത്സരങ്ങളും ജനസമ്പര്‍ക്കത്തിന്‌ ഉപാധിയാക്കിയതിനെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അതെഴുതിയത്‌. അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ഞാന്‍ മാത്രമാണ്‌ അതിന്‌ ഉത്തരവാദിയെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ജംഇയ്യത്തുല്‍ ഉലമാ യോഗത്തില്‍ ഈ ലേഖകന്‍ വ്യക്തമാക്കിയിരുന്നു. പിളര്‍പ്പിന്‌ മറ്റൊരു കാരണം മരംനടല്‍ കാമ്പയിനാണ്‌. മരങ്ങള്‍ സലഫീ ആശയത്തെ കളങ്കപ്പെടുത്താന്‍ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക്‌ അവയെ വെറുതെ വിടാമായിരുന്നു. ഇസ്വ്‌ലാഹീ ഐക്യത്തിന്‌, നട്ട മരങ്ങള്‍ പിഴുതെടുക്കല്‍ അനിവാര്യമാണെങ്കില്‍ നിഷ്‌പക്ഷരായ വല്ല സാധുക്കളെയും ആ പണി ഏല്‌പിച്ചാല്‍ മതിയായിരുന്നു.

കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഗുരുതരമായ ഭിന്നിപ്പ്‌ ജിന്നിന്റെയും മലക്കിന്റെയും പേരിലാണ്‌. പതിനാലു നൂറ്റാണ്ട്‌ കാലത്തിനിടയില്‍ മുസ്‌ലിം സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു ഭിന്നത ഉടലെടുത്തതായി ചരിത്രഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. ജിന്ന്‌ പിളര്‍പ്പിലേക്കും ഈ ലേഖകന്റെ ഒരു വാചകം വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്‌. ഈ ലേഖകനാണ്‌ കേരളത്തിലേക്ക്‌ ഈ ഫിത്‌ന ആദ്യമായി കൊണ്ടുവന്നതെന്ന്‌ ഒരു വാഗ്‌മി സകല സ്റ്റേജുകളിലും പ്രസംഗിച്ചുവരുന്നുണ്ട്‌. പതിനഞ്ച്‌ വര്‍ഷത്തിലധികം മുമ്പ്‌ ഒരു മുസ്‌ലിയാര്‍ മരിച്ചവരോട്‌ പ്രാര്‍ഥിക്കാന്‍ `യാ ഇബാദല്ലാഹ്‌...' തെളിവാക്കിയതിനെ ഖണ്ഡിച്ചുകൊണ്ട്‌ ഈ ലേഖകന്‍ എഴുതിയതിന്റെ ആരംഭത്തിലും അവസാനത്തിലുമായി, ജിന്നിനോടും മലക്കിനോടും പ്രാര്‍ഥിക്കുന്നതിനോ സഹായം ആവശ്യപ്പെടുന്നതിനോ ഇസ്‌ലാമിക ദൃഷ്‌ട്യാ യാതൊരു ന്യായവുമില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. അതിനിടയിലെ ഒരു വാചകമാണ്‌ വിവാദമാക്കപ്പെട്ടത്‌. ഏതാനും ലക്കങ്ങള്‍ക്ക്‌ മുമ്പ്‌ `ശബാബില്‍' ഈ വിഷയം കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്‌. അതിന്നെതിരില്‍ ജിന്നു വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുണ്ട്‌.
ജിന്ന്‌ വിഭാഗത്തിന്റെ ചില വക്താക്കളോ അനുഭാവികളോ ഈ ലേഖകന്റെ അടുത്ത്‌ വന്നിരുന്നു. ജിന്നുകളോട്‌ സഹായം തേടുന്നത്‌ ഹലാലാണെന്നോ പുണ്യകരമാണെന്നോ ഹറാമാണെന്നോ എന്താണ്‌ നിങ്ങളുടെ അഭിപ്രായമെന്ന്‌ ചോദിച്ചപ്പോള്‍ ഹറാം തന്നെയാണെന്ന്‌ അവര്‍ ഉറപ്പിച്ചുപറഞ്ഞു. ശിര്‍ക്കാണെങ്കിലും ഹറാമാണെങ്കിലും വര്‍ജിക്കേണ്ടത്‌ തന്നെയല്ലേ; പിന്നെയെന്തിനാണ്‌ ഹറാമിനുവേണ്ടി ഒരു ഗ്രൂപ്പുണ്ടാക്കുന്നതെന്ന്‌ ഈ ലേഖകന്‍ ചോദിച്ചു. ഗ്രൂപ്പുണ്ടാക്കുന്നത്‌ ഹറാമിനുവേണ്ടിയല്ല; സംഘടനയില്‍നിന്ന്‌ ചിലരെ അന്യായമായി പുറത്താക്കിയതാണ്‌ ഗ്രൂപ്പ്‌ തിരിയാന്‍ കാരണം എന്നായിരുന്നു അവരില്‍ ഒരാളുടെ മറുപടി. സംഘടനയുടെ തീരുമാനത്തെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഈ ലേഖകന്‌ അവകാശമില്ലാത്തതിനാല്‍ ആ വിഷയം വിട്ടു.
മരത്തിന്റെ പേരിലായാലും ജിന്നിന്റെ പേരിലായാലും മുജാഹിദുകള്‍ ഭിന്നിക്കുന്നത്‌ ഖബ്‌റാരാധനയുടെ വക്താക്കള്‍ ആഘോഷമാക്കുകയാണ്‌. അത്‌ ഇസ്‌ലാമിനും മുസ്‌ലിംസമൂഹത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌. ഒരു കാലത്ത്‌ ചിന്താശീലമുള്ള മുസ്‌ലിംകളെല്ലാം താല്‍പര്യപൂര്‍വം ഉറ്റുനോക്കിയിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനം ഇന്ന്‌ ജാഹിലിയ്യത്തിന്റെ വക്താക്കളാല്‍ ഇകഴ്‌ത്തപ്പെടുക മാത്രമല്ല ആഭ്യന്തര ശൈഥില്യത്താല്‍ അതിന്റെ പ്രതിച്ഛായ ഏറെ കളങ്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്‌. ഓരോ ഗ്രൂപ്പും എതിര്‍ഗ്രൂപ്പിനെ പരസ്യമായി തേജോവധം ചെയ്യുന്നത്‌ തുടര്‍ന്നാല്‍ ഇരുവിഭാഗത്തിന്റെയും വിശ്വാസ്യത തകര്‍ന്നടിയുകയും ചെയ്യും.
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കല്‍ പിളര്‍ന്നതിന്റെ ഫലം കണ്ണുള്ളവരെല്ലാം കണ്ടതാണ്‌. പല മഹല്ലുകളിലും രണ്ടുവീതം പള്ളികളും മദ്‌റസകളും ഉണ്ടായി. ഇനി ജിന്നിന്റെ പേരില്‍ ഒരു പിളര്‍പ്പ്‌ കൂടിയായാല്‍ പള്ളിയും മദ്‌റസയും മറ്റും മൂന്നുവീതമാകും. മുജാഹിദ്‌ കുടുംബങ്ങള്‍ മൂന്നായി വിഭജിക്കപ്പെടും. ഇതൊക്കെ അഭിമാനകരമായി കരുതുന്ന ചില മൗലവിമാരുണ്ടാകും. പക്ഷേ, വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നവരെ മുസ്‌ലിം ജനസാമാന്യം എങ്ങനെ വിലയിരുത്തുമെന്ന്‌ വിവേകമുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്‌.

ഇതൊക്കെ പരിഹരിച്ച്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുവരിക അസാധ്യമാണോ? അല്ല, മുവഹ്‌ഹിദുകള്‍ക്ക്‌ ഭൂഷണമല്ലാത്ത ഞാനെന്ന ഭാവവും, പരസ്‌പര വൈരാഗ്യവും മാറ്റിവെച്ചാല്‍ അത്‌ സാധ്യമാകുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അല്ലാഹു പഠിപ്പിച്ച ഈ പ്രാര്‍ഥന മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ ഇസ്വ്‌ലാഹീ ഐക്യത്തിന്‌ വഴിതെളിയും:
``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസികളോട്‌ ഞങ്ങളുടെ മനസ്സുകളില്‍ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 59:10) 

-----------------------------------------------

ദൗത്യം മറക്കുന്ന പിന്മുറക്കാരുടെ ദുര്യോഗം

കേരള സംസ്ഥാനത്തിലെ മുസ്‌ലിംസമൂഹത്തില്‍ ചരിത്രപരമായ കാരണങ്ങളാല്‍ ഉറഞ്ഞുകൂടിയ `ജാഹിലിയ്യ'ത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക്‌ നവോത്ഥാനത്തിന്റെ വെള്ളി വെളിച്ചത്തിന്റെ കിരണങ്ങളുമായി കടന്നുവന്ന പ്രകാശഗോപുരങ്ങളായിരുന്നു സയ്യിദ്‌ സനാഉല്ല മക്‌തി തങ്ങള്‍, വക്കം മൗലവി മുതലായവര്‍.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ആരംഭിച്ച ഈ ചലനങ്ങള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മധ്യകേരളത്തിലെ മണപ്പാട്ടു തറവാടിന്റെ പൂമുറ്റത്ത്‌ കുഞ്ഞിമുഹമ്മദ്‌ ഹാജിയും കെ എം മൗലവിയും ഇ കെ മൗലവിയും മറ്റും ചേര്‍ന്ന്‌ സംഘടിത മുന്നേറ്റത്തിനു വഴിയൊരുക്കിയതാണ്‌ `ഇസ്വ്‌ലാഹീ പ്രസ്ഥാനം അഥവാ കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റം.
ഏറെ വൈകാതെ ഉത്തര കേരളത്തിലേക്ക്‌ വ്യാപിക്കുകയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലും പല തരത്തിലുള്ള അനുകൂലനങ്ങള്‍ ലഭിച്ചതിനാലും ആഴത്തില്‍ വേരുപിടിക്കുകയും ചെയ്‌തു. കര്‍മനിരതമായ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പതിനായിരങ്ങള്‍ കൂടെ അണിനിരക്കുകയും കേരളത്തിന്റെ ധിഷണയെ പൊതുവിലും മുസ്‌ലിം മനസ്സാക്ഷിയെ വിശേഷിച്ചും നവോത്ഥാന സന്ദേശം ആഴത്തില്‍ സ്വാധീനിച്ചു. അതൊരു ഫലദായകമായ വന്‍വൃക്ഷമായി ലക്ഷങ്ങള്‍ക്ക്‌ തണലേകി, കല്ലെറിഞ്ഞവര്‍ക്കു പോലും ഫലമേകി, സന്ദര്‍ശകര്‍ക്ക്‌ അഭയമേകി നിലകൊണ്ടു. അതാണ്‌ സംഘടിത മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ തൊണ്ണൂറു വര്‍ഷത്തെ ചരിത്രം.
ഏതാണ്ട്‌ ഇതേ കാലയളവില്‍ കേരളത്തിന്റെ മണ്ണില്‍ ഇതര സമൂഹങ്ങള്‍ക്കിടയില്‍ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ നിന്ന്‌ ഇസ്‌ലാമിക നവോത്ഥാനം -ഇസ്വ്‌ലാഹീ പ്രവര്‍ത്തനം- വേറിട്ടുനിന്നു. ഇതര സമൂഹങ്ങളെ ഭൗതികവും നാഗരികവുമായി ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുസ്‌ലിംസമൂഹത്തിന്റെ താല്‌ക്കാലികമായി ഉത്ഥാനമല്ല ഉന്നംവെച്ചത്‌. മതത്തിന്റെ മര്‍മമറിയാത്ത സാധാരണക്കാരെ ആദ്യമായി യഥാര്‍ഥ ദീനിലേക്കും അതോടൊപ്പം നാഗരികതയിലേക്കും നയിക്കേണ്ടതുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി ഏകദൈവ വിശ്വാസത്തിലേക്ക്‌ (തൗഹീദിലേക്ക്‌) `മുസ്‌ലിം'കളെ വഴിനടത്തുകയായിരുന്നു ആദ്യം ചെയ്‌തത്‌. അതുപോലെത്തന്നെ മതാനുഷ്‌ഠാനമെന്നത്‌ കേവലം നാട്ടാചാരങ്ങളും പാരമ്പര്യങ്ങളുമല്ല എന്നും ബോധ്യപ്പെടുത്തി നബിചര്യയിലേക്ക്‌ (രിസാലത്തിലേക്ക്‌) വഴി തുറക്കുകയായിരുന്നു ഇസ്വ്‌ലാഹീ പ്രവര്‍ത്തകന്മാര്‍. ഈ രണ്ട്‌ അടിസ്ഥാന ദൗത്യങ്ങളും പൂര്‍ത്തിയാകാന്‍ കാത്തുനില്‌ക്കാതെ അതിന്റെ കൂടെത്തന്നെ സമൂഹ നന്മയ്‌ക്കാവശ്യമായി സകല മേഖലകളിലേക്കും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു നവോത്ഥാന നായകര്‍ നീങ്ങിയത്‌. അതിന്റെ ലക്ഷ്യം ഭൗതികമായിരുന്നില്ല. ആത്യന്തിക ജീവിതവിജയം (ആഖിറത്ത്‌) ആയിരുന്നു. വിദ്യാഭ്യാസം, സ്‌ത്രീവിദ്യാഭ്യാസം എന്നിവയായിരുന്നു മുഖ്യ അജണ്ട. കാതുകുത്ത്‌ കല്യാണം, സുന്നത്ത്‌ കല്യാണം, ചാവടിയന്തിരം തുടങ്ങിയ അത്യാചാരങ്ങളും ചന്ദനക്കുടം, ഉറൂസ്‌ പോലുള്ള അനിസ്‌ലാമിക ആഘോഷങ്ങളും സ്‌ത്രീധനം, വിവാഹരംഗത്തെ അസമത്വങ്ങള്‍ തുടങ്ങിയ ദുരാചാരങ്ങളും മാറ്റിയെടുക്കുക എന്ന ദൗത്യവും ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
മദ്‌ഹബ്‌ പക്ഷപാതിത്വത്തില്‍ നിന്നും വിവിധ ത്വരീഖത്തുകളുടെ പിടിയില്‍ നിന്നും മുസ്‌ലിം ജനതയെ മോചിപ്പിക്കേണ്ടതുണ്ടായിരുന്നു. മദ്‌റസകളും കോളെജുകളും പോലെ ആശുപത്രികളും മറ്റു ദുരിതാശ്വാസ സംരംഭങ്ങളും സ്ഥാപിച്ച്‌ നടപ്പിലാക്കല്‍ ലക്ഷ്യമായി ആദ്യകാല ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ സംഘടനയുടെ ഭരണഘടനയില്‍ പോലും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. ഇങ്ങനെ ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ ഈ സമൂഹത്തിലെ സജീവ സാന്നിധ്യമായി നിലകൊള്ളുക, സമുദായത്തിന്റെ നാനോന്മുഖമായ ഉയര്‍ച്ചയില്‍ പങ്കുവഹിക്കുക, അങ്ങനെ ബഹുസ്വര സമൂഹത്തില്‍ സ്വത്വം സൂക്ഷിച്ചുകൊണ്ട്‌ ധര്‍മം നിറവേറ്റി പൊതുസമൂഹത്തില്‍ അര്‍ഹിക്കുന്ന ഇടം കണ്ടെത്തുക എന്നതായിരുന്നു ആദ്യകാല നവോത്ഥാന നായകരുടെ സങ്കല്‌പം. ഉയര്‍ച്ചയും താഴ്‌ചയും സംഭവിച്ചിട്ടുണ്ടെങ്കിലും എണ്‍പതുകള്‍ അവസാനിക്കുന്നതുവരെ ഈ ദൗത്യനിര്‍വഹണത്തില്‍ പ്രസ്ഥാനം ഉറച്ചുനിന്നു. മുസ്‌ലിംസമൂഹം ഒന്നടങ്കം അതിന്റെ ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി. എല്ലാവരുടെയും സഹകരണത്താല്‍ ഇന്നു കാണുന്ന പുരോഗതി മുസ്‌ലിംകള്‍ക്ക്‌ കൈവന്നു.
എഴുപതുകളിലും എണ്‍പതുകളിലും നടന്ന, വിശിഷ്യാ യുവജന വിഭാഗമായ ഐ എസ്‌ എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന ഏകദിന പഠനക്യാമ്പുകളും പൊതുയോഗങ്ങളും നവോത്ഥാനപാതയില്‍ സൃഷ്‌ടിച്ച വികാസം വലുതായിരുന്നു. മുഴുദിനപഠന സെഷനുകളില്‍ അണികള്‍ക്ക്‌ ആദര്‍ശവും പ്രാസ്ഥാനിക പ്രതിബദ്ധതയും പഠിപ്പിച്ചു. പ്രസ്ഥാന പൈതൃകത്തില്‍ ആവേശമുണ്ടായി. പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്കുപകാരപ്പെടുന്ന ആദര്‍ശ പ്രഖ്യാപനങ്ങളായും നിലകൊണ്ടു.
എന്നാല്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരും പിന്നീട്‌ അതിലേക്ക്‌ കടന്നുവന്നവരും ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി; എന്നല്ല മത്സരിച്ചു. പക്ഷേ, തങ്ങള്‍ ഏറ്റെടുത്ത ദൗത്യം മറന്നുപോയി. നമ്മെ ഇവിടേക്കെത്തിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ കേരള മുസ്‌ലിം നവോത്ഥാനം നിര്‍വഹിച്ച ജിഹാദിന്റെ മര്‍മം അറിയാതെ പോയി. അവരുയര്‍ത്തിപ്പിടിച്ച ആദര്‍ശത്തനിമയും സമൂഹത്തില്‍ കൈക്കൊള്ളേണ്ട നയനിലപാടുകളും എന്തെന്നു പഠിപ്പിക്കപ്പെടാതെ പോയി.
തത്‌ഫലമായി തൗഹീദുള്ള ഒരാള്‍ക്കൂട്ടമായി മുജാഹിദുകള്‍ മാറ്റപ്പെടുന്ന അവസ്ഥ വരുമോ എന്ന ആശങ്കയുണ്ടായി. നേതൃത്വത്തിന്റെ കൈയില്‍ ഒരുവേള അജണ്ടയില്ലാതെ പോയോ എന്നും ശങ്കിക്കേണ്ടി വന്നു. തൗഹീദും രിസാലത്തും ഏതാണ്ട്‌ അടിയുറച്ച, അഥവാ ശിര്‍ക്കും ബിദ്‌അത്തുമില്ലാത്ത പൂര്‍ണ മഹല്ലുകളില്‍, `ഇനിയെന്ത്‌' എന്ന അവസ്ഥ സംജാതമായി. തുടര്‍ സംസ്‌കരണം നടക്കാത്തിടത്ത്‌ അപചയം സ്വാഭാവികം. അപ്പോഴേക്കും യാഥാസ്ഥിതികത്വത്തിന്റെ ശക്തവും സംഘടിതവുമായ മുന്നേറ്റവും തന്ത്രപരമായ ഇടപെടലുകളും മറുഭാഗത്ത്‌ നടന്നുകൊണ്ടിരിക്കുകയും ചെയ്‌തു.
മറ്റൊരു ഭാഗത്ത്‌ മുസ്‌ലിംസമൂഹത്തിന്റെ ദുര്‍ബലമായ മര്‍മത്തില്‍ തൊട്ട്‌ വൈകാരികത ഇളക്കിവിട്ട്‌ മുസ്‌ലിം യുവതയെ തീവ്രവാദത്തിന്റെ ആലയില്‍ കെട്ടാന്‍ അണിയറയില്‍ ശക്തമായ നീക്കം നടന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏറെയുള്ള മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പാദത്തിനടിയില്‍ നിന്നുപോലും മണല്‍ തരികള്‍ നീങ്ങിയോ എന്ന അത്യന്തം ആശങ്കാജനകമായ സ്ഥിതിവിശേഷത്തിനും കേരളം സാക്ഷിയായി.
പശ്ചാത്തലത്തിന്റെ പ്രാധാന്യവും കാലഘട്ടത്തിന്റെ ആവശ്യവും കണക്കിലെടുത്ത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യനിര്‍വഹണത്തില്‍ മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ച്‌ ഇസ്വ്‌ലാഹീയുവത വീണ്ടും രംഗത്തിറങ്ങി. (പ്രസ്ഥാനികപ്രവര്‍ത്തനത്തിന്‌ പല കാരണങ്ങളാല്‍ മന്ദീഭാവം അനുഭവപ്പെട്ട നിര്‍ണായകമായ ഒരു ഘട്ടത്തിലാണല്ലോ കേരള ചരിത്രത്തില്‍ മതരംഗത്തെ ആദ്യത്തെ യുവജനക്കൂട്ടായ്‌മയായി ഐ എസ്‌ എം കടന്നുവന്നത്‌ -1967). എണ്‍പതുകളും തൊണ്ണൂറുകളും കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ നിരവധി നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ എസ്‌ എം നേതൃപരമായ പങ്കുവഹിച്ച കാലമായിരുന്നു. ഐ എസ്‌ എമ്മിന്റെ ആസ്ഥാനം കേവലം സംഘടനാ ഓഫീസ്‌ എന്നതിലുപരി സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ ഗൈഡന്‍സ്‌ അഥവാ മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ വിവിധ തലത്തിലുള്ള ദഅ്‌വ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു.
അക്കാദമി ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ആന്റ്‌റിസര്‍ച്ച്‌ എന്ന ഒരു ഗവേഷണ വിഭാഗവും വിശാലമായ ലൈബ്രറിയും സ്ഥാപിച്ചു. ശാസ്‌ത്രയുഗത്തിലെ തലമുറയ്‌ക്കു മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള അനൗപചാരിക പഠന സംവിധാനം -ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ തുടങ്ങി. അതിന്റെ സ്വാധീനം അന്യാദൃശമായിരുന്നു. എതിരാളികള്‍പോലും അനുകരിച്ചും സമുദായത്തിന്റെ അടിത്തറയെ ഇരുപതുകളില്‍ കെട്ടിപ്പടുത്ത യതീംഖാനാ സംരംഭത്തിന്റെ ആധുനികപതിപ്പായ അനാഥകളെ ഉമ്മയുടെ അടുത്ത്‌ സംരക്ഷിക്കുക എന്ന നൂതനസംരംഭം (ദയ ഓര്‍ഫന്‍ കെയര്‍) പരീക്ഷണാര്‍ഥം നടപ്പിലാക്കി. അതിനും അനുകരണമുണ്ടായി.
പരിമിതമായ ആളുകള്‍ക്കിടയില്‍ ഇടയ്‌ക്കിടെ എം എസ്‌ എസ്‌ നടത്തിയിരുന്ന ഇസ്‌ലാമിക്‌ സെമിനാര്‍ ഏറ്റെടുത്ത്‌ ജനകീയ തലത്തില്‍ ധൈഷണിക സംവാദങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. ശബാബിന്റെ സെമിനാര്‍ പതിപ്പുകള്‍ വിലപ്പെട്ട രേഖകളായി നിലനില്‌ക്കുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന മലയാള തഫസീറിനു ശേഷം ഏറ്റവുമധികം സ്വീകാര്യത നേടിയ `ഇസ്‌ലാം' എന്ന ബൃഹദ്‌ഗ്രന്ഥം അഞ്ചുവാള്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിന്റെ അടിത്തറയും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അസ്‌തിത്വവും തകര്‍ക്കുമായിരുന്നു, അധോലോകത്ത്‌ വളര്‍ന്ന മുസ്‌ലിം തീവ്രവാദഗ്രൂപ്പിനെ സൈദ്ധാന്തികമായും പ്രായോഗികമായും സധൈര്യം നേരിട്ടത്‌ ഐ എസ്‌ എം മാത്രമായിരുന്നു. എരിതീയിലേക്ക്‌ മുസ്‌ലിം യുവത കൂപ്പുകുത്തുമായിരുന്ന മഹാവിപത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കുന്നതിനായി അടിക്കല്ലിട്ടത്‌ ഐ എസ്‌ എം ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ബാക്കിയുള്ളവര്‍ ഈ വഴിക്കുവന്നു. ജീര്‍ണത മുറ്റിയ കാമ്പസുകളില്‍ നിന്ന്‌ ധാര്‍മിക യുവത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തില്‍ ഐ എസ്‌ എം തുടക്കംകുറിച്ച `യുവത ഹോസ്റ്റല്‍' സംരംഭം എത്ര ശ്ലാഘനീയം!
കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷകഘടകങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരമായ ഇസ്‌ലാഹീ ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട്‌ ഐ എസ്‌ എം മുന്‍കയ്യെടുത്ത സംരംഭങ്ങളില്‍ ചിലതാണ്‌ മുകളില്‍ ചൂണ്ടിക്കാണിച്ചത്‌. എന്നാല്‍ വയദ്‌ പറയുക എന്ന `മതപ്രബോധന'ത്തിനപ്പുറം അജണ്ടയില്ലാത്ത ചിലര്‍ സംഘടനാ നേതൃത്വത്തില്‍ വന്നപ്പോള്‍ അവര്‍ സംശയിച്ചു. ഇതെല്ലാം ആദര്‍ശവ്യതിയാനമല്ലേ? മുവഹ്‌ഹിദിന്‌ ഇത്‌ പറ്റുമോ? സംശയരോഗം വിഭാഗീയ ചിന്തകള്‍ക്കും പരസ്‌പരാരോപണങ്ങള്‍ക്കും വഴിവെച്ചു.
അജണ്ടയില്ലാത്തവര്‍ക്ക്‌ അജണ്ടകള്‍ വായ്‌പയെടുക്കേണ്ടിവന്നു. കൈമോശം വന്നത്‌ ഇസ്‌ലാഹീ പൈതൃകം! തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇസ്വ്‌ലാഹീ സംഘടന നേരിട്ട അപചയത്തിന്റെ മൂലകാരണം ഇതായിരുന്നു. വിദേശത്തു നിന്നു വായ്‌പയെടുത്ത രഹസ്യ അജണ്ടയും ചില വ്യക്തികളുടെ കുശുമ്പും കുന്നായ്‌മയും നേതൃത്വത്തിലുള്ളവരുടെ അലംഭാവവും മൂലം ഒരു പിന്‍വാതില്‍ ഉപജാപക സംഘം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കയ്യടക്കി. പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ച ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ടു (12-08-2002). ചരിത്രപരമായ വിഡ്‌ഢിത്തം. അസൂയാലുക്കളുടെ കുതന്ത്രം നടന്നു. പക്ഷേ, ഇസ്വ്‌ലാഹീ കേരളത്തിന്റെ ഉറക്കം നഷ്‌ടപ്പെട്ടു. ഐ എസ്‌ എം ഉയര്‍ത്തിപ്പിടിച്ച സംഗതികളില്‍ അപാകം കാണാത്ത മുജാഹിദുകള്‍ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്നു. നന്മയെ വെട്ടിവീഴ്‌ത്തിയവര്‍ സഹോദരനെ കൊന്ന ഖാബീലിനെപ്പോലെ ഉഴറി. യഥാര്‍ഥ ആദര്‍ശവ്യതിയാനം കഴുത്തില്‍ പിടിമുറുക്കി. കേവലം പത്തുവര്‍ഷംകൊണ്ട്‌ തിരിച്ചടി അനിവാര്യമായി. ഐ എസ്‌ എമ്മിനുപകരം വച്ചവെര വീണ്ടും പിരിച്ചുവിടേണ്ടിവന്നു (13-01-2013)! ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യം മറന്നവരുടെ ദുര്യോഗം. അതേസമയം ഇസ്വ്‌ലാഹീ സംഘടനയും ഐ എസ്‌ എമ്മും പോറലേല്‍ക്കാതെ ദൗത്യനിര്‍വഹണ പാതയില്‍ സജീവമായി നിലനില്‌ക്കുന്നു. അല്ലാഹുവിനു സ്‌തുതി. ചരിത്രത്തിന്റെ ആവര്‍ത്തനം. 


-------------------------------------

സുറൂറിസം വിസ്‌മൃതമായ ഒരു വാക്ക്‌

ഡോ. ഹുസൈന്‍ മടവൂര്‍
കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്‌ കളമൊരുക്കിയത്‌ ആദര്‍ശ വ്യതിയാന ആരോപണമായിരുന്നല്ലോ? അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ആദര്‍ശവും തദനുസരിച്ചുള്ള നയനിലപാടുകളും സ്വീകരിച്ചുപോരുന്ന ഈ പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിലേക്കും സുറൂറിസത്തിലേക്കും നയിക്കുന്നതാണ്‌ എന്റെ പ്രവര്‍ത്തനശൈലി എന്ന്‌ ആരോപിക്കപ്പെട്ടു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും സുറൂറികളുടെയും വിദേശത്തുള്ള പണ്ഡിതരും നേതാക്കളുമായ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ഖാലിക്‌, നാസ്വിര്‍ അല്‍ ഉമര്‍, സഫര്‍ അല്‍ഹവാലി, ആമ്മദ്‌ അല്‍ ഖറനി തുടങ്ങിയവരുമായി എനിക്കുള്ള ബന്ധം ഇസ്വ്‌ലാഹീ ആദര്‍ശത്തില്‍ നിന്ന്‌ ഞാന്‍ വ്യതിചലിച്ചതിന്റെ തെളിവായി പറഞ്ഞു. ഇങ്ങനെ ആരോപണമുയര്‍ന്ന സന്ദര്‍ഭത്തില്‍ മറുപക്ഷത്തെ സംസ്ഥാനനേതാക്കളായ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി, ടി പി അബ്‌ദുല്ലക്കോയ മദനി തുടങ്ങിയവരെ സമീപിച്ചു. വിദേശത്ത്‌ നമുക്ക്‌ ബന്ധപ്പെടാന്‍ പാടില്ലാത്തതും സംഘടനയുടെ നയനിലപാടുകള്‍ക്ക്‌ വിരുദ്ധമായവര്‍ ആരൊക്കെയാണ്‌ എന്ന്‌ അന്വേഷിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, സുറൂറികള്‍ തുടങ്ങിയ സംഘടനകളെക്കുറിച്ച്‌ അവരൊന്നും പറഞ്ഞില്ല. ഇന്നിപ്പോള്‍ ആ പേരുകള്‍ പോലും എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നില്ല.

മക്കയില്‍ ഞാന്‍ പഠിക്കുന്ന സമയത്ത്‌ എഴുതിയ നമസ്‌കാരം ലഘുപഠനം എന്ന കൃതിയില്‍ ശൈഖ്‌ ഇബ്‌നുബാസിന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട്‌ തറാവീഹ്‌ നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല എന്ന പരാമര്‍ശം വിവാദത്തിനിടയാക്കി. എന്നാല്‍ ഈ കൃതി എഴുതി വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഇങ്ങനെ എഴുതിയതിനെ ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടാകുന്നത്‌. തറാവീഹ്‌ പോലുള്ള നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ കണിശതയില്ലാത്തത്‌ ആദര്‍ശ വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഈ കൃതി വായിച്ച്‌ സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നത്‌ അബ്‌ദുസ്സമദ്‌ അല്‍കാതിബായിരുന്നു. ആ സമയത്തൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലാത്ത കാര്യം ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഐ എസ്‌ എം ഭാരവാഹിയായ സമയത്ത്‌ ആദര്‍ശവിഷയങ്ങള്‍ പ്രബോധനം ചെയ്യുന്നതു പോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ എന്ന സംഘടനയുമായുള്ള തുറന്ന ബന്ധമാണ്‌ ഇത്‌ കാണിക്കുന്നതെന്ന്‌ പറഞ്ഞവര്‍ തങ്ങളുടെ സംഘടനയെ `വമി'യില്‍ രജിസ്റ്റര്‍ ചെയ്‌തു. ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ്‌, എ ഡബ്ല്യൂ എച്ച്‌ തുടങ്ങിയ സംഘടനകളൊക്കെ വമിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. റാബിതത്തുല്‍ ആലമില്‍ ഇസ്‌ലാമി എന്ന പണ്ഡിതസംഘടനയില്‍ കെ എന്‍ എം, കെ ജെ യു തുടങ്ങിയ സംഘടനകള്‍ക്കൊക്കെ അംഗത്വം ഉണ്ട്‌.
പ്രസ്ഥാനം പിളരുന്നതിന്‌ മുമ്പുതന്നെ പണ്ഡിതരായ ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ്‌ മദനി, കെ കെ മുഹമ്മദ്‌ സുല്ലമി, എ അബ്‌ദുസ്സലാം സുല്ലമി തുടങ്ങിയവര്‍ക്ക്‌ ചില വിഷയങ്ങളിലുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും ആദര്‍ശ വ്യതിയാനത്തിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ആദര്‍ശ വ്യതിയാന ആരോപണം നടത്തി ഈ സംഘടനയെ പിളര്‍ത്താന്‍ നാവും തൂലികയും ഉപയോഗപ്പെടുത്തിയവരും അതിന്‌ ഒത്താശ ചെയ്‌തുകൊടുത്ത നേതൃത്വവും ഇന്ന്‌ എവിടെ എത്തിനില്‌ക്കുന്നു എന്ന്‌ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
(തയ്യാറാക്കിയത്‌: സി കെ റജീഷ്‌)  

------------------------------------------

അച്ചടക്കലംഘനം 2002ലോ 2012ലോ?

കെ പി സകരിയ്യ
2002 ആഗസ്‌ത്‌ 12 ഞായര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിലെ ഒരു `കറുത്ത ഞായര്‍' ആയിരുന്നു. അന്നായിരുന്നു ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഏറ്റവും അപക്വമായ തീരുമാനം പുറത്തുവന്നത്‌. ദീര്‍ഘദൃഷ്‌ടിയില്ലാത്ത, പക്വതയില്ലാത്ത, അസഹിഷ്‌ണുക്കളായ ഒരു സംഘം ആളുകളുടെ വലയത്തില്‍ പെട്ട്‌ അന്ധരായിത്തീര്‍ന്ന ഒരു നേതൃത്വത്തിന്റെ `ചരിത്രപരമായ വങ്കത്ത'ത്തിന്‌ സാക്ഷ്യംവഹിച്ച ദിനം. പ്രസ്ഥാനത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആദര്‍ശസ്‌നേഹികളെ ഏറെ വേദനിപ്പിച്ച ദിനം. അത്‌ ആഹ്ലാദത്തിന്റെ ആഘോഷത്തിന്റെ ദിനമായി ആമോദം കൊണ്ടവരുണ്ടായിരുന്നു.
ഹുസൈന്‍ മടവൂരിന്റെയും അബ്‌ദുസ്സലാം സുല്ലമിയുടെയും രക്തംകൊണ്ടു ഹോളിയാഘോഷിച്ചവരായിരുന്നു അവര്‍. ഐ എസ്‌ എമ്മിനെതിരെ ആരോപണങ്ങളുടെ മുള്ളുമാലകള്‍ കൊണ്ട്‌ ഹാരമണിയിച്ചവരായിരുന്നു അവര്‍. അപ്രതിരോധ്യവും അതിശക്തവുമായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ അജയ്യമായ മേനിയില്‍ അസൂയയുടെയും ആരോപണങ്ങളുടെയും കഠാര കുത്തിയിറക്കി ഇതിനെ തുണ്ടംതുണ്ടമാക്കിയവരും അതുകണ്ട്‌ അതിന്‌ ചുറ്റിലും ആനന്ദനൃത്തം ചവിട്ടിയവരും ഒരേ ഗാനത്തിന്റെ ഈരടികള്‍ ഒന്നിച്ചുപാടുന്നവരായിരുന്നു.

ഇന്നവരുടെ ചുവടുകളും ഗാനങ്ങളും ഭിന്നങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ അലമാലകളുതിര്‍ക്കുന്ന തീവ്രഗര്‍ജനങ്ങളായി ആ ഗാനങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. അന്നത്തെ `സംവിധായകനും ഗായകനും' ഇന്ന്‌ വിമാനങ്ങളില്‍ പാറിവരുമ്പോള്‍ പണ്ടത്തെ പച്ചപരവതാനികളോ പ്രൗഢോജ്വല സ്വീകരണങ്ങളോ കാണാനില്ല. കൈകാലുകള്‍ നഷ്‌ടപ്പെട്ട്‌ `വാസവ ദത്ത'യെപ്പോലെ ഇവരെല്ലാം തെരുവോരങ്ങളില്‍ കിടന്ന്‌ കാരുണ്യത്തിനായി യാചിക്കുകയാണ്‌. `ധൃതരാഷ്‌ട്രരെ'പ്പോലെ അന്ധരായിത്തീര്‍ന്ന നേതൃത്വം `മിമ്പറിലുള്ളവര്‍ താഴെയും താഴെയുള്ളവര്‍ മിമ്പറിലും കയറട്ടെ' എന്ന്‌ വിലാപ സംഘഗാനം പാടുകയാണ്‌. നബി(സ) പറഞ്ഞെതത്ര വാസ്‌തവം: ``മര്‍ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക. അവന്റെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല.'' (ബുഖാരി 2448)
ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ വെട്ടിമുറിച്ച ദിനം അന്നത്തെ കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി മാധ്യമത്തിന്‌ നല്‍കിയ അഭിമുഖം വീണ്ടും വായിക്കുന്നത്‌ ഈ സന്ദര്‍ഭത്തില്‍ ഏറെ കരണീയമാണ്‌. മാധ്യമം പ്രതിനിധി അദ്ദേഹത്തോട്‌ ചോദിച്ചു. ``ഇപ്പോള്‍ രൂപവത്‌കരിച്ച ഐ എസ്‌ എമ്മിന്റെ അഡ്‌ഹോക്ക്‌ കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങില്ലെന്നതിന്‌്‌ എന്താണുറപ്പ്‌?
എ പി: `വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ടുതവണ പാമ്പുകടിക്കില്ലെന്നാണ്‌ പ്രമാണം. അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ ചുരുക്കം'
ഈ വിശദീകരണം ഇന്നത്തെ സാഹചര്യത്തില്‍ പല ചോദ്യങ്ങളുമുയര്‍ത്തുന്നു. എ പിയുടെ വാദപ്രകാരം ഇവിടെ രണ്ടാം തവണ പാമ്പുകടിയേറ്റിരിക്കുന്നു. ഇതിനെ എങ്ങനെ വിശദീകരിക്കും. അനുഭവപാഠം മുന്‍നിര്‍ത്തി അച്ചടക്കമുള്ള അഡ്‌ഹോക്കിനെ നിയോഗിച്ചവര്‍ക്ക്‌ കിട്ടിയ തിരിച്ചടി വിലയിരുത്തി നേരത്തെ ചെയ്‌തുപോയ തെറ്റുകള്‍ തിരുത്തി പശ്ചാത്തപിക്കുകയല്ലേ വേണ്ടത്‌.
2002ല്‍ പുറംതള്ളിയ കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍, അബ്‌ദുസ്സലാം സുല്ലമി, മുഹമ്മദ്‌ കുട്ടശ്ശേരി, ഐ എസ്‌ എമ്മിന്റെ അന്നത്തെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്‌ ആദര്‍ശ വ്യതിയാനം വന്നുവെന്ന ആരോപണം പിന്‍വലിച്ചു മാപ്പുപറയേണ്ടതല്ലേ? സംഘടനക്കകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അപചയങ്ങള്‍ മാന്യമായി ചൂണ്ടിക്കാണിച്ചതിനാല്‍ അവരെ ഒതുക്കാനും നിശ്ശബ്‌ദരാക്കാനും ഉന്മൂലനം ചെയ്യാനും ചില `സഹോദരങ്ങള്‍' മെനഞ്ഞുണ്ടാക്കിയ വ്യാജമായിരുന്നില്ലേ വ്യതിയാനാരോപണം. ആ ആരോപണ പ്രചാരണത്തിന്‌ വേദിയൊരുക്കിയതും ഒത്താശകള്‍ ചെയ്‌തുകൊടുത്തതും അവര്‍ക്കൊപ്പം നിന്ന്‌ അത്‌ ആവര്‍ത്തിച്ചുരുവിട്ടതും കടുത്ത പാതകമായിരുന്നില്ലേ? അപരാധങ്ങള്‍ തിരുത്താതിരിക്കുന്നത്‌ ക്ഷന്തവ്യമാണോ?
2002 ജൂലൈ 30നാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍: ആരോപണങ്ങളും മറുപടിയും എന്ന പേരില്‍ 180 പേജ്‌ വരുന്ന ഒരു പുസ്‌തകം ഐ എസ്‌ എം പ്രസിദ്ധീകരിച്ചുവെന്ന ഒരു `വമ്പന്‍കുറ്റം' ചാര്‍ത്തിക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിടാതിരിക്കാന്‍ വല്ല കാരണവും ബോധിപ്പിക്കണമെങ്കില്‍ അറിയിക്കാമെന്ന്‌ `തിട്ടൂരം' കുറിച്ചുകൊണ്ടുള്ള ഷോക്കോസ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ അതില്‍ ഉന്നയിച്ചിരുന്ന മറ്റു `കുറ്റകൃത്യ'ങ്ങള്‍ താഴെ പറയുന്നവയായിരുന്നു: അല്‍മനാര്‍ ഹജ്ജ്‌ സെല്ലും ഫാമിലി സെല്ലും രൂപീകരിച്ചു, ഐ എസ്‌ എം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു, അത്തൗഹീദ്‌ ദൈ്വമാസിക പ്രസിദ്ധീകരിച്ചു, നേതൃത്വത്തെ അവഗണിച്ചു, ആക്ഷേപിച്ചു!
ഈ കത്തിന്‌ 2002 ജൂലൈ 12ന്‌ ഐ എസ്‌ എം വിശദീകരണം നല്‌കിക്കൊണ്ടുള്ള മറുപടിക്കത്ത്‌ നല്‌കി. പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത്‌ കൈവശമുള്ളവര്‍ ഒന്നുകൂടി എടുത്തുവായിച്ചുനോക്കുക. എത്ര പക്വവും ബഹുമാനപൂര്‍വകവുമാണ്‌ ആ കത്തിലെ വരികള്‍ എന്ന്‌ ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ `വിനാശകാലേ വിപരീത ബുദ്ധി'യെന്ന്‌ പറയാറുള്ളത്‌ അര്‍ഥവത്താക്കിക്കൊണ്ട്‌ 2012 ആഗസ്‌ത്‌ 12ന്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊണ്ടും പുതിയ അഡ്‌ഹോക്കിനെ അവരോധിച്ചതായി അറിയിച്ചുകൊണ്ടും `തിട്ടൂരം' പുറത്തിറക്കുകയുണ്ടായി.
അന്ന്‌ ഐ എസ്‌ എമ്മിന്റെ സാരഥ്യത്തിലുണ്ടായിരുന്ന അച്ചടക്ക ലംഘനം കാണിച്ചവര്‍ ആരായിരുന്നുവെന്നും അഡ്‌ഹോക്ക്‌ ആയി നിയോഗിക്കപ്പെട്ട അച്ചടക്കമുള്ളവര്‍ ആരായിരുന്നുവെന്നും അറിയുന്നത്‌ കൗതുകകരമാണ്‌.
അബൂബക്കര്‍ കാരക്കുന്ന്‌ (പ്രസിഡന്റ്‌), പി മുസ്‌തഫ ഫാറൂഖി (ജന. സെക്രട്ടറി) എന്‍ എം അബ്‌ദുല്‍ജലീല്‍ (ട്രഷറര്‍), അബ്‌ദുല്‍ ഹസീബ്‌ മദനി, എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, എ ടി ഹസന്‍ മദനി, എന്‍ കെ അഹ്‌മദ്‌ മദനി (വൈ.പ്രസിഡന്റ്‌), കെ പി സകരിയ്യ, പി എന്‍ അബ്‌ദുല്‍ അഹദ്‌ മദനി, കെ എന്‍ സുലൈമാന്‍ മദനി (സെക്രട്ടറി)
വിശ്വസ്‌തരും അച്ചടക്കമുള്ളവരും ആദര്‍ശ നിഷ്‌ഠയുള്ളവരുമായി നിയോഗിക്കപ്പെട്ട അഡ്‌ഹോക്ക്‌ താഴെ പറയുന്നവരായിരുന്നു: സയ്യിദ്‌ മുഹമ്മദ്‌ ശാക്കിര്‍ (പ്രസിഡന്റ്‌), ഡോ. അബൂബക്കര്‍ കടവത്തൂര്‍, കെ കെ സകരിയ്യാ സ്വലാഹി, ഡോ. സുല്‍ഫിക്കര്‍ അലി, എന്‍ കെ താഹ എറണാകുളം (വൈസ്‌ പ്രസിഡന്റ്‌), സി പി സലീം (ജന.സെക്രട്ടറി), നാസിര്‍ ബാലുശ്ശേരി, ഹാരിസുബ്‌നു സലീം, നബീല്‍ രണ്ടത്താണി (സെക്രട്ടറി), അര്‍ഷദ്‌ അരീക്കോട്‌ (ട്രഷറര്‍)
ആദര്‍ശ നിഷ്‌ഠരും നേതൃത്വത്തെ അനുസരിക്കുന്നവരും അച്ചടക്കമുള്ളവരുമായ ഏറ്റവും നല്ല ഭാരവാഹികളുടെ ഒരു ടീം. ഇതില്‍ ഓരോരുത്തരും നേതൃത്വത്തിന്‌ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആദരവും അംഗീകാരവും ഏവര്‍ക്കും അറിവുള്ളതാണല്ലോ.
ഇതോടൊപ്പം ആദര്‍ശസംബന്ധമായ വിശകലനമടങ്ങിയ ഒരു പുസ്‌തകം ഐ എസ്‌ എം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച്‌ നടപടിക്ക്‌ മുതിര്‍ന്നവര്‍ക്ക്‌ മുമ്പില്‍ ലഘുലേഖകളുടെ, നോട്ടീസുകളുടെ, ഫെയ്‌സ്‌ബുക്‌ ആക്രമണങ്ങളുടെ, നെറ്റ്‌ പ്രഭാഷണ പടയോട്ടങ്ങളുടെ പേമാരി പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നു. അത്തൗഹീദ്‌ ദൈ്വമാസികയുടെ ഒരു വരികൊണ്ടു പോലും സംഘടനയ്‌ക്ക്‌ ഒരു പോറലുമേറ്റിട്ടില്ല. ഇസ്വ്‌ലാഹ്‌ മാസിക പ്രസവിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശ വൈകല്യങ്ങളുടെ കലവറ കണ്ടിട്ടും നമ്മുടെ സഹോദരങ്ങള്‍ക്ക്‌ അവരുടെ തെറ്റുകള്‍ ഏറ്റുപറയാനായില്ലേ? ഒരു അല്‍മനാര്‍ ഹജ്ജ്‌ സെല്ലിനുപകരം ഹജ്ജ്‌ സെല്ലുകളുടെ തന്നെ ചാകര കണ്ട്‌ കണ്ണ്‌ തള്ളിയിരിക്കുന്നവര്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എത്ര ബാലിശമായിരുന്നുവെന്ന്‌ ആലോചിച്ചിരുന്നുവെങ്കില്‍! കൂര്‍ത്തു മൂര്‍ത്ത കൂരമ്പുകളടങ്ങുന്ന വാക്കുകള്‍ നെഞ്ചില്‍ വന്ന്‌ തറക്കുമ്പോഴെങ്കിലും അച്ചടക്കമില്ലെന്നാരോപിച്ചു സിമിയെപ്പോലെ ഒന്നുമല്ലാതാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌, പുറംതള്ളിയ ആദര്‍ശനിഷ്‌ഠരും പക്വമതികളുമായ പഴയ സുഹൃത്തുക്കളെക്കുറിച്ച്‌ ഓര്‍ക്കുക. സ്വയം `സീറോ'യിലേക്ക്‌ കുതിക്കുമ്പോഴെങ്കിലും തിരിച്ചറിവിന്റെ വിവേകം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക. 

--------------------------------------


അന്നത്തെ വിശ്വസ്‌തര്‍ ഇന്നത്തെ വിമതര്‍

മന്‍സൂറലി ചെമ്മാട്‌
? ഇപ്പോള്‍ രൂപവല്‍കരിച്ച ഐ എസ്‌ എമ്മിന്റെ അഡ്‌ഹോക്ക്‌ കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങിക്കൂടെന്നതിന്‌ എന്താണുറപ്പ്‌?
എ പി: വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ട്‌ തവണ പാമ്പ്‌ കടിക്കില്ലെന്നാണ്‌ പ്രമാണം. അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ ചുരുക്കം. (മാധ്യമം, 19/8/2002)
പത്ത്‌ വര്‍ഷം മുമ്പ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ ഐ എസ്‌ എമ്മിന്റെ ചിറകരിയാനെടുത്ത വാള്‍ ഉറയിലേക്ക്‌ തിരിച്ച്‌ വെക്കും മുന്‍പ്‌ ആ അന്യായമായ നടപടിയെ വെള്ളപൂശാന്‍ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി മാധ്യമം ദിനപത്രത്തില്‍ കൊടുത്ത അഭിമുഖത്തിലെ ഭാഗമാണീ വരികള്‍. ഈ അഭിമുഖത്തിനു പുതിയ സാഹചര്യത്തില്‍ പ്രസക്തിയേറുകയാണ്‌.

അന്ന്‌ പാമ്പുകടിയുടെ വ്യാജകഥയാണെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല, ഇപ്പോഴാണ്‌ ശരിക്കും കടി കിട്ടിയത്‌. അതും നല്ല കരിമൂര്‍ഖന്റെ കടി. ഒന്നല്ല, നിരവധി മൂര്‍ഖന്മാര്‍. പാമ്പിന്‍കൂട്ടിലെ വേലായുധന്മാരായി കഴിയാനുള്ള പ്രയാസം നേതാക്കള്‍ നേരിട്ടനുഭവിക്കുകയായിരുന്നു. കാര്യമായി കടിയേറ്റത്‌ വിജന പ്രദേശത്ത്‌ വെച്ചാണെങ്കിലും സകല പാമ്പുകളെക്കാളും വിഷമേറിയ ഇനങ്ങള്‍ ഇന്നും അകത്തളത്തിലുണ്ടെന്ന്‌ ബഹുമാന്യര്‍ അറിയുന്നില്ല. അതുപോലെ തന്നെ, പാമ്പുകടിയെ സംബന്ധിച്ച പ്രമാണത്തില്‍ സത്യവിശ്വാസി എന്നൊരു ക്ലോസ്‌ ഉണ്ടായിരുന്നത്‌ ശ്രദ്ധിച്ചതുമില്ല. കുതന്ത്രങ്ങള്‍ക്ക്‌ കുടപിടിക്കാനും കൊടിപിടിക്കാനും ആളെ റിക്രൂട്ട്‌ ചെയ്‌തു കൊണ്ടിരുന്നപ്പോള്‍ അതില്‍ വിശ്വാസികളുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താത്തതിന്റെ തിക്തഫലമാണ്‌ പുതിയ പതനം.
കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ എ പി അവകാശപ്പെട്ട ഘടകമാണ്‌ ഇപ്പോള്‍ വിഷപ്പാമ്പായി മാറിയതെന്നത്‌ വിരല്‍ചൂണ്ടുന്ന ചില നഗ്നസത്യങ്ങളുണ്ട്‌. അതാണ്‌ മുജാഹിദുകളുടെ ഗൗരവചിന്തയ്‌ക്ക്‌ കാരണമാവേണ്ടത്‌. എന്തായിരുന്നു ആ ശിക്ഷണവും മാര്‍ഗനിര്‍ദേശവും? കുതന്ത്രങ്ങളും അന്യായങ്ങളും പരിശീലിപ്പിച്ചും പ്രയോഗിപ്പിച്ചും വളര്‍ത്തിയെടുക്കുകയായിരുന്നുവോ? ഐ എസ്‌ എമ്മിനെ പിരിച്ചുവിടാനും സാത്വികരായ പണ്ഡിതരെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരെയും പടിക്കുപുറത്ത്‌ നിര്‍ത്താനും പറഞ്ഞിരുന്ന കാരണങ്ങള്‍, ആ വഴിയില്‍ കൈകോര്‍ത്ത്‌ ചെയ്‌തുകൂട്ടിയ അന്യായങ്ങള്‍, അവയ്‌ക്ക്‌ നല്‍കിയ ന്യായീകരണങ്ങള്‍... എല്ലാം ഇന്നത്തെ എ പി പക്ഷത്തിന്റെ പതനത്തെ സാധൂകരിക്കുന്നു.
അന്ന്‌ ഇല്ലാത്ത കാരണം പറഞ്ഞ്‌ യുവജന പ്രസ്ഥാനത്തെ പിരിച്ചുവിട്ടത്‌ തൊട്ട്‌ ഇന്ന്‌ പോഷക ഘടകങ്ങളെയാകമാനം പിരിച്ചുവിടുന്നത്‌ വരെയുള്ള കാലയളവ്‌ നാം പഠന വിധേയമാക്കേണ്ടതുണ്ട്‌. മഹത്തായ ഇസ്‌ലാഹി പ്രസ്ഥാനത്തെ സമൂഹമധ്യത്തില്‍ പരിഹാസ്യമാക്കുകയല്ലാതെ എന്തെങ്കിലും നന്മ എടുത്തുപറയാനില്ലാതെ അധപതിച്ചു പോയി ഈ കൂട്ടര്‍. കൊട്ടിഘോഷിച്ച സമ്മേളനങ്ങളും കാമ്പയിനുകളും പോലും ധൂര്‍ത്തിന്റെയും അന്യായങ്ങളുടെയും അരുതായ്‌മകളുടെയും കളരിയായി മാറുകയായിരുന്നല്ലോ. എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിക്കെതിരെ കള്ളക്കേസ്‌ നല്‍കിയവരാണ്‌ ഇപ്പോഴത്തെ പുറത്താക്കല്‍ കര്‍മ്മത്തിന്‌ മുന്നിലുള്ളതെങ്കില്‍ പുറത്താക്കപ്പെട്ടവരും നേതാക്കളുടെ ഒത്താശയോടെ സമാനമായ കള്ളക്കേസ്‌ നല്‍കിയ അന്യായക്കാരന്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ്‌.
ആരോപണങ്ങള്‍ ആയിരം നാവോടെ അവതരിപ്പിക്കുമ്പോഴും അതില്‍ നിന്ന്‌ ആ ആരോപകര്‍ ഒഴിവാകുന്നതെങ്ങനെ എന്ന്‌ അത്ഭുതം കൂറുകയാണ്‌ കാഴ്‌ചക്കാര്‍.
ജിന്നാണോ പ്രശ്‌നം അതോ വിജന പ്രദേശത്തെ ജിന്ന്‌ മാത്രമോ? ഇന്നും അവ്യക്തത തുടരുകയാണ്‌. അടിച്ച്‌ ചികിത്സയാണോ പ്രശ്‌നം അതോ മന്ത്രിച്ചിറക്കലോ? മുജാഹിദ്‌ മഹല്ലുകളില്‍ ഭീതി വിതച്ച്‌ ആരോപകരുള്‍പ്പെടെ പാടി നടന്ന ജിന്നുകഥകളുടെ അവസ്ഥയെന്താണ്‌? അവ പിന്‍വലിച്ചോ അതോ പുതിയ പരിഷ്‌കാരങ്ങളോടെ പുനരവതരിപ്പിച്ചോ? മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യപ്പെട്ട ജിന്നുകള്‍ കടുത്ത അന്ധവിശ്വാസത്തിലേക്കും ശിര്‍ക്കിലേക്കും നയിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരുന്ന മുജാഹിദുകളെ അതിന്റെ പേരില്‍ മാത്രം കടിച്ചുകീറുകയും ഹദീസ്‌ നിഷേധികളാക്കുകയും ചെയ്‌ത ബഹുമാന്യര്‍ പുതിയ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ ആ മുന്നറിയിപ്പുകളെ എങ്ങനെ വിലയിരുത്തുന്നു?
കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിക്കടുത്ത കോഹിനൂരില്‍ ജംഇയ്യത്തുല്‍ ഉലമ നേരിട്ട്‌ നടത്തിയിരുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററില്‍ നിന്ന്‌ വിദ്യാര്‍ഥികളെ ഒഴിപ്പിച്ച്‌ അവിടെ ജിന്ന്‌ ഗവേഷണത്തിനും ജിന്ന്‌ക്ലാസിനും ജിന്നിറക്കലിനുമൊക്കെ സൗകര്യം ചെയ്‌തു കൊടുത്തവര്‍ ഇന്ന്‌ പുറത്താക്കപ്പെട്ടവരിലില്ലല്ലോ. പത്ത്‌ വര്‍ഷം മുന്‍പ്‌ ആ വാതില്‍ തുറന്ന്‌ നല്‍കിയവര്‍ ഇപ്പോള്‍, പിന്നീട്‌ ആ വാതില്‍ വഴി കടന്നവരെ ശിക്ഷിക്കുന്നു.
അപകടത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും സുബ്‌ഹിക്ക്‌ വിളിച്ചുണര്‍ത്തുന്നതും ജിന്നാണെന്ന വാദം യാഥാസ്ഥിതികതയിലേക്കുളള തിരിച്ച്‌ പോക്കല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നുത്തരം പറയേണ്ടതിനു പകരം അബ്‌ദുസ്സലാം സുല്ലമിയുടെ വ്യാഖ്യാനത്തിനപ്പുറം ഇവിടെയൊരു പ്രശ്‌നവുമില്ല എന്ന സാല്‍വേഷനിലെ മാരത്തോണ്‍ മറുപടിക്കാരനിപ്പോള്‍ കൈ കഴുകുകയാണ്‌. മുണ്ടേങ്ങരയിലെ പാവപ്പെട്ട ഒരു യുവതിയെ ജിന്നിറക്കാനെന്ന പേരില്‍ പീഡിപ്പിച്ച മൗലവിക്ക്‌ തന്റെ ചികിത്സ ന്യായീകരിക്കാന്‍ അയാളുടെ നാട്ടില്‍ തന്നെ വേദിയൊരുക്കിക്കൊടുത്തവരും അത്‌ ഉദ്‌ഘാടനം ചെയ്‌ത പണ്ഡിത സഭ ജന. സെക്രട്ടറിയും മുഖ്യ പ്രഭാഷണം നടത്തിയ അഭിനവ പതി മുസ്‌ലിയാരും സിന്‍ഡിക്കേറ്റ്‌ മൗലാനയുമൊക്കെ ഇന്ന്‌ പാപം ചെയ്യാത്തവരെന്ന ലേബലില്‍ കല്ലെറിയുകയാണ്‌. ആ ജിന്ന്‌ ചികിത്സ കേരളത്തിലെ ഒരു മുഖ്യധാര പ്രസിദ്ധീകരണത്തില്‍ കവര്‍‌സ്റ്റോറിയായി വന്നപ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ച വലിയ നേതാക്കളൊക്കെ ഇപ്പോള്‍ കരഞ്ഞ്‌ പ്രസംഗിക്കുകയാണ്‌. മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മുജാഹിദുകളുമായി ബന്ധപ്പെട്ട വല്ല പത്രവാര്‍ത്തയും വരുമ്പോഴേക്കും, അതിനു കെ എന്‍ എമ്മുമായി ബന്ധമില്ല എന്ന്‌ വെണ്ടക്കാ പ്രസ്‌താവന തയ്യാറാക്കുന്ന മുജാഹിദ്‌ സെന്ററിലെ ബഹുമാന്യര്‍, മുജാഹിദ്‌ ജിന്ന്‌ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന്‌ പുറംചട്ടയില്‍ തന്നെ പ്രദര്‍ശിപ്പിച്ച ആ വാരിക കണ്ട ഭാവം പോലും കാണിച്ചില്ല. സിഹ്‌റും കണ്ണേറും പിശാച്‌ ബാധയും ഒക്കെ ആദര്‍ശമായി കൊണ്ടുനടക്കുന്നവരാണ്‌ വെറുമൊരു വിജനപ്രദേശം പറഞ്ഞ്‌ ഉറഞ്ഞ്‌ തുള്ളുന്നത്‌.
ഈ വിവാദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പലതും പത്തുവര്‍ഷം മുന്‍പ്‌ പുറത്താക്കപ്പെട്ട യഥാര്‍ഥ മുജാഹിദുകളില്‍ അല്‍പം ആശ്വാസം പകരുന്നതാണ്‌. അന്ന്‌ ഗള്‍ഫിലെ സലഫികളുടെ മന്‍ഹജും പറഞ്ഞ്‌ കോലാഹലമുണ്ടാക്കിയവരാണിപ്പോള്‍ ഗള്‍ഫ്‌ സലഫികള്‍ അല്ല നമ്മുടെ ആദര്‍ശം തീരുമാനിക്കുന്നതെന്ന്‌ ഗര്‍ജിക്കുന്നത്‌. ജംഇയ്യത്തിന്റെ തീരുമാനം ലംഘിച്ചെന്നും പറഞ്ഞ്‌ പെരുമ്പറ കൊട്ടി നടന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നു, ജംഇയ്യത്തിന്റെ തീരുമാനം എന്നാല്‍ ഫുര്‍ഖാനുല്‍ അദ്വീമൊന്നുമല്ലല്ലോ എന്ന്‌! അന്ന്‌ കെ ജെ യു ഭാരവാഹികള്‍ പോലുമായ പണ്ഡിതന്മാര്‍ക്കെതിരെ സംഘടിപ്പിച്ചിരുന്ന ജംഇയ്യത്തിന്റെ വിശദീകരണയോഗങ്ങളില്‍ മുഖ്യ താരമായിരുന്നവര്‍ ഇപ്പോള്‍ പറയുന്നു, ജംഇയ്യത്തിന്റെ തീരുമാനം വിശദീകരിക്കേണ്ടത്‌ അതിന്റെ എല്ലാ അംഗങ്ങളുമാണ്‌; മൂന്നോ നാലോ ആളുകളല്ല എന്ന്‌!! 1971ലെ ഒരു സല്‍സബീല്‍ വിഷയീഭവിച്ചപ്പോള്‍ അതിന്റെ ലേഖകന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെഴുതിയതാണെന്ന വിശദീകരണം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ എഴുതുന്ന രചനയിലെ പോരായ്‌മക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ ഒരു ഇളവുമുണ്ടായിരുന്നില്ലല്ലൊ.
അന്ന്‌, ഹുസൈന്‍ മടവൂരിനെ കെ എന്‍ എമ്മില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ നിബന്ധന വെക്കാനും മര്‍കസുദ്ദഅ്‌വ മുജാഹിദ്‌ സെന്ററില്‍ ലയിപ്പിക്കാനുമൊക്കെ വേദവാക്യം പോലെ കൊണ്ടുനടന്നിരുന്ന കുവൈത്തിലെ ഇഹ്‌യാഉത്തുറാസിന്റെ നിര്‍ദേശത്തിന്‌ ഇന്ന്‌ പുല്ലുവില പോലും കല്‍പ്പിക്കപ്പെടുന്നില്ല. വിജനപ്രദേശത്തെ സഹായതേട്ടം സംബന്ധിച്ച്‌, നീക്കം ചെയ്യപ്പെട്ടവരുടെ നിലപാടാണ്‌ ശരിയെന്നും അതിനാല്‍ അവരെ തിരിച്ചെടുക്കണമെന്നും അവിടെ നിന്നും നിര്‍ദേശമുണ്ടായിട്ടും അത്‌ ചവറ്റുകൊട്ടയിലെറിയുകയാണ്‌ ഇപ്പോഴത്തെ നേതൃത്വം. കെ എന്‍ എം തെരഞ്ഞെടുപ്പ്‌ കൗണ്‍സിലിനോടനുബന്ധിച്ച്‌ എറണാകുളത്ത്‌ നിന്നും ഗുണ്ടകള്‍ വന്നതിനെ ചൂണ്ടിക്കാണിച്ചത്‌ അക്കാലത്ത്‌ മഹാപാതകമായി നാക്കിട്ടടിച്ചവര്‍ തന്നെ ഇന്ന്‌ പറയുന്നു, അതേ ഗുണ്ടകളെ ഇന്നും പലയിടത്തും മുജാഹിദ്‌ സെന്ററില്‍ നിന്നും നിയോഗിക്കുന്നുവെന്ന്‌.
അഴിഞ്ഞിലം സമ്മേളനത്തില്‍ പോലും `ഇറക്കുമതി ചെയ്‌ത' വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെന്നത്‌ പരസ്യമായ രഹസ്യം മാത്രം. എറണാകുളത്ത്‌ നടന്ന ഇവരുടെ സംസ്ഥാന സമ്മേളന നഗരിയില്‍ വര്‍ത്തമാനം പത്രത്തിന്റെ പേരെഴുതിയ ബാഗ്‌ കൈവശം വെച്ചതിന്‌ പരേതനായ യുവ പണ്ഡിതന്‍ അസ്‌ലം പൂങ്ങോടിനെ അന്ന്‌ തല്ലിച്ചതക്കുകയും ബാഗും വിലപ്പെട്ട രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ആ ക്രൂരകൃത്യത്തിന്‌ നേതൃത്വം നല്‍കിയവര്‍ അഴിഞ്ഞിലത്ത്‌ പരസ്‌പരം തല്ലുകയായിരുന്നു. സമ്മേളന നഗരിക്ക്‌ പുറത്തുപോലും തങ്ങളുടെ പുസ്‌തകശാല വെക്കാനാവാതെ അടിയും കൊണ്ട്‌ മടങ്ങേണ്ടി വന്നു ഒരു വിഭാഗത്തിന്‌. ഐ എസ്‌ എമ്മിനും ഹുസൈന്‍ മടവൂരിനുമെതിരില്‍ വിദേശങ്ങളിലേക്കയച്ച കത്തുകള്‍ അന്നത്‌ കൊണ്ടുപോയിക്കൊടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കുമൊക്കെ ഇപ്പോള്‍ വേണ്ടില്ലായിരുന്നുവെന്ന്‌ തോന്നുന്നുണ്ടത്രെ.
ചുരുക്കത്തില്‍, കുറേ നന്മകള്‍ ചെയ്‌തെന്ന്‌ പറഞ്ഞ്‌ തങ്ങളുടെ യുവജന പ്രസ്ഥാനത്തെ പിരിച്ച്‌ വിട്ടവര്‍ ഇന്ന്‌ ശിര്‍ക്കുള്‍പ്പെടെയുളള സകല തിന്മകളും സ്വന്തം പാളയത്തില്‍ അടിഞ്ഞ്‌ കൂടി ഉറക്കം നഷ്‌ടപ്പെട്ട നിലയിലാണിപ്പോള്‍. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കട്ടെ. വിതച്ചത്‌ കൊയ്യട്ടെ. സത്യാദര്‍ശത്തിന്റെ ധ്വജവാഹകര്‍ മുന്നോട്ട്‌.








No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.